27.1 C
Kollam
Monday 2nd November, 2026 | 08:21:14 AM
Home News Breaking News പത്രം മലയാള ദിനപത്രങ്ങളിലൂടെ – 2026 നവംബര്‍ 2, തിങ്കള്‍

പത്രം മലയാള ദിനപത്രങ്ങളിലൂടെ – 2026 നവംബര്‍ 2, തിങ്കള്‍

Advertisement

ദില്ലിയെ വിറപ്പിച്ച് ‘ചലോ ദില്ലി’

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം നടത്തിയ ‘ചലോ ദില്ലി’ പ്രതിഷേധ മാര്‍ച്ച് ജനസാഗരമായി രാജ്യതലസ്ഥാനത്തെ വിറപ്പിച്ചു. ഗ്യാനേഷിനെതിരായ പ്രതിഷേധം രാം ലീലാ മൈതാനത്താണ് പറഞ്ഞിരുന്നതെങ്കിലും രാജാജി മാര്‍ഗ് മുതല്‍ രാം ലീല വരെ നടന്നത് ഇന്ത്യാ സഖ്യ നേതാക്കളുടെ ശക്തി പ്രകടന റാലിയായിരുന്നു. ആവേശകരമായ മഹാറാലിക്ക് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തോടെ സമാപനമായി. ഇന്ത്യാ സഖ്യത്തിന്റെ ഐക്യം ഊട്ടിയുറപ്പിച്ച് മമത ബാനര്‍ജി, അഖിലേഷ് യാദവ്, തേജസ്വി യാദവ്, ഫറൂഖ് അബ്ദുള്ള, എം എ ബേബി, ഡി രാജ, കേരള മുഖ്യമന്ത്രി വി ഡി സതീശന്‍, തെലങ്കാന-ഹിമാചല്‍ മുഖ്യമന്ത്രിമാര്‍, വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, എം പിമാര്‍ തുടങ്ങി നേതാക്കളുടേയും പ്രവര്‍ത്തകരുടേയും ജനസാഗരം തലസ്ഥാനത്തെ അക്ഷരാര്‍ത്ഥത്തില്‍ പ്രകമ്പനം കൊള്ളിച്ചു.

തെരഞ്ഞെടുപ്പ് പ്രക്രീയ അട്ടിമറിച്ച ഗ്യാനേഷ് കുമാറിന് ജയിലില്‍ പോകേണ്ടിവരുമെന്ന് രാഹുല്‍ ഗാന്ധി

2024 ന് ശേഷം 13 കോടി പേരെ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കിയെന്നും 2024 ലെ തെരഞ്ഞെടുപ്പ് നിയമവിരുദ്ധമാണെന്നും പറഞ്ഞ രാഹുല്‍ ജുഡീഷ്യറി അടക്കമുള്ള സ്ഥാപനങ്ങള്‍ ആര്‍ എസ് എസ് പിടിച്ചടക്കിയെന്നും ചൂണ്ടിക്കാട്ടി. മോദിയും അമിത്ഷായും എവിടെയും പോകേണ്ട, നിങ്ങളെ ഞങ്ങള്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു.

കേരളത്തിന്റെ ഭാവി വികസനത്തിന് വന്‍കിട നിക്ഷേപങ്ങള്‍ അനിവാര്യം: മുഖ്യമന്ത്രി വി.ഡി. സതീശന്‍

കേരളത്തിന്റെ ഭാവി വികസനത്തിനും സമ്പദ് വ്യവസ്ഥയുടെ പുരോഗതിക്കുമായി വന്‍കിട നിക്ഷേപങ്ങള്‍ അനിവാര്യമാണെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ‘കേരള മോഡല്‍’ വികസനത്തിന് നിലവില്‍ ചില തടസ്സങ്ങള്‍ നേരിടുന്നുണ്ടെന്നും, കാലാനുസൃതമായ മാറ്റങ്ങളിലൂടെ സംസ്ഥാനത്തെ കൂടുതല്‍ മുന്നോട്ട് നയിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കെ-ടെറ്റ് ഇല്ലാത്ത എയ്ഡഡ് സ്‌കൂള്‍ അധ്യാപകരെ പുറത്താക്കാനുള്ള സര്‍ക്കുലര്‍ പിന്‍വലിച്ചു

