പത്രം മലയാള ദിനപത്രങ്ങളിലൂടെ 2026 | ഒക്ടോബര്‍ 24 | ശനി (1202 തുലാം 7, ഉത്രട്ടാതി
അതിര്‍ത്തിയില്‍ ചൈനീസ്-ഇന്ത്യന്‍ സേനകൾ തമ്മില്‍ സംഘര്‍ഷം
അതിര്‍ത്തിയില്‍ ചൈനീസ് സേനയും ഇന്ത്യന്‍ സേനയും തമ്മില്‍ സംഘര്‍ഷം. ഇന്ത്യന്‍ സൈന്യം നിലവിലെ പട്രോളിംഗ് മേഖലകളില്‍ നിന്ന് മാറുമ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടണമെങ്കില്‍ അതിര്‍ത്തിയില്‍ സമാധാനവും ശാന്തതയും പുനഃസ്ഥാപിക്കണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ധനവില കുത്തനെ ഉയർന്നു; ക്രൂഡ് ഓയിൽ നാല് വർഷത്തെ ഉയർന്ന നിരക്കിൽ
ഇന്ധനവില കത്തിക്കയറി. ബ്രെന്റ് ക്രൂഡ് ഓയില്‍ വില നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ ബാരലിന് 116.20 ഡോളറായി. 2022 ജൂണിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. സൗദി അറേബ്യക്കെതിരേ ഇറേനിയന്‍ പിന്തുണയുള്ള ഹൂതികളുടെ ആക്രമണമാണ് എണ്ണവില കുത്തനെ ഉയരാന്‍ കാരണം.
കഴിഞ്ഞ 10 വർഷത്തെ മരുന്നുവാങ്ങലിൽ കോടികളുടെ അഴിമതി: വിജിലൻസ് അന്വേഷിക്കുമെന്ന് ആരോഗ്യ മന്ത്രി
കഴിഞ്ഞ പത്തു വര്‍ഷം മരുന്നു വാങ്ങിയതില്‍ നടന്ന കോടികളുടെ അഴിമതി വിജിലന്‍സ് അന്വേഷിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരന്‍. അപൂര്‍വ രോഗമായ സ്പൈനര്‍ മസ്‌കുലര്‍ അട്രോഫി ബാധിതര്‍ക്ക് ഇന്ത്യന്‍ കമ്പനിയുടെ വില കുറഞ്ഞ മരുന്നുതന്നെ നല്‍കും. വിദേശ കുത്തക കമ്പനിയുടെ ഭീമമായ വിലയുള്ള മരുന്നു നല്‍കണമെന്ന സിപിഎമ്മിന്റെ ആവശ്യം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സർക്കാരിന് ഒരു സമ്മർദ്ദവുമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
യുഡിഎഫ് സര്‍ക്കാരിന് പാര്‍ട്ടിക്കുള്ളില്‍നിന്നോ മുന്നണിക്കുള്ളില്‍നിന്നോ ഒരു സമ്മര്‍ദ്ദവുമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. അത്തരം വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണ്. മുസ്ലിം ലീഗ് തനിക്കുമേല്‍ ഒരു സമ്മര്‍ദ്ദവും ചെലുത്തുന്നില്ല. മുസ്ലിം ലീഗ് ദുര്‍ബലമായാല്‍ കേരളത്തില്‍ തീവ്രശക്തികള്‍ പിടിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപകടസാധ്യതയിലുള്ള കുട്ടികളെ കണ്ടെത്താൻ വനിതാ ശിശു വികസന വകുപ്പ് സർവേ നടത്തും
സംസ്ഥാനത്ത് അപകടസാധ്യതയുള്ള സാഹചര്യങ്ങളില്‍ കഴിയുന്ന കുട്ടികളെ കണ്ടെത്താന്‍ വനിതാ ശിശു വികസന വകുപ്പ് പ്രത്യേക സര്‍വേ നടത്തും. മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രത്യേക സര്‍വേ നടത്താനുള്ള തീരുമാനമെടുത്തത്.
വന്യജീവി ആക്രമണത്തിനുള്ള കൃഷിനാശ നഷ്ടപരിഹാരം ഇരട്ടിയാക്കി
വന്യജീവി ആക്രമണം മൂലം കര്‍ഷകര്‍ക്കുണ്ടാകുന്ന കൃഷിനാശത്തിന് വനം വകുപ്പ് നല്‍കിവരുന്ന നഷ്ടപരിഹാരം ഇരട്ടിയായി സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. പത്ത് വര്‍ഷത്തിന് ശേഷമാണ് നഷ്ടപരിഹാര നിരക്കുകള്‍ പരിഷ്‌കരിക്കുന്നത്. ഇതിന് മുമ്പ് 2015 ലായിരുന്നു പരിഷ്‌കരണം നടന്നത്.
മണ്ഡല പുനർനിർണ്ണയത്തിലെ വിവേചനത്തിനെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ
മണ്ഡല പുനര്‍ നിര്‍ണ്ണയത്തിന് എതിരല്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. പക്ഷേ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ചില സംസ്ഥാനങ്ങളോട് വിവേചനമുണ്ടാക്കുന്നതു ശരിയല്ല. ഡല്‍ഹിയില്‍ ഇന്ത്യന്‍ എക്സ്പ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി വിഡി സതീശന്‍.
