പത്രം മലയാള ദിനപത്രങ്ങളിലൂടെ 2026 ഒക്ടോബര് 21 | ബുധന് (1202 തുലാം 4 | അവിട്ടം
ഇന്ന് വിജയദശമി; സംസ്ഥാനത്തെമ്പാടും വിദ്യാരംഭ ചടങ്ങുകൾക്ക് വൻ തിരക്ക്
ഇന്നു വിജയദശമി. അക്ഷരങ്ങളുടെ ലോകത്തേക്ക് പ്രവേശിക്കുന്ന ആയിരക്കണക്കിന് കുരുന്നുകൾക്ക് ആശംസകൾ. സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾക്കു വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കൊല്ലൂരിൽ പുഷ്പരഥോത്സവത്തിനു വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. തിരൂരിലെ തുഞ്ചൻ പറമ്പ്, വടക്കൻ പറവൂർ മൂകാംബിക ദേവീക്ഷേത്രം, പൂജപ്പുര സരസ്വതി ക്ഷേത്രം, ഐരാണിമുട്ടം തുഞ്ചൻ സ്മാരകം, വൈലോപ്പിള്ളി സംസ്കൃതി ഭവൻ, തൃശൂർ തിരുവുള്ളക്കാവ് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം തുടങ്ങിയ കേന്ദ്രങ്ങളിൽ വിദ്യാരംഭത്തിന് പുലർച്ചെ മുതൽ വൻ തിരക്കാണ്.
വീണാ ജോർജിനെ ആക്രമിച്ച കേസ്: മൊഴി തിരുത്തി ഗൺമാൻ
കണ്ണൂരിൽ മുൻ മന്ത്രി വീണാ ജോർജിനെ കെ എസ് യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ ഗൺമാൻ മൊഴി തിരുത്തി. കെ എസ് യു പ്രവർത്തകർ ആയുധമുപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്നു മൊഴി നൽകിയത് അന്നത്തെ ആരോഗ്യ മന്ത്രിയായിരുന്ന വീണ ജോർജ്ജ് ആവശ്യപ്പെട്ടിട്ടാണെന്ന് ഗൺമാൻ അഭിലാഷ് വെളിപ്പെടുത്തി.
വഖഫ് ബോർഡിൽ മാറ്റങ്ങൾ വരുത്തുമെന്ന് എൻ. ഷംസുദ്ദീൻ; സമവായ ധാരണയായി
വഖഫ് ബോർഡിൽ മാറ്റങ്ങൾ വരുത്തുമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു. എപി വിഭാഗം നിർദേശിക്കുന്നയാളെ വഖഫ് ബോർഡ് അംഗമാക്കും. മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും ചേർന്നാണ് സമവായത്തിനു ധാരണയുണ്ടാക്കിയത്. പൊന്നാനി എംഎൽഎ നൗഷാദ് അലിയും സമവായ ചർച്ചയിൽ ഇടപെട്ടു.
കോവളം സ്പാ പീഡനക്കേസ്: ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ, സസ്പെൻഷൻ
കോവളത്ത് സ്പായിൽ പതിനാറുകാരി ലൈംഗിക ചൂഷണത്തിനിരയായ കേസിൽ സ്പായുടെ ബിനാമി ഉടമയായ തിരുവനന്തപുരം കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അറസ്റ്റിലായി. ഉള്ളൂർ സോണൽ ഓഫീസിലെ ഹെൽത്ത് ഇൻസ്പെക്ടറാണ് അനുരൂപ്. ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തതായി മേയർ അറിയിച്ചു.
തെക്കൻ ജില്ലകളിൽ കനത്ത മഴ; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം, ഇടുക്കി ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുന്നു. തിരുവനന്തപുരത്ത് മലയോര, തീരദേശ മേഖലകളിൽ വീടുകളിൽ വെള്ളം കയറി. വിതുര, പൊന്മുടിയടക്കമുള്ള മേഖലകളിൽ ശക്തമായ മഴയാണ്. വാമനപുരം നദിയുടെ പോഷക നദിയായ മക്കിയാർ കരകവിഞ്ഞൊഴുകി. മക്കി, മരുതാമല, പേപ്പാറ, ആനപ്പാറ തുടങ്ങിയ മേഖലകളിൽ വീടുകളിലേക്ക് വെള്ളം കയറി. മഴ ശക്തിപ്രാപിക്കുന്ന പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ പാറ വീണു; ഗതാഗതം നിരോധിച്ചു
കൊച്ചി-ധനുഷ്കോടി ദേശീയപാത 85-ൽ അടിമാലി-മൂന്നാർ റൂട്ടിലെ രണ്ടാം മൈലിൽ വൻ പാറ വീണ് ഗതാഗതം തടസ്സപ്പെട്ടു. ഈ വഴിയുള്ള വാഹനഗതാഗതം പൂർണമായി നിരോധിച്ചിട്ടുണ്ട്. ഇടുക്കി ഹൈറേഞ്ച് മേഖലയിലും ശക്തമായ മഴ തുടരുകയാണ്. ജലനിരപ്പ് ഉയർന്നതോടെ കല്ലാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു.
