ശബരിമല അയ്യപ്പന്‍മാര്‍ക്ക് രണ്ട് ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ്
ശബരിമല അയ്യപ്പന്‍മാര്‍ക്ക് രണ്ട് ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. എല്‍.ഐ.സി.യുമായി സഹകരിച്ചാണ് ഈ പരിരക്ഷ. സന്നിധാനത്ത് എത്തുന്നതിന്റെ തലേന്ന് മുതല്‍ മൂന്നുദിവസത്തേക്കാണ് പരിരക്ഷ. തീര്‍ഥാടനത്തിനിടെ മരിക്കുന്നവര്‍ക്കാണ് രണ്ടുലക്ഷം രൂപ ലഭിക്കുക. വെര്‍ച്വല്‍ ക്യൂ, സ്പോട്ട് ബുക്കിങ് എന്നിവവഴി ദര്‍ശനത്തിനെത്തുന്നവര്‍ക്കാണ് ഈ പരിരക്ഷ ലഭിക്കുന്നത്.
ബാങ്ക് ജപ്തി ഭീഷണിയെത്തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കി
ബാങ്ക് ഉദ്യോഗസ്ഥര്‍ വീട് ജപ്തിചെയ്യാനെത്തുന്നതറിഞ്ഞ് വീട്ടമ്മ ജീവനൊടുക്കി. കൂത്താളി കേളന്‍മുക്ക് കുഞ്ഞോത്ത് കൂയോടന്‍കണ്ടി ബാബുവിന്റെ ഭാര്യ കവിത (42) ആണ് മരിച്ചത്. ഉച്ചക്ക് 12 മണിയോടെ ജപ്തിക്കായി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുന്നതിന് തൊട്ടു മുന്നെയായിരുന്നു സംഭവം. വീടിന്റെ നിര്‍മാണത്തിനായി ലോണെടുത്ത 25 ലക്ഷം രൂപ അഞ്ചുവര്‍ഷംകൊണ്ട് 50 ലക്ഷം രൂപയിലെത്തിയിരുന്നു. പിന്നീട് ബാങ്കുമായുള്ള ചര്‍ച്ചയില്‍ 15 ലക്ഷം രൂപ കുറച്ച്, തിരിച്ചടയ്ക്കാനുള്ള തുക 35 ലക്ഷമാക്കി നിജപ്പെടുത്തിയിരുന്നു. ഈ തുക കുടുംബത്തിന് അടയ്ക്കാന്‍ സാധിക്കാതെവന്നതോടെയാണ് കോടതി നടപടികളിലേക്ക് നീങ്ങിയത്.
കൊല്ലത്ത് 13 വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍
കൊല്ലം ചടയമംഗലത്ത് 13 വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതിയായ രണ്ടാനച്ഛന്‍ രാജേഷിനെ പൊലീസ് പിടികൂടി. മദ്യലഹരിയില്‍ വീട്ടിലെത്തിയ രാജേഷ് മുറിയിലുണ്ടായിരുന്ന കുട്ടിയെ വസ്ത്രത്തില്‍ പിടിച്ച് തൂക്കിയെടുത്ത് ഹാളിലെത്തിക്കുകയും, വസ്ത്രം ഊരിമാറ്റി വടികൊണ്ട് ക്രൂരമായി തല്ലിച്ചതയ്ക്കുകയുമായിരുന്നു. കുട്ടിയുടെ അമ്മ പകര്‍ത്തിയ മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞതും ചടയമംഗലം പോലീസ് അന്വേഷണം ആരംഭിച്ചതും. ആദ്യ വിവാഹത്തിലെ മകനോടുള്ള ഇഷ്ടക്കേടാണ് ഈ ക്രൂരതയ്ക്ക് പിന്നതെന്നും രാജേഷ് കുട്ടിയെ ഉപദ്രവിക്കുന്നത് പതിവാണെന്നും അമ്മ വെളിപ്പെടുത്തിയിരുന്നു.
