കിഫ്ബിയിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു
കിഫ്ബിയിൽ വിജിലൻസ് അന്വേഷണം നടത്താൻ തീരുമാനിച്ചു. ഭൂമി ഏറ്റെടുക്കൽ, ധനവിനിയോഗം, നിയമനങ്ങൾ എന്നിവയാണ് അന്വേഷണ പരിധിയിൽ വരിക. സുധ പിള്ള സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താൻ മന്ത്രിസഭ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.
എം.എൽ.എമാരുടെയും മന്ത്രിമാരുടെയും ആനുകൂല്യങ്ങൾ വർധിപ്പിച്ചു
സംസ്ഥാനത്തെ എം.എൽ.എമാരുടെയും മന്ത്രിമാരുടെയും ആനുകൂല്യങ്ങൾ വർധിപ്പിച്ചു. എം.എൽ.എമാരുടെ ശമ്പളമടക്കമുള്ള പ്രതിമാസ ആനുകൂല്യം 70,000 രൂപയിൽ നിന്ന് 98,000 രൂപയാക്കും. മന്ത്രിമാരുടെ ആനുകൂല്യങ്ങൾ 1.08 ലക്ഷം രൂപയിൽ നിന്ന് 1.33 ലക്ഷം രൂപയാക്കും. മന്ത്രിസഭ അംഗീകരിച്ച ബിൽ ഇന്ന് നിയമസഭ പാസാക്കും.
ഫോമുകളിൽ മാറ്റം വരുത്താൻ തെരഞ്ഞെടുപ്പ് കമ്മിഷന് അധികാരം ഇല്ലെന്ന് സുപ്രീംകോടതി
തിരഞ്ഞെടുപ്പ് കമ്മിഷന് ഫോം 6, 7, 8 എന്നിവയിൽ മാറ്റം വരുത്താനാവില്ലെന്ന് സുപ്രീംകോടതി. വോട്ടർ പട്ടികയിൽ പേരുള്ളവരോട് ഫോം 6 പൂരിപ്പിച്ച് വീണ്ടും പേര് ചേർക്കാൻ ആവശ്യപ്പെടുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന് ചട്ടങ്ങൾ മറികടക്കാനാവില്ല. ഡൽഹിയിലെ 43 ലക്ഷം വോട്ടർമാരെ ഒഴിവാക്കിയതിനെയും സുപ്രീംകോടതി ചോദ്യം ചെയ്തു.
കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡി.എ 3 ശതമാനം വർധിപ്പിച്ചു
കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളത്തോടൊപ്പമുള്ള ക്ഷാമബത്ത (ഡി.എ) മൂന്നു ശതമാനം വർധിപ്പിച്ചു. ഡി.എ 63 ശതമാനത്തിൽനിന്ന് 66 ശതമാനമായി ഉയർത്തും. ഇതിനായി 10,016 കോടി രൂപ കേന്ദ്ര മന്ത്രിസഭ യോഗം വകയിരുത്തി.
പരീക്ഷ ക്രമക്കേട്: പി.എസ്.സി Chairമാനെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്
പരീക്ഷ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് പോലീസിന്റെ ചോദ്യമുനയിൽ പി.എസ്.സി ചെയർമാൻ എം.ആർ. ബൈജു. ആറു മണിക്കൂറാണ് ബൈജുവിനെ ചോദ്യം ചെയ്തത്. കേസിൽ റിട്ടയർ ചെയ്ത ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷിനെ പോലീസ് കോഴിക്കോട്ട് അറസ്റ്റു ചെയ്തിരുന്നു. ബോർഡംഗങ്ങളെ രണ്ടു ദിവസമായി പോലീസ് ചോദ്യം ചെയ്തു മൊഴിയെടുത്തിരുന്നു.
സംസ്ഥാന സ്കൂൾ കായിക മേള: ടി.എം. അതുൽ വേഗതാരം, ഋതുപർണ വേഗറാണി
സംസ്ഥാന സ്കൂൾ കായിക മേളയിൽ ആലപ്പുഴയുടെ ടി.എം. അതുൽ മീറ്റ് റെക്കോർഡോടെ വേഗതാരമായി. സീനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ 10.63 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ആലപ്പുഴ ഗവ. ഡി.വി.എച്ച്.എസ്.എസ് ചാരമംഗലം സ്കൂൾ വിദ്യാർഥിയായ അതുൽ 15 വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തി കുറിച്ചത്. സീനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാട് വടവന്നൂർ വി.എം.എച്ച്.എസിലെ ഋതുപർണ 12.43 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വേഗറാണിയായി.
