29.7 C
Kollam
Sunday 22nd November, 2026 | 05:35:50 PM
Home News Breaking News പത്രം മലയാള ദിനപത്രങ്ങളിലൂടെ 2026 | നവംബർ 22 | ഞായർ  |  1202 |...

പത്രം മലയാള ദിനപത്രങ്ങളിലൂടെ 2026 | നവംബർ 22 | ഞായർ  |  1202 | വൃശ്ചികം 6, അശ്വതി

Advertisement

ശബരിമല വെർച്വൽ ക്യൂ സ്ലോട്ടുകൾ മറിച്ചുവിറ്റാൽ കർശന നടപടി; ആധാർ ഒടിപി നിർബന്ധം

അയൽ സംസ്ഥാനങ്ങളിലെ ട്രാവൽ ഏജൻസികൾ ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ സ്ലോട്ടുകൾ കൂട്ടത്തോടെ ബുക്ക് ചെയ്തു മറിച്ചു വിൽക്കുന്നത് തടയാനൊരുങ്ങി പൊലീസും ദേവസ്വം ബോർഡും. ബുക്ക് ചെയ്ത ദിവസം എത്താത്തവരും ബുക്കിങ് റദ്ദാക്കാതിരിക്കുന്നവരും മണ്ഡലകാലത്തു പിന്നീടു ബുക്കിങ് അനുവദിക്കില്ല. എന്നാൽ ബുക്ക് ചെയ്ത ദിവസം എത്താൻ അസൗകര്യമുണ്ടെങ്കിൽ മറ്റൊരു ദിവസത്തേക്കു സമയം മാറ്റാനുള്ള സൗകര്യം ഉണ്ടായിരിക്കും. കൂട്ടത്തോടെയുള്ള ബുക്കിങ് അവസാനിപ്പിക്കാൻ ആധാർ അധിഷ്ഠിത ഒടിപി വെരിഫിക്കേഷൻ കഴിഞ്ഞദിവസം മുതൽ നിർബന്ധമാക്കിയിട്ടുണ്ട്.

ബഹ്റൈനിൽ ഇറാന്റെ മിസൈൽ ആക്രമണം; ഗൾഫ് മേഖലയിൽ സംഘർഷം രൂക്ഷം

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ബഹ്റൈനിൽ ഇറാന്റെ മിസൈൽ ആക്രമണം. ഗൾഫ് മേഖലയിൽ സംഘർഷം രൂക്ഷമാകുന്നു. ബഹ്റൈനിലെ സിത്ര മേഖലയിലെ സിവിൽ വ്യവസായശാലയ്ക്ക് നേരെ ഇറാൻ ഇന്നലെ നടത്തിയ മിസൈൽ ആക്രമണത്തിൽ ഫാക്ടറിക്ക് തീ പിടിച്ചു. ആക്രമണത്തിൽ വൻ നാശനഷ്ടം ഉണ്ടായതായാണ് റിപ്പോർട്ടുകൾ. എന്നാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. യു.എസ്. നാവികസേനയുടെ അഞ്ചാം ഫ്ലീറ്റ് സ്ഥിതിചെയ്യുന്ന ബഹ്റൈൻ, കഴിഞ്ഞ ആഴ്ചയിൽ നിരവധി ഇറാനിയൻ വ്യോമാക്രമണങ്ങൾ തടഞ്ഞതായി സ്ഥിരീകരണമുണ്ട്. ഈ ആക്രമണത്തിന് തൊട്ടുപിന്നാലെ ദക്ഷിണ ഇറാനിലെ സിരിക് മേഖലയിലും സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

സ്വർണവില കുറഞ്ഞത് തന്റെ അഭ്യർത്ഥന ഏറ്റെടുത്തതുകൊണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

അത്യാവശ്യമില്ലെങ്കില്‍ ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന തന്റെ അഭ്യര്‍ത്ഥന ജനങ്ങള്‍ ഏറ്റെടുത്തതാണ് സ്വര്‍ണവില കുറയാന്‍ കാരണമായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ നടന്ന അഞ്ചാമത് ദേശീയ നൈപുണ്യ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാവിയില്‍ ഔദ്യോഗിക വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ളവരേക്കാള്‍ പ്രായോഗിക നൈപുണ്യമുള്ളവര്‍ക്ക് കൂടുതല്‍ സ്വീകാര്യതയും മൂല്യവും ലഭിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

