തിരുവനന്തപുരം. പിഎസ് സി നടത്തിയ ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ ബോധപൂര്‍വമായ അട്ടിമറി നടന്നെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. അറസ്റ്റിലായ മുന്‍ ഡെപ്യൂട്ടി സെക്രട്ടറി പി സതീഷിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം പറയുന്നത്. ബോധപൂര്‍വം ചോദ്യങ്ങള്‍ ഒഴിവാക്കിയാണ് മൂല്യനിര്‍ണയത്തിന് നല്‍കിയത്. മൂല്യനിര്‍ണയത്തിന് ശേഷം ഒഴിവാക്കിയവ നിലനിര്‍ത്തി ഓണ്‍ലൈന്‍ ക്യാമ്പ് ക്ലോസ് ചെയ്തുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അറസ്റ്റിലായ സതീഷ്, കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് ഒളിവിലുള്ള പിഎസ് സി അഡീഷണല്‍ സെക്രട്ടറി ആര് ഹരി എന്നിവര്‍ക്ക് ക്രമക്കേടിനെപ്പറ്റി അറിയാമായിരുന്നു. ഇവര്‍ക്കായിരുന്നു ഓണ്‍ലൈന്‍ ക്യാമ്പിന്റെ ചുമതലയുണ്ടായിരുന്നു. ഇഷ്ടക്കാര്‍ക്ക് നിയമനം നല്കാന് വേണ്ടിയാണ് ബോധപൂര്‍വം ചോദ്യങ്ങള്‍ ഒഴിവാക്കിയതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അഡീഷണല്‍ സെക്രട്ടറി ഹരി പിഎസ് സി ചെയര്മാന് ഡോ. എം ആര് ബൈജുവിന്റെ അടുത്ത ആളാണെന്നും ക്രൈംബ്രാഞ്ചിന് മൊഴി ലഭിച്ചിട്ടുണ്ട്.
അതേസമയം, പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ശേഷിക്കുന്ന പിഎസ് സി അംഗങ്ങളെയും ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. പിഎസ് സിയിലെ 10 അംഗങ്ങള്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് ഇന്ന് നോട്ടീസ് നല്‍കും. പിഎസ് സി സെക്രട്ടറിയെ നാളെ ചോദ്യം ചെയ്യും. പരീക്ഷാ കണ്‍ട്രോളറെ തിങ്കളാഴ്ചയും ചോദ്യം ചെയ്യും. ചെയര്‍മാന്റെ മൊഴിയിലെ വൈരുധ്യങ്ങളില്‍ വ്യക്തത വരുത്തുകയാണ് ലക്ഷ്യമിടുന്നത്. പിഎസ് സി ചെയര്മാന് ബൈജുവിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും.
ചെയര്‍മാനും അംഗങ്ങളും പ്രത്യേക അന്വേഷണസംഘത്തിന് നല്കിയ മൊഴികളില്‍ വൈരുധ്യമുണ്ട്. ആസൂത്രണബോര്‍ഡ് പരീക്ഷയില്‍ പിഎസ്സിക്ക് തെറ്റുപറ്റിയിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ക്കു വന്ന സാങ്കേതികപ്പിഴവാണെന്നുമാണ് ചെയര്മാന് മൊഴി നല്‍കിയിട്ടുള്ളത്. ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്ന ആളെ തീരുമാനിക്കാനും അഭിമുഖത്തിനുള്ള അംഗങ്ങളെ നിര്‍ദേശിക്കാനും ചെയര്മാന് അധികാരമുണ്ട്. അഭിമുഖത്തിന്റെ മാര്‍ക്ക് 40-ല്‍നിന്ന് 25 ആക്കിയത് തന്റെ അധികാരപരിധിയില്‍ വരുന്നതാണെന്നുമാണ് ചെയര്മാന് ഡോ. എം ആര് ബൈജു മൊഴി നല്‍കിയിട്ടുള്ളത്.
ഖാദി ബോര്‍ഡ് വില്ലേജ് ഓയില്‍ ഇന്‍സ്പെക്ടര്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പരീക്ഷാ ക്രമക്കേടില്‍ രജിസ്റ്റര്‍ചെയ്ത കേസുകളില്‍ പരീക്ഷനടത്തിപ്പ് ചുമതല വഹിച്ച ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കും. അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി, പ്രത്യേക അന്വേഷണ സംഘം വിപുലപ്പെടുത്തി. രണ്ട് എസ്പിമാരെയും ഒരു ഡിവൈഎസ്പിയെയും സംഘത്തില്‍ ഉള്‍പ്പെടുത്തി. പുതുതായി രജിസ്റ്റര്‍ ചെയ്ത മൂന്നു കേസുകള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്.

