വിദ്യാർത്ഥികളുടെ ബാഗുകൾ പരിശോധിക്കണം; ക്ലാസ് സമയത്ത് ഫോൺ അനുവദിക്കരുത്: ബാലാവകാശ കമ്മീഷൻ
വിദ്യാലങ്ങളില്‍ ക്ലാസ് നടക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കരുതെന്നും വിദ്യാര്‍ത്ഥികളുടെ ബാഗുകള്‍ പരിശോധിക്കണമെന്നും സംസ്ഥാന ബാലാവകാശ കമ്മീഷന്‍. ലഹരിവസ്തുക്കള്‍ ഉള്‍പ്പെടെ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ ബാഗുകളില്‍ ഇല്ലെന്ന് ഉറപ്പാക്കണം. എന്നാല്‍, വിദ്യാര്‍ഥികളുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതമേല്‍ക്കാത്ത രീതിയിലായിരിക്കണം പരിശോധനയെന്നും കമ്മീഷന്‍ നിർദ്ദേശിച്ചു.
റേഷൻ കാർഡ് ഇ-കെവൈസി സമയപരിധി നീട്ടണം: കേന്ദ്രത്തിന് കത്തയച്ച് ഭക്ഷ്യമന്ത്രി
ഇ-കെവൈസി പ്രക്രിയയിലൂടെ റേഷന്‍ കാര്‍ഡുകള്‍ സജീവമാക്കാന്‍ അനുവദിച്ച മൂന്നു മാസത്തെ സമയ പരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. തുടര്‍ച്ചയായി ആറുമാസം ഉപയോഗിക്കാത്ത ഗുണഭോക്താക്കളുടെ കാര്‍ഡുകള്‍ താല്‍ക്കാലികമായി റദ്ദാക്കുന്ന നിയമം നടപ്പാക്കുന്നതു നീട്ടിവയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
‘ഓപ്പറേഷൻ തൂഫാൻ’: സംസ്ഥാനത്ത് 14,673 പേർ അറസ്റ്റിൽ
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്ത് ഇതുവരെ 14,673 പേരെ അറസ്റ്റു ചെയ്തു. കേസുകളുടെ എണ്ണം 13,605 ആയി. ഇതുവരെ 27,476.313 ഗ്രാം എം.ഡി.എം.എയും 1,820.746 കി.ഗ്രാം കഞ്ചാവും 7,252.352 ഗ്രാം ഹാഷിഷ് ഓയിലും 778.309 ഗ്രാം ബ്രൗണ്‍ ഷുഗറും പിടിച്ചെടുത്തിട്ടുണ്ട്.
സർക്കാർ തിയേറ്ററുകളിൽ നിന്ന് ദൃശ്യങ്ങൾ ചോർന്ന സംഭവം: അന്വേഷണം ഊർജ്ജിതമാക്കാൻ നിർദ്ദേശം
തിരുവനന്തപുരത്തെ സര്‍ക്കാര്‍ തിയേറ്ററുകളില്‍നിന്ന് സഭ്യേതര ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ ഹൈടെക് സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്താനാണ് ഉത്തരവ്.
രാജ്ഭവനിൽ നോൺ-വെജ് നിരോധനം: ഗവർണറുടെ നിർദ്ദേശത്തിനെതിരെ രമേശ് ചെന്നിത്തല
രാജ്ഭവനിൽ മത്സ്യവും മാംസവും നിരോധിച്ച പുതിയ ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിന്റെ നിര്‍ദേശത്തിനെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഭക്ഷണം ഓരോത്തരുടേയും സ്വാതന്ത്ര്യമാണ്. അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ഗവർണറുടെ നിലപാട് ഭരണഘടനാ വിരുദ്ധമെന്ന് മന്ത്രി എ.പി. അനിൽകുമാർ
താന്‍ കഴിക്കുന്നതേ മറ്റുള്ളവരും കഴിക്കാവൂ എന്ന നിര്‍ബന്ധം ജനാധിപത്യ വിരുദ്ധവും വ്യക്തി സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണെന്നും ഗവര്‍ണര്‍ ഓംപ്രകാശ് മാഥൂറിനെ വിമര്‍ശിച്ച് മന്ത്രി എ.പി. അനില്‍കുമാര്‍. രാജ് ഭവന്‍ പോലൊരു ഭരണഘടന സ്ഥാപനം ഭരണഘടനാ വിരുദ്ധമായ നിലപാടല്ല ഉയര്‍ത്തിപ്പിടിക്കേണ്ടത്. ഒരാളുടെ ഇഷ്ടമല്ല, എല്ലാവരുടെയും അവകാശങ്ങളെയും അംഗീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഭക്ഷണം അടിച്ചേൽപ്പിക്കരുതെന്ന് എം.വി. ഗോവിന്ദൻ
രാജ്ഭവനിൽ സസ്യേതര ഭക്ഷണം വിലക്കിയതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. എന്തു കഴിക്കണമെന്ന് അടിച്ചേല്‍പിക്കരുതെന്ന് ഗോവിന്ദന്‍ പറഞ്ഞു.