ഗ്ലൗസുകൾ വാങ്ങിയതിൽ 7.09 കോടിയുടെ നഷ്ടം; വിജിലൻസ് അന്വേഷണത്തിന് റിപ്പോർട്ട് കൈമാറും

ഗ്ലൗസുകള്‍ വാങ്ങിയതില്‍ കോടികളുടെ നഷ്ടം. വിജിലന്‍സ് അന്വേഷണത്തിനായി റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പിന് കൈമാറാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. കോവിഡ് കാലത്ത് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ആരോഗ്യ വകുപ്പിനായി ഒരു കോടി ഗ്ലൗസുകള്‍ വാങ്ങിയത് നാലിരട്ടി വിലയ്‌ക്കെന്നും പകുതിയോളം ഉപയോഗിക്കാതെ ഗോഡൗണുകളില്‍ കൂട്ടിയിട്ട് നശിപ്പിച്ചുവെന്നുമാണ് ആരോഗ്യ വകുപ്പിലെ ആഭ്യന്തര വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഈ ഇനത്തില്‍ 7.09 കോടി രൂപ നഷ്ടം വന്നുവെന്നും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും കെ.എം.എസ്. സി. എല്‍. ജനറല്‍ മാനേജരായിരുന്ന എസ്.ആര്‍. ദിലീപ് കുമാറിനെ പ്രതിയാക്കണമെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.

മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിലുള്ള തർക്കത്തിൽ എം.വി. ഗോവിന്ദന്റെ വിമർശനം

മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിലുള്ള തര്‍ക്കം ജനാധിപത്യത്തിന്റെ സൗന്ദര്യമാണെങ്കില്‍ പിന്നെ എന്തിനാണ് പരാതിയുമായി പോകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സൗന്ദര്യം ആസ്വദിച്ചു നിന്നാല്‍ പോരെയെന്നും അദ്ദേഹം ചോദിച്ചു. പരസ്പരം കഴുത്തിനു പിടിച്ചു എത്ര നാള്‍ പോകുമെന്നും സൈബര്‍ ആക്രമണം മുഴുവന്‍ കെ സി പക്ഷത്തിനെതിരെയാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

അരിയിൽ ഷുക്കൂർ വധക്കേസ്: സാക്ഷികളെ ഹാജരാക്കുന്നതിൽ വീഴ്ചയെന്ന് മുസ്ലിം ലീഗിൽ വിമർശനം

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ നിര്‍ണായക സാക്ഷികളെ ഹാജരാക്കുന്നതില്‍ പാര്‍ട്ടി നേതൃത്വത്തിന് വീഴ്ച്ച പറ്റിയെന്ന് മുസ്ലിംലീഗില്‍ വിമര്‍ശനം. സിപിഎം നേതാക്കളായ പി ജയരാജനെയും ടി വി രാജേഷിനെയും വെറുതെ വിടാനുണ്ടായ സാഹചര്യത്തെ ചൊല്ലിയാണ് തര്‍ക്കം. വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് മന്ത്രി ഷംസുദ്ദീന്‍ പ്രതികരിച്ചു.

ആറ്റിൻകുന്ന് പള്ളി സംഘർഷത്തിൽ റബർ മരങ്ങൾ നശിപ്പിച്ചത് അപമാനകരമെന്ന് ഓർത്തഡോക്സ് സഭ

തിരുവനന്തപുരം ആട്ടിന്‍കുന്ന് പള്ളിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് റബര്‍ മരങ്ങള്‍ നശിപ്പിച്ച സംഭവം കേരളത്തിന് അപമാനകരമാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ. കോടതി വിധിപ്രകാരം പള്ളിയില്‍ അധികാരം ഓര്‍ത്തഡോക്സ് സഭയ്ക്കാണ്. എന്നിരിക്കെ, ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് സംശയിക്കുന്നതായി സഭ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ഡോ. യൂഹന്നാന്‍ മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്ത വ്യക്തമാക്കി.

മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത പരിപാടിക്കിടെ വൈദ്യുതി മുടങ്ങി; കെഎസ്ഇബി സബ് എൻജിനീയർക്ക് സസ്പെൻഷൻ

കണ്ണൂരില്‍ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയ സംഭവത്തില്‍ കെഎസ്ഇബി സബ് എന്‍ജിനീയര്‍ക്ക് സസ്പെന്‍ഷന്‍. അറിയിപ്പില്ലാതെ വൈദ്യുതി കട്ട് ചെയ്തതില്‍ ഗൂഢാലോചന സംശയിക്കുന്നുവെന്ന് വ്യക്തമാക്കി ടി ഓ മോഹനന്‍ എംഎല്‍എ പരാതി നല്‍കി

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ലഹരി വിതരണക്കാരൻ നൈജീരിയൻ പൗരനും ഭാര്യയും മുംബൈയിൽ പിടിയിൽ

കേരളത്തിലടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ലഹരി വിതരണം ചെയ്യുന്ന നൈജീരിയന്‍ പൗരനേയും ഭാര്യയേയും മുംബൈയില്‍ എത്തി പിടികൂടി കേരള പൊലീസ്. 15 വര്‍ഷമായി കോടികളുടെ എംഡിഎംഎ ചില്ലറ വിതരണക്കാര്‍ക്ക് എത്തിച്ച് നല്‍കുന്ന പോള്‍ ഒഗ്ബോണ്ണയും ഭാര്യ ആരതിയുമാണ് പിടിയിലായത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവം; 17-കാരനെതിരെ പോക്സോ കേസ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആശുപത്രിയില്‍ പ്രസവിച്ചതിന് പിന്നാലെ കൂടെ താമസിച്ചിരുന്ന പതിനേഴുകാരനെതിരെ പോക്സോ കേസ്. പറവൂര്‍ സ്വദേശിയായ പെണ്‍കുട്ടി കുളത്തൂപ്പുഴ മൈലമൂട് സ്വദേശിയായ 17-കാരനുമായി പ്രണയത്തിലായി ഏറെ നാളായി ഒരുമിച്ച് താമസിച്ച് വരികയായിരുന്നു.

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്: കെ.ഡി. പ്രതാപന്റെ ജാമ്യം റദ്ദാക്കി; തിങ്കളാഴ്ച കീഴടങ്ങാൻ നിർദേശം

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ കമ്പനി ഉടമയും ഡയറക്ടറുമായ കെ.ഡി. പ്രതാപന്റെ ജാമ്യം റദ്ദാക്കി. എറണാകുളം പി.എം.എല്‍.എ കോടതിയുടേതാണ് നടപടി. തിങ്കളാഴ്ച കീഴടങ്ങാനും കോടതി പ്രതാപന് കര്‍ശന നിര്‍ദേശം നല്‍കി. കെ.ഡി. പ്രതാപന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയിലാണ് കോടതിയുടെ ഈ സുപ്രധാന നടപടി.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗ കേസുകളിലും കരട് കുറ്റപത്രം തയ്യാറാക്കി

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗ കേസുകളില്‍ പോലീസ് കരട് കുറ്റപത്രം തയ്യാറാക്കി. ബലാത്സംഗം, ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിക്കല്‍, ഭീഷണിപ്പെടുത്തല്‍, വഞ്ചന, ശാരീരിക ഉപദ്രവം തുടങ്ങിയ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കരട് കുറ്റപത്രങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.

മുഖ്യമന്ത്രിയെ ഭരിക്കാൻ അനുവദിക്കണം; കൊള്ളാത്ത മന്ത്രിമാരെ മാറ്റണമെന്ന് ജി. സുധാകരൻ

മുഖ്യമന്ത്രിയെ ഭരിക്കാന്‍ അനുവദിക്കണമെന്നും കൊള്ളാത്ത മന്ത്രിമാര്‍ ഉണ്ടെങ്കില്‍ അവരെ മാറ്റണമെന്നും ജി സുധാകരന്‍ എംഎല്‍എ. മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന ഒരു മന്ത്രിയും മന്ത്രിക്കസേരയില്‍ ഇരിക്കാന്‍ പാടില്ലെന്നും ജി സുധാകരന്‍.

