വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കെഎസ്ഇബിക്ക് റഗുലേറ്ററി കമ്മീഷന്റെ അനുമതി
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹാരിക്കാൻ അടുത്ത മാസം മുതൽ മാർച്ചു വരെ 164.16 ദശലക്ഷം യൂണിറ്റ് വൈദ്യുതി വാങ്ങാൻ കെ എസ് ഇ ബിക്ക് റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. രാത്രി 12 മുതൽ പുലർച്ചെ അഞ്ചു വരെ യൂണിറ്റിന് ശരാശരി 8 രൂപ നിരക്കിൽ 131.26 കോടി രൂപയ്ക്ക് വൈദ്യുതി വാങ്ങാനാണ് കെ എസ് ഇ ബിക്ക് അനുമതി ലഭിച്ചത്.
ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: പിഎസ്സി ചെയർമാൻ അറസ്റ്റിലായേക്കും
ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടു കേസിൽ പിഎസ് സി ചെയർമാൻ ഡോ. എം.ആർ. ബൈജു അറസ്റ്റിലായേക്കും. തുടർച്ചയായി രണ്ടാം ദിവസവും ബൈജുവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. രേഖകളും തെളിവുകളും മുന്നിൽവച്ചു ചോദ്യം ചെയ്തപ്പോൾ തനിക്ക് അധികാരമുണ്ടെന്നു ന്യായീകരിച്ചെന്നാണ് വിവരം.
മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള വർധനവ് ബിൽ നിയമസഭ പാസാക്കി
സംസ്ഥാനത്തെ മന്ത്രിമാരുടെയും എം എൽ എമാരുടെയും ശമ്പളം വർധിപ്പിക്കുന്നതിനുള്ള ബിൽ നിയമസഭ ഒറ്റക്കെട്ടായി പാസാക്കി. മുൻ എംഎൽഎമാരുടെ പെൻഷനും വർധിപ്പിച്ചു. ഇതിനു മുൻപ് 2018 ലാണ് ശമ്പള വർധന നടപ്പാക്കിയത്. എം എൽ എമാരുടെ പ്രതിമാസ ആനുകൂല്യം 70,000 രൂപയിൽ നിന്ന് 98,000 രൂപയാകും. മന്ത്രിമാരുടെ ആനുകൂല്യം 1.08 ലക്ഷം രൂപയിൽ നിന്ന് 1.33 ലക്ഷമാകും. മണ്ഡല അലവൻസുകളും യാത്രാ ബത്തയും ഇന്ധന കൂപ്പൺ തുകയും കൂട്ടും. എം എൽ എമാർക്ക് ഒരു പി എയെക്കൂടി അധികമായി അനുവദിക്കണമെന്ന സ്പീക്കറുടെ ആവശ്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ബിൽ പാസാക്കിയതോടെ നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.
തദ്ദേശ ജനപ്രതിനിധികൾക്കും ഓണറേറിയം ഉടൻ കൂട്ടുമെന്ന് മുഖ്യമന്ത്രി
തദ്ദേശ ജനപ്രതിനിധികൾക്കും ഓണറേറിയം ഉടൻ തന്നെ കൂട്ടുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. അടുത്തവർഷം ജനുവരി മുതൽ പുതിക്കിയ ഓണറേറിയും നൽകുമെന്ന് സർക്കാർ നിയമസഭയിൽ വ്യക്തമാക്കി. അൻവർ സാദത്ത് എം എൽ എയുടെ സബ്മിഷന് രേഖാ മൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം സർക്കാർ വ്യക്തമാക്കിയത്.
ഭക്ഷണത്തിൽ പുഴുവുണ്ടെന്ന് വ്യാജ പ്രചാരണം നടത്തിയ അധ്യാപകൻ റിമാൻഡിൽ
കായിക മേളയിലെ ഭക്ഷണത്തിൽ പുഴുവുണ്ടെന്നു പ്രചാരണം നടത്തിയതിന് അറസ്റ്റിലായ കായിക അധ്യാപകൻ ജിജോ ജെയിംസിനെ റിമാൻഡ് ചെയ്തു. പെരുമ്പാവൂർ സ്വദേശിയായ ജിജോ ജെയിംസിനെ നേരത്തെ സസ്പെൻസ് ചെയ്തിരുന്നു.
ലഹരിവസ്തുക്കൾ മോഷ്ടിച്ച എസ്.ഐ അറസ്റ്റിൽ
വിവിധ മയക്കുമരുന്നു കേസുകളിൽ പിടിച്ചെടുത്തതും കോടതി നശിപ്പിക്കാൻ ഉത്തരവിട്ടതുമായ എംഡിഎംഎ അടക്കമുള്ള രാസലഹരി വസ്തുക്കൾ മോഷ്ടിച്ച പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായി. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലെ എസ്ഐ തിരുവനന്തപുരം സ്വദേശി അനസ് എസ് തൗഫിക്ക് എന്ന മുപ്പതുകാരനാണ് പിടിയിലായത്.
