പത്രം മലയാള ദിനപത്രങ്ങളിലൂടെ 2026 | നവംബർ 26 | വ്യാഴം | 1202 | വൃശ്ചികം 10, മകീര്യം
ദീർഘദൂര ട്രെയിനുകളിൽ വിമാന മാതൃകയിൽ നിലവാരമുള്ള ഭക്ഷണം; പദ്ധതി മൂന്ന് വന്ദേഭാരത് സ്ലീപ്പറുകളിൽ
ദീർഘദൂര ട്രെയിനുകളിൽ ഇനി വിമാന യാത്രക്കാർക്ക് ലഭിക്കുന്ന ഉന്നതനിലവാരമുള്ള ഭക്ഷണം ലഭ്യമാകും. വിഭവങ്ങളുടെ എണ്ണം കുറച്ച് കൂടുതൽ ഗുണനിലവാരമുള്ള ഭക്ഷണം നൽകാനുള്ള നടപടികളാണ് റെയിൽവേ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ മൂന്ന് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിലാണ്ഈ പദ്ധതി നടപ്പാക്കുക. വിമാനങ്ങളിൽ നൽകുന്നതിന് സമാനമായ കുറച്ചുവിഭവങ്ങൾ മാത്രം ഉൾപ്പെട്ട മെനുവാണ് ഐആർസിടിസി അവതരിപ്പിച്ചിട്ടുള്ളത്. പരീക്ഷണാടിസ്ഥാനത്തിലുള്ള ഈ പദ്ധതിയിൽ, ഭക്ഷണം തയ്യാറാക്കുന്നത് റെയിൽവേയോ നിലവിലെ കാറ്ററിങ് കരാറുകാരോ അല്ല. പകരം പ്രമുഖ ക്ലൗഡ് കിച്ചണുകളാണായിരിക്കും.
ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങളുടെ ഇറക്കുമതിക്ക് പുതിയ തീരുവ ഏർപ്പെടുത്താൻ അമേരിക്ക
ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക് പുതിയ തീരുവ ഏർപ്പെടുത്താൻ അമേരിക്ക. ഇന്ത്യയിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം വരെയും ചൈനയിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 40 ശതമാനം വരെയും അധിക തീരുവ ഏർപ്പെടുത്താനാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം.
ഇൻഷുറൻസ് ഇല്ലെങ്കിൽ ഇന്ധനവും ഇല്ല; ആദ്യഘട്ടം യുപിയിലും ഹരിയാനയിലും
ഇൻഷുറൻസ് ഇല്ലെങ്കിൽ ഇന്ധനവും ഇല്ലെന്ന പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ആദ്യഘട്ടം ഉത്തർപ്രദേശിലെയും ഹരിയാനയിലെയും 5 പമ്പുകളിലും വീതം നടപ്പാക്കാനാണ് കേന്ദ്ര റോഡ് ഗതാഗത, പെട്രോളിയം മന്ത്രാലയങ്ങളുടെ തീരുമാനം. ഗതാഗത നിയമലംഘനം ആവർത്തിച്ചാൽ ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കുന്നതും ആലോചനയിലുണ്ട്.
എൽ.പി.എസ്.ടി സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന് വളർമതി
നീതിക്കുവേണ്ടിയാണ് സമരം നടത്തുന്നതെന്നും സമരത്തിൽനിന്ന് പിന്നോട്ടില്ലെന്നും എൽ.പി.എസ്.ടി സമരനേതാവ് വളർമതി. സമരക്കാരോട് ശത്രുതയില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ കൊണ്ട് മാത്രം പ്രശ്നം പരിഹരിക്കാനാകില്ല. സമരത്തെ അടിച്ചമർത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും താനൊരു കുറ്റവാളിയല്ലെന്നും നിലവിൽ ഒളിവിൽ പോകേണ്ട സാഹചര്യമാണുള്ളതെന്നും അവർ പറഞ്ഞു.