കായികമേളയിൽ പ്രായത്തട്ടിപ്പ്: 400 മീറ്ററിൽ പുതിയ വിജയിയെ പ്രഖ്യാപിച്ചു
സ്കൂൾ കായികമേളയിൽ നടന്ന പ്രായത്തട്ടിപ്പ് കണ്ടെത്തിയതോടെ 400 മീറ്ററിൽ പുതിയ വിജയിയെ പ്രഖ്യാപിച്ചു. കോരുത്തോട് സ്കൂളിലെ താരമാണ് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ പരാജയപ്പെട്ടത്. 14 വയസ്സിന് താഴെയുള്ളവർ മത്സരിക്കുന്ന സബ് ജൂനിയർ വിഭാഗത്തിൽ സ്വർണം നേടിയ ഉത്തർപ്രദേശുകാരനായ താരം 100 മീറ്ററിന്റെ ഫൈനലിലേക്കും യോഗ്യത നേടിയിരുന്നു. മെഡിക്കൽ പരിശോധനയിൽ താരത്തിന് 15-നും 18-നും ഇടയിൽ പ്രായമുണ്ടെന്ന് തെളിഞ്ഞു.
ചേരാനല്ലൂർ വാഹനാപകടം: ജഡ്ജി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ
ചേരാനല്ലൂർ വാഹനാപകടക്കേസിൽ മുൻകൂർ ജാമ്യം തേടി 17-കാരന്റെ പിതാവായ ഇരിങ്ങാലക്കുട മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ ജഡ്ജി റിനോ ഫ്രാൻസിസ് ഹൈക്കോടതിയെ സമീപിച്ചു. കേസിൽ രണ്ടാംപ്രതിയായ അഡീഷണൽ ജില്ലാ ജഡ്ജിയെ പോലീസ് ഇന്നലെ മൂന്നു മണിക്കൂർ ചോദ്യം ചെയ്തു.
സൗദി അറേബ്യയിൽ എട്ട് ഇന്ത്യക്കാർ വധശിക്ഷാ ഭീഷണിയിൽ
സൗദി അറേബ്യയിൽ തൃശ്ശൂർ സ്വദേശി അടക്കം എട്ട് ഇന്ത്യക്കാർ വധശിക്ഷ ഭീഷണിയിൽ. തൃശ്ശൂർ കൊച്ചന്നൂർ സ്വദേശി ഉമർ ഷരീഫും പശ്ചിമബംഗാൾ സ്വദേശികളായ ഏഴ് പേരുമാണ് സൗദിയിൽ കുടുങ്ങിയിട്ടുള്ളത്. ലഹരി കടത്തിന് ജിദ്ദ എയർപോർട്ടിൽ പിടിയിലാകുകയായിരുന്നു. ജോലി വാഗ്ദാനം ചെയ്ത് നാട്ടുകാരനായ ആഷിഖാണ് ഷെരീഫിനെ സൗദിയിലേക്ക് അയച്ചതെന്നും ഷെരീഫ് കബളിപ്പിക്കപ്പെട്ടതാണെന്നും കുടുംബം പറയുന്നു.
വ്യാജ ലോട്ടറി തട്ടിപ്പ്: സംസ്ഥാന ഖജനാവിന് വൻ നഷ്ടമെന്ന് മുഖ്യമന്ത്രി
പേപ്പർ ലോട്ടറിയുടെ മറവിൽ സോഷ്യൽ മീഡിയയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യകളും ഉപയോഗിച്ച് വ്യാജ ലോട്ടറി തട്ടിപ്പു നടക്കുന്നുണ്ടെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കി. ഒരേ ടിക്കറ്റ് തന്നെ നിരവധി ആളുകൾക്ക് അനധികൃതമായി സാമൂഹികമാധ്യമങ്ങൾ വഴി വിൽക്കുന്നതു മൂലം സംസ്ഥാന ഖജനാവിന് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്.
കോവളം സ്പാ പീഡനക്കേസ്: താൽക്കാലിക ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ
കോവളം സ്പാ പീഡനക്കേസിൽ നഗരൂർ പഞ്ചായത്തിലെ താൽക്കാലിക ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മായ അറസ്റ്റിലായി. ആന്ധ്രപ്രദേശ് സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കോവളത്തെ സ്പായിൽ എത്തിച്ച് പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. കേസിലെ പ്രതി തിരുവനന്തപുരം നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപും സുഹൃത്തായ മായയുമാണ് സ്പായുടെ ഉടമകൾ.
