25.9 C
Kollam
Thursday 12th November, 2026 | 08:10:26 AM
Home News Breaking News പത്രം മലയാള ദിനപത്രങ്ങളിലൂടെ നവംബര്‍ 12, വ്യാഴം 1202 | തുലാം 26 | തൃക്കേട്ട

പത്രം മലയാള ദിനപത്രങ്ങളിലൂടെ നവംബര്‍ 12, വ്യാഴം 1202 | തുലാം 26 | തൃക്കേട്ട

Advertisement

എല്‍പിഎസ്ടി സമരപ്പന്തല്‍ പൊളിച്ചുമാറ്റി പോലീസ്

സെക്രട്ടേറിയറ്റിന് മുന്നിലെ എല്‍പിഎസ്ടി സമരപ്പന്തല്‍ പോലീസ് പൊളിച്ചുമാറ്റി. നിരാഹാര സമരമിരിക്കുന്ന വളര്‍മതിയെ ഡോക്ടര്‍മാര്‍ സമരപ്പന്തലില്‍ എത്തി ആരോഗ്യനില പരിശോധിച്ചതിന് പിന്നാലെ ബലംപ്രയോഗിച്ച് പോലീസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതിനു പിന്നാലെയാണ് സമരപ്പന്തല്‍ പോലിസ് പൊളിച്ചുമാറ്റിയത്.

എല്‍പിഎസ്ടി സമരപ്പന്തല്‍ പുന:സ്ഥാപിച്ച് ഡിവൈഎഫ്ഐ

എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥികളുടെ പോലീസ് പൊളിച്ചു നീക്കിയ സമരപ്പന്തല്‍ പുന:സ്ഥാപിച്ച് ഡിവൈഎഫ്ഐ. പന്തല്‍ വീണ്ടും കെട്ടുന്നത് പോലീസ് തടഞ്ഞത് സ്ഥലത്ത് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി. അതേസമയം, പുനഃസ്ഥാപിച്ച സമരപ്പന്തലില്‍ റാങ്ക് ഹോള്‍ഡര്‍മാര്‍ നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്.

പ്രതിപക്ഷ നേതാവിന്റെ പ്രതികരണം

ജനാധിപത്യപരമായ പ്രതിഷേധങ്ങളോടുള്ള യുഡിഎഫ് സര്‍ക്കാരിന്റെ അസഹിഷ്ണുതയാണ് എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥികളുടെ സമരപ്പന്തല്‍ പൊളിച്ചുനീക്കിയതിലൂടെ വ്യക്തമാകുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സമാധാനപരമായി സമരം ചെയ്യുന്നവരെ പോലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ നേരിടുന്ന രീതിയാണ് സര്‍ക്കാര്‍ തുടരുന്നതെന്നും. ‘വളര്‍മതി മുടി മുറിക്കുന്നത് കണ്ടു കരഞ്ഞുപോയ മുഖ്യമന്ത്രി തന്നെയല്ലേ ഇപ്പോള്‍ ഈ അതിക്രമത്തിന് നേതൃത്വം നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു.

സമര നേതാവ് വളര്‍മതി ചികിത്സയുമായി സഹകരിക്കുന്നില്ല

എല്‍പിഎസ്ടി സമരപ്പന്തല്‍ പൊളിച്ചു മാറ്റിയതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയ സമര നേതാവ് വളര്‍മതി ചികിത്സയുമായി സഹകരിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍. വളര്‍മതി നിലവില്‍ ഐസിയുവിലാണ്. വാര്‍ഡിലേക്ക് മാറ്റിയാല്‍ മാത്രം ചികിത്സയുമായി സഹകരിക്കുമെന്നാണ് വളര്‍മതി അറിയിച്ചിട്ടുള്ളത്.