ആഭ്യന്തരവകുപ്പും പോലീസും തമ്മിലുള്ള ഏകോപനത്തിന് പുതിയ ഡിജിറ്റല്‍ സംവിധാനം
ആഭ്യന്തരമന്ത്രിയുടെ ഓഫിസിന്റെയും കേരള പൊലീസിന്റെയും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി ഡിജിറ്റല്‍ സംവിധാനം നിലവില്‍വന്നു. ആഭ്യന്തരവകുപ്പും വിവിധ പൊലീസ് സ്റ്റേഷനുകളും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുവാനും പരാതികള്‍ സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കാനും ഇത് ഗുണംചെയ്യും. ഇതിലൂടെ സംസ്ഥാനത്ത് ഓരോ ദിവസവും റജിസ്റ്റര്‍ ചെയ്യുന്ന എഫ്ഐആറിനെക്കുറിച്ച് ആഭ്യന്തരമന്ത്രിക്ക് ഉടനടി വിവരം ലഭിക്കും. കുറ്റകൃത്യങ്ങളുടെ പൊതുകണക്ക് പോര്‍ട്ടലിലുണ്ടാകും.
ട്രെയിനുകളിലെ ആര്‍എസി സംവിധാനം ഒഴിവാക്കാന്‍ ആലോചന
ട്രെയിനുകളിലെ ആര്‍എസി സംവിധാനം ഒഴിവാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ആലോചിക്കുന്നു. മുഴുവന്‍ നിരക്ക് ഈടാക്കി പകുതി ബെര്‍ത്ത് മാത്രം നല്‍കുന്നതിനെതിരെ യാത്രക്കാരുടെ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണിത്. പകുതി ബെര്‍ത്തിനുള്ള നിരക്ക് മാത്രം ഈടാക്കണമെന്ന ആവശ്യവും ശക്തമാണ്.
സംസ്ഥാന സര്‍ക്കാരിന്റെ 2027 കലണ്ടറിന് റെക്കോര്‍ഡ് വില്‍പ്പന
സംസ്ഥാന സര്‍ക്കാരിന്റെ 2027 വര്‍ഷത്തെ കലണ്ടര്‍ കേവലം 13 ദിവസത്തിനുള്ളില്‍ റെക്കോര്‍ഡ് വില്‍പ്പന നേടി. രണ്ടാഴ്ചയ്ക്കുള്ളില്‍ കഴിഞ്ഞ വര്‍ഷത്തെ ആകെ വില്‍പ്പന മറികടന്നതിനാല്‍ 10 ലക്ഷം കലണ്ടറുകള്‍ കൂടി അച്ചടിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. തിരുവനന്തപുരത്തെ ജി.സി.പി പബ്ലിക്കേഷന്‍ വഴിയാണ് ഏറ്റവും കൂടുതല്‍ കലണ്ടറുകള്‍ വിറ്റഴിച്ചത്.
സി.പി.എം. കുട്ടനാട് ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു
പ്രാദേശിക വിഭാഗീയതയെത്തുടര്‍ന്ന് സി.പി.എം. കുട്ടനാട് ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു. കഴിഞ്ഞ സമ്മേളനം തിരഞ്ഞെടുത്ത ഏരിയ കമ്മിറ്റിയെ പിരിച്ചുവിട്ട് പകരം പുതിയ പത്തംഗ അഡ്‌ഹോക് കമ്മിറ്റിയെ ജില്ലാ കമ്മിറ്റി തിരഞ്ഞെടുക്കുകയായിരുന്നു.
പിണറായി വിജയനെതിരെ വിവാദ പരാമര്‍ശവുമായി പൂഞ്ഞാര്‍ എം.എല്‍.എ.
പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയനെതിരെ വിവാദ പരാമര്‍ശവുമായി പൂഞ്ഞാര്‍ എം.എല്‍.എ. എം.ജെ. സെബാസ്റ്റ്യന്‍. മുന്‍ സര്‍ക്കാരിന്റെ കാലത്തുണ്ടായ ചെയ്തികള്‍ ചൂണ്ടിക്കാട്ടി, ‘നിങ്ങള്‍ ആരെങ്കിലും നിയമസഭയില്‍ അംഗമായി ഇരിക്കുകയാണെങ്കില്‍ അവിടെ ഇരിക്കുന്ന പിണറായിക്ക് എഴുന്നേറ്റ് അടി വെച്ചുകൊടുത്തേനെ’ എന്നായിരുന്നു പാലായില്‍ നടന്ന പൊതുപരിപാടിയില്‍ എം.എല്‍.എ. പറഞ്ഞത്.