കേരളത്തിലും അയൽപ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴ; കൊച്ചിയിൽ ഇറങ്ങേണ്ട വിമാനം തിരുവനന്തപുരത്ത് ഇറക്കി
കേരളത്തിലും തമിഴ്നാട്ടിലും പുതുച്ചേരിയിലും മാഹിയിലും ഒറ്റപ്പെട്ട മഴ. ഇന്നലെ പെയ്ത കനത്തമഴ മൂലം കൊച്ചിയിൽ ഇറങ്ങാനിരുന്ന വിമാനം റൺവേ കാണാൻ കഴിയാതെ തിരുവനന്തപുരത്ത് ഇറക്കി. നാളെ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം വിശദമാക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ ഫോണിന്റെ പാസ്കോഡ് നൽകണമെന്ന് സർക്കാർ ഹൈക്കോടതിയിൽ
ബലാത്സംഗ കേസില്‍ മുന്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഫോണിന്റെ പാസ്കോഡ് രാഹുല്‍ അന്വേഷണ സംഘത്തിന് നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പാസ്കോഡ് നല്കാന് രാഹുല്‍ ബാധ്യസ്ഥനാണെന്നും പാസ്കോഡ് നല്കാതിരിക്കാന് ഭരണഘടന പരിരക്ഷയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പാസ്കോഡ് നല്‍കണമെന്ന ഉത്തരവിനെതിരായ രാഹുലിന്റെ അപ്പീലിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
ആർക്കെതിരെയും സൈബർ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. ഷാഫിയുമായി ഉള്ളത് സഹോദര ബന്ധമാണെന്നും ഗുരുശിഷ്യ ബന്ധമല്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
ട്രാവൻകൂർ ടൈറ്റാനിയം കേസിൽ തെളിവില്ലെന്ന് സിബിഐ; രമേശ് ചെന്നിത്തലയ്ക്കെതിരായ നടപടികൾ അവസാനിപ്പിച്ചു
ട്രാവന്‍കൂര്‍ ടൈറ്റാനിയം അഴിമതി കേസില്‍ പ്രതികള്‍ക്കെതിരെ തെളിവില്ലെന്നും കേസ് അവസാനിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കിയതായും സിബിഐ ഹൈക്കോടതിയില്‍. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല നല്കിയ ഹര്‍ജിയിലാണ് സിബിഐ നിലപാട് അറിയിച്ചത്. സിബിഐ നിലപാട് രേഖപ്പെടുത്തിയ ഹൈക്കോടതി രമേശ് ചെന്നിത്തലയക്ക് എതിരായ നടപടികള്‍ അവസാനിപ്പിച്ചു.
തൃശൂർ മെഡിക്കൽ കോളേജ് ശുചിമുറി മരണം: പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിർണായക കണ്ടെത്തൽ
തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മെഡിസിന് വാര്‍ഡിനോട് ചേര്‍ന്നുള്ള ശുചിമുറിയില്‍ ചികിത്സയിലിരുന്ന രോഗി മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതരുടെ വാദം പൊളിയുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തിവന്നപ്പോള് മരണം നടന്നത് പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിന് 36 മുതല്‍ 72 മണിക്കൂര്‍ വരെ ഉള്ള സമയത്തിനിടയിലാണെന്ന് കണ്ടെത്തി.
ജയരാജന്മാരുടെ പോരിൽ അന്വേഷണക്കമ്മിഷൻ വാർത്ത നിഷേധിച്ച് എം.വി. ഗോവിന്ദൻ
ഇ.പി. ജയരാജനും പി. ജയരാജനും തമ്മിലുള്ള പോരില്‍ രണ്ടംഗ അന്വേഷണക്കമ്മിഷനെ നിയോഗിച്ചതായുള്ള വാര്‍ത്ത നിഷേധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ജയരാജന്മാര് പരാതി ഉന്നയിച്ചിട്ടില്ലെന്ന് എം.വി. ഗോവിന്ദന് പറഞ്ഞു.
