25.9 C
Kollam
Friday 20th November, 2026 | 07:33:54 AM
Home News Breaking News പത്രം മലയാള ദിനപത്രങ്ങളിലൂടെ 2026 | നവംബർ 20 | വെള്ളി  |  1202 |...

പത്രം മലയാള ദിനപത്രങ്ങളിലൂടെ 2026 | നവംബർ 20 | വെള്ളി  |  1202 | വൃശ്ചികം 4, പൂരുരുട്ടാതി

Advertisement

/div>

രാജ്യത്തെ കോർപറേറ്റുകളെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യത്തെ കോർപറേറ്റുകളെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നികുതിയിളവു നല്‍കിയിട്ടും രാജ്യത്തെ കോര്‍പറേറ്റുകള്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുകയോ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്യുന്നില്ലെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഇന്ത്യയിലെ പ്രമുഖ വ്യവസായ സംഘടനയുടെ വാര്‍ഷിക യോഗത്തിലാണു മോദിയുടെ രൂക്ഷവിമര്‍ശനം. ഇന്ത്യയെ സ്വയംപര്യാപ്തമാക്കാനുള്ള ശ്രമങ്ങളില്‍ സ്വകാര്യമേഖലയുടെ മെല്ലെപ്പോക്കിനെയും പ്രധാനമന്ത്രി ചോദ്യം ചെയ്തു. ആഭ്യന്തര വിപണിയില്‍ വില്‍ക്കുന്ന ഉല്‍പന്നങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തണമെന്നും മികച്ച ഉല്‍പന്നങ്ങള്‍ കയറ്റുമതിക്കു മാത്രമുള്ളതാണെന്ന ചിന്താഗതി മാറ്റണമെന്നും മോദി ആവശ്യപ്പെട്ടു. ലോകത്തെ പ്രധാന സമ്പദ്വ്യവസ്ഥകളുമായി സ്വതന്ത്ര വ്യാപാരക്കരാര്‍ ഒപ്പിടുമ്പോള്‍ നിങ്ങള്‍ക്കായി വാതിലുകള്‍ തുറക്കപ്പെടുകയാണെന്നും ഈ അവസരം മുതലെടുക്കാന്‍ നിങ്ങള്‍ എന്തെങ്കിലും പദ്ധതികള്‍ തയാറാക്കിയിട്ടുണ്ടോയെന്നും അതോ എന്തുചെയ്യണമെന്ന് ഞാന്‍ വന്നു പറഞ്ഞുതരണോയെന്നും അദ്ദേഹം ചോദിച്ചു.

ജമ്മു കശ്മീരിലേക്ക് ഒരേസമയം വിവിധ മേഖലകളിലൂടെ ഭീകരരെ കടത്തിവിടാൻ പാകിസ്താൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്

ജമ്മു കശ്മീരിലേക്ക് ഒരേസമയം വിവിധ മേഖലകളിലൂടെ ഭീകരരെ കടത്തിവിടാന്‍ പാകിസ്താന്‍ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ലഷ്‌കറെ ത്വൊയ്ബയുമായി ചേര്‍ന്ന് അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങളും നുഴഞ്ഞുകയറ്റ ശ്രമങ്ങളും ശക്തമാക്കാന്‍ നീക്കം നടത്തുന്നത് പാക് ചാരസംഘടനയായ ഐഎസ്‌ഐ യാണ്. ലഷ്‌കറെ ത്വൊയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍, ജെയ്‌ഷെ മുഹമ്മദ് എന്നീ ഭീകരസംഘടനകളില്‍പ്പെട്ട 500-ലധികം ഭീകരര്‍ ഇന്ത്യയിലേക്ക് കടക്കാന്‍ പാക് അധീന കശ്മീരിലെ ലോഞ്ച് പാഡുകളില്‍ തയ്യാറായി കാത്തുനില്‍ക്കുകയാണ് എന്നാണ് രഹസ്യാഷേണ വൃത്തങ്ങള്‍ പറയുന്നത്.