ഓര്‍ത്തഡോക്സ് – യാക്കോബായ വിഭാഗങ്ങള്‍ ഒന്നിച്ച് നില്‍ക്കണമെന്ന് വി.ഡി. സതീശന്‍
ഓര്‍ത്തഡോക്സ് – യാക്കോബായ വിഭാഗങ്ങള്‍ ഒന്നിച്ച് നില്‍ക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. യോജിപ്പിനായി സര്‍ക്കാര്‍ ശ്രമിക്കുമെന്നും ഒന്നിച്ച് നിന്നാല്‍ വലിയ ശക്തിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇരു വിഭാഗങ്ങളും ഒന്നിച്ച് നിന്നാല്‍ കേരളത്തിന്റെ മുഖച്ഛായ മാറും. സര്‍ക്കാര്‍ ഇതിനായി ഇടപെടല്‍ നടത്തുമെന്നും മുഖ്യമന്ത്രി മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ വ്യക്തമാക്കി.
മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ കാറുകള്‍ വാങ്ങാന്‍ തീരുമാനം
മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും സംസ്ഥാന അതിഥികള്‍ക്കുമായി 24 ഇന്നോവ കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ ഉത്തരവ്. മന്ത്രിമാര്‍ ഉപയോഗിക്കുന്ന കാറുകള്‍ക്കെല്ലാം കാലപ്പഴക്കം ചെന്നതു കൊണ്ടാണ് ഹൈബ്രിഡ് ഇന്നോവ കാറുകള്‍ വാങ്ങാന്‍ തീരുമാനിച്ചത്.
ബോര്‍ഡ് – കോര്‍പറേഷന്‍ വിഭജനത്തില്‍ എ ഗ്രൂപ്പിന് കടുത്ത അതൃപ്തി
ബോര്‍ഡ് – കോര്‍പറേഷന്‍ വിഭജന വിഷയത്തില്‍ കടുത്ത അതൃപ്തിയില്‍ എ ഗ്രൂപ്പെന്ന് റിപ്പോര്‍ട്ടുകള്‍. ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കാത്തതിലാണ് ഈ അതൃപ്തി. മുഖ്യമന്ത്രി വി.ഡി. സതീശനെയും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെയും അതൃപ്തി അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷനെയും അതൃപ്തി അറിയിക്കാനാണ് തീരുമാനം.
തലസ്ഥാനത്തെ മാനവീയം വീഥിയിലെ സാംസ്‌കാരിക പരിപാടി വിലക്കിയെന്ന് ആക്ഷേപം
തലസ്ഥാനത്തെ മാനവീയം വീഥിയില്‍ സാംസ്‌കാരിക പരിപാടി കോര്‍പ്പറേഷന്‍ വിലക്കിയെന്ന് ആക്ഷേപം. മാനവീയം രജതജൂബിലി ആഘോഷ സമിതി ഇന്ന് നടത്താനിരുന്ന ഗായിക പുഷ്പവതിയുടെ ഗാനമേളയ്ക്കാണ് അനുമതി നിഷേധിച്ചത്. കാരണം പറയാതെ മേയര്‍ അനുമതി അപേക്ഷ തളളിയെന്ന് സംഘാടകര്‍ ആരോപിച്ചു.
ഇറാനില്‍ കുടുങ്ങിയ മലയാളി അക്ഷയ് ഹരീഷ് ഉടന്‍ നാട്ടിലേക്ക്
ഇറാനില്‍ കുടുങ്ങിയ മലയാളി അക്ഷയ് ഹരീഷിനെ ഉടന്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ കൈക്കൊണ്ടതായി വിദേശകാര്യമന്ത്രാലയം. അക്ഷയ് ഹരീഷിന് അടിയന്തര യാത്രാരേഖ ലഭ്യമായതോടെ ഉടന്‍ നാട്ടിലേക്ക് തിരികെ യാത്രതിരിക്കാന്‍ സാധിക്കും.