കെ-ടെറ്റ് ഇല്ലാത്ത എയ്ഡഡ് സ്‌കൂള്‍ അധ്യാപകരെ തരംതാഴ്ത്താനും പുറത്താക്കാനും നിര്‍ദേശിച്ച സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് പിന്‍വലിച്ചു. അധ്യാപകരുടെയും സ്‌കൂള്‍ മാനേജര്‍മാരുടെയും പ്രതിഷേധം കനത്തതോടെ മന്ത്രി എന്‍. ഷംസുദ്ദീന്‍ ഇടപെലിനെത്തുടര്‍ന്നാണ് സര്‍ക്കുലര്‍ പിന്‍വലിച്ചത്. പരിഷ്‌കരിച്ച സര്‍ക്കുലര്‍, ഉന്നതതല കൂടിയാലോചനയ്ക്കുശേഷം പുറത്തിറക്കും.

ആലപ്പുഴ ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി

മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവവും പരുമല പള്ളി പെരുന്നാളും പ്രമാണിച്ചാണ് ആലപ്പുഴ ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു.

ചേരനല്ലൂര്‍ വാഹനാപകടക്കേസ്: പ്രതിയായ 17-കാരന്റെ പിതാവായ ജഡ്ജി തെളിവ് നശിപ്പിച്ചെന്ന് പരാതി

അപകടം നടന്നത് മുതല്‍ തെളിവുകള്‍ നശിപ്പിക്കാനും അന്വേഷണം വഴിതിരിച്ചുവിടാനും ജഡ്ജി ശ്രമിച്ചതായി സംശയങ്ങളുണ്ടെന്ന് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ചേരനല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

ദില്ലി റാലിയില്‍ കേരളത്തിന്റെ സമുന്നത നേതാക്കളുടെ സജീവ സാന്നിധ്യം

രാംലീല മൈതാനത്ത് ഇന്നലെ നടന്ന ഇന്ത്യ സഖ്യത്തിന്റെ മഹാറാലിയുടെ മുന്‍നിരയില്‍ കേരളത്തിന്റെ സമുന്നതരായ നേതാക്കളുടെ സാന്നിധ്യം. മുഖ്യമന്ത്രി വി ഡി സതീശന്‍, എ ഐ സി സി സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫ്, സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എന്‍ കെ പ്രേമചന്ദ്രന്‍, ജോസ് കെ മാണി, ഇ ടി മുഹമ്മദ് ബഷീര്‍ അടക്കമുള്ള നേതാക്കളാണ് സമരത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്നത്.

മുന്‍മന്ത്രി വീണ ജോര്‍ജിനെ ആക്രമിച്ചെന്ന കേസില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്

പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചിട്ടില്ല, കണ്ണൂരില്‍ നടന്നത് കരിങ്കൊടി പ്രതിഷേധം മാത്രമാണെന്ന് അന്വേഷണസംഘം റിപ്പോര്‍ട്ട് ചെയ്തു.

കാലടി സര്‍വകലാശാല വിസി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

കാലടി സര്‍വകലാശാലയില്‍ സസ്പെന്‍ഷനിലായ വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതിക്കാന്‍ അനുവദിച്ച ഉത്തരവിനെതിരെ വിസി സിസ തോമസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ ഹാജര്‍ ഇല്ലെന്നും, മതിയായ ഹാജറില്ലാത്തവരെ പരീക്ഷയെഴുതിക്കാന്‍ അനുവദിക്കില്ലെന്നുമാണ് വി സിയുടെ നിലപാട്. ഇതിനിടെ വിദ്യാര്‍ത്ഥികള്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കാനും നിരാഹാര സമരം തുടങ്ങാനും തീരുമാനിച്ചു.

മുഖ്യമന്ത്രി വി.ഡി. സതീശനെ പുകഴ്ത്തി സമസ്ത ഇ.കെ വിഭാഗം മുഖപത്രം

മുഖ്യമന്ത്രിയെ വാക്കിലും വാദത്തിലും തോല്‍പ്പിക്കാന്‍ ആകില്ലെന്നും, വി ഡി സതീശനെ വിസ്മയത്തോടെയാണ് കേരളം കേള്‍ക്കുന്നതെന്നും സുപ്രഭാതം ലേഖനത്തില്‍ പറയുന്നു.