ഫോർട്ട് കൊച്ചിയിൽ വീടുമാറി കയറി എക്സൈസ് സംഘത്തിന്റെ ഭീതി സൃഷ്ടിക്കൽ
വാറന്റ് പ്രതിയെ പിടികൂടാൻ എക്സൈസ് സംഘം വീടുമാറി കയറിയതു വിവാദമായി. മലപ്പുറം എടപ്പാൾ സ്വദേശികളായ ദമ്പതികൾ താമസിക്കുന്ന ഫോർട്ട് കൊച്ചി ഫെർണാണ്ടസ് ഗാർഡനിലെ വാടക വീട്ടിലാണ് കട്ടപ്പനയിൽനിന്ന് എത്തിയ എക്സൈസ് സംഘം ഭീകരാവസ്ഥയുണ്ടാക്കിയത്. കൊള്ളസംഘമാണെന്നു തെറ്റിദ്ധരിച്ച് വീട്ടിലുണ്ടായിരുന്ന യുവതി അലമുറയിട്ടു കരഞ്ഞ് കുഴഞ്ഞുവീണു. സമീപവാസികൾ ഓടിയെത്തി യുവതിയെ ആശുപത്രിയിലെത്തിച്ചു. അബദ്ധം പിണഞ്ഞതു മനസിലാക്കി എക്സൈസ് സംഘം മുങ്ങി. നൈറ്റ് ഡ്യൂട്ടിക്കു പോയിരുന്ന ഭർത്താവ് പോലീസിൽ പരാതി നൽകി.
സരൾ ബില്ലിനെതിരെ വിമർശനവുമായി പിണറായി വിജയൻ
വ്യവസായ സംരംഭങ്ങൾക്കും നിക്ഷേപങ്ങൾക്കും ആവശ്യമായ ലൈസൻസുകളും അനുമതികളും എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കാനെന്ന പേരിൽ കേരള സർക്കാർ കൊണ്ടുവന്ന സരൾ ബില്ലിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിലെ തണ്ണീർത്തടങ്ങൾ, നെൽവയലുകൾ, വനപ്രദേശങ്ങൾ എല്ലാറ്റിനേയും ബാധിക്കുന്ന നീക്കമാണ് യുഡിഎഫിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പിണറായി വിജയൻ അഭിപ്രായപ്പെട്ടു.
കാർ അപകടം: സാങ്കേതിക വിദഗ്ധരുടെ പരിശോധന പൂർത്തിയായി
നെടുമ്പാശേരി വിമാനത്താവള റോഡിൽ മിനി കൂപ്പർ കാർ ഇടിച്ചു മൂന്ന് പേർ മരിച്ച കേസിൽ കൂടുതൽ പരിശോധന. കാർ കമ്പനിയുടെ സാങ്കേതിക വിദഗ്ദരെത്തി വാഹനം പരിശോധിച്ചു. ഡൽഹിയിൽ നിന്നാണ് സാങ്കേതിക വിദഗ്ദ്ധരെത്തിയത്. അപകടം നടക്കുമ്പോൾ, കാർ ബ്രേക്ക് ചെയ്തിരുന്നോ എന്നറിയാനാണ് പരിശോധന.
ജെപിസി സിറ്റിംഗിൽ കേരളത്തിലെ സഭകൾക്ക് ക്ഷണമില്ലെന്ന് പരാതി
എഫ്സിആർഎ ഭേദഗതി പരിഗണിക്കുന്ന ജെപിസി കൊച്ചിയിൽ നടത്തുന്ന സിറ്റിങ്ങിൽ കേരളത്തിലെ പ്രധാന സഭകൾക്ക് ക്ഷണമില്ല. പരാതി നൽകാൻ കൊച്ചിയിലെ സിറ്റിംഗിൽ പങ്കെടുപ്പിക്കാതെ, മേഘാലയയിലെ ഷില്ലോങ്ങിലേക്കു വരണമെന്നാണ് ജെപിസി നിർദേശിച്ചത്. ഈ നിലപാട് അംഗീകരിക്കാനാകില്ലെന്ന് ആന്റോ ആന്റണി എംപി. കേരളത്തിലുള്ള സഭകളെ കേരളത്തിൽ തന്നെ കേൾക്കണമെന്ന് എംപി ആവശ്യപ്പെട്ടു.
ജർമൻ ഫുട്ബോൾ പ്രൊഫഷണൽ പരിശീലനം കൊച്ചിയിൽ
ജർമൻ ഫുട്ബോളിന്റെ പ്രൊഫഷണൽ പരിശീലനം ഇന്നും നാളേയും കൊച്ചിയിൽ. രാവിലെ പനമ്പിള്ളി നഗറിലെ സ്പോർട്സ് കൗൺസിൽ ഗ്രൗണ്ടിൽ നടക്കുന്ന ‘ബുണ്ടസ്ലിഗ – സി ഫുട്ബോൾ വീക്ക്’ സി എന്റർടെയ്ൻമെന്റും ജർമൻ ഫുട്ബോൾ ലീഗായ ബുണ്ടസ്ലിഗയും ചേർന്ന് ഈരിസ് എഫ്സി കേരളയുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. രണ്ട് ദിവസവും ക്യാമ്പിൽ ബൊറൂസിയ ഡോർട്മുണ്ടിന്റെ വിദഗ്ധ പരിശീലകർ യുവതാരങ്ങൾക്ക് പരിശീലനം നൽകും.
തുടരന്വേഷണങ്ങൾക്കെതിരെ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ
ആഭ്യന്തരവകുപ്പ് നടത്തുന്ന തുടരന്വേഷണങ്ങൾക്കും പുനരന്വേഷണങ്ങൾക്കുമെതിരെ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ. മുൻ സർക്കാരിന്റെ കാലത്തുനടന്ന ആലപ്പുഴയിലെ രക്ഷാപ്രവർത്തനവും കണ്ണൂരിലെ വീണാ ജോർജ് ആക്രമണ കേസും ഉൾപ്പെടെയുള്ള പ്രധാന വിഷയങ്ങളിലാണ് ഇപ്പോൾ തുടരന്വേഷണം നടക്കുന്നത്. ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുന്നത് സേനയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പോലീസ് സംഘടന ചൂണ്ടിക്കാട്ടി.