ട്രംപ്, പുടിൻ, ഷീ ജിൻപിങ് ത്രികക്ഷി കൂടിക്കാഴ്ച ഷെൻഷെനിൽ പൂർത്തിയായി; പെട്രോളിയം ഉത്പാദനം വർധിപ്പിക്കാൻ സംയുക്ത പ്രഖ്യാപനം

ലോകം ഉറ്റുനോക്കിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് എന്നിവരുടെ നിര്‍ണ്ണായക ത്രികക്ഷി കൂടിക്കാഴ്ച ചൈനയിലെ ഷെന്‍ഷെനില്‍ പൂര്‍ത്തിയായി. 80 മിനിറ്റ് നീണ്ടുനിന്ന ചര്‍ച്ചയ്ക്ക് ശേഷം മൂന്ന് ലോകനേതാക്കളും സംയുക്ത പ്രഖ്യാപനം പുറത്തിറക്കി. പെട്രോളിയം ഉത്പന്നങ്ങളുടെ ഉത്പാദനവും വിതരണവും വര്‍ധിപ്പിക്കുമെന്ന് സംയുക്ത പ്രഖ്യാപനത്തില്‍ ഇവര്‍ വ്യക്തമാക്കി. എന്നാല്‍ അമേരിക്കയുടെ നേതൃത്വത്തില്‍ ഇറാനെതിരേ നടക്കുന്ന യുദ്ധത്തിന്റെ പ്രധാന കേന്ദ്രമായി മാറിയ ഹോര്‍മുസ് കടലിടുക്കിനെക്കുറിച്ചും അഞ്ച് വര്‍ഷമായി തുടരുന്ന റഷ്യ-യുക്രൈന്‍ യുദ്ധത്തെക്കുറിച്ചും സംയുക്ത പ്രഖ്യാപനത്തില്‍ പരാമര്‍ശമില്ല.

സിസ്റ്റമാറ്റിക് വിത്ത്‌ഡ്രോവൽ പ്ലാനിന് ഇ.പി.എഫ്.ഒ അംഗീകാരം; മിനിമം ബാലൻസ് 10 ശതമാനമായി കുറച്ചു

വിരമിച്ചവര്‍ക്ക് പി.എഫ് തുക കൃത്യമായ ഇടവേളകളില്‍ പിന്‍വലിക്കാന്‍ അനുവദിക്കുന്ന സിസ്റ്റമാറ്റിക് വിത്ത്‌ഡ്രോവല്‍ പ്ലാനിന് ഇ.പി.എഫ്.ഒ അംഗീകാരം നല്‍കി. പിഎഫില്‍ സൂക്ഷിക്കേണ്ട മിനിമം ബാലന്‍സ് 10 ശതമാനമായി കുറയ്ക്കുകയും ചെയ്തു.

സംഘം ചേർന്നുള്ള യാത്രയ്ക്കുള്ള ട്രെയിൻ കോച്ച് ബുക്കിങ് നിയമങ്ങളിൽ മാറ്റവുമായി ഇന്ത്യൻ റെയിൽവേ

സംഘം ചേര്‍ന്നുള്ള യാത്രയ്ക്കുള്ള ട്രെയിന്‍ കോച്ച് ബുക്കിങ്ങ് നിയമങ്ങളില്‍ മാറ്റങ്ങളുമായി ഇന്ത്യന്‍ റെയില്‍വേ. വിവാഹം, പഠനയാത്രകള്‍, തീര്‍ത്ഥാടനം, കായിക-സാംസ്‌കാരിക പരിപാടികള്‍ എന്നിവയ്ക്കായി ഒന്നിച്ച് യാത്ര ചെയ്യുന്നവര്‍ക്കുള്ള ബള്‍ക്ക് ടിക്കറ്റ് ബുക്കിങിനായി മാറ്റിവെക്കാവുന്ന ബെര്‍ത്തുകളുടെ നിശ്ചിത പരിധി എടുത്തുകളഞ്ഞു.

വി.ഡി. സതീശൻ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ

വി.ഡി. സതീശന്‍ സര്‍ക്കാരിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സര്‍ക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടമായി എന്നും തിരുത്തേണ്ടത് തിരുത്താന്‍ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രി സ്വന്തം പാര്‍ട്ടിയെ വിശ്വാസത്തിലെടുക്കുന്നില്ലെന്നും ടീം യുഡിഎഫ് ടീമല്ലാതായി മാറിയെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു.

സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി വി.ഡി. സതീശനുമെതിരെ എൽപിഎസ്ടി റാങ്ക് ജേതാക്കളുടെ പ്രതിഷേധം

സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രി വി ഡി സതീശനെയും അതിരൂക്ഷമായി വിമര്‍ശിച്ച് എല്‍പിഎസ്ടി റാങ്ക് ജേതാക്കള്‍. സര്‍ക്കാര്‍ ഇന്നലെ എടുത്ത നിലപാട് പ്രതീക്ഷ ഇല്ലാതാക്കിയെന്നും 1 : 25 അനുപാതം നടത്താന്‍ അനുമതി നല്‍കാത്തതിന് കാരണം മുഖ്യമന്ത്രിയുടെ നിര്‍ദേശമാണെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. സമരം ഒത്തുതീര്‍പ്പാക്കാന്‍ മുന്‍കൈയെടുത്ത മുഖ്യമന്ത്രി തന്നെ ഇത് ചെയ്തത് വിഷമിപ്പിച്ചുവെന്നും സമരക്കാര്‍ പ്രതികരിച്ചു.

കൊല്ലത്തെ ജടായുപാറ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിക്കുമെന്ന് സുരേഷ് ഗോപി

കൊല്ലത്തെ ജടായുപാറ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് ആദ്യം ജടായുപാറയില്‍ സന്ദര്‍ശനം നടത്തുമെന്നും ഇതിനുശേഷമായിരിക്കും പ്രധാനമന്ത്രിയുടെ സന്ദര്‍ശനമുണ്ടാവുകയെന്നും സുരേഷ് ഗോപി അറിയിച്ചു. ബോളിവുഡ് സിനിമയായ രാമായണ റിലീസ് ചെയ്തതോടെയാണ് കൊല്ലത്തെ ജടായുപാറയും ജടായു എര്‍ത്ത് സെന്ററും വന്‍ ജനശ്രദ്ധയാകര്‍ഷിച്ചത്.

ഐടി പാർക്കിൽ ഒന്നിലധികം മദ്യശാലകൾ വേണമെന്ന ചട്ടഭേദഗതി നിയമസഭാ സബ്ജക്ട് കമ്മിറ്റി മാറ്റിവെച്ചു

ഒരു ഐടി പാര്‍ക്കില്‍ ഒന്നിലധികം മദ്യശാലകള്‍ വേണമെന്ന ചട്ടഭേദഗതി നിയമസഭാ സബ്ജക്ട് കമ്മിറ്റി മാറ്റിവെച്ചു. പുതിയ മദ്യനയത്തിന് ശേഷം തീരുമാനമെടുത്താന്‍ മതിയെന്ന് എക്സൈസ് മന്ത്രി ആശ്യപ്പെട്ടു. ഇത് മുഖ്യമന്ത്രി അംഗീകരിച്ചതോടെയാണ് ഭേദഗതി മാറ്റിവെച്ചത്. കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന ചട്ടഭേദഗതിയെ പ്രതിപക്ഷ എംഎല്‍എമാരും സബ്ജക്ട് കമ്മിറ്റിയില്‍ എതിര്‍ത്തു.

ബാലരാമപുരം കൈത്തറിക്ക് കനകക്കുന്നിൽ മ്യൂസിയം; പ്രഖ്യാപനം അടുത്ത ബജറ്റിലെന്ന് മുഖ്യമന്ത്രി

ബാലരാമപുരം കൈത്തറിയുടെ ഉന്നമനത്തിനായി തിരുവനന്തപുരം കനകക്കുന്നില്‍ സര്‍ക്കാര്‍ മ്യൂസിയം ഒരുക്കുമെന്നും അടുത്ത ബജറ്റില്‍ പ്രഖ്യാപനം ഉണ്ടാകുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍. വിഷ്വല്‍ ആര്‍ട്ടിസ്റ്റ് ലക്ഷ്മി മാധവന്റെ ആശയത്തില്‍ 2500 നെയ്ത്തുകാര്‍ 6000 അടിയില്‍ തീര്‍ത്ത ബാലരാമപുരം കൈത്തറി പ്രോജക്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ബിജെപി വിട്ട പത്മജ വേണുഗോപാലിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് സണ്ണി ജോസഫ്

ബിജെപി വിട്ട പത്മജയെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ലീഡറുടെ മകള്‍ക്ക് കോണ്‍ഗ്രസിലേക്ക് സ്വാഗതമെന്നും പത്മജ വേണുഗോപാല്‍ ബിജെപി വിട്ടത് നല്ല തീരുമാനമാണെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.