എഴുത്തച്ഛന്‍ പുരസ്‌കാരം മേതില്‍ രാധാകൃഷ്ണന്

സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം എഴുത്തുകാരന്‍ മേതില്‍ രാധാകൃഷ്ണന്. മലയാള സാഹിത്യ രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

കെ-ടെറ്റ് ഇല്ലാത്ത അധ്യാപകര്‍ക്കെതിരെ ഇടത് അധ്യാപകസംഘടനകളുടെ പ്രതിഷേധം

സര്‍ക്കാര്‍ തീരുമാനം വഞ്ചനാപരമെന്നും പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവ് പിന്‍വലിക്കണമെന്നുമാണ് ആവശ്യം. ഇളവുകള്‍ മരവിപ്പിച്ചത് ആയിരത്തോളം അധ്യാപകരെ ബാധിക്കും.

ബി.ഇ.എല്‍.എം സ്ഥാപക ചെയര്‍മാന്‍ ആര്‍. പ്രേംകുമാറിനെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ നീക്കം

സാമ്പത്തിക തട്ടിപ്പ് കേസില്‍ ബിഎല്‍എം സ്ഥാപക ചെയര്‍മാന്‍ ആര്‍ പ്രേംകുമാറിനെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ നീക്കം. ഇതിനായി ക്രൈം ബ്രാഞ്ച് ഉടന്‍ കോഴിക്കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കും.

അടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്

സ്റ്റേഷനിലെ ജനപ്രതിനിധികളുടെ അതിക്രമം ഗൗരവമുള്ള വിഷയമെന്നും സംഭവത്തില്‍ പത്തനംതിട്ട എസ്പിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ഡി ജി പി റവാഡ ചന്ദ്രശേഖര്‍ വ്യക്തമാക്കി.

പി.എസ്.സി സെക്രട്ടറി ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി

പിഎസ്സി ആസൂത്രണ ബോര്‍ഡ് പരീക്ഷ വിവാദവുമായി ബന്ധമില്ലെന്ന് പിഎസ്സി സെക്രട്ടറി ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി. ചെയര്‍മാന്‍ കൂട്ടിയാലോചന നടത്താറില്ലെന്നും ചെയര്‍മാനും ഹരിയുമാണ് പല കാര്യങ്ങളിലും തീരുമാനം എടുക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.

എല്‍.പി.എസ്.ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ ശക്തമായ പ്രതിഷേധം

സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് യുവജനങ്ങളെ അണിനിരത്തി സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. മരണം സംഭവിച്ചാലും സമരം തുടരുമെന്ന് സമരസമിതി കണ്‍വീനര്‍ എസ് വളര്‍മതി പറഞ്ഞു.

വയനാട് എസ്.എഫ്.ഐയിലെ തമ്മിലടി: വധഭീഷണിയുണ്ടെന്ന് ജോ. സെക്രട്ടറി സായന്ത്

വയനാട് എസ്എഫ്ഐയിലെ തമ്മിലടിയുമായി ബന്ധപ്പെട്ട് വധഭീഷണി ഉണ്ടെന്നും, നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നുവെന്നും ജോ.സെക്രട്ടറി സായന്ത്. പുല്‍പ്പള്ളിയിലെ പാര്‍ട്ടി ഓഫീസില്‍ വച്ച് എസ്എഫ്ഐ ജില്ലാ സെക്രട്ടറി ആദര്‍ശും കേന്ദ്ര കമ്മിറ്റി അംഗവും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു എന്നും സായന്ത് പറയുന്നു.

ചങ്ങനാശ്ശേരി കൂട്ട ആത്മഹത്യ: സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം

ചങ്ങനാശ്ശേരിയിലെ കുടുംബത്തിന്റെ കൂട്ട ആത്മഹത്യയുടെ കാരണം കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടരുന്നു. മരിച്ച സാജുവിന്റെയും സവിന്റേയും സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണം തുടങ്ങി. ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും ശേഖരിക്കും.

യുവതിയെ പീഡിപ്പിച്ച കേസില്‍ ക്ഷേത്ര മുന്‍ ശാന്തിക്കാരന് തടവും പിഴയും

കുടുംബദോഷങ്ങള്‍ മാറുന്നതിനായി പൂജകള്‍ നടത്താമെന്ന് വിശ്വസിപ്പിച്ച് ക്ഷേത്രത്തിലെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ക്ഷേത്രത്തിലെ മുന്‍ ശാന്തിക്കാരന് ഏഴുവര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചു. ആലപ്പുഴ സ്വദേശിയായ രാജേഷിനെയാണ് നെടുമങ്ങാട് എസ്സി/എസ്ടി സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്.