ചക്കക്കൊമ്പൻ ദൗത്യം ഇന്നും തുടരും; പുലർച്ചെ നാലരയോടെ പുനരാരംഭിക്കും
ചക്കക്കൊമ്പന് ദൗത്യം ഇന്നും തുടരും. ആദ്യ ഡോസ് മയക്കുവെടി വെച്ചെങ്കിലും ആന മയങ്ങിയില്ല. രണ്ടാമത്തെ ഡോസ് മയക്കുവെടി കൊണ്ടില്ല. തുടര്‍ന്നാണ് ദൗത്യം ഇന്നലെ അവസാനിപ്പിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 3.38-ന് ഓമനക്കുഴി ഭാഗത്തുവെച്ചാണ് ആനയ്ക്ക് ആദ്യ ഡോസ് മയക്കുവെടി വെച്ചത്. ദൗത്യം ഇന്ന് പുലര്‍ച്ചെ നാലരയോടെ പുനരാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍
റാസൽഖൈമ അപകടം: മരിച്ച 13 പേരിൽ 11 പേർ ഇന്ത്യക്കാർ; നാല് മലയാളികളെ തിരിച്ചറിഞ്ഞു
യു.എ.ഇ.യിലെ റാസല്‍ഖൈമയില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച 13 പേരില്‍ 11 പേരില്‍ ഇന്ത്യക്കാര്‍. അതില്‍ നാല് പേര് മലയാളികളാണെന്നാണ് ഒടുവില്‍ ലഭിച്ച സ്ഥിരീകരണം. കാസര്‍കോട് അട്ടേങ്ങാനം സ്വദേശി അഷ്റഫ് (53), കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി ഹേമന്ത് പുതിയകാവില്‍ (29), തലശ്ശേരി പന്ന്യന്നൂര്‍ സ്വദേശിനി സങ്കീര്‍ത്ത സുരേഷ് (26), പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി മുഹമ്മദ് ആഷിഖ് (29) എന്നിവരാണ് മരിച്ചതായി സ്ഥിരീകരിച്ചത്.
ആദ്യ വിവാഹം മറച്ചുവെച്ച് വിവാഹത്തട്ടിപ്പ്: സിനിമാ പ്രവർത്തകൻ പിടിയിൽ
വിവാഹത്തട്ടിപ്പുകാരനായ സിനിമാ പ്രവര്ത്തകന് പോലീസ് പിടിയില്‍. ആദ്യ വിവാഹം മറച്ചു വച്ച് വിവാഹ തട്ടിപ്പ് നടത്തിയ ചോറ്റാനിക്കര കണയന്നൂര്‍ സ്വദേശി ഇന്ദ്രജിത്ത് (32) ആണ് പിടിയിലായത്. കൊട്ടാരക്കര വാളകം സ്വദേശിനിയുടെ പരാതിയിലാണ് ഇന്ദ്രജിത്ത് അറസ്റ്റിലായത്. ആദ്യ വിവാഹം ഡിവോഴ്സ് ആയതിനുശേഷം അതു മറച്ചുവെച്ച് വിവാഹം കഴിച്ചെന്നാണ് പരാതി.
ഗുവാഹത്തി അതിരൂപത പ്രഥമ ആർച്ച് ബിഷപ്പ് എമിരിറ്റസ് തോമസ് മേനംപറമ്പിൽ അന്തരിച്ചു
ഗുവാഹത്തി അതിരൂപതയുടെ പ്രഥമ ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് തോമസ് മേനംപറമ്പില്‍ അന്തരിച്ചു. 90 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഹൈദരാബാദിലെ എ.ഐ.ജി ആശുപത്രിയില്‍ ഇന്ന് രാവിലെ 5.40-നായിരുന്നു അന്ത്യം.
അകാലിദൾ-ബിജെപി സഖ്യ പുനഃസ്ഥാപനത്തിനെതിരെ പഞ്ചാബ് കോൺഗ്രസ്
പഞ്ചാബില്‍ ബിജെപിയുമായി സഖ്യം പുനഃസ്ഥാപിച്ച ശിരോമണി അകാലിദളിനെ (എസ്എഡി) കടന്നാക്രമിച്ച് കോണ്‍ഗ്രസ്. അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിങ് ബാദല്‍, തന്റെ ബിജെപി വിരുദ്ധനിലപാടില്നിന്ന് പിന്മാറിയെന്നും കര്‍ഷകസമരത്തെ വഞ്ചിച്ചെന്നും പഞ്ചാബ് കോണ്‍ഗ്രസ് ആരോപിച്ചു.