കാലിക്കറ്റ് സർവകലാശാല പരീക്ഷയിൽ വീണ്ടും ചോദ്യപേപ്പർ മാറി
കാലിക്കറ്റ് സർവകലാശാലയിൽ പരീക്ഷാ നടത്തിപ്പിൽ വീണ്ടും വീഴ്ച. അഞ്ചാം സെമസ്റ്റർ ബി.എ ഹിസ്റ്ററി പരീക്ഷയിലാണ് ആറാം സെമസ്റ്ററിലെ ചോദ്യങ്ങൾ ഉൾപ്പെടുത്തി ചോദ്യപേപ്പർ മാറി നൽകിയത്. ചോദ്യപേപ്പറിൽ ആകെയുണ്ടായിരുന്ന 20 ചോദ്യങ്ങളും പൂർണ്ണമായി മാറിയാണ് നൽകിയിരുന്നത്.
കൊച്ചി സിനഗോഗ് തീവയ്പ്പ് കേസ് എൻഐഎ ഏറ്റെടുത്തു
കൊച്ചി സിനഗോഗ് തീവയ്പ്പ് കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തു. എബിൻ ബാബുപോൾ പ്രതിയായ കേസിൽ കേരള പൊലിസ് യു എ പി എ ചുമത്തിയിരുന്നു. എബിൻ വിദേശികളുമായി ബന്ധം പുലർത്തിയിരുന്നതിനാൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. എറണാകുളം കടവുംഭാഗം സിനഗോഗിന് മുന്നിലാണ് പ്രതി തീയിട്ടത്.
ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിക്കിടെ മദ്യപിച്ച് ബോധംകെട്ട എക്സൈസ് ഉദ്യോഗസ്ഥൻ പിടിയിൽ
കള്ളിക്കാട് ചെക്ക് പോസ്റ്റിൽ യൂണിഫോമിൽ മദ്യലഹരിയിൽ ബോധം കെട്ട് കിടന്നുറങ്ങിയ എക്സൈസ് ഉദ്യോഗസ്ഥൻ ഷീൻരാജ് പിടിയിൽ. ലക്കുകെട്ട് ഉറങ്ങിയതുമൂലം ചെക്ക് പോസ്റ്റിൽ ഒരു പരിശോധനയും നടന്നില്ല. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് എത്തിയ ഉന്നത ഉദ്യോഗസ്ഥർ ഷീൻരാജിനെ മെഡിക്കൽ പരിശോധനയ്ക്കു വിധേയമാക്കി.
കൂടത്തിൽ തറവാട് കൊലപാതകം: പ്രതി രവീന്ദ്രൻ നായരുടെ ജാമ്യാപേക്ഷ തള്ളി
കരമന കാലടി കൂടത്തിൽ തറവാട്ടിലെ ജയമാധവൻ നായരെ കൊലപ്പെടുത്തിയ കേസിൽ പ്രതി രവീന്ദ്രൻ നായരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി.
കൊഴിഞ്ഞാമ്പാറ കുട്ടികളുടെ കൊലപാതകം: പ്രതി അറസ്റ്റിൽ
പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ രണ്ട് കുഞ്ഞുങ്ങളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മയുടെ സുഹൃത്ത് മേനോൻപാറ പാറക്കുഴി മാർട്ടിൻ ഇഗ്നേഷ്യസ് അറസ്റ്റിലായി.
കൊല്ലത്തുനിന്നുള്ള മത്സ്യബന്ധന ബോട്ടുകൾക്ക് നേരെ തമിഴ്നാട് ബോട്ടുകളുടെ ആക്രമണം
കൊല്ലത്തുനിന്ന് ആഴക്കടൽ മത്സ്യ ബന്ധനത്തിന് പോയ ബോട്ടുകളെ തമിഴ്നാട്ടിൽനിന്നുള്ള ബോട്ടുകളിലെ മത്സ്യത്തൊഴിലാളികൾ ആക്രമിച്ചെന്നു പരാതി. കുളച്ചൽ തീരത്ത് നിന്ന് 60 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം. വലകൾ, ജിപിഎസ് ഉപകരണങ്ങൾ തുടങ്ങിയ സാമഗ്രികൾ നശിപ്പിച്ചു.
ശമ്പള വർധനവ് തുക സ്വീകരിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖർ എംഎൽഎ
സംസ്ഥാനത്തെ എംഎൽഎമാരുടെ ശമ്പളം വർധിപ്പിച്ച തുക സ്വീകരിക്കില്ലെന്ന് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. അലവൻസുകൾ നേമം മണ്ഡലത്തിലെ ജനങ്ങൾക്കായി വിനിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വന്യജീവി സംരക്ഷണ ബിൽ: സർക്കാരിനെതിരെ എ കെ ശശീന്ദ്രൻ
വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം നേടുന്നതിൽ കേരള സർക്കാർ പരാജയപ്പെട്ടതായി എ കെ ശശീന്ദ്രൻ പറഞ്ഞു. സർക്കാർ ഇതിൽ കാര്യക്ഷമമായി ഇടപെടണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് ഇന്ത്യാ സഖ്യത്തിന്റെ പ്രതീകാത്മക വിചാരണ
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഇന്ത്യാ സഖ്യം നേതാക്കൾ ഇന്ന് മൂന്നരയ്ക്ക് പ്രതീകാത്മകമായി വിചാരണ ചെയ്യും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നടക്കുന്ന പരസ്യ വിചാരണയിൽ മുൻ ലോക്സഭ സ്പീക്കർ മീരാ കുമാർ പ്രതീകാത്മക സ്പീക്കറാകും. ഞായറാഴ്ച രാംലീല മൈതാനിയിൽ നടക്കുന്ന റാലിയിൽ പത്തു ലക്ഷത്തോളം പേരെ അണിനിരത്താനാണ് ഇന്ത്യ സഖ്യം കക്ഷി നേതാക്കളുടെ നീക്കം.