ജമ്മു കശ്മീരില്‍ ഭീകരാക്രമണം

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ദേശീയപാത 44-ലുള്ള സി.ആര്‍.പി.എഫ് ചെക്ക് പോസ്റ്റിന് നേരെ ഭീകരാക്രമണം. ബൈക്കിലെത്തിയ ഭീകരര്‍ സി.ആര്‍.പി.എഫ് ബൂത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ മൂന്ന് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു. ലഷ്‌കര്‍-ഇ-തൊയ്ബ ബന്ധമുള്ള തദ്ദേശീയരായ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സ്ഥിതിഗതികള്‍ വിശകലനം ചെയ്യുന്നതിനും തുടര്‍നടപടികള്‍ വിലയിരുത്തുന്നതിനും ആഭ്യന്തരമന്ത്രാലയം ഉന്നതതലയോഗം വിളിച്ചു.

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പിണറായി വിജയന്‍

സംസ്ഥാനത്തെ ജനങ്ങളെ പവര്‍ക്കട്ടിന്റെ പേരു പറഞ്ഞ് ഭയപ്പെടുത്തി, ഇരുട്ടിന്റെ മറവില്‍ കോടികളുടെ ദുരൂഹ വൈദ്യുതിക്കച്ചവടത്തിന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നേരിട്ടു നടത്തിയ നീക്കങ്ങള്‍ ഒന്നൊന്നായി ജനങ്ങള്‍ക്കു മുന്നില്‍ പൊളിഞ്ഞുവീഴുകയാണെന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പ്രതിപക്ഷ ആരോപണങ്ങള്‍ക്കു വ്യക്തമായ മറുപടിയില്ലാതെ വരുമ്പോള്‍, ക്യാമറകള്‍ക്കു മുന്നില്‍ ഡയലോഗടിച്ചാല്‍ ചെയ്തുകൂട്ടിയ തെറ്റായ കാര്യങ്ങള്‍ വെളുത്തുപോകില്ലെന്നു മുഖ്യമന്ത്രി മനസിലാക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു. രേഖകള്‍ ചോദിക്കുമ്പോള്‍ മുന്‍ സര്‍ക്കാരിന്റെ മെക്കിട്ടുകയറുന്നത് ശുദ്ധ ഭീരുത്വമാണെന്നും മുഖ്യമന്ത്രി വിവരക്കേടുകളെ വീരവാദമാക്കുന്നുവെന്നും മുഖ്യമന്ത്രി ജനങ്ങളെ കൊഞ്ഞനം കുത്തുകയാണെന്നും ഈ ശൈലി സ്വന്തം പോക്കറ്റില്‍ വെച്ചാല്‍ മതിയെന്നും പിണറായി പറഞ്ഞു.

കെഎസ്ഇബി ചെയര്‍മാന്‍ വൈദ്യുതി മന്ത്രിയെ കണ്ടു

വിവാദങ്ങള്‍ക്കിടെ വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെ കണ്ട് കെഎസ്ഇബി ചെയര്‍മാന്‍ എന്‍. പ്രശാന്ത്. മന്ത്രി അതൃപ്തി പ്രകടിപ്പിച്ചതിന് ശേഷമാണ് കൂടിക്കാഴ്ച. മന്ത്രിയെ അവഗണിച്ച് പവര്‍ സെക്രട്ടറിയും വൈദ്യുതി ബോര്‍ഡ് ചെയര്‍മാനും മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ തീരുമാനിച്ചതിലാണ് മന്ത്രിക്കുള്ള അതൃപ്തി. പ്രതിസന്ധി ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയായെന്ന് വിവരം. ഇതുവരെ ഉണ്ടായ സംഭവവികാസങ്ങള്‍ ചെയര്‍മാന്‍ മന്ത്രിയെ ധരിപ്പിച്ചതായാണ് സൂചന.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഓടയില്‍ നിന്ന് ഭ്രൂണം കണ്ടെത്തി

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഓടയില്‍ നിന്ന് ഭ്രൂണം കണ്ടെത്തി. ഓട വൃത്തിയാക്കാന്‍ ഇറങ്ങിയ ശുചീകരണ തൊഴിലാളികളാണ് ഭ്രൂണം കണ്ടെത്തിയത്. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഭ്രൂണം എങ്ങനെ ഓടയിലെത്തി എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.