നേപ്പാളിൽ ട്രക്കിങ്ങിനിടെ മലയാളി പർവ്വതാരോഹക കുടുങ്ങി
നേപ്പാളിലെ ലൊബുഞ്ചേ പർവ്വതത്തിൽ ട്രക്കിങ്ങിനിടെ തിരുവല്ല മഞ്ഞാടി സ്വദേശിനിയായ പർവ്വതാരോഹക സീന സാറ മജ്നു (41) തിരിച്ചിറങ്ങാനാകാതെ കുടുങ്ങി. ഇറങ്ങുന്നതിനിടെ വീണ് പരിക്കേറ്റ സീന തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വീഡിയൊ പങ്കുവെച്ച് വിവരം പുറത്തുവിട്ടത്.
കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിലെ പഠനവകുപ്പുകൾ അടച്ചു
എസ്.എഫ്.ഐ – യു.ഡി.എസ്.എഫ് സംഘർഷമുണ്ടായ കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ പഠനവകുപ്പുകൾ നവംബർ രണ്ടുവരെ അടച്ചു. വിദ്യാർഥികൾ ഹോസ്റ്റൽ ഒഴിഞ്ഞു പോകണമെന്ന് രജിസ്ട്രാർ നിർദേശിച്ചു. ഡിപ്പാർട്ട്മെന്റൽ സ്റ്റുഡന്റ്സ് യൂണിയൻ തെരഞ്ഞെടുപ്പിനിടെയാണ് സംഘർഷമുണ്ടായത്. തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ വിജയം നേടിയിരുന്നു.
പ്രിയാ വർഗീസിന്റെ നിയമനം: യു.ജി.സിയുടെ വാദത്തോട് വിയോജിച്ച് സുപ്രീംകോടതി
സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ പത്നി പ്രിയാ വർഗീസിന്റെ കണ്ണൂർ സർവകലാശാലയിലെ നിയമനവുമായി ബന്ധപ്പെട്ട കേസിൽ യു.ജി.സി വാദത്തോട് വിയോജിപ്പ് അറിയിച്ച് സുപ്രീംകോടതി. അസിസ്റ്റന്റ് പ്രൊഫസറായി നിയമനം ലഭിച്ചശേഷമുള്ള ഗവേഷണ കാലയളവ് അധ്യാപകപരിചയമായി കണക്കാക്കാൻ കഴിയില്ലെന്നായിരുന്നു യു.ജി.സി വാദം. എന്നാൽ ഇത് അധ്യാപകപരിചയമായി കണക്കിലെടുക്കാമെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
കായികമേളയിലെ ഭക്ഷണത്തിൽ പുഴു: ആരോപണം രാഷ്ട്രീയ നാടകമെന്ന് മന്ത്രി
സംസ്ഥാന സ്കൂൾ കായികമേളയിലെ ഭക്ഷണത്തിൽ പുഴു എന്ന് ആരോപിച്ച സംഭവം കായികമേളയെ മോശമായി ചിത്രീകരിക്കാൻ രാഷ്ട്രീയ അജണ്ടയുള്ള ചിലർ ഉന്നയിച്ചതാണെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ. നാലു മണിക്കൂർ തിളച്ച സാമ്പാറിലും പുട്ടിലും ജീവനുള്ള പുഴുവിനെ കണ്ടെന്ന ആരോപണം ചിലരുടെ രാഷ്ട്രീയ നാടകമാണെന്നും മന്ത്രി പറഞ്ഞു.
സഹകരണ മേഖലയിലെ ആദ്യ വിമാന സർവീസ് ഉടൻ: മന്ത്രി എം. ലിജു
സഹകരണ മേഖല വ്യോമയാന ഗതാഗത രംഗത്തേക്ക് കടക്കുന്നത് അഭിമാനകരമായ നേട്ടമാണെന്ന് സഹകരണ, എക്സൈസ് വകുപ്പുമന്ത്രി എം. ലിജു. സഹകരണമേഖലയിലെ ആദ്യ വിമാനസർവീസ് ആരംഭിക്കുന്ന കേരള സിവിൽ ഏവിയേഷൻ ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ പ്രഥമ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആറരലക്ഷം കോടിയിലധികം രൂപയുടെ ബിസിനസാണ് കേരളത്തിലെ സഹകരണ മേഖലയിൽ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
10 രൂപ തർക്കം: ഹൃദ്രോഗിയുടെ ചികിത്സ വൈകിച്ച ജീവനക്കാരിക്ക് സസ്പെൻഷൻ
കോതമംഗലം താലൂക്ക് ആശുപത്രിയിൽ പത്തു രൂപ തർക്കത്തിന്റെ പേരിൽ ഹൃദ്രോഗിക്ക് ചികിത്സ വൈകിയ സംഭവത്തിൽ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു. പത്തു രൂപ നോട്ടായി നൽകാനില്ലാത്തതുമൂലം പെരുമ്പാവൂർ സ്വദേശി കരീമിന്റെ ചികിത്സ മുക്കാൽ മണിക്കൂറോളം വൈകിപ്പിച്ചെന്ന ആരോപണത്തിലാണ് നടപടി.