16 വയസ്സുകാരിയുടെ ഗർഭം അലസിപ്പിക്കാൻ ഹൈക്കോടതി അനുമതി
ലൈംഗിക അതിക്രമത്തിന് ഇരയായ 16 വയസുകാരിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. 27 ആഴ്ചയായ ഗര്‍ഭമലസിപ്പിക്കാനാണ് അനുമതി നല്‍കിയത്. അടിയന്തര നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.
വഖഫ് ബോർഡ് പുനഃസംഘടന: ഇടക്കാല സ്റ്റേ തള്ളി ഹൈക്കോടതി
വഖഫ് ബോര്‍ഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല. ഇടക്കാല സ്റ്റേ വേണമെന്ന ആവശ്യം തള്ളുകയായിരുന്നു കോടതി. വഖഫ് ബോര്‍ഡ്, സര്‍ക്കാര്‍ എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹര്‍ജി അടുത്ത വ്യാഴാഴ്ച്ച പരിഗണിക്കും.
കെഎസ്ആർടിസിക്ക് ടിക്കറ്റ് വരുമാനത്തിൽ വൻ നേട്ടം
ടിക്കറ്റ് വരുമാനത്തില്‍ കെഎസ്ആര്‍ടിസിക്ക് രണ്ടാമത്തെ വലിയ നേട്ടം. വ്യാഴാഴ്ച 10.64 കോടി രൂപയുടെ വരുമാനമാണ് കോര്‍പറേഷന്‍ സ്വന്തമാക്കിയത്. ഇതില്‍ പ്രിയദര്‍ശിനി സര്‍വീസുകളുടെ വരുമാനം മാറ്റിയാലും മറ്റ് സര്‍വീസുകളില്‍ നിന്നായി 7.33 കോടി രൂപ നേടാന്‍ കഴിഞ്ഞു.
എസ്എംഎ മരുന്ന് വിവാദം: ആരോഗ്യമന്ത്രിയോട് 6 ചോദ്യങ്ങളുമായി എം.വി. ഗോവിന്ദൻ
എസ് എം എ രോഗികള്‍ക്കുള്ള ഇന്ത്യന്‍ മരുന്നിനു പാര്‍ശ്വഫലം ഉണ്ടായാല്‍ ആര് ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നതടക്കം ആരോഗ്യമന്ത്രി കെ മുരളീധരനോട് 6 ചോദ്യങ്ങളുമായി സി പി എം സംസ്ഥാന സെക്രട്ടരി എം വി ഗോവിന്ദന്‍. ക്ലിനിക്കല്‍ ടെസ്റ്റിനുള്ള മരുന്നുകള്‍ എങ്ങനെ ആശുപത്രിയിലെത്തിയെന്നും കുഴപ്പമില്ലെങ്കില്‍ എന്തിനാണ് മരുന്ന് പിന്‍വലിച്ചതെന്നും ഗോവിന്ദന്‍ ചോദിച്ചു.
ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരെ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളുടെ മാർച്ച്
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ മാര്‍ച്ച് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വോട്ടര്‍മാരെ കൂട്ടത്തോടെ ഒഴിവാക്കി തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാന്‍ കമ്മീഷന്‍ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
വിജിലൻസ് അന്വേഷണത്തോട് സഹകരിക്കുമെന്ന് പി.പി. ദിവ്യ
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നടന്ന ക്രമക്കേടുകളില്‍ തനിക്കെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ സഹകരിക്കുമെന്ന് പി പി ദിവ്യ. ആരോപണങ്ങള്‍ അവര്‍ നിഷേധിച്ചു.
ക്രമക്കേട് തെളിയിച്ചാൽ 1 കോടി രൂപ നൽകുമെന്ന് കരാർ കമ്പനി
കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ജോലികള്‍ ഏറ്റെടുത്തത് ടെന്‍ഡര്‍ ഇല്ലാതെയാണെന്നു പരാതിക്കാരനായ കെഎസ് യു നേതാവ് മുഹമ്മദ് ഷമ്മാസ് തെളിയിച്ചാല്‍ ഒരു കോടി രൂപ നല്‍കുമെന്ന് കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി. സിപിഎം നേതാവ് പി പി ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ക്രമക്കേടുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതിനെ കമ്പനി സ്വാഗതം ചെയ്യുന്നതായും അറിയിച്ചു.