കൊല്ലം സ്വദേശി അക്ഷയ് ഹരീഷിനെ നാട്ടിലെത്തിക്കും

ഇറാനില്‍ കുടുങ്ങിയ കൊല്ലം പ്രാക്കുളം സ്വദേശി അക്ഷയ് ഹരീഷിനെ മൂന്നുദിവസത്തിനുള്ളില്‍ നാട്ടിലെത്തിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. ഇറാനിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ അക്ഷയ്യുമായി സംസാരിച്ചു.

കൈക്കൂലി കേസില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു

കൈക്കൂലി കേസില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. വൈക്കം സിഐ ആയിരുന്ന പി.എ. ഷമീര്‍ഖാനാണ് പിടിയിലായത്. അസം സ്വദേശിയുടെ പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങി മണ്ണ് മാഫിയയില്‍ നിന്ന് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയിരുന്നു.

ടി.എം. തോമസ് ഐസക് സിസാ തോമസിനെ പരിഹസിച്ചു

കാലടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ സിസാ തോമസിനെ പരിഹസിച്ച് സിപിഎം നേതാവ് ടി.എം. തോമസ് ഐസക്. സംസ്‌കൃതത്തിന്റെ അക്ഷരമാലപോലും അറിയാത്ത സിസ തോമസിന് സംഘപരിവാറിനോടുള്ള വിധേയത്വമാണ് കാലടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയിരിക്കാനുള്ള യോഗ്യതയെന്നാണ് തോമസ് ഐസക് പരിഹസിച്ചത്.

ചേരാനല്ലൂര്‍ ബെന്‍സ് അപകട കേസില്‍ ഹര്‍ജി

ചേരാനല്ലൂര്‍ ബെന്‍സ് അപകട കേസില്‍ 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി ജയബാലകൃഷ്ണന്റെ മക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. അഡിഷണല്‍ സെഷന്‍സ് കോടതിക്ക് നിയപരമായ വീഴ്ച പറ്റിയെന്നും കുറ്റകൃത്യത്തിന്റെ ഗൗരവം പരിഗണിക്കാതെയാണ് ജാമ്യം നല്‍കിയതെന്നും ഹര്‍ജിയില്‍ പറയുന്നു.

വയനാട് ചിത്രഗിരിയിലെ മാനവികതയെ അഭിനന്ദിച്ച് മുഖ്യമന്ത്രി

വയനാട് ചിത്രഗിരിയില്‍ മക്കളോ ബന്ധുക്കളോ ഇല്ലാത്ത കല്യാണിയമ്മയ്ക്ക് അന്ത്യം കര്‍മ്മം ചെയ്ത റസാക്കിനേയും സുലൈമാനേയും അഭിനന്ദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍. വയനാട് മൂപ്പൈനാട് പഞ്ചായത്ത് ചിത്രഗിരിയില്‍നിന്നുള്ള ഈ വാര്‍ത്തയില്‍ തെളിഞ്ഞുകണ്ടത് മനുഷ്യസ്‌നേഹത്തിന്റെ യഥാര്‍ത്ഥ കേരള സ്റ്റോറിയാണെന്ന് വി.ഡി. സതീശന്‍ ഫേയ്സ്ബുക്കില്‍ കുറിച്ചു.

എസ്.വി. ജയലക്ഷ്മി അന്തരിച്ചു

നടന്‍ ഭരത് ഗോപിയുടെ ഭാര്യ എസ്.വി. ജയലക്ഷ്മി (83) അന്തരിച്ചു. തിരുവനന്തപുരം ശ്രീകാര്യത്തെ വസതിയിലായിരുന്നു അന്ത്യം. നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി മകനാണ്. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് ശാന്തികവാടത്തില്‍.