നെൻമാറയിൽ കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്ക് സർക്കാരിന്റെ ആശ്വാസ നടപടികൾ
നെൻമാറയിൽ കൊല്ലപ്പെട്ട സുധാകരന്റെ മൂത്ത മകൾ അതുല്യയ്ക്ക് സർക്കാർ ജോലി നൽകും. ഇളയ മകൾ അഖിലയ്ക്ക് പഠനത്തിനായി സഹായവും നൽകും. മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
മാതാ അമൃതാനന്ദമയിയുടെ ഭാരതപര്യടനം ആരംഭിച്ചു
മാതാ അമൃതാനന്ദമയിയുടെ ഭാരതപര്യടനം ആരംഭിച്ചു. അമൃതപുരിയിൽനിന്ന് പുലർച്ചെ യാത്ര തിരിച്ച് 30, 31 തീയതികളിൽ മാനന്തവാടി ബ്രഹ്മസ്ഥാന വാർഷിക മഹോത്സവത്തിൽ മുഖ്യകാർമ്മികത്വം വഹിക്കും. ഡിസംബർ ആറുവരെ 38 ദിവസം നീളുന്ന പര്യടനത്തിൽ റോഡ് മാർഗ്ഗം രാജ്യത്തെ 10 നഗരങ്ങളിൽ അമൃതാനന്ദമയി സഞ്ചരിക്കും.
ചേരാനല്ലൂർ വാഹനാപകടം: ജഡ്ജിയുടെ മകൻ പതിവായി വാഹനം ഓടിച്ചിരുന്നതായി വെളിപ്പെടുത്തൽ
ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ കൊല്ലപ്പെട്ട കേസിൽ പ്രതിയായ ജഡ്ജിയുടെ 17-കാരനായ മകൻ സ്ഥിരമായി ഇരുചക്രവാഹനവും ഓടിച്ചിരുന്നുവെന്ന് വെളിപ്പെടുത്തൽ. ജഡ്ജി താമസിക്കുന്ന ഫ്ലാറ്റിലെ ജീവനക്കാരിൽ ഒരാളുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.
പി.എസ്.സി ചെയർമാനെ പുറത്താക്കണമെന്ന ശുപാർശയെ പിന്തുണച്ച് പി.ജെ. കുര്യൻ
പി.എസ്.സി ചെയർമാനെയും 15 അംഗങ്ങളെയും പുറത്താക്കണമെന്ന് മുൻ ഗവർണർ രാജേന്ദ്ര അർലേക്കർ രാഷ്ട്രപതിക്ക് ശുപാർശ ചെയ്തതിനെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. പരിപാവനമായി കരുതേണ്ട പി.എസ്.സി ചെയർമാൻ സ്ഥാനവും അംഗത്വവും കുരങ്ങന്റെ കയ്യിൽ കിട്ടിയ പൂമാല പോലെയാണ് അവർ കൈകാര്യം ചെയ്തതെന്ന് അദ്ദേഹം വിമർശിച്ചു.
മൺവിളയിൽ സിഗററ്റ് കത്തിക്കുന്നതിനിടെ തീപിടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
തിരുവനന്തപുരം മൺവിളയിൽ സിഗററ്റ് കത്തിച്ചപ്പോൾ കൊള്ളി വീണ് വീടിന് തീപിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന മൺവിള പോട്ടൂർ സ്വദേശി സുജിത്ത് (38) എന്ന യുവാവ് മരിച്ചു.