ജാമിയ മിലിയയിലെ വിദ്യാർത്ഥി സമരം അവസാനിച്ചു
വിദ്യാർത്ഥി യൂണിയൻ ആകാമെന്ന് അംഗീകരിച്ചതോടെ ജാമിയ മിലിയയിലെ സമരം അവസാനിച്ചു. ജാമിയയിലെ വിദ്യാർത്ഥി യൂണിയൻ ഭരണഘടനയുടെ അംഗീകാരവും നടപ്പാക്കലും 2027 മെയ് 15 നകം പൂർത്തിയാക്കും. 2027 ജൂലൈ 16 ന് ശേഷം വരുന്ന 6 ആഴ്ചയ്ക്കുള്ളിൽ തെരഞ്ഞെടുപ്പ് നടക്കും. വിദ്യാർത്ഥികൾക്കെതിരെ എടുത്ത അച്ചടക്ക നടപടികൾ പിൻവലിക്കും. ഹാരിസ് ബീരാൻ എംപിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയ്ക്കൊടുവിലാണ് തീരുമാനം.
ഡൽഹി വോട്ടർപട്ടിക പരിഷ്കരണം ഡിസംബർ 22-ലേക്ക് നീട്ടി
ഡൽഹിയിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഡിസംബർ 22-ലേക്ക് നീട്ടി. സുപ്രീം കോടതി ഉന്നയിച്ച ചോദ്യങ്ങളുടെ അടിസ്ഥാനത്തിൽ ഡൽഹി ചീഫ് ഇലക്ടറൽ ഓഫീസറുടെ അപേക്ഷ പരിഗണിച്ചാണ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത് മാറ്റിവച്ചത്. ഡിസംബർ 15 വരെ പരാതികൾ പരിഹരിക്കും. അന്തിമ പട്ടിക ഇന്നു പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
ഒളിക്യാമറ വിവാദം: സിദ്ധരാമയ്യയ്ക്ക് കർണാടക പൊലീസിന്റെ ക്ലീൻ ചിറ്റ്
കർണാടകയിൽ രാഷ്ട്രീയ കൊടുങ്കാറ്റ് സൃഷ്ടിച്ച ഒളിക്യാമറ വിവാദത്തിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയ്ക്ക് കർണാടക പോലീസിന്റെ സെൻട്രൽ ക്രൈംബ്രാഞ്ച് ക്ലീൻ ചിറ്റ് നൽകി. സിദ്ധരാമയ്യയ്ക്കെതിരെ പ്രചരിച്ച വീഡിയോ പൂർണ്ണമായും വ്യാജമാണെന്നും അദ്ദേഹത്തെ രാഷ്ട്രീയമായി അപകീർത്തിപ്പെടുത്താൻ തയ്യാറാക്കിയതാണെന്നും കണ്ടെത്തി.
തെക്കമ്പട്ടി ജയിൽ ചാട്ടം: ജയിൽ ഡിജിപിയെ മാറ്റി
തമിഴ്നാട്ടിലെ തേനി ജില്ലയിലുള്ള തെക്കമ്പട്ടി സബ് ജയിലിൽനിന്ന് 17 തടവുകാർ ചാടിപ്പോയ സംഭവത്തിൽ ജയിൽ ഡിജിപി സന്ദീപ് റോയ് റാത്തോഡിനെ തമിഴ്നാട് സർക്കാർ മാറ്റി. എഡിജിപി കെ.ശങ്കറിന് പകരം ചുമതല നൽകി. അതേസമയം ജയിൽ ചാടിയ മുഴുവൻ തടവുകാരെയും രണ്ട് ദിവസം നീണ്ട തെരച്ചിലിനൊടുവിൽ പൊലീസ് പിടികൂടി.
ജന്തർ മന്തർ ഇന്ത്യ ബിനാലെ വേദിയാക്കി കേന്ദ്ര സർക്കാർ
പ്രതിഷേധ വേദി പട്ടികയിൽനിന്ന് ഒഴിവാക്കിയ ഡൽഹിയിലെ ജന്തർ മന്തറിനെ കേന്ദ്ര സർക്കാർ ബിനാലെ വേദിയാക്കി. സംസ്കാരിക മന്ത്രാലയം നടത്തുന്ന ഇന്ത്യ ബിനാലെയ്ക്കാണ് ജന്തർ മന്തർ വേദിയാവുക. സി ജെ പി സമര പ്രഖ്യാപനത്തിന് പിന്നാലെ ഈ മാസം 12 ന് പോലീസ്, ജന്തർ മന്തറിനെ സമര വിമുക്ത കേന്ദ്രമാക്കി പ്രഖ്യാപിച്ചിരുന്നു. ഡിസംബർ 4 ന് തുടങ്ങുന്ന ഇന്ത്യ ബിനാലെയിൽ കുത്തബ് മിനാറടക്കം മറ്റ് ചരിത്ര സ്മാരകങ്ങളും വേദികളാകും.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലം കുറ്റസമ്മതമെന്ന് പ്രശാന്ത് ഭൂഷൺ
സുപ്രീംകോടതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ സത്യവാങ്മൂലം കുറ്റസമ്മതമാണെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. എസ്ഐആർ തുടങ്ങാൻ ആര് അനുമതി നൽകിയെന്നതിന് പോലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൈയിൽ രേഖയില്ലെന്നും ഫോം 6 ൽ അടക്കം മാറ്റങ്ങൾ വരുത്തിയത് ചട്ടവിരുദ്ധമാണെന്ന് വ്യക്തമായെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.