ഛഠ് പൂജ വിവാദ പരാമർശം: സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ യഷ് മഹേശ്വരിക്കെതിരെ കേസ്
ബിഹാറിലെ ഛഠ് പൂജയുമായി ബന്ധപ്പെട്ട ആചാരത്തെയും ബിഹാറിലെ സ്ത്രീകളെയും അധിക്ഷേപിക്കുന്ന തരത്തില്‍ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന ആരോപണത്തില്‍ സ്റ്റാന്‍ഡ്-അപ്പ്.കമേഡിയന് യഷ് മഹേശ്വരിക്കെതിരെ പോലീസ് കേസെടുത്തു. നവംബര്‍ 21-ന് ‘മോറലി ക്വസ്റ്റ്യനബിള്’ എന്ന പേരില്‍ സ്വന്തം യൂട്യൂബ് ചാനലില്‍ പങ്കുവെച്ച കോമഡി പരിപാടിയുടെ വീഡിയോയാണ് വിവാദമായത്.
തിരുപ്പരൻകുൻട്രം ദീപത്തൂൺ വിവാദം: ദേവസ്ഥാനത്തെ പഴിച്ച് മധുര കളക്ടർ സുപ്രീം കോടതിയിൽ
തിരുപ്പരന്‍കുന്‍ട്രം ദീപത്തൂണില്‍ ദീപം തെളിക്കാതിരുന്നതില് ക്ഷേത്രം ദേവസ്ഥാനത്തെ പഴിച്ച് മധുര ജില്ലാ കളക്ടര്‍. ഉത്തരവ് നടപ്പാക്കാതിരുന്നതില്‍ മാപ്പ് ചോദിച്ചു കളക്ടര്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. അതേസമയം ദീപത്തൂണില്‍ ദീപം തെളിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സ്വദേശി, സുപ്രീം കോടതിയില്‍ പുതിയ ഹര്‍ജി നല്കി.
സൗരവ് ദാസിനോട് ജന്മസ്ഥലത്ത് വ്യക്തത വരുത്താൻ കേന്ദ്രം; പാസ്പോർട്ട് ഉപയോഗത്തിന് വിലക്ക്
കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് സൗരവ് ദാസിനോട് ജന്മസ്ഥലം സംബന്ധിച്ച് വ്യക്തതവരുത്തണമെന്ന് കേന്ദ്രം. ഏഴ് ദിവസത്തിനുള്ളില്‍ ജന്മസ്ഥലം സംബന്ധിച്ച് വിശദീകരണം നല്‍കണമെന്നും അതുവരെ പാസ്പോര്‍ട്ട് ഉപയോഗിക്കരുതെന്നും ചെന്നൈ റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസ് ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രാലയ വക്താവ്.രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
മിസിസിപ്പിയിൽ ചെറുവിമാനം അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് തകർന്നുവീണ് അപകടം
പതിനായിരം അടി ഉയരത്തില്‍ നിന്ന് ചെറുവിമാനം അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് കൂപ്പുകുത്തി തകര്‍ന്ന് 6 പേര് കൊല്ലപ്പെട്ടു. നിമിഷങ്ങള്‍ക്കുള്ളില്‍ വിമാനം റഡാറില്‍ നിന്ന് കാണാതായി. അമേരിക്കയിലെ മിസിസിപ്പിയിലാണ് സംഭവം. നാല് മുതിര്‍ന്നവരും 8ഉം 10ഉം വയസ് പ്രായമായ നാല് പേരുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.
53 പന്തിൽ 204 റൺസ്; വൈഭവ് സൂര്യവംശിയെ വാഴ്ത്തി ക്രിക്കറ്റ് ലോകം
റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പില്‍ യുഎഇക്കെതിരെ നിരവധി റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഇരട്ടസെഞ്ച്വറി നേടിയ വൈഭവ് സൂര്യവംശിയെ വാനോളം പുകഴ്ത്തി ക്രിക്കറ്റ് ലോകം. യു.എ.ഇക്കെതിരെ വെറും 53 പന്തില്‍ 204 റണ്‍സ് അടിച്ചുകൂട്ടി ഇന്ത്യ എ ടീമിന് അനായാസ വിജയം സമ്മാനിച്ച വൈഭവിന്, ഭാവിയിലെ ഐപിഎല്‍ ലേലത്തില്‍ 40 കോടി രൂപ വരെ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര പറഞ്ഞത്.