കൊല്ലം വാടിയിൽ കള്ളനോട്ട് നിർമ്മാണ കേന്ദ്രം പിടികൂടി; രണ്ടരക്കോടിയുടെ വ്യാജനോട്ടുകൾ കണ്ടെടുത്തു
കൊല്ലം വാടിയിലെ കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രത്തില്‍ പോലീസിന്റെ മിന്നല്‍ റെയ്ഡ്. കല്ലേലിവയല്‍ പുരയിടം സ്വദേശിയായ സിയോണിന്റെ വീട്ടില്‍നിന്ന് രണ്ടരക്കോടി രൂപയുടെ വ്യാജ നോട്ടുകള്‍ നിര്‍മ്മിച്ച പ്രിന്ററുകളും നോട്ടെണ്ണുന്ന മെഷീനുകളും പോലീസ് കണ്ടെടുത്തു. സ്വര്‍ണ്ണ വാച്ച് അടക്കമുള്ള 46 പവന്‍ സ്വര്‍ണാഭരണങ്ങളും, 5 ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ആരോഗ്യവകുപ്പ് പകർച്ചവ്യാധി കലണ്ടർ പ്രസിദ്ധീകരിച്ചു
രോഗവ്യാപനവും മരണങ്ങളും ഒഴിവാക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ആദ്യമായി പകര്‍ച്ചവ്യാധി കലണ്ടര്‍ പ്രസിദ്ധീകരിച്ചു. കലണ്ടര്‍ പ്രകാശനം സെക്രട്ടേറിയറ്റ് പി ആര്‍ ചേംബറില്‍ ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍ നിര്‍വഹിച്ചു.
മംഗലം ഡാമിന്റെ ഷട്ടറുകൾ തുറന്നു
പാലക്കാട് ജില്ലയിലെ മംഗലം ഡാമിന്റെ ഷട്ടറുകള്‍ ഇന്നു രാവിലെ എട്ടിനു തുറക്കും. ഡാമിന്റെ 6 സ്പില്‍വേ ഷട്ടറുകള്‍ 5 സെന്റിമീറ്റര്‍ വരെ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കനത്ത മഴ: അപ്പർ കുട്ടനാട്ടിൽ കൃഷിയൊരുക്കം വെള്ളത്തിലായി
കനത്ത മഴയില്‍ പാടശേഖരങ്ങള്‍ മുങ്ങിയതോടെ കൃഷിയൊരുക്കം വെള്ളത്തിലാകുമോ എന്ന ഭീതിയിലാണ് അപ്പര്‍ കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍. മാന്നാര്‍, ചെന്നിത്തല പഞ്ചായത്തുകളില്‍ ട്രാക്ടര്‍ ഉപയോഗിച്ച് ഉഴുതുമറിച്ചും പമ്പിങ് നടത്തി വെള്ളം വറ്റിച്ചും വരിനെല്ലും കളകളും കിളിര്‍പ്പിക്കാനായി ഒരുക്കിയിട്ടിരുന്ന പാടശേഖരങ്ങളാണ് തുലാവര്‍ഷത്തില്‍ മുങ്ങിയത്.
മലപ്പുറം വി.കെ പടിയിൽ വാഹനാപകടം: സഹോദരങ്ങൾക്ക് ദാരുണാന്ത്യം
മലപ്പുറം വി.കെ പടിയില്‍ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. പൊന്മള സ്വദേശികളായ ജിസ്മിന, സഹോദരന്‍ ജിബിന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
ഭൂട്ടാനിൽ നിന്ന് ആഡംബര കാറുകൾ കടത്തിയ കേസ്: അസം ട്രാൻസ്പോർട്ട് ഓഫീസർ കസ്റ്റഡിയിൽ
ഭൂട്ടാനില്‍നിന്ന് നികുതി വെട്ടിച്ച് ആഡംബര കാറുകള്‍ കടത്തിയ കേസില്‍ മുഖ്യകണ്ണികളില്‍ ഒരാളായ ദീപക് ഭട്ടോവാരിയെ കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കി. അസമിലെ ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസറായ ദീപക്കിനെ കസ്റ്റംസാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യംചെയ്യുന്ന കോടതിയില്‍ ഹാജരാക്കിയത്.
തങ്ങൾക്കെതിരെ സ്റ്റിങ് ഓപ്പറേഷന് ശ്രമം നടന്നതായി ഡി.കെ. ശിവകുമാർ
തന്നെയും കേരളാ മുഖ്യമന്ത്രി വി.ഡി. സതീശനെയും ലക്ഷ്യമിട്ട് സ്റ്റിങ് ഓപ്പറേഷന്‍ നടത്താന്‍ ശ്രമം നടന്നെന്ന് കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. ഒരു വ്യവസായിയാണ് തങ്ങളെ കുടുക്കാന്‍ ശ്രമിച്ചത്. വ്യവസായി മെറ്റാ സ്മാര്‍ട്ട് ഗ്ലാസ് ധരിച്ച് എത്തിയതാണ് തനിക്ക് സംശയം തോന്നാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിക്കെതിരെ ബിജെപി; പ്രതിരോധവുമായി ശശി തരൂർ
രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി നടത്തിയ പരാജയപ്പെട്ട ഉത്പന്നം പരാമര്‍ശം സജീവമാക്കി ബിജെപി. മാനസികമായി അസ്ഥിരതയുള്ളയാള്‍ കൂടിയാണ് രാഹുല്‍ ഗാന്ധിയെന്നും, രാജ്യത്തെ മുഴുവന്‍ അരാജകത്വത്തിലേക്ക് തള്ളിവിടാനാണ് ശ്രമമെന്നും ബിജെപി വക്താവ് സുധാംശു ത്രിവേദി എംപി ആരോപിച്ചു. അതേസമയം പ്രതിഷേധത്തിന്റെ മുഖമായ രാഹുല്‍ ഗാന്ധിയുടെ ആവേശം തല്ലിക്കെടുത്താനുള്ള ബിജെപി തന്ത്രം വിലപ്പോവില്ലെന്ന്, രാഹുലിന് കവചമൊരുക്കി ശശി തരൂര്‍ എംപി പ്രതികരിച്ചു.