അടൂരിലും കൊടുമണ്ണിലും കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
പത്തനംതിട്ട അടൂർ പഴകുളത്തും കൊടുമൺ അങ്ങാടിക്കലിലും കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നതായി പരാതി. അടൂർ പഴകുളത്ത് 9 വയസ്സുള്ള രണ്ടു പെൺകുട്ടികളെ കനാൽ റോഡിലെ വിജനമായ ഭാഗത്തുവെച്ച് കാറിലെത്തിയ സംഘം തട്ടിയെടുക്കാൻ ശ്രമിച്ചെങ്കിലും വീട്ടമ്മ ഇടപെട്ടതിനാൽ കുട്ടികൾ രക്ഷപ്പെട്ടു.
ദേശീയപാത നിർമ്മാണം: ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി അടൂർ പ്രകാശ് എം.പി
കടമ്പാട്ടുകോണം കഴക്കൂട്ടം റീച്ചിൽ ദേശീയപാത നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കിയില്ലെങ്കിൽ സമരം തുടങ്ങുമെന്ന് ഉദ്യോഗസ്ഥരെ ഓഫീസിലേക്ക് വിളിച്ചുവരുത്തി അടൂർ പ്രകാശ് എം.പി താക്കീതു നൽകി.
കോടഞ്ചേരി നൂറാംതോടിൽ കത്തിക്കുത്ത്: യുവാവ് കൊല്ലപ്പെട്ടു
കോഴിക്കോട് കോടഞ്ചേരി നൂറാംതോട് കത്തിക്കുത്തിൽ നൂറാംതോട് സ്വദേശി ജിതിൻ (29) കൊല്ലപ്പെട്ടു. ജിതിന്റെ സഹോദരൻ ജിബിൻ, സുരേഷ് എന്നിവർക്കും കുത്തേറ്റു. സംഭവത്തിൽ സുഹൃത്ത് ബിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ട്രെയിനുകളിൽ രാത്രികാല മൊബൈൽ ചാർജിങ് വിലക്ക് കര്ശനമാക്കുന്നു
ട്രെയിനുകളിലെ മൊബൈൽ ചാർജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം രാത്രി 11 മുതൽ പുലർച്ചെ 5 വരെ നിർത്തിവയ്ക്കണമെന്ന നിർദേശം കർശനമായി നടപ്പാക്കാൻ റെയിൽവേ ബോർഡ് തീരുമാനിച്ചു. ചാർജിങ്ങിനിടെ പവർ ബാങ്ക് പൊട്ടിത്തെറിച്ച സംഭവത്തോടെയാണ് നടപടി.
അലഹാബാദ് ഹൈക്കോടതിയിൽ അഭിഭാഷകരുടെ പ്രതിഷേധം അക്രമാസക്തമായി
അലഹാബാദ് ഹൈക്കോടതിയിൽ അഭിഭാഷകരുടെ പ്രതിഷേധം അക്രമാസക്തമായി. ജസ്റ്റിസ് അജയ് ഭനോടിന്റെ കോടതി മുറിയിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാർ ഫർണിച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും തല്ലിത്തകർത്തു. അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു ബാർ അസോസിയേഷന്റെ പ്രതിഷേധം.
ലെജിസ്ലേറ്റീവ് കൗൺസിൽ ഉപതെരഞ്ഞെടുപ്പ്: കോൺഗ്രസിന് വൻ തിരിച്ചടി
നാല് സംസ്ഥാനങ്ങളിലായി 28 സീറ്റുകളിലേക്ക് നടന്ന ലെജിസ്ലേറ്റീവ് കൗൺസിൽ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി. ഭരണത്തിലുള്ള കർണാടകത്തിൽ തെരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിൽ ഒന്നുപോലും നേടാനായില്ല. കോൺഗ്രസിന്റെ കൈവശമിരുന്ന ഒരു സീറ്റ് ജെ.ഡി.എസ് പിടിച്ചെടുത്തതോടെ എൻ.ഡി.എ സമ്പൂർണ്ണ വിജയം നേടി.
തമിഴ്നാട്ടിൽ ഓട്ടോറിക്ഷ യാത്രാ നിരക്ക് വർധിപ്പിച്ചു
തമിഴ്നാട്ടിൽ ഓട്ടോറിക്ഷ മിനിമം ചാർജ് 50 രൂപയാക്കി വർധിപ്പിച്ചു. ആദ്യ 1.8 കിലോമീറ്ററാണ് മിനിമം ചാർജ്. തുടർന്നു വരുന്ന ഓരോ കിലോമീറ്ററിനും 25 രൂപ വീതം നൽകണം. ചുരം പാതയിലും രാത്രിയിലുമുള്ള യാത്രകൾക്കും നിരക്ക് വർധിപ്പിച്ചിട്ടുണ്ട്.