പോഷകാഹാരക്കുറവുള്ള കുട്ടികളുടെ വിവരശേഖരണത്തിന് സർക്കാർ
പോഷകാഹാരങ്ങൾ ലഭിക്കാത്ത കുഞ്ഞുങ്ങളുടെ വിവരശേഖരണത്തിന് സർക്കാർ ഒരുങ്ങുന്നു. കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവ് മൂലം രണ്ടു വയസ്സുകാരൻ മരിച്ച സംഭവത്തെ തുടർന്നാണ് മോശം സാഹചര്യങ്ങളിൽ ജീവിക്കുന്ന കുട്ടികളുടെ പട്ടിക തയ്യാറാക്കാൻ സർക്കാർ തീരുമാനിച്ചത്.
ഉദ്യോഗസ്ഥ വീഴ്ച: വിഴിഞ്ഞം തുറമുഖ നിർമാണം നിയമക്കുരുക്കിൽ
തീരദേശ പരിപാലന അതോറിറ്റിയുടെ തെറ്റായ സത്യവാങ്മൂലത്തെ തുടർന്ന് വിഴിഞ്ഞം തുറമുഖ നിർമാണം പ്രതിസന്ധിയിലായി. മാസ്റ്റർ പ്ലാനിന്റെ ഭാഗമായിട്ടും പുളിങ്കുടി കടൽത്തീരം പദ്ധതിയുടെ ഭാഗമല്ലെന്ന് കെ. ഗോപാലകൃഷ്ണൻ ഐഎഎസ് നൽകിയ സത്യവാങ്മൂലം കാരണം ഹൈക്കോടതി നിർമാണം നിർത്തിവെക്കാൻ നിർദേശിച്ചു. വിഴിഞ്ഞത്തിന്റെ രണ്ടാംഘട്ടം 2028 ഡിസംബറോടെ പൂർത്തിയാക്കാൻ ശ്രമിക്കുമ്പോഴാണ് ഉദ്യോഗസ്ഥ വീഴ്ചയെ തുടർന്ന് സർക്കാർ കുരുക്കിലാകുന്നത്.
2027-ലെ സംസ്ഥാന പൊതു അവധികൾ പ്രഖ്യാപിച്ചു
2027-ലെ കേരളത്തിലെ പൊതു അവധി ദിനങ്ങൾ 18-ന് പ്രസിദ്ധീകരിച്ച കേരള ഗസറ്റിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ഗാന്ധിജയന്തി, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, വിഷു, ഈസ്റ്റർ, ബക്രീദ്, ഓണം, ക്രിസ്മസ് തുടങ്ങി 21 ദിവസങ്ങളാണ് പട്ടികയിൽ പൊതു അവധികളായി ഉള്ളത്. എല്ലാ രണ്ടാം ശനിയാഴ്ചകളും സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കും.
വീണാ വിജയനെതിരായ കേസ്: സിപിഎമ്മിൽ വിയോജിപ്പ്
വീണാ വിജയനെതിരായ കേസിനെ പാർട്ടിക്കെതിരായ ആക്രമണമായി ചിത്രീകരിക്കുന്നതിനെച്ചൊല്ലി സിപിഎമ്മിൽ വിമർശനം. കണ്ണൂരിൽ ചേർന്ന സിപിഎമ്മിന്റെ വിപുലീകരിച്ച ജില്ലാ കമ്മിറ്റി യോഗത്തിലാണ് വീണാ വിജയന്റെ കേസിൽ പാർട്ടി സ്വീകരിച്ച നിലപാടിനെ ചോദ്യം ചെയ്ത് പ്രതിനിധികൾ രംഗത്തെത്തിയത്.
പൊലീസ് ക്വാർട്ടേഴ്സിലെ മദ്യസൽക്കാരവും കയ്യാങ്കളിയും: ഉദ്യോഗസ്ഥർക്ക് നോട്ടീസ്
മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയൻ പൊലീസ് ക്വാർട്ടേഴ്സിൽ പിറന്നാൾ ആഘോഷത്തിനിടെയുണ്ടായ മദ്യസൽക്കാരത്തിലും കയ്യാങ്കളിയിലും പങ്കെടുത്ത ഉദ്യോഗസ്ഥർക്ക് ക്വാർട്ടേഴ്സ് ഒഴിയാൻ നോട്ടീസ്. എസ്ഐ, ഹവിൽദാർ എന്നിവർക്കാണ് കെഎപി അസിസ്റ്റന്റ് കമാൻഡന്റ് നോട്ടീസ് നൽകിയത്.