പീസ് ബോണ്ടിനെതിരായ ഹർജി ഡൽഹി ഹൈക്കോടതി തള്ളി
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ സമരത്തിലെ പീസ് ബോണ്ടിനെതിരായി ഐസ പ്രസിഡന്റ് നേഹ ബോറ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. അന്വേഷണ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് മജിസ്‌ട്രേറ്റിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി.
പോക്സോ കേസ് പ്രതിയുടെ മകൾ വിമാനത്തിൽ നിന്ന് കസ്റ്റഡിയിൽ
പോക്സോ കേസുകളിലെ പ്രതിയും ഗ്രാനൈറ്റ് വ്യവസായിയുമായ ആര്‍ വീരമണിയുടെ മകള്‍ വിദേശത്തേക്കു പോകാനിരിക്കേ വിമാനത്തില്‍ കയറി പൊലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈയില്‍നിന്ന് സിങ്കപ്പൂരിലേക്ക് പോകുകയായിരുന്ന വീരമണിയുടെ മകള്‍ അര്‍ച്ചന വീരമണിയെയാണ് വിമാനത്തില്‍നിന്ന് ഇറക്കി കസ്റ്റഡിയിലെടുത്തത്.
ബിഎംഎസ് ജമ്മു കശ്മീരിൽ ആദ്യ ഓഫീസ് തുറന്നു
ആര്‍എസ്എസിന്റെ തൊഴിലാളി സംഘടനയായ ബിഎംഎസ് ജമ്മു കശ്മീരില്‍ ആദ്യത്തെ ഓഫീസ് തുറന്നു. പുല്‍വാമ ജില്ലയിലെ അവന്തിപോറയിലാണ് ബിഎംഎസിന്റെ സ്ഥിരം ഓഫീസ് തുറന്നിരിക്കുന്നത്.
കസ്റ്റംസ് ഉദ്യോഗസ്ഥർ പ്രതികാരബുദ്ധിയോടെ പെരുമാറിയെന്ന് പഞ്ചാബ് മുഖ്യമന്ത്രി
പാരീസ് സന്ദര്‍ശനത്തിന് ശേഷം ഡല്‍ഹി വിമാനത്താവളത്തിലെത്തിയ തന്നോട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പ്രതികാരബുദ്ധിയോടെ പെരുമാറിയെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ആരോപിച്ചു. ഇതിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ താല്പര്യങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
മുംബൈ മേയറുടെ ഓഫീസിന് ബോംബ് ഭീഷണി
മുംബൈ മേയര്‍ ഋതു താവ്ഡെയുടെ ഓഫീസിലേക്കും പ്രമുഖ വ്യക്തികള്‍ക്ക് നേരെയും ബോംബ് ആക്രമണ ഭീഷണി. മേയറുടെ ഓഫീസിലേക്ക് വെള്ളിയാഴ്ച രാവിലെ ലഭിച്ച ഇ-മെയിലിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്.
രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ നവംബർ 1 മുതൽ
രാജ്യത്തെ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പര്‍ എക്സ്പ്രസ് ട്രെയിന്‍ ബെംഗളൂരു-മുംബൈ റൂട്ടില്‍ നവംബര്‍ ഒന്നിന് സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി വി സോമണ്ണ അറിയിച്ചു.
പീലിഭിതിൽ വോട്ടർ പട്ടികയിൽ വ്യാജ തിരുത്തലുകൾ കണ്ടെത്തി
യുപിയിലെ പീലിഭിത് നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ പതിനായിരത്തിലധികം വ്യാജ തിരുത്തലുകള്‍ കണ്ടെത്തി. സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കും ഒരു കമ്പ്യൂട്ടര്‍ അസിസ്റ്റന്റിനുമെതിരെ കേസെടുക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തു. ന്യൂനപക്ഷ വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ് ഈ തിരിമറി നടന്നതെന്ന് സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ആരോപിച്ചു.
കോയമ്പത്തൂരിൽ ദളിത് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു
കോയമ്പത്തൂരില്‍ ബീഫ് കഴിച്ചതിന്റെ പേരില്‍ സഹപാഠികള്‍ പരിഹസിച്ച ദളിത് വിദ്യാര്‍ത്ഥി ജീവനൊടുക്കി. സംഭവത്തില്‍ രണ്ട് മേല്‍ജാതിക്കാരായ വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്ത അധ്യാപകനെയും ഹെഡ്മാസ്റ്ററെയും സസ്പെന്ഡ് ചെയ്യുകയും കേസെടുക്കുകയും ചെയ്തു.