വോട്ടർ പട്ടിക പരിഷ്കരണം: ഐഎൻടിയുസി കക്ഷിചേർന്നു
തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുള്ള ഹർജിയിൽ ഐഎൻടിയുസി യങ് വർക്കേഴ്സ് കൗൺസിൽ കക്ഷിചേരാൻ അപേക്ഷ നൽകി. അർഹരായ വോട്ടർമാർ പുറത്താകാനുള്ള സാധ്യതയും യുവാക്കളും തൊഴിലാളികളും നേരിടുന്ന ബുദ്ധിമുട്ടുകളുമാണ് അപേക്ഷയിൽ ഉന്നയിച്ചിരിക്കുന്നത്.
മോക്ക് പാർലമെന്റിനെ പ്രതിരോധിക്കാൻ ബിജെപി നീക്കം
ഇന്ത്യാ സഖ്യത്തിന്റെ മോക്ക് പാർലമെന്റിനെ പ്രതിരോധിക്കാൻ ബിജെപി പിന്തുണയോടെ ‘സിറ്റിസൺ ഫോർ ഡെമോക്രസി’ സംഘടിപ്പിക്കുന്നു. കോൺഗ്രസ് എംപിമാരുടെ ജനാധിപത്യ വിരുദ്ധത തുറന്നുകാട്ടാനാണ് നീക്കം.
പിഎൻബി അക്കൗണ്ടുകളിൽ നിന്ന് 35 കോടി കാണാതായി
പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയിൽ ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ നിന്ന് 35 കോടിയോളം രൂപ കാണാതായതായി പരാതി. സംഭവത്തിൽ ബ്രാഞ്ച് മാനേജർ ഉൾപ്പെടെ അഞ്ച് ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും പൊലീസ് കേസെടുക്കുകയും ചെയ്തു. നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കുമെന്ന് ബാങ്ക് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്.
കാറിന്റെ അലാം കേട്ട് ദേഷ്യം വന്ന് കാറിന് തീയിട്ട അയൽവാസി അറസ്റ്റിൽ
കാറിന്റെ അലാം ശബ്ദം കേട്ട് അസ്വസ്ഥനായ അയൽക്കാരൻ അഭിഭാഷകയുടെ കാറിന് തീയിട്ടു. ഗുജറാത്തിലെ മോർബിയിലാണ് സംഭവം. അഭിഭാഷകയായ പുഷ്പ ഭട്ടിന്റെ കാർ തീയിട്ട അയൽവാസി ശിഖർ ഗോഹെലിനെ അറസ്റ്റു ചെയ്തു.
ഇസ്രയേൽ തെരഞ്ഞെടുപ്പിൽ തൂക്കുസഭ
ഇസ്രയേൽ തെരഞ്ഞെടുപ്പിൽ തൂക്കുസഭ. പ്രധാനമന്ത്രി നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള മുന്നണിക്ക് ലഭിച്ചത് 53 സീറ്റ്. ജൂത പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റും അറബ് പാർട്ടികൾക്കും 19 സീറ്റും ലഭിച്ചു. 120 അംഗങ്ങളുള്ള പാർലമെന്റിൽ ഭൂരിപക്ഷത്തിന് 61 സീറ്റുകൾ വേണം. ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാതെ രാജ്യം കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിൽ.
എച്ച്-1ബി വിസ: ഡെഫറൻസ് നയം അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടം
അമേരിക്കയിൽ എച്ച്-1ബി വിസ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട ‘ഡെഫറൻസ് നയം’ അവസാനിപ്പിക്കാൻ ഡൊണാൾഡ് ട്രംപ് ഭരണകൂടം നീക്കം തുടങ്ങി. നിലവിലെ നയമനുസരിച്ച്, ഒരു ജീവനക്കാരന്റെ വിസ മുൻപ് നൽകിയ അനുമതി മുൻനിർത്തി എളുപ്പത്തിൽ നീട്ടി നൽകുന്നതാണ് പതിവ്. വിസ പുതുക്കുന്ന ഓരോ ഘട്ടത്തിലും അപേക്ഷകൾ വീണ്ടും സമഗ്രമായി പരിശോധിക്കാനാണ് നീക്കം. ഗ്രീൻ കാർഡിനായി ദീർഘകാലമായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ഇന്ത്യൻ ഐ.ടി ജീവനക്കാരെയും മറ്റ് പ്രൊഫഷണലുകളെയും പ്രതികൂലമായി ബാധിക്കുന്നതാണ് ഈ നീക്കം.
യുക്രൈൻ റെയിൽവേ സ്റ്റേഷനിൽ റഷ്യൻ ഡ്രോൺ ആക്രമണം: 13 മരണം
യുക്രൈനിലെ റെയിൽവേ സ്റ്റേഷനിലേക്ക് റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. നിപ്രോ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരുന്ന ട്രെയിനിലാണ് ഡ്രോൺ പതിച്ചത്. 10 പേർക്ക് പരിക്കേറ്റു.