543 ബ്രാൻഡ് കാൻസർ മരുന്നുകളുടെ വില കേന്ദ്രസർക്കാർ കുറച്ചു
കാൻസർ മരുന്നുകളുടെ വില കേന്ദ്രസർക്കാർ കുറച്ചു. 543 ബ്രാൻഡുകളുടെ മരുന്നുകൾക്ക് നവംബർ 9 മുതൽ വില കുറയും. 137 കാൻസർ മരുന്നുകളുടെ വ്യാപാര മാർജിൻ 30 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ട് ‘ഇന്ത്യ’ മുന്നണി റാലി
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവക്കണമെന്ന് ആവശ്യപ്പെട്ട് നവംബർ ഒന്നിന് നടക്കുന്ന ‘ഇന്ത്യാ’ മുന്നണിയുടെ റാലിക്ക് കോക്രോച്ച് ജനതാ പാർട്ടി പിന്തുണ പ്രഖ്യാപിച്ചു. ജനങ്ങൾക്ക് സർക്കാരിനെ തെരഞ്ഞെടുക്കാനുള്ള അവകാശത്തെ ഇല്ലാതാക്കാൻ സർക്കാർ വോട്ടർമാരെ വെട്ടിനിരത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് സി.ജെ.പി വ്യക്തമാക്കി.
ടാറ്റാ സൺസ് തർക്കം: രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെതിരെ
ടാറ്റാ ട്രസ്റ്റ്സിനെയും ടാറ്റാ സൺസിനെയും അമിത് ഷായുടെ വസതിയിൽ വിളിച്ചുവരുത്തിയത് എന്തിനാണെന്ന് രാഹുൽ ഗാന്ധി ചോദ്യം ചെയ്തു. അദാനിയുടെ പേര് പരാമർശിക്കാതെ, ടാറ്റായുടെ ഏതെല്ലാം ഭാഗങ്ങളാണ് കൈക്കലാക്കി അടുത്ത ചങ്ങാതിക്ക് കൊടുക്കുന്നതെന്ന് രാഹുൽ ചോദിച്ചു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുള്ള മറുപടിയിലാണ് രാഹുലിന്റെ വിമർശനം.
‘അർണാബ്’ ചുഴലിക്കാറ്റ്: ആന്ധ്രയിലും യാനത്തിലും വൻനാശം; 8 മരണം
‘അർണാബ്’ ചുഴലിക്കാറ്റ് കരതൊട്ടതോടെ ആന്ധ്രാപ്രദേശ്, യാനം തീരദേശ മേഖലകളിൽ വൻ നാശനഷ്ടം. 5 സ്ത്രീകൾ ഉൾപ്പെടെ എട്ടു പേർ മരിച്ചു. വെസ്റ്റ് ഗോദാവരി, കൊനസീമ, വിശാഖപട്ടണം, അനക്കപ്പള്ളി എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. മരിച്ചവരുടെ ആശ്രിതർക്ക് 5 ലക്ഷം രൂപ വീതം സർക്കാർ സഹായധനം പ്രഖ്യാപിച്ചു.
തേനി ജയിലിൽ നിന്ന് ചാടിയ 17 തടവുകാരും പിടിയിലായി
തമിഴ്നാട്ടിലെ തേനി ജില്ലാ ജയിലിൽ നിന്ന് തിങ്കളാഴ്ച രാത്രി രക്ഷപ്പെട്ട 17 പ്രതികളെയും പോലീസ് ആണ്ടിപ്പെട്ടിയിൽ നിന്ന് പിടികൂടി.
സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ പുതിയ ഏജൻസിയെ നിയമിക്കാൻ ആർ.ബി.ഐ
ഡിജിറ്റൽ രംഗത്തെ വാർത്താവിനിമയവും ജനങ്ങളുമായുള്ള ആശയവിനിമയവും ശക്തമാക്കാൻ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ പുതിയ ഏജൻസിയെ നിയമിക്കാനൊരുങ്ങി ആർ.ബി.ഐ. പോഡ്കാസ്റ്റുകൾ നിർമ്മിക്കുക, ഡിജിറ്റൽ ഉള്ളടക്കം തയ്യാറാക്കുക, പൊതുജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകുക എന്നിവയാണ് ചുമതലകൾ.
