ക്യാമറാമാൻ ഷാജികുമാറിന്റെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ് സിനിമാലോകം. രണ്ടു ദിവസം മുൻപ് ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം സാധാരണ അവസ്ഥയിലേക്ക് തിരിച്ചു വരുന്നതിന് ഇടയിലാണ് മരണം സംഭവിച്ചത്. ഏറ്റവും ഒടുവിൽ വിഡിയോ കോളിൽ വിളിച്ചത് മോഹൻലാലിനെ ആയിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. പ്രിയതാരത്തെ ഫോണിൽ വിളിച്ച് താൻ ഓക്കെയാണ് എന്നു പറഞ്ഞതിനു പിന്നാലെയാണ് അപ്രതീക്ഷിത വേർപാട്.
രണ്ടു ദിവസം മുൻപ് ദിലീപ് ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഷാജികുമാറിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടനെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചു. തിങ്കളാഴ്ച രാത്രി ഒൻപതര ആയപ്പോൾ ഐസിയുവിൽ നിന്നു മാറ്റി. ആരോഗ്യാവസ്ഥ മെച്ചപ്പെട്ടിരുന്നു. സാധാരണ പോലെ എല്ലാവരോടും സംസാരിച്ചുവെന്ന് ഷാജികുമാറിന്റെ സുഹൃത്തുക്കൾ പറയുന്നു.
ഏറ്റവും അവസാനം ഷാജികുമാർ വിഡിയോ കോളിൽ വിളിച്ചു സംസാരിച്ചത് മോഹൻലാലിനെ ആയിരുന്നു. മോഹൻലാലിന്റെ കരിയറിലെ നാഴികക്കല്ലുകളായ ‘പുലിമുരുകൻ’, ‘തുടരും’ തുടങ്ങി നിരവധി ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചത് ഷാജികുമാറായിരുന്നു. തരുൺ മൂർത്തിയുടെ പുതിയചിത്രം ‘അതിമനോഹര’ത്തിന്റെ ക്യാമറയും ഷാജികുമാർ ആയിരുന്നു. മോഹൻലാലുമായി അത്രയും ആത്മബന്ധമുണ്ടായിരുന്ന അദ്ദേഹം ആരോഗ്യം മെച്ചപ്പെട്ടുവെന്ന് ആദ്യം അറിയിക്കാൻ ആഗ്രഹിച്ചതും മോഹൻലാലിനെ ആയിരുന്നു.
താൻ ഓക്കെയാണെന്ന് മോഹൻലാലിനോട് വിഡിയോ കോളിൽ വിളിച്ച് അറിയിച്ച ശേഷം ഏറെ സന്തോഷവാനായിരുന്നു അദ്ദേഹം. ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് വാഷ്റൂമിലേക്ക് പോകുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. കാണാനെത്തിയ സുഹൃത്തുക്കൾ ആശുപത്രി വിടും മുൻപെ വേദനിപ്പിക്കുന്ന വാർത്തയെത്തി. സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് സുഹൃത്തുക്കൾ അറിയിച്ചു.





