പത്മജയെ കോൺഗ്രസിലേക്ക് സ്വീകരിക്കണോയെന്ന് നേതൃത്വം തീരുമാനിക്കട്ടെയെന്ന് കെ. മുരളീധരൻ

ബിജെപി വിട്ട പത്മജ വേണുഗോപാലിനെ കോണ്‍ഗ്രസിലേക്ക് സ്വീകരിക്കണോയെന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിക്കട്ടെ എന്ന് സഹോദരനും മന്ത്രിയുമായ കെ.മുരളീധരന്‍. ബിജെപി വിടുകയാണെന്ന് തന്നെ പത്മജ അറിയിച്ചിരുന്നുവെന്നും അതിന്റെ കാരണങ്ങളൊന്നും തനിക്കറിയില്ലെന്നും മുരളീധരന്‍ പറഞ്ഞു.

ശബരിമല തീർത്ഥാടകർക്കായി കൊച്ചി സിറ്റി പൊലീസിന്റെ വിപുലമായ ക്രമീകരണങ്ങൾ

ശബരിമല തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്കായി കൊച്ചി സിറ്റി പോലീസ് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. സൗത്ത്, നോര്‍ത്ത് റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ഗതാഗത നിയന്ത്രണങ്ങളും സഹായ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

അരിയിൽ ഷുക്കൂർ വധക്കേസ്: ഏഴ് പ്രതികൾക്ക് ജീവപര്യന്തം; 18 പേരെ വെറുതെ വിട്ടു

അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം. കേസില്‍ 13 പേരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇതില്‍ കൊലക്കുറ്റം തെളിഞ്ഞ ഏഴ് പേരെയാണ് ജീവപര്യന്തത്തിന് ശിക്ഷിച്ചത്. മറ്റ് ആറ് പ്രതികള്‍ക്ക് തടവ് ശിക്ഷ മൂന്ന് വര്‍ഷത്തില്‍ താഴെയായതിനാല്‍ ഇവരുടെ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ച് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. കേസില്‍ 18 പേരെ കോടതി വെറുതെ വിടുകയും ചെയ്തു. കൊച്ചിയിലെ സിബിഐ കോടതിയാണ് ശിക്ഷ വിധി പ്രസ്താവിച്ചത്.

ഷുക്കൂർ വധക്കേസിലെ ഗൂഢാലോചന വാദം കള്ളമാണെന്ന് തെളിഞ്ഞതായി കെ.കെ. ശൈലജ

അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ ഗൂഢാലോചന വാദം കള്ളമാണെന്ന് തെളിഞ്ഞതായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ. ഗൂഢാലോചനാക്കുറ്റം ആരോപിക്കപ്പെട്ട എല്ലാവരെയും വെറുതേവിട്ടെന്നും കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും അവര്‍ പ്രതികരിച്ചു.

പി. ജയരാജനും ടി.വി. രാജേഷിനും എതിരായ കള്ളക്കഥ കോടതിയിൽ തകർന്നെന്ന് എം.വി. ഗോവിന്ദൻ

പി ജയരാജനും ടി വി രാജേഷിനും എതിരായ കള്ളക്കഥ കോടതിയില്‍ തകര്‍ന്നെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ഗോവിന്ദന്‍. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ഇരുവരെയും വെറുതേവിട്ട പ്രത്യേക സിബിഐ കോടതി വിധിക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേസില്‍ കുറ്റക്കാരെന്ന് നിലവില്‍ കണ്ടെത്തിയ 13 പേരും തുടര്‍നിയമനടപടി സ്വീകരിക്കും. പാര്‍ട്ടി ഒപ്പമുണ്ടാകും. അവര്‍ പാര്‍ട്ടിയുടെ പ്രധാന കേഡര്‍മാരാണെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

ഷുക്കൂർ വധക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് അഭിവാദ്യമർപ്പിച്ച് സിപിഎം പ്രവർത്തകർ

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ കോടതിയില്‍ നിന്ന് ജയിലിലേക്ക് കൊണ്ടുപോകുമ്പോള്‍ അഭിവാദ്യമര്‍പ്പിച്ച് സിപിഎം പ്രവര്‍ത്തകര്‍. പോലീസ് ബസ്സിലേക്ക് കയറും മുമ്പ് പ്രതികള്‍ മുഷ്ടി ചുരുട്ടി ഉയര്‍ത്തി തിരികെ അഭിവാദ്യമര്‍പ്പിക്കുകയും ചെയ്തു. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്റെ വാഹനവ്യൂഹം തടഞ്ഞ് നിര്‍ത്തി ആക്രമിച്ചു എന്ന് ആരോപിച്ച് കണ്ണൂര്‍ അരിയിലെ എംഎസ്എഫ് പ്രവര്‍ത്തകന്‍ അബ്ദുല്‍ ഷുക്കൂറിനെ പരസ്യവിചാരണ ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്.