ഷൊര്ണൂര് റെയിൽവേ ട്രാക്കിൽ തടസ്സങ്ങൾ കണ്ടെത്തി
ഷൊര്ണൂര് റെയിൽവേ ട്രാക്കിൽ തടസ്സമുണ്ടാക്കുന്ന കോൺക്രീറ്റ് സ്ലാബും റെയിലിന്റെ കഷ്ണവും ഒരു ചാക്കിൽ കട്ടപിടിച്ച സിമന്റും കണ്ടെത്തി. ഒറ്റപ്പാലം – ഷൊർണൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ മൂന്നിടങ്ങളിലാണ് രാവിലെ 10.30 നും 11.30 നും ഇടയിൽ ഭാരമുള്ള വസ്തുക്കൾ ട്രാക്കിൽ കണ്ടെത്തിയത്.
പുള്ളിമാൻ തോലുമായി രണ്ടുപേർ അറസ്റ്റിൽ
പുള്ളിമാന്റെ തോൽ കൈവശംവച്ച രണ്ടു യുവാക്കളെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. വള്ളക്കടവ് കാരാളി പാലത്തിന് സമീപം ആറുവരമ്പിൽ വീട്ടിൽ ഗോകുൽ (32), വെങ്ങാനൂർ ചാരുവിളയിൽ അനന്തുഭവനിൽ അനന്തു (23) എന്നിവരെയാണ് പരുത്തിപ്പള്ളി വനം റേഞ്ച് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.
ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരി വൈദ്യുതി തടസ്സപ്പെടുത്തിയ പ്രതി പിടിയിൽ
കൈതാരം നോർത്ത് ട്രാൻസ്ഫോർമറിൽനിന്ന് രാത്രി ഫ്യൂസ് ഊരി വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയ കേസിലെ പ്രതി കൈതാരം കെഎം വിഷ്ണു (34) വിനെ പുതുച്ചേരിയിൽനിന്ന് പറവൂർ പോലീസ് പിടികൂടി. കഴിഞ്ഞ മാസമാണ് ഇയാൾ ട്രാൻസ്ഫോർമറിലെ ഫ്യൂസ് ഊരിയത്.
എഐജി ജി. പൂങ്കുഴലിക്ക് സിബിഐയിൽ ഡെപ്യൂട്ടേഷൻ
എഐജി ജി. പൂങ്കുഴലിക്ക് സിബിഐയിൽ ഡെപ്യൂട്ടേഷൻ നിയമനം നൽകി. അഞ്ചുവർഷമാണ് ഡെപ്യൂട്ടേഷൻ കാലാവധി.
പിണറായി വിജയനെതിരായ കേസ്: പൊതുചർച്ച വേണ്ടെന്ന് മുരളിധരൻ
പിണറായി വിജയനെതിരെ കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് പൊതു ചർച്ച വേണ്ടെന്ന് കെപിസിസി പ്രസിഡന്റ് തന്നെ പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി കെ മുരളീധരൻ. ആ പ്രശ്നങ്ങളൊക്കെ അവസാനിപ്പിച്ച് പാർട്ടിയും സർക്കാരും ശക്തമായി മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങിയതിനെ വിമർശിച്ച് കെ. കൃഷ്ണൻകുട്ടി
സംസ്ഥാനത്ത് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നതിനെയും പുതിയ താരിഫ് നയത്തെയും വിമർശിച്ച് മുൻ മന്ത്രി കെ. കൃഷ്ണൻകുട്ടി. കുറഞ്ഞ നിരക്കിലുള്ള കരാറുകൾ നിലനിൽക്കെ 14.50 രൂപയ്ക്ക് വൈദ്യുതി വാങ്ങിയതിന്റെ കാരണം സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഞാറക്കലിൽ പോലീസുകാർക്ക് കുത്തേറ്റു
എറണാകുളത്തെ ഞാറക്കലിൽ അടിപിടി കേസിൽ അന്വേഷണത്തിന് എത്തിയ പോലീസുകാർക്ക് കുത്തേറ്റു. എസ്ഐ ജിതിൻ, കോൺസ്റ്റബിൾ രാകേഷ് എന്നിവർക്കാണ് കുത്തേറ്റത്. കൊലക്കേസ് പ്രതി മുന്നയുടെ നേതൃത്വത്തിൽ ആക്രമണം നടത്തിയ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു.