അമേരിക്കൻ സമാധാന നിർദേശം ലഭിച്ചെന്ന് ഇറാൻ; ക്രൂഡ് ഓയിൽ വില വർധന തുടരുന്നു
സമാധാന നിർദേശങ്ങളുമായി അമേരിക്കൻ വൈസ് പ്രസിഡണ്ട് ജെ.ഡി വാൻസിന്റെ കത്ത് ലഭിച്ചെന്ന് ഇറാൻ. തങ്ങൾ മുന്നോട്ടുവച്ച ഏഴ് ഇന പദ്ധതി അംഗീകരിക്കാതെ ചർച്ച മുന്നോട്ട് പോകില്ലെന്നാണ് ഇറാന്റെ നിലപാട്. ഇതിനിടെ, യെമനിൽ സൗദി വ്യോമാക്രമണത്തിൽ നിരവധിപ്പേർ മരിച്ചെന്ന് ഹൂത്തികൾ പറയുന്നു. ഹോർമൂസിൽ ഒമാനിലെ ഖസബ് തീരത്തോട് ചേർന്ന് ഉരുവിന് തീ പിടിച്ച് മുങ്ങി. അതേസമയം ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 114 ഡോളറെന്ന ഉയർന്ന നിരക്കിൽ തുടരുകയാണ്.
സി.കെ. നായിഡു ട്രോഫി: വിദർഭയ്ക്ക് ലീഡ്
23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ. നായിഡു ട്രോഫിയിൽ കേരളത്തിനെതിരെ വിദർഭയ്ക്ക് 146 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. കേരളത്തിന്റെ ആദ്യ ഇന്നിങ്സ് 265 റൺസിന് അവസാനിച്ചു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മന്ഥർ ഗോദ്മരെയുടെ ബൗളിങ്ങാണ് കേരള ബാറ്റിങ് നിരയെ തകർത്തത്. വിദർഭ ആദ്യ ഇന്നിങ്സിൽ 411 റൺസാണ് നേടിയത്.
ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഐപിഎൽ ഫ്രാഞ്ചൈസിയായി മുംബൈ ഇന്ത്യൻസ്
ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഐപിഎൽ ഫ്രാഞ്ചൈസിയായി മുംബൈ ഇന്ത്യൻസ്. സ്പോർട്ടിക്കോ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2.1 ബില്യൺ ഡോളറാണ് മുംബൈ ഇന്ത്യൻസിന്റെ മൂല്യം. അതായത് ഏകദേശം 20,008.8 കോടി രൂപ. ലീഗിലെ എല്ലാ ടീമുകളുടെയും കുറഞ്ഞ മൂല്യം ഇപ്പോൾ 1.5 ബില്യൺ ഡോളറിലധികം വരും.
വീഗാർഡ് ഇൻഡസ്ട്രീസ് ഓഹരികളിൽ വൻ കുതിപ്പ്
അനുകൂലമായ രണ്ടാംപാദ ഫലങ്ങൾ പുറത്തുവന്നതോടെ വീഗാർഡ് ഇൻഡസ്ട്രീസ് ഓഹരികളിൽ വൻ കുതിപ്പ്. രണ്ടാംപാദത്തിൽ വരുമാനത്തിലും ലാഭത്തിലും വലിയ വളർച്ചയാണ് കൊച്ചി ആസ്ഥാനമായ കമ്പനിക്ക് നേടാനായത്. പ്രതികൂല സാഹചര്യങ്ങൾക്കിടയിൽ വരുമാനം 38.2 ശതമാനം ഉയർന്ന് 1,853 കോടി രൂപയായി. മുൻ വർഷം സമാനപാദത്തിലിത് 1,341 കോടി രൂപയായിരുന്നു. എബിറ്റഡ 53.2 ശതമാനം ഉയർന്ന് 167 കോടി രൂപയായി. ലാഭം മുൻവർഷം സമാനപാദത്തിലെ 65 കോടി രൂപയിൽ നിന്ന് 112 കോടി രൂപയായി ഉയർന്നു. 72.3 ശതമാനം വർധന. വീഗാർഡ് ഇലക്ട്രിക്കൽസ് സെപ്റ്റംബർ പാദത്തിൽ 794.25 കോടി രൂപയുടെ വരുമാനം നേടി. മുൻ വർഷമിത് 562.62 കോടി രൂപയായിരുന്നു. ഇലക്ട്രോണിക്സ് സെഗ്മെന്റ് 319.07 കോടി രൂപയിൽ നിന്ന് 510.24 കോടി രൂപയായും ഉയർന്നു.