പാങ്ങപ്പാറ അഭിറാം കൊലക്കേസ്: ഒന്നാം പ്രതിയായ 17-കാരന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം പാങ്ങപ്പാറയില്‍ 17 കാരനായ അഭിറാമിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ 17കാരന്റെ ജാമ്യാപേക്ഷ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് തള്ളി. പ്രതിയുടെ മാനസികാവസ്ഥ പരിഗണിച്ചാണ് തീരുമാനം. പ്രായപൂര്‍ത്തിയായ ഒരു കുറ്റവാളിക്ക് സമാനമാണ് പ്രതിയുടെ മാനസീകാവസ്ഥയെന്ന കൗണ്‍സിലിംഗ് നടത്തിയ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ബോര്‍ഡിന്റെ ഉത്തരവ്.

ഫെയർനസ് ക്രീം വിഷബാധയിൽ 17-കാരിക്ക് ഗുരുതര വൃക്കരോഗം; മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു

മുഖകാന്തി വര്‍ദ്ധിപ്പിക്കാനുള്ള ഫെയര്‍നസ് ക്രീമിലെ വിഷബാധമൂലം 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. മെര്‍ക്കുറി അടങ്ങിയ ഫേസ് ക്രീമുകളുടെ വില്‍പ്പന തടയാന്‍ പ്രത്യേക സംഘം രൂപീകരിക്കണമെന്ന ആവശ്യം പരിശോധിക്കും.

വീട്ടിൽ നാടൻബോംബും പെട്രോൾ ബോംബുകളും; മുഹമ്മയിൽ യുവാവ് അറസ്റ്റിൽ

വീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന നാടന്‍ബോംബും പെട്രോള്‍ ബോംബുകളുമായി കണ്ണന്‍ (34) എന്ന യുവാവിനെ മുഹമ്മ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്.

കൺസ്യൂമർഫെഡിലെ സംഘടന നേതാവിന് ഇരട്ട ശമ്പളത്തിന് വിചിത്ര ഉത്തരവ്

നഷ്ടത്തിലോടുന്ന പൊതുമേഖല സ്ഥാപനമായ കണ്‍സ്യൂമണ്‍ ഫെഡിലെ ഭരണാനുകൂല സംഘടന നേതാവിന് ഇരട്ട ശമ്പളം കിട്ടാന്‍ വിചിത്ര ഉത്തരവ്. തിരുവനന്തപുരം അസി. മാനേജറും കോണ്‍ഗ്രസ് സംഘടന ജനറല്‍ സെക്രട്ടറിയുമായ ജെ ഫ്രെഡിക്കുവേണ്ടിയാണ് വിചിത്ര ഉത്തരവ്. കണ്‍സ്യൂമര്‍ ഫെഡില്‍ പകല്‍ സമയത്തെ ജോലിക്ക് പിന്നാലെ വൈകീട്ട് അഞ്ചു മുതല്‍ മദ്യഷോപ്പിലും ഫെഡ്രിയെ ദിവസ വേതനത്തില്‍ നിയമിച്ചു.

പാക്കിസ്ഥാൻ ലഹരി മാഫിയ രാജസ്ഥാനിലേക്ക് താവളം മാറ്റാൻ നീക്കം; മുന്നറിയിപ്പ്

പഞ്ചാബിലെ ലഹരിക്കടത്ത് ശൃംഖലയ്ക്കെതിരെ സുരക്ഷാ ഏജന്‍സികള്‍ നടപടി ശക്തമാക്കിയതോടെ പുതിയ താവളം തേടി പാകിസ്താന്‍ ലഹരി മാഫിയ. രാജസ്ഥാനെ ബദല്‍ ലഹരിക്കടത്ത് കേന്ദ്രമാക്കാന്‍ സംഘങ്ങള്‍ നീക്കം നടത്തുന്നതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി.