പാര്‍ട്ടിയെ അടിമുടി തിരുത്താന്‍ സി.പി.എം സര്‍വേ

പ്രവര്‍ത്തനശൈലിയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനായിട്ടാണ് കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്കിടയില്‍ വിപുലമായ സര്‍വേ ആരംഭിച്ചത്. നേതാക്കളുടെ അഭിപ്രായങ്ങളും വിലയിരുത്തലുകളും തേടുന്നതിനായി 83 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലിയാണ് കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയത്.

മുറസു ചുഴലിക്കാറ്റ്: തമിഴ്നാട്ടിലും ആന്ധ്രയിലും ജാഗ്രതാ നിര്‍ദ്ദേശം

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട മുറസു ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റ് ആയി തെക്കന്‍ ആന്ധ്രയില്‍ കരതൊടും. വടക്കന്‍ തമിഴ്നാട്ടില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ചെന്നൈയിലും തിരുവള്ളൂരിലും ഇന്ന് സ്‌കൂളുകള്‍ക്ക് അവധിയാണ്. ഓറഞ്ച് അലര്‍ട്ടും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രതിപക്ഷത്തിനും രാഹുല്‍ ഗാന്ധിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി അമിത് ഷാ

2029 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തുറന്നുകാട്ടപ്പെടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ദില്ലിയിലെ വ്യാപാരികളുടെ കച്ചവടത്തെ കോണ്‍ഗ്രസ് തകര്‍ത്തു. രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാന്‍ ആഗ്രഹമുണ്ടെങ്കില്‍ ജീവിതകാലം മുഴുവന്‍ ‘മോക്ക് പാര്‍ലമെന്റില്‍’ ഇരിക്കാമെന്നും അദ്ദേഹം പരിഹസിച്ചു.

മമത ബാനര്‍ജിയുടെ വിമര്‍ശനം

ബി.ജെ.പി വോട്ടുകള്‍ മോഷ്ടിക്കുകയാണെന്നും ജനാധിപത്യത്തെ തകര്‍ത്ത് ജനങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുകയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. പശ്ചിമ ബംഗാളില്‍ നിന്ന് ഒരു കോടിയിലധികം വോട്ടുകള്‍ ഇല്ലാതാക്കിയെന്ന് ആരോപിച്ച അവര്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണറെ ‘വാനിഷ് കുമാര്‍’ എന്നും വിശേഷിപ്പിച്ചു.

ഐസ നേതാവ് നേഹ ബോറയുടെ പ്രതികരണം

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെയും ബി.ജെ.പിയെയും രൂക്ഷമായി വിമര്‍ശിച്ച് ഐസ നേതാവ് നേഹ ബോറ. രാജ്യത്തെ പൗരന്മാരുടെ ജനാധിപത്യ അവകാശങ്ങള്‍ ഹനിക്കാന്‍ അനുവദിക്കില്ലെന്നും അവര്‍ ആരോപിച്ചു.

ചലോ ദില്ലി റാലി: കോണ്‍ഗ്രസിനെതിരെ ബി.ജെ.പി

ഉത്സവകാലത്ത് ദില്ലിയിലെ വ്യാപാരം തടസ്സപ്പെടുത്തി രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ജെ പി നദ്ദയും നിതിന്‍ നബീനും ആരോപിച്ചു. രാംലീല മൈതാനത്ത് സംഘടിപ്പിച്ച മഹാറാലി പരാജയമായിരുന്നുവെന്നും ബിജെപി നേതാവ് സാംബിത് പാത്ര പരിഹസിച്ചു.

വ്യത്യസ്തമായ സമരരീതിയുമായി കര്‍ണാടക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

രാംലീല മൈതാനത്ത് നടക്കുന്ന പ്രക്ഷോഭത്തിനിടെ, വോട്ടര്‍ പട്ടികയിലെ വെട്ടിനിരത്തലിനെതിരെ കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരു കിലോമീറ്ററിലധികം നീളമുള്ള കൂറ്റന്‍ ബാനര്‍ ഉയര്‍ത്തി പ്രതിഷേധിച്ചു.