പുനര്‍ജനി പദ്ധതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി
പുനര്‍ജനി പദ്ധതിയില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കെ.എം. ഷാജഹാന്‍ ഹര്‍ജി നല്‍കി. വിജിലന്‍സ് ക്ലോഷര്‍ റിപ്പോര്‍ട്ട് റദ്ദ് ചെയ്യണമെന്നാണ് ആവശ്യം. ആദ്യത്തെ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പിന്നീട് വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടില്‍ അന്വേഷണം അവസാനിപ്പിക്കുന്നതായി അറിയിച്ചു. ഈ റിപ്പോര്‍ട്ട് റദ്ദ് ചെയ്യണമെന്നാണ് ആവശ്യം.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് പണം തട്ടിയ മിമിക്രി കലാകാരന്‍ അറസ്റ്റില്‍
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയില്‍ നിന്നു പണംതട്ടിയെടുത്തെന്ന കേസില്‍, മിമിക്രി കലാകാരനായ തൃശൂര്‍ സ്വദേശി അറസ്റ്റില്‍. അരനാട്ടുകര ഒളരിക്കര സ്വദേശി സതീഷ് ഒളരിയെന്ന വി.ബി.സതീഷി (47)നെയാണ് വിഴിഞ്ഞം പൊലീസ് പിടികൂടിയത്. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ പലപ്പോഴായി 1.25 ലക്ഷം രൂപ യുപിഐ വഴി വാങ്ങിയെന്നാണ് പരാതി.
പൊലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥര്‍ മദ്യപിച്ചതായി പരാതി; ഡിവൈഎഫ്‌ഐ പ്രതിഷേധം
പോലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ മദ്യപിച്ചതായി പരാതി. ആരോപണവുമായി ബന്ധപ്പെട്ട് അര്‍ധരാത്രിയില്‍ ഡിവൈഎഫ്ഐ പ്രതിഷേധം നടത്തി. കൊടുമണ്‍ പോലീസ് സ്റ്റേഷനാണ് സംഭവം. പോലീസ് വാഹനം അസ്വാഭാവികമായ രീതിയില്‍ പോയതിനെ തുടര്‍ന്നാണ് പരാതി ഉയര്‍ന്നത്.
പെരുമ്പാവൂരില്‍ വാഹനാപകടത്തില്‍ കോളേജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
പെരുമ്പാവൂര്‍ കുറുപ്പുംപടിയിലുണ്ടായ വാഹനാപകടത്തില്‍ വേങ്ങൂര്‍ രാജഗിരി വിശ്വജ്യോതി കോളേജിലെ ഒന്നാംവര്‍ഷ സൈക്കോളജി വിദ്യാര്‍ഥിനി റയാ റോയ് (19) ക്ക് ദാരുണാന്ത്യം. സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരേവന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു.
നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ യുവ ഡോക്ടര്‍ക്ക് നേരെ ലൈംഗിക അതിക്രമം
നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പിജി വിദ്യാര്‍ത്ഥിനിയായ യുവ ഡോക്ടര്‍ക്ക് നേരെ സീനിയര്‍ ഡോക്ടറുടെ ഭാഗത്തുനിന്ന് ലൈംഗിക അതിക്രമം ഉണ്ടായതായി പരാതി. കണ്‍സള്‍ട്ടിങ് റൂമില്‍ പഠനസംബന്ധമായ കാര്യങ്ങള്‍ നടക്കുന്നതിനിടെ സീനിയര്‍ ഡോക്ടര്‍ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ സീനിയര്‍ ഡോക്ടറായ ഡോ. വിനുവിനെതിരെ പൊലീസ് കേസെടുത്തു.