വൈഭവ് സൂര്യവംശിക്ക് 15 വയസ്സല്ലെന്ന് തൻവീർ അഹമ്മദ്; പ്രായപരിശോധന ആവശ്യം
യു.എ.ഇ ക്കെതിരെ അത്ഭുത പ്രകടനം കാഴ്ച വെച്ച ഇന്ത്യന്‍ യുവതാരം വൈഭവ് സൂര്യവംശിക്ക് 15 വയസല്ലെന്നും കുറഞ്ഞത് 20-21 വയസെങ്കിലും കാണുമെന്നും മുന്‍ പാകിസ്താന് ഫാസ്റ്റ് ബൗളര്‍ തന്‍വീര്‍ അഹമ്മദ്. 15 വയസുള്ള ഒരു കുട്ടിയുടെ തോളുകള്ക്കോ ശരീരത്തിനോ ഇത്രയും കരുത്തുണ്ടാകില്ലെന്നും 28 സിക്സറുകള്‍ അടിക്കാന്‍ കഴിയില്ലെന്നും പറഞ്ഞ തന്‍വീര്‍ വൈഭവിന്റെ പ്രായപരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു.
ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗിൽ ജസ്പ്രീത് ബുംറ രണ്ടാമത്
ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വന്‍ നേട്ടം. ന്യൂസിലന്‍ഡിനെതിരായ വെല്ലിംഗ്ടണ്‍ ടെസ്റ്റിന് പിന്നാലെ പുറത്തുവിട്ട പുതിയ റാങ്കിംഗില്‍, ബൗളര്‍മാരുടെ പട്ടികയില്‍ ജസ്പ്രീത് ബുംറ രണ്ടാം സ്ഥാനത്തേക്ക് കയറി.
ലോക ചെസ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഡി. ഗുകേഷ് – ജാവോഹിർ സിന്ദ്രോവ് രണ്ടാം ഗെയിമും സമനിലയിൽ
ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ആദ്യ ഗെയിമിനു പിന്നാലെ രണ്ടാം ഗെയിമിലും സമനില. നിലവിലെ ചാമ്പ്യന്‍ ഇന്ത്യയുടെ ഡി. ഗുകേഷും ചാലഞ്ചര്‍ ഉസ്ബെക്കിസ്താന്റെ ജാവോഹിര് സിന്ദ്രോവും തമ്മിലുള്ള മത്സരമാണ് സമനിലയില്‍ പരിഞ്ഞത്.
2018 പന്ത് ചുരണ്ടൽ വിവാദം: പാറ്റ് കമ്മിൻസിന്റെ വാർത്താസമ്മേളനം വേദനിപ്പിച്ചെന്ന് ഉസ്മാൻ ഖവാജ
ദക്ഷിണാഫ്രിക്കയ്ക്കെതിരായ 2018 ല്‍ നടന്ന പരമ്പരയിലെ പന്ത് ചുരണ്ടല്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് നടത്തിയ വാര്‍ത്താസമ്മേളനം തന്നെ വ്യക്തിപരമായി വേദനിപ്പിച്ചുവെന്ന് വെളിപ്പെടുത്തി ഓസ്ട്രേലിയന്‍ ബാറ്റര്‍ ഉസ്മാന് ഖവാജ. വിഷയത്തില്‍ പരസ്പരം സമവായത്തിലെത്താന്‍ കമ്മിന്‍സ് സഹായിക്കുമെന്നാണ് താന്‍ കരുതിയതെന്നും, എന്നാല്‍ കമ്മിന്‍സിന്റെ പ്രതികരണം നിരാശാജനകമായിരുന്നുവെന്നും ഖവാജ പറഞ്ഞു. സംഭവത്തില്‍ ശിക്ഷിക്കപ്പെട്ട മൂന്ന് കളിക്കാര്‍ക്ക് പുറമെ ടീമിലെ മറ്റുള്ളവര്‍ക്കും ഇക്കാര്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന ഖവാജയുടെ ആത്മകഥയിലൂടെ വെളിപ്പെടുത്തല്‍ കമ്മിന്‍സ് വാര്‍ത്താ സമ്മേളനത്തില്‍ നിഷേധിച്ചിരുന്നു.