പാലം ഉദ്ഘാടനത്തിൽ ക്ഷണമില്ലെന്ന് ജി. സുധാകരൻ
മാക്കേക്കടവ് – നേരെകടവ് പാലം ഉദ്ഘാടനത്തിന് തനിക്കൊരു ക്ഷണക്കത്തുപോലും തന്നില്ലെന്ന് ജി സുധാകരൻ. വികസന കാര്യത്തിൽ എൽഡിഎഫും യുഡിഎഫും സങ്കുചിത മനസ്ഥിതിയാണ് പ്രകടിപ്പിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഫാസ്ടാഗിൽ പണമില്ല: ടോൾ പ്ലാസയിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞു
ഫാസ്ടാഗിൽ പണമില്ലാത്തതിനെ തുടർന്ന് വടക്കഞ്ചേരി പന്നിയങ്കര ടോൾ പ്ലാസയിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞിട്ടു. രാവിലെ അന്തർസംസ്ഥാന ബസുകൾ ഉൾപ്പെടെ അഞ്ചു ബസുകളാണ് തൃശൂരിലേക്ക് വരുന്നതിനിടയിൽ തടഞ്ഞുവെച്ചത്. ഒടുവിൽ കണ്ടക്ടർ ഗൂഗിൾ പേ വഴി പണമടച്ചതോടെയാണ് ബസുകൾ കടത്തിവിട്ടത്.
കോവളം സ്പാ കേസ്: അന്വേഷണം തമിഴ്നാട്ടിലേക്കും
കോവളം സ്പാ പീഡനക്കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിക്കുന്നു. ചെങ്കൽപേട്ട് ജില്ലയിലെ ഗുഡുവാഞ്ചേരിയിൽ വെച്ചും പീഡനം നടന്നതായി ഇര മൊഴി നൽകിയതിനെത്തുടർന്നാണ് നടപടി.
കടവുഭാഗം സിനഗോഗിന് മുന്നിൽ തീയിട്ട പ്രതി റിമാൻഡിൽ
എറണാകുളം കടവുഭാഗം സിനഗോഗിന് മുന്നിൽ തീയിട്ട പ്രതി എബിൻ പോളിന്റെ കസ്റ്റഡി കാലാവധി പൂർത്തിയായതോടെ റിമാൻഡ് ചെയ്തു. കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി പ്രതിയുടെ മൊബൈൽഫോൺ പരിശോധനാഫലം ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം.
കരുവാരക്കുണ്ട് മേഖലയിൽ മലവെള്ളപ്പാച്ചിൽ രൂക്ഷം
വനമേഖലയിൽ മഴ ശക്തമായി തുടരുന്നതോടെ കരുവാരക്കുണ്ട്, കൽക്കുണ്ട്, തരിശ് മേഖലകളിൽ മലവെള്ളപ്പാച്ചിൽ രൂക്ഷമായി. തുടർച്ചയായ രണ്ടാം ദിവസവും പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയർന്നതോടെ തീരവാസികൾ ആശങ്കയിലാണ്.
വി.എസ്. അച്യുതാനന്ദൻ തിരുത്തൽ ശക്തിയായിരുന്നു: വി.എം. സുധീരൻ
രാഷ്ട്രീയത്തിലെ തിരുത്തൽ ശക്തിയായിരുന്നു വി.എസ്. അച്യുതാനന്ദൻ എന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ അനുസ്മരിച്ചു. വി.എസിന്റെ 103-ാം ജന്മദിനത്തിൽ പറവൂരിലെ വീട്ടിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള മുസ്ലീം ജമാഅത്ത് പ്രതിഷേധ മാർച്ച് മാറ്റി
കേരള മുസ്ലീം ജമാഅത്ത് നടത്തുമെന്ന് പ്രഖ്യാപിച്ച പ്രതിഷേധ മാർച്ച് മാറ്റി. വഖഫ് ബോർഡ് പുനസംഘടിപ്പിക്കാമെന്ന് ഉറപ്പു ലഭിച്ചതിനാലാണ് മാർച്ച് മാറ്റിവെച്ചത്.
രാഹുലിന്റെ വിദേശയാത്രയെ ന്യായീകരിച്ച് എം.എ. ബേബി
രാഹുൽ ഗാന്ധിയുടെ വിദേശയാത്രയെ ന്യായീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ബിജെപിയുടെ പ്രചാരണം ആശയക്കുഴപ്പം ഉണ്ടാക്കാനാണെന്ന് അദ്ദേഹം പ്രതികരിച്ചു. മോദി മണിപ്പൂർ കത്തുമ്പോഴും വിദേശയാത്ര നടത്തുകയായിരുന്നുവെന്നും ബേബി കുറ്റപ്പെടുത്തി.
മുരളിധരനെതിരെ ജെബി മേത്തർ
പരസ്യ പ്രസ്താവനകൾ കെപിസിസി അധ്യക്ഷൻ വിലക്കിയിട്ടും കെ. മുരളിധരനെതിരെ ജെബി മേത്തർ എംപി രംഗത്തെത്തി. മുഖ്യമന്ത്രിക്കെതിരായ അടൂർ പ്രകാശിന്റെ പ്രസ്താവനകൾ വ്യക്തിസ്വാതന്ത്ര്യമാണെന്നും അതിനെ ചോദ്യം ചെയ്യരുതെന്നും ജെബി മേത്തർ പറഞ്ഞു.