വ്യവസായി ടി.ആര്‍. രഘുലാല്‍ അന്തരിച്ചു

എലൈറ്റ് ഫുഡ്സ് ആന്‍ഡ് ഇന്നവേഷന്‍സ് ഗ്രൂപ്പിന്റെ സ്ഥാപകനും പ്രമുഖ വ്യവസായിയുമായ ടി ആര്‍ രഘുലാല്‍ അന്തരിച്ചു. 1986ല്‍ ആലപ്പുഴ അരൂരില്‍ ബ്രഡ് ഉല്‍പാദന യൂണിറ്റായി തുടങ്ങിയ എലൈറ്റ് ഫുഡ്സിന് ഇന്നു 20 രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്.

കോവളം പീഡന കേസ്

കോവളത്തെ സ്പായില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. ഇയാള്‍ സ്പായിലെത്തി പെണ്‍കുട്ടിയെ നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിന്റെ പീഡനത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും. കേസില്‍ ഇതുവരെ 9 പേരാണ് അറസ്റ്റിലായത്.

കെഎസ്ആര്‍ടിസി ചേര്‍ത്തല ഡിപ്പോയില്‍ ഡീസല്‍ മോഷണം

കെഎസ്ആര്‍ടിസി ചേര്‍ത്തല ഡിപ്പോയില്‍ സര്‍വീസ് കഴിഞ്ഞെത്തുന്ന ബസുകള്‍ കേന്ദ്രീകരിച്ച് ഡീസല്‍ മോഷണം നടത്തിയ മെക്കാനിക്കല്‍ വിഭാഗത്തിലെ നാലു ജീവനക്കാര്‍ പെന്‍ ക്യാമറയില്‍ കുടുങ്ങി. ഡിപ്പോയില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് മൈലേജ് കുറവു വന്നതിനെ തുടര്‍ന്നുഉള അന്വേഷണത്തിലാണ് മോഷണം കണ്ടെത്തിയത്.

മയക്കുമരുന്ന് കേസിലെ പ്രതി കരുതല്‍ തടങ്കലില്‍

മയക്കുമരുന്ന് കേസുകളിലെ സ്ഥിരം പ്രതിയായ യുവതിയെ കരുതല്‍ തടങ്കലിലാക്കി പൊലീസ്. തിരുവനന്തപുരം വെട്ടുകാട് ബാലനഗര്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന രേഖയെയാണ് തുടര്‍ച്ചയായ കേസുകളെത്തിയതോടെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

കൊച്ചിയില്‍ സാഹസിക അപകടയാത്ര നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി

കൊച്ചി നഗരത്തില്‍ ഒറ്റ സ്‌കൂട്ടറില്‍ സാഹസിക അപകടയാത്ര നടത്തിയ അഞ്ച് വിദ്യാര്‍ത്ഥികളുടെ ദൃശ്യങ്ങള്‍ വൈറലായതോടെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. സ്‌കൂട്ടര്‍ ഓടിച്ച യുവാവിന് പിഴ ഈടാക്കി ലൈസന്‍സ് റദ്ദാക്കാന്‍ നടപടി തുടങ്ങിയ എംവിഡി ബോധവത്കരണത്തിനായി അഞ്ച് പേരുടെയും മാതാപിതാക്കളോട് നേരിട്ടെത്താനും നോട്ടീസ് അയച്ചു.