ഗൂഗിളിന്റെ പുതിയ എഐ മോഡൽ ‘ജെമിനി 4 കാർബൺ’ പുറത്തിറക്കി
ഏറ്റവും പുതിയ എഐ മോഡലായ ജെമിനി 4 കാർബൺ പുറത്തിറക്കി ഗൂഗിൾ. ആർഗോണിനെ അപേക്ഷിച്ച് ഇരട്ടിയിലധികം വിജയകരമായി സുരക്ഷിതമായ കോഡുകൾ നിർമ്മിക്കാൻ കാർബണിന് സാധിക്കും. ദിവസങ്ങളോളം തുടർച്ചയായി പ്രവർത്തിച്ച് സങ്കീർണ്ണമായ കോഡിങ് പ്രശ്നങ്ങൾക്കും സിസ്റ്റം ബഗുകൾക്കും സ്വയം പരിഹാരം കണ്ടെത്താൻ ഈ മോഡലിന് ശേഷിയുണ്ട്. ഗൂഗിളിന്റെ അഭിപ്രായത്തിൽ ആർട്ടിഫിഷ്യൽ അനാലിസിസ് ഇന്റലിജൻസ് ഇൻഡക്സ് 5.0 ൽ 59 സ്കോറുമായി ജെമിനി 4 കാർബൺ ഒന്നാം സ്ഥാനത്താണ്. കോഡിങ്, ശാസ്ത്രീയ ജോലികൾ, വെബ് ഡെവലപ്പിങ്, മൾട്ടിമോഡൽ എന്നിവയിലുടനീളം മോഡൽ മികച്ച പെർഫോമൻസ് നൽകുന്നുവെന്ന് കമ്പനി പറഞ്ഞു. വ്യാജവിവരങ്ങൾ നൽകുന്നത് ഒഴിവാക്കാനും പ്ലഗിൻ/പ്രോംപ്റ്റ് ആക്രമണങ്ങളെ പ്രതിരോധിക്കാനും മോഡലിന് പരിശീലനം നൽകിയിട്ടുണ്ട്.
‘ശങ്കരാഭരണം’ 4K പതിപ്പ് നവംബറിൽ റീ റിലീസിന്
ഇന്ത്യൻ സിനിമാചരിത്രത്തിലെ എക്കാലത്തെയും ശ്രദ്ധേയമായ ക്ലാസിക് സംഗീതചലച്ചിത്രങ്ങളിലൊന്നായ ‘ശങ്കരാഭരണം’ നവംബറിൽ റീ റിലീസിന്. മലയാളത്തിലും തമിഴിലുമായി ലോകവ്യാപകമായി റീ-റിലീസ് ചെയ്യുന്ന ചിത്രം 4കെ അൾട്ര എച്ച്ഡി ദൃശ്യ മികവിലും 7.1 സറൗണ്ട് സൗണ്ട് മികവിലുമാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. പുതിയ ഡിജിറ്റൽ പതിപ്പ് ഒരുക്കിയിരിക്കുന്നത് ശ്രീലാല ദേവരാജാണ്. കെ വിശ്വനാഥ് സംവിധാനം ചെയ്ത് 1980-ൽ പുറത്തിറങ്ങിയ ‘ശങ്കരാഭരണം’ ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന്റെ മഹത്വവും കലാകാരന്റെ ജീവിതവും മാനുഷികബന്ധങ്ങളുടെ ആഴവും ഹൃദയസ്പർശിയായി അവതരിപ്പിച്ച ചിത്രമാണ്. ജെ വി സോമയാജുലു, മഞ്ജു ഭാർഗവി, രാജ്യ ലക്ഷ്മി, തുളസി, ചന്ദ്രമോഹൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കെ വി മഹാദേവന്റെ അനശ്വര സംഗീതവും എസ്. പി. ബാലസുബ്രഹ്മണ്യത്തിന്റെ മാസ്മരിക ആലാപനവും ചിത്രത്തിലെ ഗാനങ്ങളെ അവിസ്മരണീയമാക്കുന്നു.
‘മഹാവീർ കർണ്ണ’ പുതിയ പോസ്റ്റർ പുറത്തിറങ്ങി
രമേഷ് വർമ്മ ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ചിത്രം ‘മഹാവീർ കർണ്ണ’യുടെ പുത്തൻ പോസ്റ്റർ പുറത്ത്. ഇതിഹാസ യോദ്ധാവായ കർണ്ണൻ ആയി വേഷമിടുന്ന രാഘവ ലോറൻസിന്റെ മാസ് പോസ്റ്റർ ആണ് പുറത്ത് വിട്ടിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും ശക്തമായ ഇതിഹാസ കഥാപാത്രങ്ങളിലൊന്നായ കർണ്ണന്റെ കഥയ്ക്ക് പുതിയൊരു ദൃശ്യഭാഷ നൽകാൻ ഒരുങ്ങുകയാണ് ‘മഹാവീർ കർണ്ണ’ എന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ചിത്രം. ഏകദേശം 150 കോടി ബജറ്റിൽ ഒരുങ്ങുന്ന ‘മഹാവീർ കർണ്ണ’ തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലായാണ് എത്തുക. 2027 ൽ ചിത്രം ആഗോള തലത്തിൽ തിയറ്ററുകളിലെത്തും.
ഇലക്ട്രിക് വാഹന കയറ്റുമതിയിൽ പുതിയ റെക്കോർഡുമായി മാരുതി സുസൂക്കി
രാജ്യത്തെ മുൻനിര കാർ നിർമാതാക്കളായ മാരുതി സുസൂക്കിക്ക് ഇലക്ട്രിക് വാഹന കയറ്റുമതിയിൽ പുതിയ റെക്കോഡ്. 2025 ഓഗസ്റ്റിൽ ആഗോള വിപണിയിലേക്കുള്ള ഇലക്ട്രിക് വാഹന കയറ്റുമതി ആരംഭിച്ച കമ്പനി 2026 ഒക്ടോബറോടെ 50,000 യൂണിറ്റുകൾ എന്ന നേട്ടം കൈവരിച്ചു. ഇന്ത്യയിൽ നിന്നുള്ള ഇവി കയറ്റുമതിയിൽ ചുരുങ്ങിയ കാലംകൊണ്ട് വലിയ വളർച്ച നേടാൻ മാരുതിക്ക് സാധിച്ചു. 2026 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള ആറുമാസക്കാലയളവിൽ ഇന്ത്യയിൽ നിന്നുള്ള ഇലക്ട്രിക് പാസഞ്ചർ വാഹന കയറ്റുമതിയുടെ ഏകദേശം 93 ശതമാനവും മാരുതി സുസൂക്കിയുടെ സംഭാവനയാണ്. മാരുതി സുസൂക്കിയുടെ ആദ്യ ആഗോള ബാറ്ററി ഇലക്ട്രിക് വാഹനമായ ഇ വിറ്റാര ആണ് വിദേശ വിപണികൾ കീഴടക്കുന്നത്. യൂറോപ്പാണ് കമ്പനിയുടെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന കയറ്റുമതി വിപണി.