അമല ആശുപത്രി വാർത്തകൾ
അമലയിൽ ദേശീയ നവജാത ശിശു വാരാചരണം
അമലയില്‍ ദേശിയ നവജാത ശിശു വാരാചരണം: അമല മെഡിക്കല്‍ കോളേജ് എന്‍.ഐ.സി.യു, ശിശുരോഗ വിഭാഗങ്ങളുടെയും ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക് ആന്‍ഡ് നാഷണല്‍ നിയനെറ്റോളജി ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ദേശീയ നവജാത ശിശു വാരാചരണത്തിന്റെയും പ്രീമെച്യൂരിറ്റി ദിനാചരണത്തിന്റെയും ഉദ്ഘാടനം അമല ജോയിന്റ് ഡയറക്ടര്‍ ഫാ. ഷിബു പുത്തന്‍പുരയ്ക്കല്‍ സി.എം.ഐ നിര്‍വഹിച്ചു.
പാണഞ്ചേരി പഞ്ചായത്തിൽ അമല ഗ്രാമ പദ്ധതിക്ക് തുടക്കം
പാണഞ്ചേരി പഞ്ചായത്തില്‍ അമല ഗ്രാമ പദ്ധതിക്ക് തുടക്കം : അമല ആശുപത്രിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അമല ആശുപത്രിയും പാണഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന അമല ഗ്രാമ പദ്ധതിക്ക് തുടക്കമായി. പദ്ധതിയിലൂടെ ആരോഗ്യ സേവനങ്ങള്‍ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുകയും വിവിധ ആരോഗ്യ വിഷയങ്ങളില്‍ ബോധവല്‍ക്കരണം നടത്തുകയുമാണ് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി അമല ആശുപത്രിയില്‍ ചികിത്സ തേടുന്നവര്‍ക്ക് 35 ശതമാനം വരെ ഇളവ് ലഭിക്കുമെന്ന പ്രഖ്യാപനവും നടത്തി. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനു വര്‍ഗീസും, അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ഡോ.ആന്റണി മണ്ണുമ്മേല്‍ സി.എം.ഐ എന്നിവര്‍ പദ്ധതി രൂപരേഖ കൈമാറി .
സ്വർണവില വീണ്ടും ഇടിഞ്ഞു; പവന് 91,360 രൂപ
സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. കേരളത്തില്‍ ഇന്ന് സ്വര്‍ണവില ഗ്രാമിന് 295 രൂപ കുറഞ്ഞ് 11,420 രൂപയായി. 22 കാരറ്റ് സ്വര്‍ണം ഒരു പവന് 91,360 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 240 രൂപ കുറഞ്ഞ് 9,345 രൂപയിലെത്തി. പവന് 74,760 രൂപയാണ് ഇന്നത്തെ നിരക്ക്. 14 കാരറ്റ് സ്വര്‍ണത്തിന് 190 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 7,315 രൂപയും പവന് 58,520 രൂപയുമായി. വെള്ളി ഗ്രാമിന് 165 രൂപയാണ് സംസ്ഥാനത്ത് ഇന്നത്തെ വില.
എഐ ഫീച്ചറുകളുമായി നത്തിങ് ‘ഇയർ നോട്ട്’ ഇയർബഡുകൾ; ഡിസംബർ 8ന് ലോഞ്ച്
എഐ സാങ്കേതികവിദ്യയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്കുന്ന പുതിയ ഉപകരണവുമായി സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ നത്തിങ്. എഐ ഏജന്റുകളോട് നേരിട്ട് സംസാരിക്കാനും സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യാനും എഴുത്തുരൂപത്തിലാക്കാനും കഴിയുന്ന ‘ഇയര്‍ നോട്ട്’ എന്ന പുതിയ ഇയര്‍ബഡുകളാണ് കമ്പനി അവതരിപ്പിക്കുന്നത്. ഡിസംബര്‍ 8ന് ഉപകരണം ഔദ്യോഗികമായി പുറത്തിറക്കുമെന്ന് നത്തിങ് അറിയിച്ചു.