പുരോഹിതനെതിരെ വീണ്ടും പോക്‌സോ കേസ്

പള്ളിയില്‍ പ്രാര്‍ഥനയ്ക്ക് വരുന്ന പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായി ജാമ്യത്തിലിറങ്ങിയ പുരോഹിതനെതിരേ വീണ്ടും പോക്‌സോ കേസ്. മംഗളൂരു വലന്‍ഷ്യ സെയിന്റ് വിന്‍സന്റ് ഫെറാര്‍ പള്ളിയിലെ മുന്‍ വികാരി ഫാ. സൈപ്രിയാന്‍ പിന്റോയ്ക്കെതിരേയാണ് മംഗളൂരു വനിതാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ബെലഗാവിയില്‍ യുവാവ് കൊലപ്പെട്ടു

അമ്മയുടെ വിവാഹേതരബന്ധത്തെ എതിര്‍ത്തതിന് കര്‍ണാടകയിലെ ബെലഗാവിയില്‍ യുവാവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ബെംഗളൂരുവിലെ ആര്‍ടി നഗറിലെ താമസക്കാരനായ വിജയ് നാരായണിനെയാണ് അമ്മ മീനയും കാമുകന്‍ രാകേഷ് ജമുനിയും രാകേഷിന്റെ നാലു സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയത്.

സൗദി അറേബ്യയില്‍ നിന്നുള്ള യാത്രക്കാര്‍ പ്രതിസന്ധിയില്‍

യുദ്ധ ഭീതിയില്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ സര്‍വീസ് നിര്‍ത്തിയതോടെ പ്രതിസന്ധിയിലായി സൗദി അറേബ്യയില്‍ നിന്നുള്ള യാത്രക്കാര്‍. വിദേശ വിമാനക്കമ്പനികള്‍ സര്‍വീസ് നടത്തുണ്ടെങ്കിലും ടിക്കറ്റ് നിരക്ക് സാധാരണക്കാര്‍ക്ക് താങ്ങാനാകുന്നതല്ല. ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയോളമാണ് വിദേശ വിമാനക്കമ്പനികള്‍ ഈടാക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ദില്ലിയില്‍

ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ദില്ലിയില്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. നോര്‍ത്ത് സൗത്ത് ബ്ലോക്കുകളിലായി യുഗ് യുഗ്ീന്‍ ഭാരത് എന്ന പേരിലാണ് മ്യൂസിയം സ്ഥാപിക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചത്. 3,230 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്. ഭാരതതിന്റെ സമ്പന്ന പൈതൃകം പ്രദര്‍ശിപ്പിക്കുന്നതാകും മ്യൂസിയമെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നഗരങ്ങളില്‍ തൊഴിലില്ലായ്മ രൂക്ഷമാകുന്നു

രാജ്യത്തെ നഗരങ്ങളില്‍ തൊഴിലില്ലായ്മ രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ജൂലായ്-സെപ്റ്റംബര്‍ പാദത്തില്‍ നഗരപ്രദേശങ്ങളിലെ യുവാക്കളുടെ തൊഴിലില്ലായ്മ ആറു പാദങ്ങളിലെ ഉയര്‍ന്ന നിരക്കിലെത്തി. ഇതില്‍ കേരളമാണ് മുന്നില്‍. രാജ്യത്തൊട്ടാകെയുള്ള നിരക്ക് 15.3 ശതമാനത്തിലേക്ക് താഴാന്‍ സഹായിച്ചത് ഗ്രാമീണ മേഖലയിലെ നിരക്ക് കുറഞ്ഞതാണ്.

സോണിയ ഗാന്ധിയുടെ ഓര്‍മ്മക്കുറിപ്പിനെതിരെ ബിജെപി

സോണിയ ഗാന്ധിയുടെ പുതിയ ഓര്‍മ്മക്കുറിപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്ത്. ഗാന്ധി കുടുംബത്തെ വെള്ളപൂശാനാണ് പുസ്തകമെന്ന് ബിജെപി ആരോപിക്കുമ്പോള്‍, ഇത് വിലകുറഞ്ഞ രാഷ്ട്രീയമാണെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. അടിയന്തരാവസ്ഥ, ബാബറി മസ്ജിദ് തുടങ്ങിയ വിഷയങ്ങളിലെ സോണിയയുടെ പരാമര്‍ശങ്ങളാണ് പ്രധാന ചര്‍ച്ചാവിഷയം.