ധനുഷ് വിജയ്ക്ക് എതിരാളിയല്ലെന്ന് തമിഴ്നാട് ധനമന്ത്രി
രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന നടന്‍ ധനുഷ് വിജയ്ക്ക് എതിരാളിയല്ലെന്ന് തമിഴ്നാട് ധനമന്ത്രി മരിയ വിത്സന്‍. ഡിഎംകെക്കും അണ്ണാഡിഎംകെക്കും വിജയ്യെ നേരിടാനാകുന്നില്ലെന്നും തമിഴ് ജനത വിജയ്ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
മാവോയിസ്റ്റ് ദമ്പതികൾ പോലീസിന് മുന്നിൽ കീഴടങ്ങി
പശ്ചിമ ബംഗാളിലും ഝാര്‍ഖണ്ഡിലും നിരവധി കേസുകളില്‍ പ്രതിയാക്കപ്പെട്ടിരുന്ന മാവോയിസ്റ്റ് ദമ്പതികളായ മംഗളും മാലതിയും കൊല്‍ക്കത്ത പോലീസിന് മുന്നില്‍ കീഴടങ്ങി. പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ് പോലീസ് ചേര്‍ന്ന് ഇവരെ പിടികൂടാൻ 7 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.
സൗദിയിലെ ഹൂതി ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു; ഇന്ത്യ ശക്തമായി അപലപിച്ചു
സൗദി അറേബ്യയില്‍ ഹൂതി വിമതര്‍ നടത്തിയ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേല്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി.
യെമൻ തീരത്ത് ആക്രമിക്കപ്പെട്ട നൗകയിലുണ്ടായിരുന്ന 14 ഇന്ത്യക്കാരെ കണ്ടെത്തി
യെമന്‍ തീരത്ത് കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ട നൗകയിലെ പതിനാല് ഇന്ത്യക്കാരെ കണ്ടെത്തി. ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. റിയാദിലേക്ക് ഇന്‍ഡിഗോ ഈ മാസം 31 വരെ വിമാന സര്‍വ്വീസുകള്‍ നടത്തില്ലെന്ന് അറിയിച്ചു. അതേസമയം, സൗദിയിലേക്കുള്ള ഹൂത്തി ആക്രമണങ്ങള്‍ തുടരുകയാണ്.
പാരീസിൽ വെടിവെപ്പ്: ഒരാൾ കൊല്ലപ്പെട്ടു
ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഒരു കുട്ടി ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. അക്രമിയെ പൊലീസ് പിടികൂടി. സംഭവത്തിന് തീവ്രവാദബന്ധമുണ്ടോ എന്നറിയാന്‍ ചോദ്യം ചെയ്തുവരികയാണ്. കാറില്‍ പോകുന്നതിനിടെ അക്രമി കണ്‍മുന്നില്‍ കണ്ടവര്‍ക്കുനേരേയെല്ലാം വെടിയുതിര്‍ക്കുകയായിരുന്നു.
ജോർദാനിൽ പള്ളിക്ക് നേരെ വെടിവെപ്പ്: ഏഴ് മരണം
തെക്കന്‍ ജോര്‍ദാനിലെ കാരക് ഗവര്‍ണറേറ്റില്‍ ക്രിസ്ത്യന്‍ ദേവാലയത്തിന് നേരെ നടന്ന വെടിവെപ്പില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. പത്ത് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടെയും നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരും. ഹമ്മൂദ് ഗ്രാമത്തിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ മൃതദേഹ സംസ്‌കാരത്തിനിടെയാണ് ആക്രമണമുണ്ടായത്.
സിഎസ്ബി ബാങ്കിന് രണ്ടാം പാദത്തിൽ 183.27 കോടി രൂപ ലാഭം
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 183.27 കോടി രൂപയുടെ ലാഭം നേടി തൃശൂര്‍ ആസ്ഥാനമായുള്ള സിഎസ്ബി ബാങ്ക്. തൊട്ടു മുന്‍ പാദത്തിലെ 150.04 കോടി രൂപയയില്‍ നിന്ന് 21.8 ശതമാനത്തിന്റെ വര്‍ധന. മുന്‍ വര്‍ഷത്തെ സമാന പാദത്തിലെ 160.33 കോടി രൂപയേക്കാള്‍ 14 ശതമാനം ഉയര്‍ന്ന തുകയാണിത്. മൊത്തം ബിസിനസ്സ് 20 ശതമാനം വര്‍ധിച്ച് 89,272 കോടി രൂപയായി. മൊത്തം വായ്പകള്‍ 22.10 ശതമാനം ഉയര്‍ന്ന് 42,383 കോടി രൂപയിലെത്തി. ഗോള്‍ഡ് ലോണ്‍ പോര്‍ട്ട്ഫോളിയോ 35.53 ശതമാനം വര്‍ധിച്ച് 22,303 കോടി രൂപയായി. ആകെ നിക്ഷേപം 18.25 ശതമാനം വര്‍ധിച്ച് 46,889 കോടി രൂപയായി. അറ്റ പലിശ വരുമാനം മുന്‍ വര്‍ഷത്തെ 424.36 കോടി രൂപയില്‍ നിന്ന് 20.17 ശതമാനം വര്‍ധിച്ച് 510.01 കോടി രൂപയിലെത്തി. മൊത്തം വരുമാനം 10.5 ശതമാനം വര്‍ധിച്ച് 1,612.48 കോടി രൂപയായി. മുന്‍ വര്‍ഷമിത് 1,458.36 കോടി രൂപയായിരുന്നു.