കൊട്ടാരക്കരയിൽ തീർത്ഥാടക കുടുംബത്തിന് നേരെ ആക്രമണം; 4 പേർ കസ്റ്റഡിയിൽ
കൊല്ലം കൊട്ടാരക്കരയിൽ ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ കുടുംബത്തിന് നേരെ നാലംഗ സംഘത്തിന്റെ ആക്രമണം. കാക്കത്താനം സ്വദേശി ശരത് കുമാറിനെയും കുടുംബത്തെയുമാണ് ആക്രമിച്ചത്. സംഭവത്തിൽ നാലു പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഓടുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കവെ വീണ് യുവാവ് മരിച്ചു
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ആലുവ റെയിൽവേ സ്റ്റേഷനിൽ ചാടിയിറങ്ങാൻ ശ്രമിക്കുന്നതിനിടെ വീണ് പൊഞ്ഞാശ്ശേരി സ്വദേശി അൽത്താഫ് (35) മരിച്ചു.
പുളിക്കീഴിലെ കുട്ടിയുടെ മരണം: അമ്മ കസ്റ്റഡിയിൽ
പത്തനംതിട്ട പുളിക്കീഴിൽ മൂന്ന് വയസ്സുകാരിയുടെ മൃതദേഹം ചതുപ്പിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ മഞ്ജുവിനെ മൂന്നു വർഷങ്ങൾക്കുശേഷം പോലീസ് കസ്റ്റഡിയിലെടുത്തു. കാമുകനാണ് കൊലപാതകം നടത്തിയതെന്നാണ് മഞ്ജു നൽകിയ മൊഴി. 2023 ഓഗസ്റ്റിലായിരുന്നു സംഭവം.
രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള നീക്കത്തിനെതിരെ പോരാടണം: പ്രധാനമന്ത്രി
രാജ്യത്തെ ഭിന്നിപ്പിക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും അതിനെതിരെ ഒരുമിച്ച് പോരാടണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ശത്രുക്കളെ പരാജയപ്പെടുത്തണമെന്നും ഡൽഹിയിൽ പ്രതിഷേധങ്ങൾക്കിടെ അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയിൽ അട്ടിമറി ഉണ്ടാവില്ല: മോഹൻ ഭാഗവത്
ക്ഷുദ്ര ശക്തികൾ രാജ്യത്തെ ദുർബലമാക്കാൻ ശ്രമിക്കുകയാണെന്നും എന്നാൽ ഇന്ത്യയിൽ അട്ടിമറി ഉണ്ടാവില്ലെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. നാഗ്പൂരിൽ ആർഎസ്എസിന്റെ വിജയദശമി പ്രസംഗത്തിലാണ് പരാമർശം.
ആർഎസ്എസിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി
ആർഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. സ്ത്രീകൾ പുരുഷന്മാരുടെ സ്വത്താണെന്ന് വിശ്വസിക്കുന്ന ഭരണഘടനാ വിരുദ്ധ സമീപനമാണ് ആർഎസ്എസിന്റേതെന്നും താൻ ശിവശക്തിയിലാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജന്തർ മന്തർ പ്രതിഷേധം: അടിയന്തര ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ജന്തർ മന്തറിന്റെ മതിൽ ചാടിക്കടന്ന് പ്രതിഷേധിച്ചതിന് അറസ്റ്റിലായ സിജെപി നേതാക്കളുടെ ജാമ്യാപേക്ഷ രാത്രി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി തള്ളി. കേസിൽ ഇന്ന് വാദം കേൾക്കും.
പ്രതിഷേധത്തിൽ നിന്ന് താൽക്കാലികമായി പിന്മാറുന്നു: സിജെപി
ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിൽ നിന്ന് താൽക്കാലികമായി പിൻവാങ്ങുന്നുവെന്ന് കോക്റോച്ച് ജനതാ പാർട്ടി. ഉത്സവകാലം കുടുംബത്തോടൊപ്പം ചെലവഴിക്കണമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ ആവശ്യപ്പെട്ടു.
രാഹുൽ ഗാന്ധിയുടെ വിയറ്റ്നാം സന്ദർശനത്തെ പരിഹസിച്ച് ബിജെപി
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിയറ്റ്നാം സന്ദർശനത്തെ ബിജെപി പരിഹസിച്ചു. നുണകൾ പ്രചരിപ്പിച്ച ശേഷം രാഹുൽ വിദേശത്തേക്ക് കടന്നുവെന്ന് ബിജെപി ആരോപിച്ചു.
സിജെപി നേതാക്കൾക്ക് നിയമത്തോട് ബഹുമാനമില്ല: മജിസ്ട്രേറ്റ്
സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും നിയമത്തോട് യാതൊരു ബഹുമാനവുമില്ലെന്ന് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നിരീക്ഷിച്ചു.
