ഹഡില്‍ ഗ്ലോബല്‍ പ്രദര്‍ശനം കാണാനെത്തിയ മുഖ്യമന്ത്രി വി.ഡി.സതീശനെ ലൂമി വ്യൂ സ്‌ക്രീന്‍ വെര്‍ച്വലായി ടി-ഷര്‍ട്ട് ധരിപ്പിച്ച വിശേഷം ആണ് സോഷ്യൽ മീഡിയ നിറയെ. തുണിക്കടകളിൽ ട്രയൽ റൂം ഇല്ലാതാകുന്ന കാലം വരുമോ..? എന്ന ചോദ്യത്തോടെയാണ് വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.
പോസ്റ്റിന്റെ പൂർണരൂപം
തുണിക്കടയിൽ പോയി ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ഓരോന്നായി എടുത്ത് ട്രയൽ റൂമിൽ കയറി ധരിച്ചുനോക്കുന്ന കാലം മാറാൻ പോകുകയാണോ? എങ്കിൽ അതിന് വഴിതുറക്കുകയാണ് കേരളത്തിലെ ഒരു സ്റ്റാർട്ടപ്പ്. ഹഡിൽ ഗ്ലോബൽ വേദിയിൽ ശ്രദ്ധേയമായത് ലൂമിവ്യൂ (LumiView) വികസിപ്പിച്ചെടുത്ത അത്യാധുനിക വെർച്വൽ ട്രയൽ സാങ്കേതികവിദ്യയാണ്.
ഈ സാങ്കേതികവിദ്യയുടെ പ്രവർത്തനം നേരിട്ടറിയാൻ മുഖ്യമന്ത്രി വി.ഡി. സതീശനും അവസരം ലഭിച്ചു. ഹഡിൽ ഗ്ലോബലിലെ സ്റ്റാളുകൾ സന്ദർശിക്കുന്നതിനിടെ ലൂമിവ്യൂവിന്റെ സ്റ്റാളിലെത്തിയ മുഖ്യമന്ത്രിയോട് സ്‌ക്രീനിനു മുന്നിൽ നിൽക്കാൻ സംരംഭകർ ആവശ്യപ്പെട്ടു.
എന്തോ കുസൃതി ഒപ്പിക്കാനാണ് പോകുന്നതെന്ന് അറിയാമെന്നും നോക്കട്ടെയെന്നും പറഞ്ഞ് മുഖ്യമന്ത്രി സ്‌ക്രീനിനു മുന്നിൽ നിന്നു. പിന്നാലെ സംഭവിച്ചത് കൗതുകകരമായ കാഴ്ചയായിരുന്നു!
തൂവെള്ള ഖാദി ഷർട്ടും മുണ്ടും ധരിച്ചെത്തിയ മുഖ്യമന്ത്രിയെ നിമിഷങ്ങൾക്കുള്ളിൽ വ്യത്യസ്ത വേഷത്തിൽ സ്‌ക്രീനിൽ അവതരിപ്പിച്ചു. മുഖ്യമന്ത്രിയുടെ കാരിക്കേച്ചറും ‘പൂക്കി’ എന്ന വിശേഷണവുമുള്ള ടി-ഷർട്ട് ധരിച്ച രൂപം കണ്ടതോടെ അദ്ദേഹം പൊട്ടിച്ചിരിച്ചു.
എന്താണ് ലൂമിവ്യൂവിന്റെ പ്രത്യേകത?
വസ്ത്രങ്ങൾ നേരിട്ട് ധരിച്ചുനോക്കാതെ തന്നെ സ്വന്തം രൂപത്തിൽ വിവിധ വസ്ത്രങ്ങൾ പരീക്ഷിച്ചുനോക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്ന വെർച്വൽ ട്രയൽ സംവിധാനമാണിത്.
ഇതിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ വസ്ത്രങ്ങൾ പരീക്ഷിക്കാനും ഇഷ്ടപ്പെട്ടവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും കഴിയും. മാത്രമല്ല, ഉപഭോക്താക്കൾ ധരിച്ചുനോക്കുന്ന വസ്ത്രങ്ങൾ വീണ്ടും മടക്കി ഷെൽഫുകളിൽ അടുക്കിവെക്കേണ്ടിവരുന്ന കടയിലെ ജീവനക്കാരുടെ ജോലിഭാരവും കുറയ്ക്കാം.
ലൂമിവ്യൂ സ്ഥാപകൻ ജാനുകൃഷ്ണ എ.എസ്.യുടെ നേതൃത്വത്തിലാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്.
ഫാഷൻ മേഖലയിലേക്ക് സാങ്കേതികവിദ്യ കടന്നുവരുമ്പോൾ ഷോപ്പിങ് അനുഭവം തന്നെ മാറുകയാണ്. ഒരുപക്ഷേ വരുംകാലത്ത് തുണിക്കടകളിൽ ട്രയൽ റൂമുകൾക്ക് പകരം വെർച്വൽ ട്രയൽ സ്‌ക്രീനുകൾ സ്ഥാനം പിടിച്ചേക്കാം!
കേരളത്തിന്റെ സ്റ്റാർട്ടപ്പ് ലോകം ഇനി ഫാഷൻ ഷോപ്പിങ്ങിലും പുതിയ വിപ്ലവത്തിന് വഴിയൊരുക്കുകയാണ്!




























