Home Blog Page 676

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് പ്രത്യേക സംഘം അന്വേഷിക്കും

തിരുവനന്തപുരം: വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് പ്രത്യേക സംഘം അന്വേഷിക്കും. ഇതിനായി ആഭ്യന്തര വകുപ്പ് എസ്‌ഐടി രൂപീകരിച്ചു. കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുക.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിനിടെയാണ് കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചത്. ഇതിന്റെ ഉറവിടം എവിടെ നിന്നാണ്?, എവിടെ നിന്നാണ് പ്രചരിച്ചത്? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ലക്ഷ്യമിട്ടാണ് ആഭ്യന്തര വകുപ്പ് എസ്‌ഐടിക്ക് രൂപം നല്‍കിയത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ കോഴിക്കോട് റൂറല്‍ പൊലീസ് കേസ് എടുത്ത് അന്വേഷിച്ചുവെങ്കിലും ഇതിന് പിന്നില്‍ ആരാണ് എന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കേസില്‍ സത്യം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടി എംഎല്‍എ പാറയ്ക്കല്‍ അബ്ദുള്ള മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐടി രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡിജിപിക്ക് നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് എസ്‌ഐടി രൂപീകരിച്ചത്.

കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ളതാണ് പ്രത്യേക അന്വേഷണ സംഘം. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി മനോഹരനാണ് അന്വേഷണ ചുമതല. വടകര സ്‌റ്റേഷനിലെ എസ്എച്ച്ഒ ഉള്‍പ്പെടെ ഏഴ് ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്.

ഓപ്പറേഷൻ തൂഫാൻ :ഇന്ന് 137 പേർ അറസ്റ്റിൽ

തിരുവനന്തപുരം.ഓപ്പറേഷൻ തൂഫാൻ :ഇന്ന് 137 പേർ അറസ്റ്റിലായതായി DGP റവാഡ ചന്ദ്രശേഖർ അറിയിച്ചു. 104 കേസുകൾ രജിസ്റ്റർ ചെയ്തു.

കഞ്ചാവ്, എംഡിഎംഎ കേസുകളിലാണ് അറസ്‌റ്റ്. പരിശോധനകൾ തുടരും. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ സ്‌ക്വാഡുകൾ പ്രവർത്തിക്കുന്നു.

ചിമ്മിനി വഴി കയറിലൂടെ ഇറക്കി,പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മോഷണം ,18കാരൻ അറസ്റ്റിൽ

പത്തനംതിട്ട. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മോഷണം നടത്തിയ 18കാരൻ അറസ്റ്റിൽ.നാരങ്ങാനം സ്വദേശി സജിത്തിനെയാണ് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്.ആറന്മുള നെല്ലിക്കാലയിലുള്ള വീട്ടിൽ നിന്നാണ് മോഷണം നടത്തിയത്

വീടിന്റെ ചിമ്മിനി വഴി കുട്ടികളെ കയറിലൂടെ ഇറക്കി മേശയിൽ സൂക്ഷിച്ചിരുന്ന 5500 രൂപ മോഷ്ടിക്കുകയായിരുന്നു.പ്രതി കുട്ടികളെ കൊണ്ട് നിർബന്ധിച്ച് മോഷണം നടത്തുകയായിരുന്നു എന്ന് അന്വേഷണത്തിൽ തെളിഞ്ഞു.സിസിടിവി അടക്കം പരിശോധിച്ചാണ് പ്രതിയിലേക്ക് പോലീസ് എത്തിയത്

നവകേരള രക്ഷാപ്രവര്‍ത്തനം നിർണ്ണായക ചോദ്യങ്ങളുമായി കോടതി,അറസ്റ്റ് ശനിയാഴ്ചവരെ തടഞ്ഞു