ബ്രസീൽ പ്രതിപക്ഷ നേതാവ് ഫ്ലാവിയോ ബൊൽസനാരോ യു.എസിലേക്ക് കടന്നു
പൊതുതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ബ്രസീലിലെ പ്രതിപക്ഷ നേതാവ് ഫ്ലാവിയോ ബൊൽസനാരോ അമേരിക്കയിലേക്ക് കടന്നു. രാജ്യം വിട്ടുപോകരുതെന്ന സുപ്രീം കോടതി ഉത്തരവ് നിലനിൽക്കെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശപ്രകാരമാണ് കുടുംബസമേതം ബ്രസീലിൽനിന്ന് മുങ്ങിയത്.
ഇസ്രയേൽ തെരഞ്ഞെടുപ്പ്: നെതന്യാഹു സഖ്യത്തിന് മുന്നേറ്റം
ഇസ്രയേൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 88 ശതമാനം വോട്ടുകൾ എണ്ണിയപ്പോൾ നെതന്യാഹുവിന്റെ ലികുഡ് പാർട്ടി നയിക്കുന്ന ഭരണപക്ഷ സഖ്യം 53 സീറ്റുകളിൽ മുന്നേറുന്നു. ഗാഡി ഐസൻകോട്ടിന്റെ യാഷർ പാർട്ടി അടക്കമുള്ള പ്രതിപക്ഷസഖ്യം 48 സീറ്റുകളിലും അറബ് പാർട്ടികൾ 19 സീറ്റുകളിലും ലീഡ് ചെയ്യുന്നു.
സ്പെയിനിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 64 മരണം
സ്പെയിനിലെ ടൊലെഡോ പ്രവിശ്യയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 64 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കും.
ചലച്ചിത്രകാരൻ ജാഫർ പനാഹിക്ക് ഇറാനിൽ ജയിൽ ശിക്ഷ
പ്രശസ്ത ചലച്ചിത്രകാരൻ ജാഫർ പനാഹിക്ക് ഇറാനിൽ ജയിൽ ശിക്ഷ വിധിച്ചു. ഇദ്ദേഹത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമൂഹ മാധ്യമങ്ങളിലെ ഇടപെടൽ തടയാനും റവല്യൂഷണറി കോടതി ഉത്തരവിട്ടു.
രഞ്ജി ട്രോഫി: ബംഗാളിനെതിരെ കേരളം പൊരുതുന്നു
രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ ബംഗാൾ ശക്തമായ നിലയിൽ. കേരളത്തെ ആദ്യ ഇന്നിങ്സിൽ 141 റൺസിന് പുറത്താക്കി 209 റൺസിന്റെ ലീഡ് നേടിയ ബംഗാൾ രണ്ടാം ഇന്നിങ്സിൽ 198 റൺസെടുത്തു. 408 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന കേരളം മൂന്നാം ദിവസം കളി നിർത്തുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 53 റൺസെന്ന നിലയിലാണ്.
സിംബാബ്വെക്കെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി
സിംബാബ്വെ വനിതകൾക്കെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി. വഡോോദരയിൽ നടന്ന മൂന്നാം മത്സരത്തിൽ എട്ട് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ വൈഷ്ണവി ശർമയാണ് സിംബാബ്വെയെ തകർത്തത്.
വനിതാ പ്രീമിയർ ലീഗ് ലേലം: സോഫി മോളിനോ വിലയേറിയ താരം; ആശാ ശോഭന യു.പി വാരിയേഴ്സിൽ
കൊച്ചിയിൽ നടന്ന ഇന്ത്യൻ വനിതാ പ്രീമിയർ ലീഗ് താരലേലത്തിലെ വിലയേറിയ താരമായി ഓസ്ട്രേലിയൻ ഓൾറൗണ്ടർ സോഫി മോളിനോ മാറി. 1.10 കോടി രൂപയ്ക്ക് യു.പി വാരിയേഴ്സാണ് താരത്തെ സ്വന്തമാക്കിയത്. മലയാളി താരം ആശാ ശോഭനയെ യു.പി വാരിയേഴ്സ് 30 ലക്ഷം രൂപയ്ക്ക് ടീമിലെത്തിച്ചു.