മണിപ്പൂരിൽ വീണ്ടും ആക്രമണം: മൂന്ന് മെയ്തെയ് വംശജർ കൊല്ലപ്പെട്ടു
മണിപ്പൂരിലെ ഇംഫാൽ ഈസ്റ്റ് ജില്ലയിലുണ്ടായ ആക്രമണത്തിൽ മെയ്തെയ് വിഭാഗക്കാരായ മൂന്നു പേർ കൊല്ലപ്പെടുകയും മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഡൽഹി പോലീസിനെതിരെ കോൺഗ്രസ് ധർണ
എൻഎസ്ഐ നേതാവിനെ മർദിച്ച വനിതാ കോൺസ്റ്റബിളിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാൻ കോൺഗ്രസ് നേതാക്കൾ ജയ്പൂർ പോലീസ് കമ്മീഷണറേറ്റിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ടൈഗർ ഷറോഫിന് നേരെയുള്ള വെടിവെപ്പ്: നാലുപേർ കൂടി പിടിയിൽ
ബോളിവുഡ് താരം ടൈഗർ ഷറോഫിന് നേരെ ഉണ്ടായ വെടിവെപ്പ് കേസിൽ ആയുധമെത്തിച്ച രണ്ടു യുവതികൾ ഉൾപ്പെടെ നാലുപേർ കൂടി പിടിയിലായി. ലോറൻസ് ബിഷ്ണോയി സംഘാംഗത്തിന്റെ നിർദേശപ്രകാരമാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് പോലീസ് കണ്ടെത്തി.
ഡൽഹി മെട്രോയിൽ സ്വര്ണപ്പൊടിയുമായി യാത്രക്കാരൻ പിടിയിൽ
ഡൽഹി ജുമാ മസ്ജിദ് മെട്രോ സ്റ്റേഷനിൽ പരിശോധനയ്ക്കിടെ രക്ഷപ്പെടാൻ ശ്രമിച്ചയാളിൽ നിന്ന് 155 ഗ്രാം സ്വർണ്ണപ്പൊടി പിടിച്ചെടുത്തു.
ഡൽഹിയിൽ പ്രതിപക്ഷ നേതാക്കളുടെ കോലങ്ങൾ കത്തിച്ചു
ഡൽഹിയിൽ ദസറ ആഘോഷങ്ങൾക്കിടെ രാഹുൽ ഗാന്ധി, സിജെപി നേതാക്കൾ, ധ്രുവ് റാഠി തുടങ്ങിയവരുടെ കോലങ്ങൾ കത്തിച്ച് പ്രതിഷേധം നടന്നു.
പാറ്റയുടെ കോലം കത്തിച്ചതിൽ പരിഹാസവുമായി അഭിജീത് ദീപ്കെ
ഡൽഹിയിൽ ദസറ ആഘോഷത്തിനിടെ പാറ്റയുടെ കോലം കത്തിച്ച സംഭവം സൗജന്യ പബ്ലിസിറ്റിയാണെന്ന് സിജെപി നേതാവ് അഭിജീത് ദീപ്കെ പരിഹസിച്ചു.
ഇൻഫ്ലുവൻസർ ശ്രദ്ധ ദുബെയും സഹോദരിയും അറസ്റ്റിൽ
കഫേ ഉടമയുടെ മരണവുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ശ്രദ്ധ ദുബെയെയും സഹോദരിയെയും നാഗ്പൂരിൽ വെച്ച് അറസ്റ്റ് ചെയ്തു.
നഴ്സിനെ കൊന്ന് താലിമാല കവർന്ന സഹപ്രവർത്തകൻ അറസ്റ്റിൽ
തിരുപ്പൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ യുവതിയെ കൊലപ്പെടുത്തി താലിമാല കവർന്ന കേസിൽ സഹപ്രവർത്തകനായ യുവാവ് പിടിയിലായി.
യൂസഫ് പത്താന്റെ ഭൂമി തർക്കത്തിന് പരിഹാരം
മുൻ ക്രിക്കറ്റ് താരം യൂസഫ് പത്താന് കുടുംബവീടിനോട് ചേർന്നുള്ള തർക്കഭൂമി വിട്ടുനൽകാൻ ഗുജറാത്ത് സർക്കാർ തീരുമാനിച്ചു.
അൽബേനിയൻ അക്രമ ദൃശ്യങ്ങൾ പങ്കുവെച്ച് സഞ്ജയ് റാവത്ത്; വിവാദം
അൽബേനിയയിലെ സർക്കാറിനെതിരായ അക്രമ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് സഞ്ജയ് റാവത്ത് എംപി രംഗത്തെത്തിയത് പുതിയ രാഷ്ട്രീയ വിവാദത്തിന് തിരി കൊളുത്തി.
ഭീകരവാദത്തിന് യാതൊരു ന്യായം പറയാനാകില്ല: രാജ്നാഥ് സിങ്
തജിക്കിസ്ഥാനിൽ നടന്ന എസ്സിഒ യോഗത്തിൽ പാകിസ്താൻ പ്രതിനിധിയുടെ സാന്നിധ്യത്തിൽ ഭീകരവാദത്തിനെതിരെ കടുത്ത നിലപാട് വ്യക്തമാക്കി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്.