കാനഡയിലെ വാൾമാർട്ട് സ്റ്റോറിന് പുറത്ത് വെടിവെയ്പ്പ്; രണ്ട് ഇന്ത്യൻ വംശജർ കൊല്ലപ്പെട്ടു

കാനഡയില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍ കൊല്ലപ്പെട്ടു. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള സറെയിലെ ഒരു വാള്‍മാര്‍ട്ട് സ്റ്റോറിന് പുറത്തുണ്ടായ വെടിവെയ്പ്പിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഗഗന്‍പ്രീത് റെഹാല്‍ (ഗാരി – 23), സുഖ്ജീത് കൗര്‍ (24) എന്നിവരുടെ കൊലപാതകം സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധമുള്ള സംഭവമാണെന്ന് പോലീസ് സംശയിക്കുന്നു. ഇവര്‍ ദമ്പതികളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.റെഹാലിനെതിരെ മുന്‍പ് ആയുധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കേസുകളുള്ളതായി പോലീസ് പറഞ്ഞു.

ഹൊദൈത തുറമുഖ ആക്രമണത്തിന് പിന്നാലെ സൗദിയിലേക്ക് ഹൂത്തി ഡ്രോൺ ആക്രമണം; ചെങ്കടലിൽ യുദ്ധഭീതി

ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള ഹൊദൈത തുറമുഖം സൗദി സഖ്യസേന ആക്രമിച്ചതോടെ ചെങ്കടല്‍ മേഖലയില്‍ യുദ്ധഭീതി. തിരിച്ചടി തുടങ്ങിയ ഹൂത്തികള്‍ റിയാദിലേക്കും സൗദിയുടെ തെക്കന്‍ മേഖലകളിലേക്കും ഡ്രോണ്‍ ആക്രമണം നടത്തി. സൗദിയിലെ തുറമുഖങ്ങളില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞുപോകണമെന്ന് മുന്നറിയിപ്പ് നല്‍കി.

മെക്സിക്കൻ ലഹരിമരുന്ന് മാഫിയ തലവൻ ‘എൽ ചാപോ ഇസിദ്രോ’ പിടിയിൽ

അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ ഏറ്റവും വലിയ പത്ത് പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുള്ള മെക്‌സിക്കന്‍ ലഹരിമരുന്ന് മാഫിയ തലവന്‍ ഫൗസ്റ്റോ ഇസിദ്രോ മെസ ഫ്‌ളോറസ് പിടിയില്‍. ‘എല്‍ ചാപോ ഇസിദ്രോ’ അഥവാ കുള്ളനായ ഇസിദ്രോ എന്നറിയപ്പെടുന്ന ഇയാളെ സിനലോവ സംസ്ഥാനത്തെ ഗ്വാസാവെയില്‍ വെള്ളിയാഴ്ച നടത്തിയ ദൗത്യത്തിലൂടെയാണ് മെക്‌സിക്കന്‍ സൈന്യം പിടികൂടിയത്.

ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹൽ ബിജെപിയിൽ ചേർന്നു

ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹല്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപിയുടെ ഒബിസി മോര്‍ച്ചയുടെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായി അദ്ദേഹത്തെ പാര്‍ട്ടി നിയമിച്ചു.

കേരള ആരോഗ്യ സർവകലാശാല ബാസ്കറ്റ്ബാൾ ടൂർണമെന്റ്: അമല മെഡിക്കൽ കോളേജ് ചാമ്പ്യന്മാർ

കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ സി-സോണ്‍ പുരുഷ ബാസ്‌കറ്റ്ബാള്‍ ടൂര്‍ണമെന്റില്‍ അമല മെഡിക്കല്‍ കോളേജ് ചാമ്പ്യന്മാരായി. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ്, തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടി.