കൊച്ചി: ആലപ്പുഴയിലെ നവകേരളയാത്രയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസിൽ നിർണ്ണായക ചോദ്യങ്ങളുമായി കോടതി . പ്രതികൾക്കെതിരെ എന്തിനാണ് ഇത്ര തിരക്കുപിടിച്ച് നരഹത്യാ കുറ്റം ചുമത്തിയതെന്നും മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ ഗുരുതരമായ മുറിവുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇല്ലല്ലോ എന്നും കോടതി ചോദിച്ചു. കേസിന്റെ ഭാഗമായുള്ള പ്രധാന മർദന ദൃശ്യങ്ങൾ കോടതി നേരിട്ട് വിലയിരുത്തി. എന്നാൽ സംഭവസമയത്ത് പൊലീസ് ചിത്രീകരിച്ച ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് പ്രൊസിക്യൂഷൻ വ്യക്തമാക്കിയതോടെ അതൃപ്തി രേഖപ്പെടുത്തിയ കോടതി, പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെ നേരിട്ട് വിളിച്ചുവരുത്തി. കേസ് ശനിയാഴ്ച പരിഗണിക്കുന്നത് വരെ പ്രതികളായ ഗൺമാൻമാരുടെ അറസ്റ്റ് രേഖപ്പെടുത്തരുതെന്നും കോടതി നിർദ്ദേശിച്ചു

അതേസമയം, ആലപ്പുഴയിലെ നവകേരള യാത്രയിലെ സുരക്ഷാ പ്രവർത്തനങ്ങൾക്കിടെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദിച്ച കേസിൽ ആരോപണവിധേയരായ ഗൺമാൻ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാൻ പൊലീസിൽ ഉന്നത ഇടപെടലുണ്ടായതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. കേസ് അട്ടിമറിക്കാൻ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ ഒന്നടങ്കം കൂട്ടുനിന്നതായും സംഭവസ്ഥലത്തുനിന്നുള്ള പ്രധാന തെളിവുകൾ പോലും നശിപ്പിക്കപ്പെട്ടതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മരണം വരെ സംഭവിക്കാവുന്ന തരത്തിലുള്ള മർദ്ദനമാണ് അവിടെ അരങ്ങേറിയത്. സെഡ് പ്ലസ് സുരക്ഷാ കാറ്റഗറിയുള്ള മുഖ്യമന്ത്രിയുടെ ജീവന് ഭീഷണിയുണ്ടാകുന്ന സാഹചര്യത്തിലാണ് തങ്ങൾ ഇടപെടൽ നടത്തിയതെന്നായിരുന്നു ആരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥർ മുൻപ് വാദിച്ചിരുന്നത്.

എന്നാല്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേര്‍ക്ക് കല്ലേറോ, ആക്രമണമോ ഉണ്ടായിട്ടില്ലെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനു നേരെ ആക്രമണം ഉണ്ടായിട്ടില്ലെന്നു ബസിന്റെ ഡ്രൈവറായിരുന്ന അഭിലാഷ് മൊഴി നല്‍കിയിട്ടുണ്ട്. ബസിനു കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നു കെഎസ്ആര്‍ടിസിയിലെ മെക്കാനിക്കല്‍ എന്‍ജിനീയറും മൊഴി നല്‍കിയതായി പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാന്റെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഇന്ത്യക്കാരനെന്ന് സ്ഥീരീകരിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാന്റെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഇന്ത്യക്കാരനെന്ന് സ്ഥീരീകരിച്ചു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും വിമാനത്താവളത്തിന്റെ പ്രധാന ടെര്‍മിനല്‍ കെട്ടിടത്തിന് ഗുരുതര നാശനഷ്ടം സംഭവിക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.

ആക്രമണത്തില്‍ മരിച്ചയാള്‍ ഇന്ത്യന്‍ പൗരനാണെന്ന് കുവൈത്തിലെ ഇന്ത്യന്‍ എംബസിയാണ് സ്ഥിരീകരിച്ചത്. മരണപ്പെട്ടയാളുടെ കുടുംബത്തോട് അനുശോചനം രേഖപ്പെടുത്തിയ എംബസി, ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കുവൈത്ത് അധികൃതരുമായി ചേര്‍ന്ന് നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും എംബസി വ്യക്തമാക്കി.

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ആക്രമണത്തില്‍ 60-ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകരും സുരക്ഷാ സേനയും ഉടന്‍ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.

ആക്രമണത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കുവൈത്തിലേക്കുള്ള വിമാനങ്ങള്‍ അടുത്ത രാജ്യങ്ങളുടെ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. ഇന്ന് പുറപ്പെടാനുള്ള പല വിമാനങ്ങളും പുറപ്പെട്ടിട്ടില്ല. ബുധനാഴ്ച രാവിലെ കോഴിക്കോട്ടുനിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐഎക്‌സ് 393 വിമാനം പാതി വഴിയില്‍വെച്ച് കോഴിക്കോട്ടേക്ക് തന്നെ തിരിച്ചുവിട്ടു. ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ നിയന്ത്രണം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ആക്രമണത്തെ തുടര്‍ന്നു വിമാനത്താവളത്തിലെ സൗകര്യങ്ങളിലും പ്രവര്‍ത്തന സംവിധാനങ്ങളിലും ഉണ്ടായ നാശനഷ്ടങ്ങള്‍ സാങ്കേതിക സംഘം പരിശോധിച്ച് വരികയാണ്.