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച റിട്ട. എസ്.ഐ അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ നെയ്യാറ്റിന്‍കര സ്വദേശി റിട്ട. സബ് ഇന്‍സ്പെക്ടര്‍ ശിവരാജന്‍ (75) നെ പൊലീസ് അറസ്റ്റ് ചെയ്തു. ട്യൂഷന്‍ സെന്ററില്‍ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ആരുമില്ലാത്ത സ്ഥലത്തുവെച്ച് ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതിനാണ് പിടികൂടിയത്.
രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്കെതിരെ ബി.ജെ.പി.
തെളിവുകളൊന്നുമില്ലാതെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ‘ഹിറ്റ് ആന്‍ഡ് റണ്‍ രാഷ്ട്രീയം’ കളിക്കുകയാണെന്ന വിമര്‍ഭവുമായി ബി.ജെ.പി. വക്താവ് തുഹിന്‍ സിന്‍ഹ. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്കെതിരെയാണ് തുഹിന്‍ സിന്‍ഹയുടെ വിമര്‍ശനം.
ബെംഗളൂരു മെട്രോയുടെ പിങ്ക് ലൈന്‍ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ബെംഗളൂരു മെട്രോയുടെ പിങ്ക് ലൈന്‍ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എസ് ജി പാളയ എന്ന് പുനര്‍നാമകരണം ചെയ്ത താവരക്കരെ സ്റ്റേഷനിലാണ് മുഖ്യമന്ത്രി ഡി കെ ശിവകുമാറിനൊപ്പം പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചത്. എസ് ജി പാളയത്ത് നിന്ന് ബെംഗളൂരു ഐ ഐ എമ്മിലേക്ക് പ്രധാനമന്ത്രി മെട്രോയില്‍ യാത്ര ചെയ്തു.
അസമില്‍ മിനിബസും ട്രക്കും കൂട്ടിയിടിച്ച് 24 മരണം
അസമിലെ കാസിരംഗയില്‍ കണ്ടെയ്‌നര്‍ ട്രക്കും മിനിബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 24 പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയെന്ന് അധികൃതര്‍ അറിയിച്ചു.
വടക്കുകിഴക്കന്‍ ഇന്ത്യയില്‍ പുതിയ ഇനം തവളകളെ കണ്ടെത്തി
വടക്കുകിഴക്കന്‍ ഇന്ത്യയിലെ വനമേഖലകളില്‍ പുതിയ ഇനം തവളകളെ കണ്ടെത്തി ഗവേഷകര്‍. ഡല്‍ഹി സര്‍വകലാശാലയിലെയും അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെയും ശാസ്ത്രജ്ഞരുടെ സംഘമാണ് അഞ്ചുവര്‍ഷം നീണ്ട ഗവേഷണത്തിലൂടെ ജിംഗോഫ്രിസ് ജനുസില്‍പ്പെട്ട അഞ്ച് പുതിയ തവളയിനങ്ങളെ തിരിച്ചറിഞ്ഞത്.
സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തിവെച്ചു
സുരക്ഷാ ഭീഷണികളെ തുടര്‍ന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഹൂതി വിമതര്‍ ആക്രമണം കടുപ്പിച്ച സാഹചര്യത്തിലാണ് ഈ അടിയന്തര നടപടി.
പാകിസ്താന് പ്രതിരോധ രേഖകള്‍ ചോര്‍ത്തിയ വ്യോമസേനാ ഉദ്യോഗസ്ഥനെതിരെ കുറ്റപത്രം
രാജ്യത്തെ സുപ്രധാന പ്രതിരോധ വിവരങ്ങളും അതീവരഹസ്യ രേഖകളും പാകിസ്താനുവേണ്ടി ചോര്‍ത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥനെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. ഗുരുതര വിവരങ്ങളാണ് കുറ്റപത്രത്തില്‍ ഉള്ളത്. നിര്‍ണായക രേഖകളടക്കം ഇയാള്‍ പാകിസ്താന് കൈമാറിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
എന്‍വിഡിയ മേധാവിയുടെ വിവാദത്തില്‍ പരിഹാസവുമായി ടെലഗ്രാം സി.ഇ.ഒ.