എ.ഐ., ചിപ്പ് ഓഹരികളിലെ മൂല്യനിർണയ ആശങ്ക; ആഗോള വിപണികളിൽ ഇടിവ്

എ.ഐ., ചിപ്പ് മേഖലകളിലെ ഓഹരികളിലുണ്ടായ മൂല്യനിര്‍ണയ ആശങ്ക ആഗോള വിപണികളെ ബാധിച്ചു. കനത്ത വില്‍പ്പനസമ്മര്‍ദത്തില്‍ വാള്‍സ്ട്രീറ്റിനു പിന്നാലെ ഏഷ്യന്‍ സൂചികകളും തകര്‍ന്നു. ടെക്‌നോളജി, എ.ഐ. മേഖലയിലെ നിക്ഷേപങ്ങളുടെ ഭാവിയെക്കുറിച്ച് ആഗോള നിക്ഷേപകര്‍ക്കിടയിലുണ്ടായ വീണ്ടുവിചാരവും അമേരിക്ക ഏര്‍പ്പെടുത്തിയ സാങ്കേതിക കയറ്റുമതി വിലക്കുകളുമാണ് വിപണിയെ ബാധിച്ചത്. ദക്ഷിണ കൊറിയന്‍ സൂചികയായ കോസ്പി 4.7 ശതമാനം ഇടിവ് നേരിട്ടു. ജപ്പാന്റെ നിക്കി 4.8 ശതമാനവും താഴ്ന്നു. ഇന്ത്യന്‍ വിപണിയില്‍ എ.ഐ. ഓഹരികളുടെ പങ്കാളിത്തം കുറവായതിനാല്‍ രാജ്യത്തെ സൂചികകളെ ഇത് അത്രത്തന്നെ ബാധിച്ചില്ല. എങ്കിലും നേരിയ നഷ്ടത്തിലാണ് വ്യാപാരം.ആരംഭിച്ചത്.

സാധാരണ ഐഫോൺ 18 ലോഞ്ച് 2027 മാർച്ചിലേക്ക് മാറിയേക്കും; റിപ്പോർട്ട്

ആപ്പിളിന്റെ പുതിയ ഐഫോണ്‍ നിരയില്‍ ഐഫോണ്‍ 18 പ്രോ, ഐഫോണ്‍ 18 പ്രോ മാക്സ് മോഡലുകള്‍ ഇതിനകം അവതരിപ്പിച്ചെങ്കിലും സാധാരണ ഐഫോണ്‍ 18നെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇത്തവണ ഐഫോണ്‍ അവതരിപ്പിക്കുന്ന രീതിയില്‍ ആപ്പിള്‍ മാറ്റം വരുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബര്‍ 2026ല്‍ പുറത്തിറങ്ങേണ്ടിയിരുന്ന സാധാരണ മോഡല്‍ 2027 മാര്‍ച്ചിലേക്ക് മാറ്റിയേക്കും.

സൈബർ ആക്രമണങ്ങൾക്ക് ഹാക്കർമാർ എഐ ഏജന്റുകളെ ഉപയോഗിക്കുന്നതായി ഗൂഗിളിന്റെ മുന്നറിയിപ്പ്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വളര്‍ച്ച ടെക്ക് രംഗത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ സൈബര്‍ സുരക്ഷാ മേഖലയില്‍ പുതിയ ഭീഷണികള്‍ ഉയരുന്നതായി ഗൂഗിള്‍. സോഫ്‌റ്റ്വെയറുകളിലെ സുരക്ഷാ പിഴവുകള്‍ കണ്ടെത്താനും അവ മുതലെടുത്ത് ആക്രമണങ്ങള്‍ നടത്താനും ഹാക്കര്‍മാര്‍ ഇപ്പോള്‍ നിര്‍മിതബുദ്ധി ഏജന്റുകളെ ഉപയോഗിക്കുന്നതായാണ് കമ്പനിയുടെ മുന്നറിയിപ്പ്. മനുഷ്യരുടെ നേരിട്ടുള്ള ഇടപെടലില്ലാതെ തന്നെ ഇത്തരം ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും എഐ സംവിധാനങ്ങള്‍ക്ക് കഴിയുന്ന സാഹചര്യമാണുള്ളത്.

