തിരുവനന്തപുരം. സർക്കാറിനെതിരെ രൂക്ഷ ഭാഷയിൽ വിമർശനവുമായി എൽപിഎസ്ടി ഉദ്യോഗാർത്ഥികൾ. സർക്കാർ ചർച്ചയ്ക്ക് വിളിച്ചാൽ മാത്രം പോരെന്നും സമവായമാണ് തങ്ങൾക്ക് ആവശ്യമെന്നും ഉദ്യോഗാർത്ഥികൾ.
സർക്കാറിനെ ഭയന്ന് ഒളിവിൽ പോകേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നും സമരസമിതി നേതാവ് വളർമതി ആരോപിച്ചു. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന് പിന്നാലെയാണ് ഉദ്യോഗാർത്ഥികളുടെ പ്രതികരണം..
എൽ പി എസ് ടി ഉദ്യോഗാർത്ഥികളുടെ പ്രശ്നം പരിഹരിക്കാൻ വേണ്ടി പൊതുവിദ്യാഭ്യാസ മന്ത്രി ചോദിച്ച സമയം ഇന്ന് അവസാനിച്ചു. പക്ഷേ പരിഹാരം കണ്ടെത്താൻ പൊതുവിദ്യാഭ്യാസ മന്ത്രിക്ക് കഴിഞ്ഞില്ല. എന്നാൽ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാണിച്ചു ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങൾ പരിഗണിക്കാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു..
നാലു ജില്ലകളിലും ഒരു ആൾക്ക് പോലും ജോലി ലഭിക്കാത്തതുകൊണ്ടാണ് സമരത്തിനിറങ്ങേണ്ടി വന്നതെന്ന് മുഖ്യമന്ത്രിക്ക് സമരസമിതിയുടെ മറുപടി.പോലീസിനെ ഉപയോഗിച്ച് വീണ്ടും സമരം അടിച്ചമർത്താൻ ശ്രമിക്കുന്നുണ്ടെന്നും വളർമതി വ്യക്തമാക്കി.
അതേസമയം സർക്കാരിനെ പ്രതിക്കൂട്ടിൽ ആക്കി മുൻ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർഢ്യം അറിയിച്ചു സമരപന്തലിലെത്തി. സമരക്കാരോട് മാനുഷിക പരിഗണന പോലും കാണിക്കാത്തത് ശരിയല്ലെന്ന് വി എം സുധീരൻ പറഞ്ഞു.
അതേസമയം കൂടുതൽ ഉദ്യോഗാർത്ഥികളെ സമരപ്പന്തലിൽ എത്തിച്ച് സമരം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് എൽ പി എസ് ടി സമരസമിതി.






