എന്‍വിഡിയ മേധാവിയായിരുന്ന ജെന്‍സെന്‍ ഹുവാങ്ങിന്റെ ചൈനീസ് ചാരവനിത വിവാദത്തില്‍ പരിഹാസവുമായി ടെലഗ്രാം സി.ഇ.ഒ. പാവല്‍ ദുരോവ് രംഗത്ത്. തനിക്ക് ഇതുവരെ ഒരു ചാരവനിതയെയും അയച്ചുതന്നിട്ടില്ലെന്നും അത് അനീതിയാണെന്നും എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പാവല്‍ ദുരോവ് പറഞ്ഞു.
ഇന്ത്യന്‍ ബാറ്റര്‍മാരെ രൂക്ഷമായി വിമര്‍ശിച്ച് ഗൗതം ഗംഭീര്‍
ന്യൂസീലന്‍ഡിനെതിരായ നാലാം ഏകദിനത്തിലെ നാണംകെട്ട തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ബാറ്റര്‍മാരെ രൂക്ഷമായി വിമര്‍ശിച്ച് പരിശീലകന്‍ ഗൗതം ഗംഭീര്‍. ന്യൂസീലന്‍ഡിന്റെ പേസര്‍ മാറ്റ് ഹെന്റി എറിഞ്ഞ പന്തുകള്‍ നേരിടാന്‍ കഴിയാത്തവയാണെന്ന വാദം തള്ളിയ ഗംഭീര്‍ പ്രശ്‌നം ഇന്ത്യന്‍ ബാറ്റര്‍മാരുടെ ഭാഗത്താണെന്നും അതാണ് തന്റെ ആശങ്കയെന്നും വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുതിയ പരിശീലകനായി മൗറീഷ്യോ പോച്ചെറ്റിനോ
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഇനി മൗറീഷ്യോ പോച്ചെറ്റിനോ പരിശീലിപ്പിക്കും. രണ്ടര വര്‍ഷത്തേക്കാണ് കരാര്‍. സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ മൈക്കല്‍ കാരിക്കിനെ പുറത്താക്കിയിരുന്നു.
വിദേശ ഓഹരികളിലും ബോണ്ടുകളിലുമുള്ള ഇന്ത്യക്കാരുടെ നിക്ഷേപത്തില്‍ വന്‍ വര്‍ധന
വിദേശ ഓഹരികളിലും ബോണ്ടുകളിലുമുള്ള ഇന്ത്യക്കാരുടെ നിക്ഷേപത്തില്‍ വന്‍ വര്‍ധന. റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ പ്രകാരം, 2026 സാമ്പത്തിക വര്‍ഷത്തില്‍ ഈ നിക്ഷേപം മുന്‍വര്‍ഷത്തെക്കാള്‍ 56.1 ശതമാനം ഉയര്‍ന്ന് 270 കോടി ഡോളറിലെത്തി. ആഭ്യന്തര വിപണിയില്‍ മാത്രം ഒതുങ്ങാതെ വിവിധ രാജ്യങ്ങളിലേക്ക് നിക്ഷേപം വ്യാപിപ്പിക്കാന്‍ ഇന്ത്യക്കാര്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നതിന്റെ സൂചനയാണിത്.
ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയിലേക്ക് വിന്‍ഫാസ്റ്റ് എസ്യുവി
ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ മത്സരം ശക്തമാക്കാന്‍ വിയറ്റ്നാമീസ് വാഹന നിര്‍മാതാക്കളായ വിന്‍ഫാസ്റ്റ്. കമ്പനിയുടെ ജനപ്രിയ ഇലക്ട്രിക് എസ്യുവിയായ വിഎഫ്5യുടെ പരിഷ്‌കരിച്ച പതിപ്പ് ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ മോഡലിന്റെ ഡിസൈന്‍ പേറ്റന്റ് ഇന്ത്യയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. പുതിയ വിഎഫ്5 വിപണിയിലെത്തുന്നതോടെ ടാറ്റ നെക്‌സോണ്‍ ഇവി ഉള്‍പ്പെടെയുള്ള ഇലക്ട്രിക് എസ്യുവികള്‍ക്ക് ശക്തമായ മത്സരം നേരിടേണ്ടിവരും.