എന്‍.സി.പി. ലയനസാധ്യത തള്ളാതെ സുനേത്ര പവാര്‍

എന്‍.സി.പി.യുടെ ഇരുവിഭാഗങ്ങളും തമ്മില്‍ ലയനസാധ്യത തള്ളാതെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍.സി.പി. അധ്യക്ഷയുമായ സുനേത്ര പവാര്‍. സമയമാവുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാവുമെന്ന് സുനേത്ര പ്രതികരിച്ചു.

അണ്ണാ ഹസാരെയുടെ പ്രതികരണം

2011-12 കാലത്ത് രാജ്യത്ത് നടന്ന അഴിമതിവിരുദ്ധ പ്രക്ഷോഭത്തിന് പിന്നില്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും രഹസ്യപിന്തുണയുണ്ടായിരുന്നുവെന്ന സോണിയ ഗാന്ധിയുടെ ആരോപണം തള്ളി സാമൂഹിക പ്രവര്‍ത്തകൻ അണ്ണാ ഹസാരെ. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിനെ താഴെയിറക്കുകയായിരുന്നു പ്രക്ഷോഭത്തിന്റെ ലക്ഷ്യമെന്ന സോണിയയുടെ പരാമര്‍ശത്തോടാണ് ഹസാരെ വിയോജിച്ചത്.

ഉത്തര്‍പ്രദേശില്‍ എന്‍.ഡി.എ സഖ്യം ശക്തിപ്പെടുത്താന്‍ ബി.ജെ.പി

2027-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശില്‍ എന്‍.ഡി.എ സഖ്യം ശക്തിപ്പെടുത്താനുള്ള തന്ത്രങ്ങളൊരുക്കി ബി.ജെ.പി. സഖ്യകക്ഷികള്‍ക്കായി 60 സീറ്റുകള്‍ മാറ്റിവയ്ക്കാനാണ് ബി.ജെ.പി. ആലോചിക്കുന്നതെന്നാണ് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.

സോണിയ ഗാന്ധിയുടെ പുസ്തകത്തിനെതിരെ ബിജെപി പരിഹാസം

സോണിയ ഗാന്ധിയുടെ ഓര്‍മക്കുറിപ്പായ ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്’ പുറത്തുവന്നതിന് പിന്നാലെ വിമര്‍ശനവുമായി ബിജെപി. പ്രധാനമന്ത്രിപദം ഏറ്റെടുക്കാതിരിക്കാന്‍ നടത്തിയ ‘വന്‍ ത്യാഗം’ ഒടുവില്‍ ‘സൂപ്പര്‍ പ്രധാനമന്ത്രിയാകാന്‍’ വേണ്ടിയായിരുന്നുവെന്ന് ബിജെപി പരിഹസിച്ചു.

പടക്കങ്ങള്‍ പൊട്ടിച്ച് ആഘോഷിച്ച ജനങ്ങളെ പ്രശംസിച്ച് യോഗി ആദിത്യനാഥ്

ധന്‍തേരസിനും ദീപാവലിക്കും പടക്കങ്ങള്‍ പൊട്ടിച്ച് ആഘോഷിച്ച ജനങ്ങളെ പ്രശംസിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പടക്കങ്ങള്‍ പൊട്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഏറെ സന്തോഷം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ക്വാല്‍കോം ആഗോളതലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍ ആരംഭിച്ചു

അമേരിക്കന്‍ ബഹുരാഷ്ട്ര സെമികണ്ടക്ടര്‍, ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ ക്വാല്‍കോം ആഗോളതലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ 1,000 പേര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് വിവരം.

ഇസ്രയേലില്‍ വാക്കേറ്റം

ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രി നാഫ്തലി ബെന്നറ്റുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭാര്യ സാറ. കാവല്‍ പ്രധാനമന്ത്രിയായ നെതന്യാഹു, ചൊവ്വാഴ്ച പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു സംഭവം.