പാലത്തിൽ ഒരാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തൃശൂര്‍.കരുവന്നൂർ വലിയപാലത്തിൽ ഒരാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ഉച്ചയോടെയാണ് പ്രദേശവാസികളുടെ ശ്രദ്ധയിൽ പെടുന്നത്.കാഴ്ച്ചയിൽ വയോധികൻ എന്ന് തോന്നുന്നയാൾ പഴയ പാലത്തിൻ്റെ മുകളിൽ നിന്ന് കഴുത്തിൽ കയർ കുരുക്കി ചാടിയതാണെന്ന് കരുതുന്നു

ഇരിങ്ങാലക്കുട പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ച് വരുന്നു.വലിയ പാലത്തിൽ നിന്നും ചാടി ആത്മഹത്യകൾ കൂടിയ സാഹചര്യത്തിൽ കഴിഞ്ഞ വർഷമാണ് വലിയ പാലത്തിന് ഇരുവശത്തുമായി ഫെൻസിംഗ് സ്ഥാപിച്ചത്

പുതിയ പാലം വന്നതിൽ പിന്നെ വർഷങ്ങളായി പഴയപാലം ഉപയോഗ ശ്യൂന്യമായി കിടക്കുകയാണ്

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ യാത്രക്കാർ കടുത്ത പരിഭ്രാന്തിയില്‍

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ യാത്രക്കാർ കടുത്ത പരിഭ്രാന്തിയിലാണ്. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാനും അവരെ തിരികെയെത്തിക്കാനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന് കത്തയച്ചുകഴിഞ്ഞു. പൗരന്മാരുടെ സുരക്ഷ മുൻനിർത്തി യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിസന്ധി നേരിടാനുള്ള നടപടികൾ വിദേശകാര്യ മന്ത്രാലയം സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

കുടുങ്ങിക്കിടക്കുന്ന യാത്രക്കാരടക്കമുള്ള മുഴുവൻ ഇന്ത്യക്കാരെയും എംബസിയുടെ സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറ്റാൻ കുവൈറ്റിലെ ഇന്ത്യൻ എംബസിക്ക് അടിയന്തര നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാരുടെ കൃത്യമായ വിവരങ്ങളും തൽസ്ഥിതിയും എത്രയും വേഗം ഔദ്യോഗികമായി പുറത്തുവിടണം. ഇത് നാട്ടിലുള്ള അവരുടെ കുടുംബാംഗങ്ങളുടെ ആശങ്കയകറ്റാൻ സഹായിക്കും. യാത്രക്കാർക്ക് തങ്ങളുടെ സുരക്ഷയെക്കുറിച്ച് നാട്ടിലെ കുടുംബങ്ങളെ അറിയിക്കാൻ കഴിയുന്ന തരത്തിൽ ഫോൺ വിളിക്കാനടക്കമുള്ള ആശയവിനിമയ സൗകര്യങ്ങൾ വിമാനത്താവളത്തിലും ഷെൽട്ടറുകളിലും ഒരുക്കണമെന്നും ആവശ്യപ്പെട്ടുകഴിഞ്ഞു.

വിവരങ്ങൾ തത്സമയം അറിയാനും അടിയന്തര സഹായങ്ങൾ ഏകോപിപ്പിക്കാനുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക ടോൾ ഫ്രീ ഹെൽപ്പ് ലൈൻ ഡെസ്ക് സർക്കാർ ഉടൻ ആരംഭിക്കണം. ദുരിതത്തിലായ യാത്രക്കാർക്ക് ടിക്കറ്റ് മാറ്റിയെടുക്കുന്നതിന് വിമാനക്കമ്പനികൾ യാതൊരുവിധ നിരക്കുകളും ഈടാക്കുന്നില്ല എന്ന് കേന്ദ്ര സർക്കാർ കർശനമായി ഉറപ്പാക്കേണ്ടതുണ്ട്. ഈ അടിയന്തര സാഹചര്യത്തിൽ നിലവിലുണ്ടായ പ്രശ്നങ്ങൾക്കിടയിൽ പാസ്‌പോർട്ടും മറ്റ് പ്രധാന യാത്രാരേഖകളും നഷ്ടപ്പെടാൻ സാധ്യതയുള്ളവർക്ക് ഭരണപരമായ കാലതാമസമില്ലാതെ ‘എമർജൻസി സർട്ടിഫിക്കറ്റുകൾ’ ലഭ്യമാക്കി അവരുടെ വേഗത്തിലുള്ള മടക്കയാത്ര സുഗമമാക്കാൻ എംബസി സഹായം നൽകണം.