സമ്പുഷ്ടീകരിച്ച യുറേനിയം വിട്ടുനൽകില്ല: ഇറാൻ
അമേരിക്ക തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ സമ്പുഷ്ടീകരിച്ച യുറേനിയം വിട്ടുനൽകില്ലെന്ന് ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ അറിയിച്ചു.
ഗൂഗിൾ ക്ലൗഡ് തകരാർ: യുകെയിൽ സേവനങ്ങൾ സ്തംഭിച്ചു
ഗൂഗിൾ ക്ലൗഡിന്റെ ലണ്ടൻ ഡാറ്റാ സെന്ററിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്ന് ബ്രിട്ടനിലെ ബാങ്കിംഗ്, കൊറിയർ, ആരോഗ്യ മേഖലകൾ മണിക്കൂറുകളോളം സ്തംഭിച്ചു.
എസ്. ജയശങ്കർ യുഎഇ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി
വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുഎഇ വിദേശകാര്യ മന്ത്രിയുമായി മുംബൈയിൽ കൂടിക്കാഴ്ച നടത്തുകയും പശ്ചിമേഷ്യൻ സാഹചര്യങ്ങളും വ്യാപാര സഹകരണവും ചർച്ച ചെയ്യുകയും ചെയ്തു.
സൗദിക്ക് പ്രതിരോധവുമായി യുകെ പോർവിമാനങ്ങൾ
ഹൂത്തി ആക്രമണങ്ങളിൽ നിന്ന് സൗദി അറേബ്യയെ പ്രതിരോധിക്കാൻ പോർവിമാനങ്ങൾ വിന്യസിക്കുമെന്ന് യുകെ പ്രഖ്യാപിച്ചു.
റഷ്യയിൽ ഉക്രൈന്റെ ഡിജിറ്റൽ ആക്രമണം
റഷ്യൻ ടെക് കമ്പനിയായ യാൻഡെക്സിന്റെ ഡേറ്റ സെന്ററുകൾക്ക് നേരെ ഉക്രൈൻ നടത്തിയ ഡിജിറ്റൽ ആക്രമണത്തിൽ റഷ്യയിലുടനീളം സേവനങ്ങൾ തടസ്സപ്പെട്ടു.
പട്ടിണി കിടന്ന് മരിക്കാൻ പ്രേരിപ്പിച്ച കേസ്: പ്രഭാഷകൻ കുറ്റക്കാരൻ
സ്വർഗത്തിലെത്താൻ പട്ടിണി കിടക്കാൻ അനുയായികളെ പ്രേരിപ്പിച്ച് 191 പേരുടെ മരണത്തിന് ഇടയാക്കിയ മതപ്രഭാഷകൻ പോൾ മക്കൻസിയെ കെനിയൻ കോടതി കുറ്റക്കാരനായി കണ്ടെത്തി.
യന്ത്ര കയറ്റുമതിയിൽ നിയന്ത്രണങ്ങളുമായി ചൈന
തുരങ്ക നിർമാണ യന്ത്രങ്ങൾ ഉൾപ്പെടെയുള്ളവയുടെ കയറ്റുമതിയിൽ ചൈന നിയന്ത്രണം ഏർപ്പെടുത്തി. ഇത് ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനത്തെ ബാധിച്ചേക്കാം.
കിം ജോങ് ഉൻ കോമയിലാണെന്ന വാർത്തകൾ തള്ളി ഉത്തര കൊറിയ
ഭരണാധികാരി കിം ജോങ് ഉൻ കോമയിലാണെന്ന പ്രചാരണങ്ങൾ തെറ്റാണെന്ന് തെളിയിക്കാൻ അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങൾ ഉത്തര കൊറിയൻ മാധ്യമങ്ങൾ പുറത്തുവിട്ടു.
ഫ്രാൻസിലെ കലാപത്തിന് കാരണം കുടിയേറ്റക്കാരെന്ന് ട്രംപ്
ഫ്രാൻസിലെ അസ്വസ്ഥതകൾക്ക് കാരണം കുടിയേറ്റക്കാരാണെന്നും അതിർത്തികൾ അടയ്ക്കണമെന്നും ഡൊണാൾഡ് ട്രംപ് മാക്രോണിനോട് ആവശ്യപ്പെട്ടു.
സിംബാബ്വെയ്ക്കെതിരായ ട്വന്റി-20 പരമ്പര ഇന്ത്യ തൂത്തുവാരി
സിംബാബ്വെ വനിതകൾക്കെതിരായ ട്വന്റി-20 പരമ്പരയിലെ അവസാന മത്സരത്തിൽ 92 റൺസിന്റെ ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. ഹർമൻപ്രീത് കൗർ 91 റൺസ് നേടി.