ഹൈദരാബാദില്‍ അന്തര്‍സംസ്ഥാന അണ്ഡക്കടത്ത് മാഫിയ പിടിയില്‍

ഹൈദരാബാദില്‍ ഐ.വി.എഫ്, ഫെര്‍ട്ടിലിറ്റി സെന്ററുകളുടെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന അന്തര്‍സംസ്ഥാന അണ്ഡക്കടത്ത് മാഫിയ സംഘത്തെ പോലീസ് പിടികൂടി. മിന്നല്‍ റെയ്ഡില്‍ എട്ടുപേരെ അറസ്റ്റ് ചെയ്യുകയും 43 സ്ത്രീകളെ രക്ഷപ്പെടുത്തുകയും ചെയ്തു.

ജമ്മു കശ്മീരില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്ക്ക് എതിരെ കലാപം

എട്ട് മന്ത്രിമാരെയും മുഖ്യമന്ത്രിയുടെ ഉപദേശകനെയും മാറ്റണമെന്ന് 25 എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുത്തില്ലെങ്കില്‍ തുടര്‍നടപടി എന്നാണ് മുന്നറിയിപ്പ്.

റഷ്യ-യുക്രെയ്ന്‍ യുദ്ധം: ഇന്ത്യയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍

സിവിലിയന്‍ കപ്പലുകള്‍ സംരക്ഷിക്കുക, കരിങ്കടല്‍ വഴിയുള്ള ധാന്യ കയറ്റുമതി പുനഃസ്ഥാപിക്കുക തുടങ്ങിയ വിഷയങ്ങളില്‍ റഷ്യ, യുക്രെയ്ന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവരുമായി ഇന്ത്യ ചര്‍ച്ച നടത്തിയതായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ അറിയിച്ചു.

ബ്രിട്ടന്റെ റോയല്‍ നേവിയെയും റോയല്‍ എയര്‍ഫോഴ്‌സിനെയും ഭീകര സംഘടനകളായി ഇറാന്‍ പ്രഖ്യാപിച്ചു

ബ്രിട്ടനിലെ വ്യോമസേനാ താവളത്തിലുണ്ടായ സുരക്ഷാ വീഴ്ചയില്‍ ഇറാന് പങ്കുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആരോപിച്ചതിന് പിന്നാലെയാണ് ഈ നടപടി.

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കാൻ അമേരിക്ക സജ്ജമെന്ന് ഡൊണാൾഡ് ട്രംപ്

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന് പിന്നാലെ, ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കാന്‍ അമേരിക്ക സജ്ജമാണെന്ന് മുന്‍ യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി.

ജപ്പാനിൽ ഭൂചലനം

മധ്യ ജപ്പാനിലെ മീ പ്രിഫെക്ചറിന് തെക്കുകിഴക്കന്‍ തീരത്ത് ഞായറാഴ്ച രാവിലെ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു.

ഇറാന്‍ പരമോന്നത നേതാവിന്റെ മുന്നറിയിപ്പ്

അമേരിക്കയുടെയും ഇസ്രായേലിന്റെയും ഭാഗത്തുനിന്ന് വീണ്ടും സൈനികാക്രമണമുണ്ടായാല്‍ അതിരുകളില്ലാതെ തിരിച്ചടിക്കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് മൊജ്തബ ഖമനേയി മുന്നറിയിപ്പ് നല്‍കി.

ഡി.ആര്‍.കോംഗോ എബോള വ്യാപനം: മരണസംഖ്യ അയ്യായിരം കടന്നു

രോഗം സ്ഥിരീകരിച്ചവര്‍ 10,300 ആയി. 26 പ്രവിശ്യകളില്‍ എട്ടെണ്ണവും ഇപ്പോള്‍ രോഗബാധിതമാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു.

സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍: മലപ്പുറത്തെ തോല്‍പ്പിച്ച് കാലിക്കറ്റ് എഫ്.സി. ഒന്നാമത്

സൂപ്പർ ലീഗ് കേരള ഫുട്‌ബോളില്‍ സ്വന്തം മൈതാനത്ത് കാലിക്കറ്റ് എഫ്.സി.യോട് 6-2 നാണ് മലപ്പുറത്തിന്റെ തോല്‍വി. ജയത്തോടെ കാലിക്കറ്റ് പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി.

ടി20 പരമ്പര: ഇന്ത്യക്കെതിരെ അവസാന മത്സരത്തിൽ ന്യൂസീലന്‍ഡിന് ജയം

ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയെ ഏഴ് വിക്കറ്റിന് കീഴടക്കിയ ന്യൂസീലന്‍ഡ് വിജയം നേടി. ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു.