ചൈനീസ് സര്‍വകലാശാല എന്‍വിഡിയ ചിപ്പുകള്‍ വാങ്ങി

ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായി അടുത്ത ബന്ധമുള്ള സര്‍വകലാശാല, കഴിഞ്ഞമാസം എന്‍വിഡിയയുടെ അത്യാധുനിക എച്ച്200 എഐ ചിപ്പുകള്‍ വാങ്ങിയതായി രേഖകള്‍ പുറത്ത്. കൂടാതെ എന്‍വിഡിയ പ്രോസസറുകള്‍ ഘടിപ്പിച്ച കമ്പ്യൂട്ടിങ് സംവിധാനങ്ങള്‍ വാടകയ്ക്കെടുത്തതായും രേഖകളുണ്ട്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകനെ മാറ്റാന്‍ നീക്കം

തുടര്‍ച്ചയായ മോശം പ്രകടനങ്ങളെത്തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ മൈക്കിള്‍ കാരിക്കിനെ മാറ്റാന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. യു എസ് ദേശീയ ടീം പരിശീലകനായ മൗറീഷ്യോ പൊച്ചെറ്റിനോയുമായി ക്ലബ്ബ് അധികൃതര്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

സാഫ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്

സാഫ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മാലദ്വീപിനെ തോല്‍പ്പിച്ച് ഇന്ത്യ സെമി ഫൈനലില്‍. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം. പെനാല്‍റ്റിയില്‍ നിന്നാണ് ഇന്ത്യയുടെ വിജയഗോള്‍ വന്നത്.

അമല ആശുപത്രി വാര്‍ത്തകള്‍

അമലയില്‍ കേക്ക് മിക്‌സിംഗ് സെറിമണി. ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കായ് അമല മെഡിക്കല്‍ കോളേജ് ഭക്ഷ്യ പാനീയ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ കേക്ക് മിക്‌സിംഗ് സെറിമണിയുടെ ഉദ്ഘാടനം അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറക്കല്‍ സി.എം.ഐ. നിര്‍വഹിച്ചു.

ടാറ്റ നെക്സോണിന്റെ രണ്ടാം തലമുറ മോഡല്‍

ഇന്ത്യന്‍ വാഹന വിപണിയില്‍ ഏറെ ജനപ്രീതിയുള്ള ടാറ്റ നെക്സോണിന്റെ രണ്ടാം തലമുറ മോഡല്‍ 2027ല്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ‘പ്രോജക്ട് ഗരുഡ്’ എന്ന രഹസ്യനാമത്തില്‍ വികസിപ്പിക്കുന്ന പുതിയ നെക്സോണ്‍ നിലവില്‍ വിവിധ ഘട്ടങ്ങളിലായി പരീക്ഷണയോട്ടം നടത്തിവരികയാണ്. നിരവധി തവണ പരീക്ഷണയോട്ടത്തിനിടെ വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 2017 സെപ്റ്റംബറില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചതിനുശേഷമുള്ള ആദ്യ സമ്പൂര്‍ണ തലമുറ മാറ്റമായിരിക്കും പുതിയ മോഡലിലൂടെ ടാറ്റ കൊണ്ടുവരുന്നത്. മാരുതി സുസുക്കി ബ്രെസ, സ്‌കോഡ കൈലാക്, ഹ്യുണ്ടായി വെന്യു, കിയ സോണറ്റ്, മഹീന്ദ്ര എക്സ്യുവി ത്രീ എക്സ്ഒ തുടങ്ങിയ മോഡലുകളുമായിട്ടായിരിക്കും പുതിയ നെക്സോണിന്റെ മത്സരം.

