29.7 C
Kollam
Sunday 22nd November, 2026 | 05:55:13 PM
Home News Local ഫെയ്സ്ബുക്ക് സൗഹൃദം ഓഹരി തട്ടിപ്പിലേക്ക്; കൊട്ടാരക്കര സ്വദേശിക്ക് 71 ലക്ഷം നഷ്ടം

ഫെയ്സ്ബുക്ക് സൗഹൃദം ഓഹരി തട്ടിപ്പിലേക്ക്; കൊട്ടാരക്കര സ്വദേശിക്ക് 71 ലക്ഷം നഷ്ടം

Advertisement

ഓൺലൈൻ ഓഹരി വ്യാപാരത്തിൽ വൻലാഭം കൊട്ടാരക്കര: ഓൺലൈൻ ഓഹരി വ്യാപാരത്തിലൂടെ വൻലാഭം വാഗ്ദാനം ചെയ്ത് കൊട്ടാരക്കര സ്വദേശിയായ 56കാരനിൽ നിന്ന് സൈബർ തട്ടിപ്പ് സംഘം തട്ടിയെടുത്തത് 71 ലക്ഷത്തിലധികം രൂപ. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട സംഘം മാസങ്ങൾ നീണ്ട ആസൂത്രിത നീക്കത്തിലൂടെയാണ് പണം കൈക്കലാക്കിയത്. സംഭവത്തിൽ കൊല്ലം റൂറൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഈ വർഷം ഓഗസ്റ്റിലാണ് തട്ടിപ്പിന് തുടക്കമായത്. ഫെയ്സ്ബുക്കിലൂടെ പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ച സംഘം ഓൺലൈൻ ഓഹരി വ്യാപാരത്തിൽ പണം നിക്ഷേപിച്ചാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇരട്ടിയിലധികം ലാഭം നേടാമെന്ന് വിശ്വസിപ്പിച്ചു. വാഗ്ദാനത്തിൽ വിശ്വസിച്ച 56കാരൻ ഓഗസ്റ്റ് മുതൽ നവംബർ വരെ പലതവണകളായി 71 ലക്ഷത്തിലധികം രൂപ തട്ടിപ്പുകാർ നൽകിയ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറി.

എന്നാൽ നിക്ഷേപിച്ച തുകയും ലാഭവിഹിതവും പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് തട്ടിപ്പിനിരയായ വിവരം തിരിച്ചറിഞ്ഞത്. തുടർന്ന് ഇദ്ദേഹം പൊലീസിൽ പരാതി നൽകുകയായിരുന്നു.

പണം കൈമാറിയ ബാങ്ക് അക്കൗണ്ടുകൾ, തട്ടിപ്പുകാർ ഉപയോഗിച്ച ഫെയ്സ്ബുക്ക് പ്രൊഫൈലുകൾ, ഫോൺ നമ്പറുകൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം. പണം കൈപ്പറ്റിയ അക്കൗണ്ടുകളുടെ വിവരങ്ങൾ ശേഖരിച്ച് തട്ടിപ്പുസംഘത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

സമാനരീതിയിലുള്ള ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ സംസ്ഥാനത്ത് വ്യാപകമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന അപരിചിതരുടെ നിക്ഷേപ വാഗ്ദാനങ്ങളിൽ വീഴരുത്. അമിതലാഭം വാഗ്ദാനം ചെയ്യുന്ന വ്യാജ ട്രേഡിങ് ആപ്പുകളിലും വെബ്സൈറ്റുകളിലും പണം നിക്ഷേപിക്കരുത്. സെബി അംഗീകൃത പ്ലാറ്റ്ഫോമുകൾ വഴി മാത്രമേ ഓഹരി വ്യാപാരം നടത്താവൂ എന്നും അധികൃതർ നിർദേശിച്ചു.

സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടൻ ദേശീയ സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ 1930ൽ ബന്ധപ്പെടുകയോ cybercrime.gov.in വഴി പരാതി നൽകുകയോ ചെയ്യണം.

LEAVE A REPLY

Please enter your comment!
Please enter your name here