ആലപ്പുഴ: എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശൻ നേതൃത്വം നൽകുന്ന പാനലിന് സമ്പൂർണ വിജയം. 3(ഡി) കാറ്റഗറി വിഭാഗത്തിൽ നടന്ന തെരഞ്ഞെടുപ്പിലും എതിരാളികളെ നിലംപരിശാക്കി വെള്ളാപ്പള്ളി പാനൽ മുഴുവൻ സീറ്റുകളും സ്വന്തമാക്കി. എതിർപക്ഷത്തുനിന്ന് ഒരാൾക്കു പോലും ഡയറക്ടർ ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെടാനായില്ല.
5000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ നൽകി ട്രസ്റ്റ് അംഗത്വമെടുത്ത 2706 പേരിൽ നിന്ന് 270 ഡയറക്ടർ ബോർഡ് അംഗങ്ങളെയാണ് തെരഞ്ഞെടുക്കേണ്ടിയിരുന്നത്. ഇതിൽ 1415 പേർ വോട്ട് രേഖപ്പെടുത്തി. ചേർത്തല എസ്.എൻ കോളജിൽ ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി പാനലിനെതിരെ ആറുപേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. എന്നാൽ ഇവർക്ക് വിരലിലെണ്ണാവുന്ന വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
വെള്ളാപ്പള്ളി പാനലിലെ സ്ഥാനാർഥികൾക്ക് 1345 വോട്ട് വീതം ലഭിച്ചു. 50 വോട്ടുകൾ അസാധുവായി. എതിർസ്ഥാനാർഥികൾക്ക് ആകെ ലഭിച്ചത് 47 വോട്ടുകളാണ്. അസാധുവായ വോട്ടുകളേക്കാൾ കുറഞ്ഞ വോട്ടുകൾ ലഭിച്ചതോടെ എതിർസ്ഥാനാർഥികൾക്ക് കെട്ടിവെച്ച തുക പോലും തിരികെ ലഭിക്കാത്ത സ്ഥിതിയായി.
ഇതോടെ എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 1027 പേരും വെള്ളാപ്പള്ളി പക്ഷക്കാരായി. എതിർപക്ഷത്തിന് ബോർഡിൽ പ്രാതിനിധ്യമില്ലാത്ത സ്ഥിതിയാണുള്ളത്. താക്കോൽ ചിഹ്നത്തിലായിരുന്നു വെള്ളാപ്പള്ളി പാനലിന്റെ മത്സരം.
നേരത്തെ 500 രൂപ മുതൽ 4999 രൂപ വരെ നൽകി ട്രസ്റ്റ് അംഗത്വമെടുത്ത 3(ഇ) കാറ്റഗറി വിഭാഗത്തിൽ പത്ത് റീജിയണുകളിൽനിന്നായി തെരഞ്ഞെടുക്കപ്പെട്ട 757 പേരും വെള്ളാപ്പള്ളി പക്ഷക്കാരാണ്. തിരുവനന്തപുരം, പുനലൂർ, പാലക്കാട് റീജിയണുകളിൽ എതിരാളികളില്ലാത്തതിനാൽ ഔദ്യോഗിക പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മത്സരം നടന്ന നങ്ങ്യാർകുളങ്ങര, വർക്കല, ചേർത്തല, കോഴിക്കോട്, കണ്ണൂർ, തൃശൂർ, കൊല്ലം റീജിയണുകളിലും വെള്ളാപ്പള്ളി പാനൽ സമ്പൂർണ വിജയം നേടി.
വിദഗ്ധ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ഡിസംബർ 17ന് നടക്കും. ഡിസംബർ 19നാണ് എസ്.എൻ ട്രസ്റ്റ് ഭാരവാഹി തിരഞ്ഞെടുപ്പ്. 30 വർഷത്തിലേറെയായി വെള്ളാപ്പള്ളി നടേശനാണ് എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയായി തുടരുന്നത്.