പറക്കും കാര്‍ സാങ്കേതികവിദ്യയുമായി എക്സ്പെങ്

പറക്കും കാര്‍ സാങ്കേതികവിദ്യയില്‍ പുതിയ ചുവടുവയ്പ്പുമായി ചൈനീസ് വാഹന നിര്‍മാതാക്കളായ എക്സ്പെങ്. ഇലോണ്‍ മസ്‌കിന്റെ ടെസ്ല പറക്കും വാഹനത്തിന്റെ കണ്‍സെപ്റ്റ് അവതരിപ്പിച്ചതിന് പിന്നാലെയാണ് ചൈനീസ് കമ്പനിയും പുതിയ മോഡലുമായി രംഗത്തെത്തുന്നത്. രണ്ട് പേര്‍ക്ക് സഞ്ചരിക്കാവുന്ന ഇലക്ട്രിക് പറക്കും കാര്‍ 2027ല്‍ വിപണിയിലെത്തിക്കാനാണ് എക്സ്പെങ്ങിന്റെ പദ്ധതി. ഏകദേശം 3 ലക്ഷം ഡോളറാണ് വാഹനത്തിന്റെ പ്രതീക്ഷിക്കുന്ന വില. അതായത് ഏകദേശം 2.18 കോടി രൂപ.

ആദ്യ ബിച്ചു തിരുമല പുരസ്‌കാരം നടന്‍ മധുവിന്

ബിച്ചു തിരുമലയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പ്രഥമ ബിച്ചു തിരുമല പുരസ്‌കാരം ചലച്ചിത്ര നടന്‍ മധുവിന്. ഡോ. ജോര്‍ജ് ഓണക്കൂര്‍, ബാലു കിരിയത്ത്, ഡോ. എം.ആര്‍. തമ്പാന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പത്മശ്രീ മധുവിന് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചത്.

പ്രമേഹവും കാന്‍സറും തമ്മിലുള്ള ബന്ധം

പ്രമേഹരോഗികളില്‍ 24 സാധാരണ കാന്‍സറുകളില്‍ 21 എണ്ണത്തിനുമുള്ള സാധ്യത കൂടുതലാണെന്നാണ് പഠനം പറയുന്നത്. രാജ്യത്തെ അഞ്ചുദശലക്ഷം വ്യക്തികളുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ചാണ് വിലയിരുത്തലില്‍ എത്തിയത്. ലിവര്‍, പാന്‍ക്രിയാറ്റിക്, കോളറക്റ്റല്‍, ബ്രെസ്റ്റ്, എന്‍ഡോമെട്രിയല്‍ കാന്‍സറുകളിലാണ് ഈ ബന്ധം കൂടുതല്‍ പ്രകടമായത്.

ചികിത്സാമേഖലയിലും എഐയുടെ അപ്രമാദിത്യം വരുമെന്ന് പ്രവചനം

ആരോഗ്യരംഗത്തുള്‍പ്പെടെ നിരവധി മേഖലകളില്‍ എഐ ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞു. എഐയുടെ സഹായത്തോടെയുള്ള ഗവേഷണങ്ങളും പഠനഫലങ്ങളുമൊക്കെ പുറത്തുവരുന്നുണ്ട്. ഇപ്പോഴിതാ ഒരുപടികൂടി കടന്ന് വരുംകാലങ്ങളില്‍ ചികിത്സാമേഖലയിലും എഐയുടെ അപ്രമാദിത്യം ആയിരിക്കുമെന്നു പറയുകയാണ് ആന്ത്രോപ്പിക്കിന്റെ സിഇഒ ഡാരിയോ അമോഡെയ്. കാന്‍സര്‍, അല്‍സ്ഹൈമേഴ്സ്, ഹൃദ്രോഗങ്ങള്‍, മാനസികരോഗങ്ങള്‍ തുടങ്ങിയവ വെറും പത്തുകൊല്ലത്തിനുള്ളില്‍ ഭൂതകാല ഓര്‍മകളായി മാറുമെന്നാണ് ഡാരിയോ പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here