28.2 C
Kollam
Wednesday 21st October, 2026 | 01:27:22 PM
Home Business 100 മിനിറ്റിൽ ജിയോ ഐപിഒയ്ക്ക് മുഴുവൻ അപേക്ഷയും; ലക്ഷ്യം 30,213 കോടി

100 മിനിറ്റിൽ ജിയോ ഐപിഒയ്ക്ക് മുഴുവൻ അപേക്ഷയും; ലക്ഷ്യം 30,213 കോടി

മുംബൈ: പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോ പ്ലാറ്റ്‌ഫോംസിന്റെ പ്രാരംഭ ഓഹരി വിൽപ്പന (ഐപിഒ) ആരംഭിച്ച് 100 മിനിറ്റിനകം പൂർണമായി സബ്‌സ്‌ക്രൈബ് ചെയ്തതായി റിപ്പോർട്ട്. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ഐപിഒകളിലൊന്നായി മാറാൻ ഒരുങ്ങുന്ന ജിയോ പ്ലാറ്റ്‌ഫോംസിന്റെ ഓഹരികൾക്ക് വിപണിയിൽ വൻതോതിൽ ആവശ്യക്കാരെത്തിയിരിക്കുകയാണ്.

ഐപിഒയിലൂടെ 30,213 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഓഹരിയൊന്നിന് 1,065 രൂപ മുതൽ 1,119 രൂപ വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. സ്ഥാപന നിക്ഷേപകരിൽ നിന്നാണ് ആദ്യഘട്ടത്തിൽ വൻതോതിൽ അപേക്ഷകളെത്തിയത്. ക്വാളിഫൈഡ് ഇൻസ്റ്റിറ്റിയൂഷണൽ ബയേഴ്‌സിനായി (ക്യുഐബി) മാറ്റിവച്ച ഓഹരികൾ ആദ്യ പത്ത് മിനിറ്റിനകം പൂർണമായി സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു. 30 മിനിറ്റിനകം ലഭിച്ച അപേക്ഷകൾ ഈ വിഭാഗത്തിൽ മാറ്റിവച്ച ഓഹരികളുടെ ഇരട്ടിയായി. ഐപിഒ ആരംഭിച്ച് 100 മിനിറ്റിനകം വിൽപ്പനയ്ക്കുവച്ച മുഴുവൻ ഓഹരികൾക്കും അപേക്ഷ ലഭിച്ചതായാണ് റിപ്പോർട്ട്.

വെള്ളിയാഴ്ചവരെ ജിയോ പ്ലാറ്റ്‌ഫോം ഓഹരികൾക്കായി അപേക്ഷിക്കാം. കുറഞ്ഞത് 12 ഓഹരികളടങ്ങിയ ഒരു ലോട്ടിനാണ് അപേക്ഷിക്കേണ്ടത്. തുടർന്ന് 12ന്റെ ഗുണിതങ്ങളായി ഓഹരികൾക്ക് അപേക്ഷിക്കാം.

2024ൽ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ സമാഹരിച്ച 27,870 കോടി രൂപയെ മറികടന്ന് രാജ്യത്തെ ഏറ്റവും വലിയ ഐപിഒയായി ജിയോ പ്ലാറ്റ്‌ഫോംസിന്റെ ഓഹരി വിൽപ്പന മാറുമെന്നാണ് പ്രതീക്ഷ. ആകെ 27 കോടി ഓഹരികളാണ് വിൽപ്പനയ്ക്കുവച്ചിരിക്കുന്നത്. നിലവിലുള്ള ഓഹരി ഉടമകൾ ഓഹരികൾ വിറ്റഴിക്കുന്ന ഓഫർ ഫോർ സെയിൽ (ഒഎഫ്എസ്) മാതൃകയിലല്ല ഐപിഒ എന്നതും ശ്രദ്ധേയമാണ്.

ഐപിഒയ്ക്ക് മുന്നോടിയായി തിങ്കളാഴ്ച 212 ആങ്കർ നിക്ഷേപകർക്ക് ഓഹരിയൊന്നിന് 1,119 രൂപ നിരക്കിൽ ഏകദേശം 8,110 കോടി രൂപയുടെ ഓഹരികൾ കമ്പനി അനുവദിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here