വിനു മങ്കാദ് ട്രോഫി: കേരളം പുറത്തായി
അണ്ടർ 19 വിനു മങ്കാദ് ട്രോഫി പ്രീക്വാർട്ടറിൽ തമിഴ്നാടിനോട് 9 വിക്കറ്റിന് തോറ്റ് കേരളം ടൂർണമെന്റിൽ നിന്ന് പുറത്തായി.
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്ക്
പരിശീലകനുമായുള്ള തർക്കത്തെ തുടർന്ന് പോർച്ചുഗൽ ക്യാമ്പിൽ നിന്ന് ഇറങ്ങിപ്പോയ റൊണാൾഡോയ്ക്ക് പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ 30 ദിവസത്തെ വിലക്കും പിഴയും ചുമത്തി.
ഗംഭീർ-കോലി ഭിന്നത പരിഹരിക്കാൻ പ്രഗ്യാൻ ഓജ
ഗൗതം ഗംഭീറും വിരാട് കോലിയും തമ്മിലുള്ള ആശയവിനിമയ പോരായ്മകൾ പരിഹരിക്കാൻ പ്രഗ്യാൻ ഓജയെ ബിസിസിഐ ചുമതലപ്പെടുത്തിയതായി റിപ്പോർട്ട്.
മുക്കോണ പരമ്പര: പാകിസ്ഥാന് ജയം
ത്രിരാഷ്ട്ര പരമ്പരയിൽ ഇംഗ്ലണ്ടിനെ 87 റൺസിന് തോൽപ്പിച്ച് പാകിസ്ഥാൻ വിജയം നേടി. അറഫാത് മിൻഹാസാണ് മത്സരത്തിലെ മികച്ച താരം.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യക്ക് ഉയർന്ന ലാഭം
രണ്ടാം പാദത്തിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 5,537 കോടി രൂപയുടെ ലാഭം നേടി. മുൻ വർഷത്തേക്കാൾ മികച്ച വളർച്ചയാണ് ബാങ്ക് കൈവരിച്ചത്.
ഫ്ലിപ്കാർട്ട് ഫുഡ് ഡെലിവറി മേഖലയിലേക്ക് കടക്കുന്നു
‘ഈറ്റ് ഇൻ മിനിറ്റ്സ്’ എന്ന പേരിൽ ഫുഡ് ഡെലിവറി സേവനം ഉടൻ ആരംഭിക്കാൻ ഫ്ലിപ്കാർട്ട് ഒരുങ്ങുന്നു. ബംഗളൂരുവിലാണ് ആദ്യ പരീക്ഷണം.
‘ഓം: ചാപ്റ്റർ 1’ ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി
ധനുഷും മമ്മൂട്ടിയും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഓം: ചാപ്റ്റർ 1’ സിനിമയിലെ ‘വീഴാ വീരാ’ എന്ന ഗാനം പുറത്തിറങ്ങി. സായ് അഭ്യങ്കറാണ് സംഗീതം.
സൂര്യ ചിത്രം ‘സീൻ’: പുതിയ ഗാനം പുറത്ത്
ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം ‘സീൻ’ എന്ന സിനിമയിലെ ‘എയ്റോപ്ലെയിൻ’ എന്ന ഗാനം പുറത്തിറങ്ങി. സുഷിൻ ശ്യാമാണ് സംഗീതം നൽകിയത്.
റോയൽ എൻഫീൽഡ് ക്ലാസിക് 650 ഹൈപ്പർഷിഫ്റ്റ് പുറത്തിറക്കി
125-ാം വാർഷികത്തോടനുബന്ധിച്ച് റോയൽ എൻഫീൽഡ് പ്രത്യേക പതിപ്പായ ക്ലാസിക് 650 ഹൈപ്പർഷിഫ്റ്റ് പുറത്തിറക്കി. പരിമിതമായ യൂണിറ്റുകൾ മാത്രമാണ് ലഭ്യമാകുക.
പുസ്തക പരിചയം: ‘നിരാമയി’
രഘുദാസ് കാട്ടുങ്കൽ എഴുതിയ സാഹസിക പ്രണയ നോവൽ ‘നിരാമയി’ ഡിസി ബുക്സ് പുറത്തിറക്കി. പുരാതന നിധിയുടെ രഹസ്യം തേടിയുള്ള യാത്രയാണ് പ്രമേയം. വില: 413 രൂപ.
വിട്ടുമാറാത്ത വായ്നാറ്റം: ലക്ഷണങ്ങളും പ്രതിരോധവും
ദിവസവും പല്ലു തേച്ചാലും മാറാത്ത വായ്നാറ്റം ആമാശയ രോഗങ്ങൾ, ടോൺസിൽ പ്രശ്നങ്ങൾ, പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാകാം. കൃത്യമായ ദന്തപരിശോധനയും നാക്ക് വൃത്തിയാക്കലും അത്യാവശ്യമാണ്.



























