ശ്രീഹരിക്കോട്ട: നിർണായക ഭൗമനിരീക്ഷണ ഉപഗ്രഹമായ എൻവിഎസ് 03യുടെ വിക്ഷേപണ വിജയത്തിൽ പ്രതികരിച്ച് ഐഎസ്ആർഒ ചെയർമാൻ ഡോ. വി നാരായണൻ. ഉപഗ്രഹം നിശ്ചയിച്ചിരുന്ന ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ കൃത്യമായി എത്തിയെന്ന് ചെയർമാൻ അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദൗത്യത്തിൽ പങ്കാളിയായ ഐഎസ്ആർഒ ജീവനക്കാരടക്കമുള്ളവരെ ചെയർമാൻ വി നാരായണൻ അഭിനന്ദിച്ചു. ഈ സാമ്പത്തിക വർഷം അഞ്ച് വിക്ഷേപണം കൂടി നടക്കുമെന്നും ചെയർമാൻ അറിയിച്ചു. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ സ്വപ്നപദ്ധതിയായ ഗഗൻയാനിലേക്ക് കൂടുതൽ അടുത്തു എന്നും അദ്ദേഹം പറഞ്ഞു.
മുമ്പത്തെ ജിഎസ്എൽവി ദൗത്യം കഴിഞ്ഞ് വെറും 56 ദിവസത്തിനുള്ളിൽ ഈ ദൗത്യം പൂർത്തിയാക്കാൻ കഴിഞ്ഞു എന്നത് വലിയൊരു നേട്ടമാണെന്ന് ചെയർമാൻ പറഞ്ഞു. ഈ വിജയത്തോടെ, നാവിക് ശൃംഖല മികച്ച രീതിയിൽ പ്രവർത്തിക്കാൻ ആവശ്യമായ നാല് ഉപഗ്രഹങ്ങൾ ഇപ്പോൾ ലഭ്യമായിരിക്കുകയാണ്. വിദേശ സഹായമില്ലാതെ ഇന്ത്യയ്ക്ക് സ്വന്തമായി നാവിഗേഷൻ, സമയവിവരങ്ങൾ എന്നിവ നൽകുന്ന ഒരു പ്രധാന തന്ത്രപ്രധാന ആസ്തിയാണ് നാവിക്. ഇത് സാധാരണക്കാരുടെ ആവശ്യങ്ങൾക്കായും ഉപയോഗിക്കുന്നുണ്ട്. ഗഗൻ, നാവിക് എന്നീ സംവിധാനങ്ങളിലൂടെ ആഗോള നാവിഗേഷൻ രംഗത്തേക്ക് ഇന്ത്യ വലിയൊരു സംഭാവനയാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബർ നാലിന് ജിഎസ്എൽവി എഫ് 17 വഴി ഇഒഎസ് 05 എന്ന ഭൗമനിരീക്ഷണ ഉപഗ്രഹം നമ്മൾ വിജയകരമായി വിക്ഷേപിച്ചിരുന്നു. അത് ഇപ്പോൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ഈ വിഭാഗത്തിൽ ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹമാണിത്, ഇതിൽ നിന്ന് വളരെ കൃത്യമായ വിവരങ്ങളാണ് നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ചെയർമാൻ വി നാരായണൻ അറിയിച്ചു. ജിഎസ്എൽവി എഫ് 18 ദൗത്യ വിജയം ഐഎസ്ആർഒ കുടുംബത്തിനും രാജ്യത്തിനും ഏറെ പ്രത്യേകതയുള്ള നിമിഷമാണെന്ന് പ്രൊജക്ട് ഡയറക്ടറും ജിഎസ്എൽവി മിഷൻ ഡയറക്ടറുമായ തോമസ് കുര്യൻ പറഞ്ഞു. ഐഎസ്ആർഒയിലെ വിവിധ ടീമുകളുടെ കഠിനാധ്വാനവും പൂർണമായ സഹകരണവും കൊണ്ടാണ് വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞത്. എല്ലാവരും ഒരുമിച്ച് നിന്ന് ഒരേ ലക്ഷ്യത്തോടെ പരമാവധി ശ്രമിച്ചാൽ നമുക്ക് എന്തൊക്കെ നേടാൻ കഴിയുമെന്ന് ഈ ദൗത്യം കാട്ടിത്തരുന്നുവെന്നും അദ്ദേഹം പറഞ്ഞു.





