ഡാറ്റാ സെന്ററുകൾക്ക് സമീപമുള്ള വീടുകൾ വാങ്ങാൻ നീക്കവുമായി ഇലോൺ മസ്ക്

ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ ഇലോണ്‍ മസ്‌ക് തന്റെ നിര്‍മിതബുദ്ധി കമ്പനിയുടെ ഡാറ്റാ സെന്ററുകള്‍ക്ക് സമീപമുള്ള 418 വീടുകള്‍ വിലയ്ക്കുവാങ്ങാന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍.

കൗമാരക്കാരുടെ ചോദ്യങ്ങൾക്ക് ഇനി ചാറ്റ്ജിപിടി ഉത്തരം നൽകിയേക്കില്ല

ചാറ്റ് ജിപിടി അടക്കമുള്ള എഐ ടൂളുകള്‍ കൗമാരക്കാരില്‍ അക്രമവാസന വര്‍ധിപ്പിക്കുന്നു എന്ന പരാതികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഓപ്പണ്‍എഐ കര്‍ശന മുന്‍കരുതല്‍ നടപടി സ്വീകരിക്കുന്നത്.

മലയാളത്തിൽ പുതിയ പോലീസ് ത്രില്ലർ ചിത്രം ‘ടാരന്റിനോ’ വരുന്നു

മലയാള സിനിമയില്‍ പോലീസ് ത്രില്ലര്‍ വിഭാഗത്തില്‍ പതിവ് ഫോര്‍മാറ്റുകളില്‍നിന്ന് മാറിയുള്ള പരീക്ഷണവുമായി ‘ടാരന്റിനോ’ എത്തുന്നു. എല്‍വിന്‍ സി ജോണ്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ എസ്. ജയകൃഷ്ണന്റേതാണ്.

സൂര്യ നായകനാകുന്ന ‘സീന്‍’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്

സൂര്യയെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘സീനി’ന്റെ ട്രെയ്‌ലര്‍ പുറത്ത്. ചിത്രം നവംബര്‍ 6ന് ദീപാവലി റിലീസായി തിയേറ്ററുകളിലെത്തും.

‘കോസ്മിക് സാംസണ്‍’ ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്

സന്ദീപ് പ്രദീപിനെ നായകനാക്കി അഭിജിത് ജോസഫ് ഒരുക്കുന്ന ഫാന്റസി ചിത്രം ‘കോസ്മിക് സാംസണി’ലെ ആദ്യത്തെ ഗാനം പുറത്തിറങ്ങി. ചിത്രം നവംബര്‍ 27ന് തിയേറ്ററുകളിലെത്തും.

ഡീസല്‍, വിമാന ഇന്ധന കയറ്റുമതി നികുതി വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

രാജ്യാന്തര വിപണിയിലെ എണ്ണവിലയിലെ അസ്ഥിരതയ്ക്കും പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കും ഇടയില്‍ ഡീസല്‍, വിമാന ഇന്ധനം (ATF) എന്നിവയുടെ കയറ്റുമതിക്കുള്ള വിന്‍ഡ്ഫാള്‍ ഗെയിന്‍ നികുതി കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു.

എല്‍.എന്‍.ജി ഇറക്കുമതി: ചൈനയെ പിന്തള്ളി ജപ്പാൻ ഒന്നാം സ്ഥാനത്തേക്ക്

ആഗോള വിപണിയില്‍ എല്‍ എന്‍ ജി ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ചൈനയെ പിന്നിലാക്കി ജപ്പാന്‍ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് എത്തുന്നതായി റിപ്പോര്‍ട്ട്.

ഭക്ഷണക്രമീകരണവും വ്യായാമവും വഴി ടൈപ്പ് 2 ഡയബറ്റിസ് കുറയ്ക്കാമെന്ന് ഗവേഷകർ

വ്യായാമക്കുറവും അനാരോഗ്യകരമായ ഭക്ഷണരീതിയുമൊക്കെ മൂലം ചെറുപ്പക്കാര്‍ക്കിടയില്‍ ടൈപ്പ് 2 ഡയബറ്റിസ് സ്ഥിരീകരിക്കുന്നതിന്റെ തോത് കൂടുന്ന പശ്ചാത്തലത്തിൽ, ഭക്ഷണക്രമീകരണവും വ്യായാമവും വഴി ഇത് ഫലപ്രദമായി പ്രതിരോധിക്കാമെന്ന് ഗവേഷകർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here