ദിൻജിത്ത് അയ്യത്താനും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു

സംവിധായകന്‍ ദിന്‍ജിത്ത് അയ്യത്താനും കുഞ്ചാക്കോ ബോബനും കൈകോര്‍ക്കുന്ന പുതിയ മലയാള ചിത്രം പനോരമ സ്റ്റുഡിയോസ് പ്രഖ്യാപിച്ചു. അഭിജിത്ത് കാഞ്ഞിരത്തിങ്കല്‍ സംവിധാനം ചെയ്യുന്ന ഈ ഫാമിലി ഡ്രാമ ത്രില്ലര്‍, ‘ഉന്മാദം’ എന്ന ചിത്രത്തിന് ശേഷം പനോരമ സ്റ്റുഡിയോസും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന രണ്ടാമത്തെ പ്രൊജക്റ്റാണ്.കുമാര്‍ മങ്കത് പഥക്, അഭിഷേക് പഥക് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ദിന്‍ജിത്ത് അയ്യത്താന്‍ നിര്‍മ്മാതാവായും ക്രിയേറ്റീവ് ഡയറക്ടറായും പ്രവര്‍ത്തിക്കുന്നു. മിസ്റ്ററി ത്രില്ലറായ ‘കിഷ്‌കിന്ധാ കാണ്ഡം’, സൈക്കോളജിക്കല്‍ ക്രൈം ത്രില്ലറായ ‘എക്കോ’ എന്നീ ചിത്രങ്ങളിലൂടെ നിരൂപക പ്രശംസ നേടിയ സംവിധായകനാണ് ദിന്‍ജിത്ത് അയ്യത്താന്‍.

‘രാമായണ’ 16 ദിവസം കൊണ്ട് ആഗോളതലത്തിൽ 1604 കോടി നേട്ടത്തിൽ

നിതേഷ് തിവാരി സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം ‘രാമായണ’ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ചിത്രത്തില്‍ രാമനായി രണ്‍ബീര്‍ കപൂറും രാവണനായി യഷും ആണ് എത്തുന്നത്. സായ് പല്ലവിയാണ് ചിത്രത്തില്‍ സീതയായി എത്തുന്നത്. ആഗോള ബോക്സ് ഓഫീസ് കളക്ഷനിലും വമ്പന്‍ നേട്ടമാണ് ചിത്രം കൊയ്യുന്നത്. പതിനാറ് ദിവസം കൊണ്ട് ആഗോളതലത്തില്‍ 1604 കോടി നേട്ടമാണ് രാമായണ സ്വന്തമാക്കിയിരിക്കുന്നത്.

വിറ്റാമിൻ ഡിയുടെ കുറവ്; ആരോഗ്യത്തിന് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ

ശരീരത്തില്‍ ആവശ്യത്തിന് വിറ്റാമിന്‍ ഡി ഇല്ലാത്ത അവസ്ഥയാണ് വിറ്റാമിന്‍ ഡിയുടെ കുറവ്. ഇത് എല്ലുകളുടെ ആരോഗ്യത്തെയും രോഗപ്രതിരോധ ശേഷിയെയും പേശികളുടെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നു. ശരീരത്തിന് പ്രധാനമായും സൂര്യപ്രകാശത്തില്‍ നിന്നാണ് വിറ്റാമിന്‍ ഡി ലഭിക്കുന്നത്.വിറ്റാമിന്‍ ഡിയുടെ കുറവ് മൂലം രോഗ പ്രതിരോധശേഷി കുറയാനും എപ്പോഴും തുമ്മലും ജലദോഷവും ഉണ്ടാകാനും സാധ്യതയുണ്ട്.ചിലരില്‍ വിറ്റാമിന്‍ ഡിയുടെ കുറവ് മൂലം തലമുടി കൊഴിച്ചില്‍ ഉണ്ടാകാം.

തവിട് കളയാത്ത അരിയുടെ ആരോഗ്യ ഗുണങ്ങൾ

തവിട് കളയാത്ത അരിയില്‍ ധാരാളം പോഷക?ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലുള്ള നാരുകള്‍ മലബന്ധം തടയുകയും ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. തവിടുള്ള അരി കഴിക്കുമ്പോള്‍ വയറു പെട്ടെന്നു നിറഞ്ഞതായി തോന്നുകയും കൂടുതല്‍ നേരം ആ അനുഭവം നിലനില്‍ക്കുകയും ചെയ്യുന്നു.ഗ്ലൈസെമിക് ഇന്‍ഡക്സ് കുറവായതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുന്നു. ഇതിലെ നാരുകളും ആന്റിഓക്സിഡന്റുകളും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. വിറ്റാമിന്‍ ബി, മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവ ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here