ഓൺലൈൻ ഗെയിമിംഗിലൂടെ കുട്ടികളെ ലക്ഷ്യമിട്ട് സൈബർ തട്ടിപ്പുകൾ വധിക്കുന്നു
മൊബൈല്‍ ഫോണുകളിലും കംപ്യുട്ടറുകളിലും ഗെയിമുകള്‍ കളിക്കുന്ന കുട്ടികളെ ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പുകളും നടക്കുന്നു. ഗെയിമില്‍ പുതിയ റിവാര്‍ഡുകള്‍, സൗജന്യ കോയിനുകള്‍, വിലകൂടിയ സ്‌കിന്നുകള്‍, പ്രത്യേക ആയുധങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്താണ് പലപ്പോഴും തട്ടിപ്പുകാര്‍ കുട്ടികളെ ആകര്‍ഷിക്കുന്നത്. കൂടുതല്‍ പോയിന്റുകളും സമ്മാനങ്ങളും നേടാമെന്ന് വിശ്വസിച്ച് അവര്‍ അപരിചിതമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാറുണ്ട്. അതിലൂടെ ബാങ്ക് അക്കൗണ്ട്, പാസ്വേഡ് തുടങ്ങിയവ തട്ടിപ്പുകാര്‍ക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്. ചില ഓണ്‍ലൈന്‍ ഗെയിമുകളില്‍ മറ്റ് കളിക്കാരുമായി ചാറ്റ് ചെയ്യാനുള്ള സൗകര്യമുണ്ട്. ഇത് ഉപയോഗിച്ച് അപരിചിതര്‍ കുട്ടികളുമായി സൗഹൃദം സ്ഥാപിച്ചേക്കാം. പിന്നീട് അവരുടെ ഫോണ്‍ നമ്പര്‍, വിലാസം, വ്യക്തിഗത ചിത്രങ്ങള്‍ തുടങ്ങിയവ ആവശ്യപ്പെടാനും സാധ്യതയുണ്ട്. ഇത്തരം വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാം. അതിനാല്‍ ഗെയിമുകളിലെ പണമിടപാടുകള്‍ക്ക് പാരന്റല്‍ കണ്‍ട്രോള്‍ ഉപയോഗിക്കാം.
‘സമരസ’ സിനിമയിലെ വിഡിയോ ഗാനം പുറത്തിറങ്ങി
സങ്കല്‍പ ഫ്രെയിംസിന്റെ ബാനറില്‍ ബാബുരാജ് ഭക്തപ്രിയം രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘സമരസ’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. പ്രഭാകരന്‍ നറുകര എഴുതിയ വരികള്‍ക്ക് അഭയ് എ കെ സംഗീതം നല്‍കി സിതാര കൃഷ്ണകുമാര്‍ ആലപിച്ച ‘മൊഹബത്തിന്‍ മൈലാഞ്ചി’ എന്നാരംഭിക്കുന്ന ഗാനമാണ് റീലീസായത്. ഒക്ടോബര്‍ മുപ്പതിന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തില്‍ അഖില നാഥ് കേന്ദ്ര കഥാപാത്രമാവുന്നു. ഹരീഷ് പേരടി ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രദീപ് ബാലന്‍, ദേവരാജ്, ദിനേശ് പട്ടത്ത്, വിജയകൃഷ്ണന്‍, വിനോദ് കോഴിക്കോട്, ഹാഷിം ഹുസൈന്‍, എം എ സേവ്യര്‍, രത്നാകരന്‍, നിലമ്പൂര്‍ ആയിഷ, മാളവിക ഷാജി, ബിനി ജോണ്‍, സുനിത എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
‘ബാച്ചിലർ പാർട്ടി ഡുഎക്സ്’: രജിഷ വിജയന്റെ പോസ്റ്റർ പുറത്ത്
അമല്‍ നീരദിന്റെ ഏറ്റവും പുതിയ ചിത്രം ‘ബാച്ച്‌ലര്‍ പാര്‍ട്ടി ഡുഎക്സ്’ ലെ രജിഷ വിജയന്റെ പോസ്റ്റര്‍ പുറത്ത്. രജിഷ അവതരിപ്പിക്കുന്ന സിംപിള്‍ എന്ന കഥാപാത്രത്തിന്റെ ലുക്കാണ് പുറത്തുവന്നിരിക്കുന്നത്. നവംബര്‍ 19നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. 14 വര്‍ഷങ്ങള്‍ക്കുശേഷം ജെന്‍ – സി വൈബിലാണ്, 2012-ല്‍ പുറത്തിറങ്ങി തരംഗമായി മാറിയ ആക്ഷന്‍ ചിത്രം ‘ബാച്ച്‌ലര്‍ പാര്‍ട്ടി’യുടെ രണ്ടാം ഭാഗം എത്തുന്നത്. നസ്ലന്‍, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാര്‍, ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജിഷ വിജയന്‍, ജ്യോതിര്‍മയി, ഹന്‍സിക കൃഷ്ണകുമാര്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്.