ഇന്ത്യയുടെ ഇന്ധന ഇറക്കുമതിച്ചെലവ് കുത്തനെ ഉയർന്നു
ആഗോള വിപണിയിൽ ഇന്ധനവില ഉയർന്നതോടെ ഇന്ത്യയുടെ ഇന്ധന ഇറക്കുമതിച്ചെലവിൽ കുത്തനെ വർധന. നടപ്പു ധനകാര്യവർഷത്തിന്റെ ആദ്യപകുതിയിൽ എൽ.എൻ.ജി ഇറക്കുമതി ചെയ്യാൻ ഇന്ത്യ 850 കോടി ഡോളറാണ് ചെലവഴിച്ചത്. കഴിഞ്ഞവർഷം ഇത് 690 കോടി ഡോളറായിരുന്നു.
എയർടെലും യൂട്യൂബും പങ്കാളിത്തം പ്രഖ്യാപിച്ചു
പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് യൂട്യൂബ് പ്രീമിയം വിനോദ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി എയർടെൽ യൂട്യൂബുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. 200 രൂപയുടെ ഒ.ടി.ടി ടോപ്പ്അപ്പിലൂടെയാണ് ഈ സേവനം ലഭിക്കുന്നത്.
ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി ‘ഗോന്ധൽ’ ട്രെയിലർ പുറത്തിറങ്ങി
ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായ മറാഠി ചിത്രം ‘ഗോന്ധൽ’ ട്രെയിലർ പുറത്തുവന്നു. സന്തോഷ് ദവാഖർ സംവിധാനം ചെയ്ത ചിത്രം സൈക്കോളജിക്കൽ ത്രില്ലർ ഗണത്തിൽ പെടുന്നതാണ്. ഇളയരാജയാണ് സംഗീതം. ചിത്രം നവംബർ 13-ന് തിയറ്ററുകളിലെത്തും.
‘ഡ്യൂൺ 3’ അവസാന ട്രെയിലർ എത്തി
ഡെനി വില്ലെനൊവ്വയുടെ ബ്രഹ്മാണ്ഡ ചിത്രം ‘ഡ്യൂൺ 3’ അവസാന ട്രെയിലർ പുറത്തുവന്നു. തിമോത്തെ ഷാലമെ, റോബർട്ട് പാറ്റിൻസൺ, ജെയ്സൺ മൊമോവ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഡിസംബർ 18-ന് റിലീസ് ചെയ്യും.
ലാൻഡ് റോവർ ഡിഫൻഡർ 110 വിലയിൽ 34 ലക്ഷം രൂപ കുറഞ്ഞു
പുണെയിലെ പ്ലാന്റിൽ ലാൻഡ് റോവർ ഡിഫൻഡർ 110-ന്റെ പ്രാദേശിക അസംബ്ലിങ് ആരംഭിച്ചതോടെ മോഡലിന് 34 ലക്ഷം രൂപ വരെ കുറഞ്ഞു. എക്സ്-ഡൈനാമിക് എച്ച്.എസ്.ഇ വകഭേദത്തിനാണ് ഈ വിലക്കുറവ് ലഭിക്കുക.
പുസ്തക പരിചയം: ‘ഓരോ മിടിപ്പിലും’
ഹൃദ്രോഗത്തെപ്പറ്റിയും വ്യത്യസ്തതരം ചികിത്സകളെപ്പറ്റിയും പ്രതിപാദിക്കുന്ന ഡോ. സി. ഭരത് ചന്ദ്രന്റെ ‘ഓരോ മിടിപ്പിലും’ മനോരമ ബുക്സ് പുറത്തിറക്കി. വില: 304 രൂപ.
70% പേരും ഉപയോഗിക്കുന്നത് ആവശ്യമായ അളവിലും കുറവ് പ്രോട്ടീൻ: പഠനം
ഭക്ഷണത്തിലൂടെ ആവശ്യത്തിന് പ്രോട്ടീൻ ശരീരത്തിൽ എത്തുന്നില്ലെന്ന് ‘സ്റ്റേറ്റ് ഓഫ് പ്രോട്ടീൻ ആൻഡ് ഫൈബർ ഇൻ അർബൻ ഇന്ത്യ’ പഠന റിപ്പോർട്ട്. പഠനത്തിൽ പങ്കെടുത്ത 70% പേരും പ്രതിദിനം 41 ഗ്രാമിൽ താഴെ പ്രോട്ടീൻ മാത്രമാണ് കഴിക്കുന്നത്. ഐ.സി.എം.ആർ നിർദേശപ്രകാരം പുരുഷന്മാർ പ്രതിദിനം 54 ഗ്രാമും സ്ത്രീകൾ 46 ഗ്രാമും പ്രോട്ടീൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.



