കാറുകളിലെ സൈബര്‍ സുരക്ഷാ ഭീഷണികള്‍
ഇന്നത്തെ കാറുകള്‍ വെറും യാത്രാസംവിധാനങ്ങളല്ല, മറിച്ച് ചക്രങ്ങളില്‍ സഞ്ചരിക്കുന്ന കമ്പ്യൂട്ടറുകളാണ്. ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, സ്മാര്‍ട്ട് കീ, മൊബൈല്‍ ആപ്പ് നിയന്ത്രണം തുടങ്ങി നിരവധി ആധുനിക സാങ്കേതികവിദ്യകളാണ് പുതിയ കാറുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഈ സൗകര്യങ്ങള്‍ക്കൊപ്പം സൈബര്‍ ആക്രമണ സാധ്യതകളും വര്‍ധിക്കുന്നുണ്ട്. ചെറിയൊരു സുരക്ഷാ പിഴവ് പോലും നിങ്ങളുടെ കാര്‍ ഹാക്കര്‍മാരുടെ ലക്ഷ്യമാകാന്‍ കാരണമായേക്കാം.
വിജയ് സേതുപതി – ത്യാഗരാജന്‍ കുമാരരാജ ചിത്രം ‘പോക്കറ്റ് നോവല്‍’ പ്രഖ്യാപനം
തമിഴ് സിനിമയിലെ ശ്രദ്ധേയ കൂട്ടുകെട്ടായ നടന്‍ വിജയ് സേതുപതിയും സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജയും വീണ്ടും ഒന്നിക്കുന്ന ചിത്രം ‘പോക്കറ്റ് നോവല്‍’ 2027 പൊങ്കല്‍ റിലീസായി ജനുവരി 14ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. ‘ആരണ്യകാണ്ഡം’, ‘സൂപ്പര്‍ ഡീലക്സ്’ തുടങ്ങിയ വ്യത്യസ്തമായ സിനിമകളിലൂടെ ശ്രദ്ധേയനായ ത്യാഗരാജന്‍ കുമാരരാജയും വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപനം മുതല്‍ തന്നെ സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ പ്രതീക്ഷയാണ് ചിത്രം സൃഷ്ടിച്ചിരിക്കുന്നത്. ‘സൂപ്പര്‍ ഡീലക്സിന്’ ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പോക്കറ്റ് നോവലിനുണ്ട്.
നിതേഷ് തിവാരിയുടെ ‘രാമായണ’ 1000 കോടി ക്ലബ്ബില്‍
നിതേഷ് തിവാരി സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം ‘രാമായണ’ 1000 കോടി ക്ലബ്ബില്‍. അണിയറപ്രവര്‍ത്തകരാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. റിലീസ് ചെയ്ത് എട്ട് ദിവസം കൊണ്ടാണ് രാമായണയുടെ ഈ നേട്ടം എന്നത് ഏറെ ശ്രദ്ധേയമാണ്. നവംബര്‍ 5ന് തിയറ്ററില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ രാമനായി രണ്‍ബീര്‍ കപൂറും രാവണനായി യഷും ആണ് എത്തുന്നത്. സായ് പല്ലവിയാണ് ചിത്രത്തില്‍ സീതയായി എത്തുന്നത്.
പ്രോസ്റ്റേറ്റ് കാന്‍സര്‍: പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി
പ്രോസ്റ്റേറ്റ് കാന്‍സറുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി. മധ്യവയസ്‌കരായ പുരുഷന്മാര്‍ പതിവായി പരിശോധന നടത്തണമെന്ന് വ്യാഴാഴ്ച പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കി. 50-നും 69-നും ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍ ഓരോ രണ്ട് വര്‍ഷത്തിലും പി.എസ്.എ (PSA) പരിശോധന നടത്തണമെന്ന് മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.






