ജെമിനി 4 നിയോൺ മോഡലുമായി എഐ രംഗത്ത് കരുത്തുതെളിയിച്ച് ഗൂഗിൾ
എഐ രംഗത്ത് വീണ്ടും കരുത്തുതെളിയിച്ച് ഗൂഗിള്‍. നവംബര്‍ 18ന് പുറത്തിറക്കിയ പുതിയ എഐ മോഡലായ ജെമിനി 4 നിയോണ്‍ ആഗോളതലത്തില്‍ ശ്രദ്ധ നേടുകയാണ്. പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഗൂഗിള്‍ പ്ലാറ്റ്ഫോമുകളിലും മറ്റ് സേവനങ്ങളിലും മോഡലിന്റെ ഉപയോഗം കുതിച്ചുയര്‍ന്നു. ടെസ്ല മേധാവി ഇലോണ്‍ മസ്ക് ഉള്‍പ്പെടെയുള്ള പ്രമുഖരും ഗൂഗിളിന്റെ പുതിയ നേട്ടത്തെ പ്രശംസിച്ച് രംഗത്തെത്തി.
ഇലക്ട്രിക് എസ്യുവി വിപണിയിലേക്ക് പുതിയ മോഡലുകളുമായി വാഹന നിർമാതാക്കൾ
ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യകത വര്‍ധിക്കുന്ന സാഹചര്യത്തില്‍ പുതിയ മോഡലുകളുമായി വാഹന നിര്‍മാതാക്കള്‍. ടാറ്റ, മഹീന്ദ്ര, റെനോ, ഹോണ്ട, വിന്‍ഫാസ്റ്റ് തുടങ്ങിയ കമ്പനികള്‍ വരും വര്‍ഷങ്ങളില്‍ പുതിയ ഇലക്ട്രിക് എസ്യുവികള് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. നിലവിലുള്ള മോഡലുകളുടെ ഇലക്ട്രിക് പതിപ്പുകള്‍ക്കൊപ്പം പുത്തന്‍ ഡിസൈനിലും സാങ്കേതികവിദ്യയിലുമുള്ള വാഹനങ്ങളും വിപണിയിലെത്തും.
2030-ഓടെ ഇന്ത്യയിൽ 26 പുതിയ മോഡലുകളുമായി ഹ്യുണ്ടായ്
ഇന്ത്യന്‍ വാഹന വിപണിയില്‍ വമ്പന്‍ മോഡല്‍ നിര വികസിപ്പിക്കാനുള്ള പദ്ധതികളുമായി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായ്. 2030-ഓടെ ഇന്ത്യയില്‍ 26 പുതിയ മോഡലുകള്‍ അവതരിപ്പിക്കുമെന്ന് കഴിഞ്ഞ വര്‍ഷം കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി പെട്രോള്‍, ഡീസല്‍ എന്ജിന് മോഡലുകള്‍ക്ക് പുറമെ ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളും വിപണിയിലെത്തിക്കും. എംപിവി, ഓഫ് റോഡ് എസ്യുവി വിഭാഗങ്ങളിലേക്കും ഹ്യുണ്ടായ് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്. പുതിയ തലമുറ ക്രെറ്റ, പ്രീമിയം മൂന്ന് നിര എസ്യുവി, പാലിസേഡ് തുടങ്ങിയ മോഡലുകള്‍ കമ്പനിയുടെ വരാനിരിക്കുന്ന വാഹന നിരയില്‍ ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
‘കോസ്മിക് സാംസൺ’ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; ചിത്രം നാളെ തിയേറ്ററുകളിൽ
വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് അവതരിപ്പിക്കുന്ന, സന്ദീപ് പ്രദീപിനെ നായകനാക്കി അഭിജിത് ജോസഫ് സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രം ‘കോസ്മിക് സാംസണി’ന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. നവംബര്‍ 27ന് ആഗോളതലത്തില്‍ തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ടിക്കറ്റുകള്‍ ബുക്ക് മൈ ഷോ, സൊമാറ്റോയുടെ ഡിസ്ട്രിക്ട്, ടിക്കറ്റ് ന്യൂ എന്നീ ഓണ്‍ലൈന്‍ ടിക്കറ്റിംഗ് പ്ലാറ്റ്ഫോമുകളിലൂടെ ബുക്ക് ചെയ്യാം. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെയും ഡി ഗ്രൂപ്പിന്റെയും ബാനറില്‍ സോഫിയ പോളും മാനുവല്‍ ക്രൂസ് ഡാര്‍വിനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മലയാള ചിത്രം ‘ഹാഫി’ന്റെ ഏഷ്യൻ പ്രീമിയർ ഇഫി ഗോവയിൽ അരങ്ങേറി
ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ ആന്‍ സജീവും സജീവ് പി.കെ.യും ചേര്‍ന്ന് നിര്‍മിച്ച മലയാള ചിത്രം ‘ഹാഫി’ന്റെ (HALF) ഏഷ്യന്‍ പ്രീമിയര്‍ 57-ാമത് രാജ്യാന്തര ചലച്ചിത്രമേളയായ IFFI ഗോവയില്‍ വിജയകരമായി അരങ്ങേറി. പനാജിയിലെ പി.വി.ആര്.-ഐനോക്സ് ഓഡിറ്റോറിയം 4-ല്‍ നടന്ന പ്രത്യേക പ്രദര്‍ശനം നിറഞ്ഞ സദസ്സിലാണ് അരങ്ങേറിയത്. ചിത്രത്തിന്റെ റെഡ് കാര്‍പെറ്റ് ചടങ്ങിനും പ്രദര്‍ശനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. സിനിമയെ സ്വീകരിക്കാനെത്തിയ പ്രേക്ഷകരുടെ ആവേശവും നിറഞ്ഞ സദസ്സും അണിയറപ്രവര്‍ത്തകര്‍ക്ക് വലിയ സന്തോഷമായി.
ദില്ലിയിൽ ആറ് വർഷത്തിനിടെ 6,500-ലധികം ശ്വാസകോശ അർബുദ കേസുകൾ
ദില്ലിയില്‍ ആറ് വര്‍ഷത്തിനിടെ 6,500-ലധികം ശ്വാസകോശ അര്‍ബുദ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് 913 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2020 ജനുവരി 1 മുതല്‍ 2026 ജൂലൈ 31 വരെയുള്ള കാലയളവില്‍ എയിംസ് (AIIMS), റാം മനോഹര്‍ ലോഹ്യ ആശുപത്രി, ഡല്‍ഹി സ്റ്റേറ്റ് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (DSCI) എന്നിവിടങ്ങളിലായി 6,581 ശ്വാസകോശ അര്‍ബുദ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്കയുമായി ഒരു വർഷം പൂർത്തിയാക്കി ചരിത്രനേട്ടം
വൈദ്യശാസ്ത്ര ലോകത്തിന് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കിക്കൊണ്ട് ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക സ്വീകരിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാക്കി അമേരിക്കന്‍ വനിത. ന്യൂ ഹാംഷെയര്‍ സ്വദേശിനിയായ 58 -കാരി മോളി ഫാല്‍ക്കോയാണ് ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. ഇതോടെ, മനുഷ്യനല്ലാത്ത മറ്റൊരു ജീവിവര്‍ഗത്തില്‍ നിന്നുള്ള വൃക്ക സ്വീകരിച്ച് ഏറ്റവും കൂടുതല്‍ കാലം ജീവിക്കുന്ന വ്യക്തിയെന്ന റെക്കോര്‍ഡും മോളി ഫാല്‍ക്കോയ്ക്ക് സ്വന്തമായി. ഇതോടെ വൃക്കയ്ക്ക് വേണ്ടി കാത്തുനില്ക്കുന്ന രോഗികള്‍ക്ക് വലിയൊരു ആശ്വാസമാവുകയാണ്.

