അടിയന്തര സാഹചര്യം മുൻനിർത്തി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഉടൻ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷ.

ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ പ്രവേശനോത്സവം നടത്തി

ശാസ്താംകോട്ട. അറിവിൻ്റെയും അക്ഷരങ്ങളുടെയും പുതിയലോകത്തേക്ക് കാൽവെച്ച
കുരുന്നുകൾക്ക് വരവേൽപ്പ് നൽകി ബ്രൂക്ക് ഇൻ്റർനാഷണൽ സ്കൂളിൽ ‘പ്രവേശനോത്സവം 2026’ പ്രൗഢോജ്ജ്വലമായി സംഘടിപ്പിച്ചു. കുരുന്നുകൾക്ക് പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ കുട്ടികൾ അവർക്ക് വിനോദമേകി. രസകരമായ പലതരം ഗെയിമുകളും അവരെ എതിരേൽക്കാനായി കാത്തിരുന്നു. മധുരം നുണഞ്ഞും കളിചിരികളോടെയും ആണ് അവർ അക്ഷരമുറ്റത്തെ ആദ്യദിനം തുടങ്ങിയത്.

അറിവിൻ്റെ ഉദ്യാനത്തിലേക്ക് കടന്നുവന്ന നവാഗതർക്ക് ദൃശ്യവിരുന്നേകിയ മനോഹരമായ സ്വാഗതനൃത്തം സദസ്സിൻ്റെ മനംകവർന്നു. സ്കൂളിന്റെ ചരിത്രവും അഭിമാനകരമായ നേട്ടങ്ങളും കോർത്തിണക്കി അമി മരിയ റോണി, നവീൻ പ്രസാദ്, എഫാ ഐറിൻ ഷജീം എന്നിവർ അവതരിപ്പിച്ച ‘സ്കൂൾ അറ്റ് എ ഗ്ലാൻസ്’ മാതൃകാപരമായി.

സ്കൂൾ സ്ഥാപക ഡയറക്ടർ ഫാ. ഡോ. ജി. എബ്രഹാം തലോത്തിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അറിവാണ് ഏറ്റവും വലിയ വെളിച്ചമെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് അദ്ദേഹം ഭദ്രദീപം കൊളുത്തി പ്രവേശനോത്സവത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. കുട്ടികളുടെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് വിദ്യാലയവും രക്ഷിതാക്കളും കൈകോർക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

പ്രിൻസിപ്പൽ ബോണിഫേഷ്യവിൻസെൻ്റ് ,അരുൺ ജി ,അഡ്മിനിസ്ട്രേറ്റർ കൊച്ചുമോൾ സാമുവൽ , പി.ടി.എ പ്രസിഡൻ്റ് ആർ. ഗിരികുമാർ, അക്കാദമിക് കോ-ഓർഡിനേറ്റർ ബിജിലി ഹിൽഡ എന്നിവര്‍ പ്രസംഗിച്ചു

ഗ്യാസ്, പെട്രോൾ, ഡീസൽ വിലവർധനവ്  പിൻവലിക്കണം: ജോബി വി. ചുങ്കത്ത്

കൊല്ലം:വ്യാപാരികൾക്ക് അനുവദിച്ചിരുന്ന വിലക്കുറവുള്ള ഗ്യാസ് വിതരണം പുനഃസ്ഥാപിക്കണമെന്നും, ഗ്യാസ്, പെട്രോൾ, ഡീസൽ എന്നിവയുടെ വിലവർധനവ്  പിൻവലിക്കണമെന്നും യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ (യു.എം.സി) സംസ്ഥാന പ്രസിഡൻ്റ് ജോബി വി. ചുങ്കത്ത് ആവശ്യപ്പെട്ടു.