മഹീന്ദ്ര ബൊലേറോ ബോൾഡ് എഡിഷൻ വിപണിയിൽ
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ജനപ്രിയ മോഡല്‍ ആയ ബൊലേറോയുടെ ബോള്‍ഡ് എഡിഷന്‍ വിപണിയില്‍. പൊതുവേ ബൊലേറോയെ ഒരു ആഢംബര എസ് യുവിയായിട്ടില്ല കണക്കാക്കുന്നത്. എന്നാല്‍ വെങ്കല തീമില്‍ ബ്ലാക്ക് നിറത്തില്‍ പുറത്തിറക്കിയ പുതിയ മോഡലിന് സ്റ്റെലിഷ് ലുക്ക് ഉണ്ട്. പുറംഭാഗത്ത്, ഫ്രണ്ട് ബമ്പര്‍, ഗ്രില്‍, ഫോഗ് ലാമ്പ് സറൗണ്ടുകള്‍ എന്നിവയില്‍ വെങ്കല തീമാണ് നിറഞ്ഞുനില്‍ക്കുന്നത്. വെങ്കല നിറത്തിലുള്ള അലോയ് വീലുകളും ക്ലാഡിങ്ങുമാണ് വശങ്ങളില്‍ നിന്ന് കാണുമ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. അകത്തളത്തില്‍ വെങ്കല തീമോടു കൂടിയ കറുത്ത ലെതറെറ്റ് സീറ്റുകള്‍ കാണാം. വിവിധ വേരിയന്റുകളിലായി 8.57 ലക്ഷം മുതല്‍ 9.99 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. പവര്‍ട്രെയിനില്‍ മാറ്റമില്ല.
അയ്മനം ജോണിന്റെ പുതിയ ചെറുകഥാ സമാഹാരം ‘മൂവന്തിനേരത്തെ ദുഃഖങ്ങൾ’
ദേശകേന്ദ്രിതമായ പ്രായകല്പനകളില്‍നിന്ന് സാര്‍വദേശീയമായ പ്രതീതിലോകങ്ങളിലേക്കുള്ള കഥാഭാവനയുടെ മാന്ത്രികസഞ്ചാരം മൂവന്തിനേരത്തെ ദുഃഖങ്ങള്‍. കുചേലവൃത്തത്തിന്റെ ദിവസം, ഛായാനുയായി സത്യവൃത്താന്തം, ഒരാള്‍ തത്ത്വചിന്തകനായി ജീവിക്കുന്ന ദിവസം എന്നിങ്ങനെ ഭാവാത്മകമായ ഭാഷയില്‍ എഴുതപ്പെട്ട പതിന്നാല് കഥകൾ ഉൾപ്പെടുന്ന അയ്മനം ജോണിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം ‘മൂവന്തിനേരത്തെ ദുഃഖങ്ങള്‍’ പുറത്തിറങ്ങി. ഡിസി ബുക്സ് ആണ് പ്രസാധകർ (വില 180 രൂപ).
ഒറ്റക്കാലിൽ ബാലൻസ് ചെയ്യാൻ സാധിക്കുമോ? ആരോഗ്യം അളക്കാൻ പുതിയ വഴി
ഒറ്റക്കാലില്‍ ബാലന്‍സ് ചെയ്തു നില്‍ക്കാമോ? അങ്ങനെ നില്‍ക്കാന്‍ സാധിച്ചാല്‍ നിങ്ങള്‍ ആരോഗ്യവാനാണെന്ന് വിലയിരുത്താമെന്ന് ഹാര്‍വാര്‍ഡ് യൂനിവേഴ്സിറ്റിയിലെ കാര്‍ഡിയോളജിസ്റ്റ് ആയ ഡോ. ഹഫീസാ ഖാന്‍. 2022ല്‍ ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്പോര്‍ട്സ് മെഡിസിന്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടര്‍ ഇക്കാര്യം പറയുന്നത്. 50നും 75നും ഇടയിലുള്ളവരിൽ നടത്തിയ പഠനത്തില്‍ കണ്ണുകള്‍ തുറന്ന് പത്ത് സെക്കന്റ് വരെ ഒറ്റക്കാലില്‍ നിന്നവരില്‍ ഹൃദയ സംബന്ധമായ അസുഖമോ വൈകല്യങ്ങളോ ഇല്ലാതെ ഏഴ് വര്‍ഷം വരെ ആയുസ് വര്‍ധിക്കാനുള്ള സാധ്യത 90 ശതമാനം കൂടുതലാണെന്ന് ചൂണ്ടിക്കാണിക്കുന്നു.



