പുസ്തക പരിചയം: ‘ജങ്ക് ഫുഡ് എന്ന ടൈം ബോംബ്’
രുചിയുടെ മായാലോകത്ത് നമ്മെ ആകർഷിക്കുന്ന ജങ്ക് ഫുഡ് ആരോഗ്യത്തിന് ഏൽപ്പിക്കുന്ന ആഘാതങ്ങളെക്കുറിച്ചുള്ള ഗൗരവ പൂർവമായ ഓർമപ്പെടുത്തലാണ് ഈ പുസ്തകം. ജങ്ക് ഫുഡ് ചേരുവകളും അവ ശരീരത്തിലുണ്ടാക്കുന്ന ദോഷഫലങ്ങളും ലളിതമായും ശാസ്ത്രീയമായും ഇതിൽ വിശദീകരിക്കുന്നു. കുട്ടികളിലും യുവാക്കളിലും വളർന്നുവരുന്ന അനാരോഗ്യകരമായ ഭക്ഷണശീലങ്ങളെ തിരിച്ചറിയാനും തിരുത്താനും ഈ പുസ്തകം സഹായിക്കും, രുചിക്കപ്പുറം ആരോഗ്യത്തിന് പ്രാധാന്യം നൽകാനും വിവേകപൂർവമായ ഭക്ഷണക്രമത്തിലൂടെ ആരോഗ്യകരമായൊരു ജീവിതശൈലി രൂപപ്പെടുത്താനും പ്രേരിപ്പിക്കുന്ന കൃതി. ‘ജങ്ക് ഫുഡ് എന്ന ടൈം ബോംബ്’. ഡോ റഹീനാ ഖാദർ. മനോരമ ബുക്സ്. വില 237 രൂപ.
ഗർഭധാരണവും കഫീൻ ഉപയോഗവും: പഠന വിവരങ്ങൾ
കാപ്പിയും പ്രത്യുൽപാദന ശേഷിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പലതരം പഠനങ്ങൾ നടന്നിട്ടുണ്ടെങ്കിലും മിതമായ അളവിലുള്ള കഫീൻ ഉപഭോഗം ഗർഭധാരണത്തെ ബാധിക്കില്ലെന്നാണ് വിവിധ ഗവേഷണങ്ങൾ വ്യക്തമാക്കുന്നത്. 2017ൽ നടത്തിയ ഒരു പഠനമനുസരിച്ച്, സ്ത്രീകൾ സ്വാഭാവികമായോ ഫെർട്ടിലിറ്റി ചികിത്സയിലൂടെയോ ഗർഭം ധരിക്കാൻ എടുത്ത സമയവും കഫീൻ ഉപഭോഗവും തമ്മിൽ ബന്ധമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഉയർന്ന അളവിലുള്ള കഫീൻ ഉപഭോഗം ഗർഭം അലസാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് അതേ പഠനം ചൂണ്ടിക്കാണിക്കുന്നുണ്ട്. അതായത്, പ്രതിദിനം 300 മില്ലിഗ്രാം മുതൽ 600 മില്ലിഗ്രാം വരെ കഫീൻ കഴിക്കുന്നത് ഗർഭം അലസാനുള്ള സാധ്യത വർധിപ്പിക്കും. കഴിക്കുന്ന കപ്പുകളുടെ എണ്ണത്തേക്കാൾ പ്രധാനമാണ് ഓരോ കപ്പിലെയും കഫീന്റെ അളവ്. സാധാരണയായി ഒരു കപ്പ് കാപ്പിയിൽ ഏകദേശം 100 മില്ലിഗ്രാം കഫീൻ അടങ്ങിയിട്ടുണ്ട്. എന്നാൽ ഇത് കാപ്പിയുടെ ബ്രാൻഡിനെയും തയ്യാറാക്കുന്ന രീതിയെയും ആശ്രയിച്ച് വ്യത്യാസപ്പെടാം. കാപ്പിക്ക് പുറമെ ചായ, കോള, എനർജി ഡ്രിങ്കുകൾ, ചില ഔഷധങ്ങൾ എന്നിവയിലും കഫീൻ അടങ്ങിയിട്ടുണ്ട്. അതിനാൽ ആകെ കഫീൻ അളവ് കണക്കാക്കുമ്പോൾ ഇവയെല്ലാം പരിഗണിക്കേണ്ടതുണ്ട്. യൂറോപ്യൻ ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ശുപാർശ പ്രകാരം, ഗർഭിണികൾ ദിവസേന കഴിക്കുന്ന കഫീന്റെ അളവ് 200 മില്ലിഗ്രാമിൽ താഴെയായിരിക്കണം. ലോകാരോഗ്യ സംഘടനയാകട്ടെ ഇത് 300 മില്ലിഗ്രാം വരെയാകാമെന്ന് നിർദേശിക്കുന്നു.




