റോഡ് വികസന പദ്ധതികളുടെ പേരിൽ വ്യാപാരം നഷ്ടപ്പെട്ട വ്യാപാരികൾക്കായി പ്രത്യേക വ്യാപാര ഹബ്ബുകൾ സ്ഥാപിക്കണമെന്നും, വ്യാപാര മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പ്രത്യേക വ്യാപാര മന്ത്രാലയം രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി, ആഭ്യന്തര വകുപ്പ് മന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാരെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ച് ചർച്ച നടത്താൻ യു.എം.സി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.

ജൂലൈ 30-ന് സംസ്ഥാനതല തിരഞ്ഞെടുപ്പ് നടത്താനും, ജൂൺ 30-നകം എല്ലാ ജില്ലാ കമ്മിറ്റികളുടെയും തിരഞ്ഞെടുപ്പ് പൂർത്തിയാക്കാനും യോഗം തീരുമാനിച്ചു.

സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ യു.എം.സി സംസ്ഥാന വൈസ് പ്രസിഡൻറ് ടി കെ ഹെൻട്രി  അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് ജോബി വി.ചുങ്കത്ത് ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി ടി. എഫ്. സെബാസ്റ്റ്യൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ഗോകുൽദാസ് സ്വാഗതവും സംസ്ഥാന ട്രഷറർ നിജാം ബഷി നന്ദിയും രേഖപ്പെടുത്തി.

സംസ്ഥാന ഭാരവാഹികളായ , വി. എ. ജോസ് ഉഴുന്നാലിൽ, ടോമി കുറ്റിയാംഗൽ, ടി. കെ. മൂസ, അലി അയന, പി. എ. സിംപ്സൺ, ഉണ്ണി, പി. വി. ഹംസ, സജി തോമസ് എന്നിവർ പ്രസംഗിച്ചു.        ഫോട്ടോ ക്യാപ്ഷൻ:-യു എം സി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പ്രസിഡൻറ് ജോബി. വി .ചുങ്കത്ത് ഉദ്ഘാടനം ചെയ്യുന്നു.

വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിൽ പ്രവേശനോത്സവം നടത്തി

ശാസ്താംകോട്ട: വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിൽ പ്രവേശനോത്സവം നടത്തി.2026 – 27 അധ്യയനവർഷത്തെ പ്രവേശനോത്സവം വർണ്ണാഭമായ പരിപാടികളോടെ സംഘടിപ്പിച്ചു. മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി സുനിൽ  പ്രവേശനോത്സവം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡന്റ് കുറ്റിയിൽ നിസാം അധ്യക്ഷനായിരുന്നു.  സ്കൂൾ മാനേജർ വിദ്യാരംഭം ജയകുമാർ ചടങ്ങിന് സ്വാഗതം ആശംസിച്ചു. ചെയർമാനും വാർഡ് മെമ്പറുമായ എ എ റഷീദ്, ബ്ലോക്ക്‌ മെമ്പർ രാഖി പ്രവീൺ, വൈസ് ചെയർമാൻ സുബൈർ കുട്ടി കെ കെ വില്ല,പ്രിൻസിപ്പൽ എസ് മഹേശ്വരി, വൈസ് പ്രിൻസിപ്പൽ ജെ യാസിർഖാൻ എന്നിവർ പ്രവേശനോത്സവത്തിന് ആശംസകൾ  അർപ്പിച്ചു. കെ.ജി. കോഡിനേറ്റർ ഷിoനാമുനീർ,  സ്റ്റാഫ് സെക്രട്ടറി  ആൻസി സാറോ, പിടിഎ സെക്രട്ടറി പ്രിയമോൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വിദ്യാർത്ഥികൾ അവതരിപ്പിച്ച സ്വാഗത നൃത്തത്തോടെ പരിപാടികൾ ആരംഭിച്ചു. അക്കാദമിക് കോഡിനേറ്റർ ശ്രീലക്ഷ്മി ചടങ്ങിന് നന്ദി അർപ്പിച്ചു.പരിപാടികൾക്ക് പ്രോഗ്രാം കോഡിനേറ്റർമാരായ മുഹമ്മദ് സാലിം, സുബീസാജ്, കായികാധ്യാപകരായ സന്ദീപ് വി ആചാര്യ, റാം കൃഷ്ണ എന്നിവർ നേതൃത്വം നൽകി.