പാനൂരിൽ സ്കൂൾ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ എട്ടാം ക്ലാസുകാരന് ഗുരുതര പരിക്ക്

കണ്ണൂരിലെ പാനൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് തലയ്ക്ക് വലിയ കല്ലുകൊണ്ടുള്ള അടിയേറ്റ് ഗുരുതരമായി പരിക്കേറ്റു. എട്ടും ഒന്‍പതും ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ തമ്മിലാണ് വൈകീട്ട് സ്‌കൂള്‍ വിട്ട സമയത്ത് സംഘം ചേര്‍ന്ന് അടിപിടിയുണ്ടായത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

പാങ്ങപ്പാറയിൽ 17 കാരൻ അഭിരാമിന്റെ തലയോട്ടിക്ക് പരിക്കേറ്റത് തേങ്ങ കൊണ്ടുള്ള ഇടിയേറ്റെന്ന് കണ്ടെത്തൽ

പാങ്ങപ്പാറയില്‍ കൊല്ലപ്പെട്ട 17 കാരന്‍ അഭിരാമിന്റെ തലയോട്ടിക്ക് പരിക്കേറ്റത് തേങ്ങ കൊണ്ടുള്ള ഇടിയേറ്റാണെന്നാണ് കണ്ടെത്തല്‍. പ്രതിയായ 17കാരന് നടത്തിയ കൗണ്‍സിലിങ്ങിലൂടെയാണ് കൊലപാതകത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നത്. ഇടിയില്‍ ബോധം നശിച്ച അഭിരാമിനെ അവിടെ ഉപേക്ഷിച്ച ശേഷം പുറത്തുപോയി കൂട്ടാളി ഒമറിനെയും വിളിച്ച് വീണ്ടും മടങ്ങിയെത്തിയതിനു ശേഷമാണ് അര്‍ദ്ധ ബോധാവസ്ഥയില്‍ കിടന്ന അഭിരാമിനെ ഉണര്‍ത്തിതിനു ശേഷമാണ് ഇരുവരും ചേര്‍ന്ന് ബെല്‍റ്റ് മുറുക്കിയും മറ്റും കൊല നടത്തിയത്.

ടൂറിസ്റ്റ് ബസുകൾക്ക് വെള്ളനിറം നിർബന്ധമാക്കിയ തീരുമാനം പിൻവലിച്ചു; ഹൈക്കോടതി അംഗീകാരം

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളനിറം നിര്‍ബന്ധമാക്കിയ തീരുമാനം ഉടമകളുടെ നിവേദനം പരിഗണിച്ച് പിന്‍വലിച്ചു. സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു. സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനത്തിന് ഹൈക്കോടതി അംഗീകാരം നല്‍കി.

കൊച്ചിയിൽ ഡോക്ടറെ ആക്രമിച്ച കേസിൽ മൂന്ന് പ്രതികൾക്ക് ജാമ്യം

കൊച്ചിയില്‍ ഡോക്ടറെ ആക്രമിച്ച കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. യുവനടി അതുല്യ ചന്ദ്രന്‍, ബിബിന്‍ പെരുമ്പള്ളി, ഡ്രൈവര്‍ വിഷ്ണു എന്നിവര്‍ക്കാണ് സെഷന്‍സ് കോടതി ജാമ്യം നല്‍കിയത്. ഒളിവിലുള്ള ഡോക്ടര്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കും.

കുന്നംകുളം കസ്റ്റഡി മർദന കേസിൽ ഇരയായ സുജിത്തിന് നഷ്ടപരിഹാരം നൽകാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

കുന്നംകുളം കസ്റ്റഡി മര്‍ദന കേസില്‍ ഇരയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍. സംസ്ഥാന സര്‍ക്കാരാണ് 50,000 രൂപ നഷ്ടപരിഹാരം നല്‍കേണ്ടത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ സമര്‍പ്പിച്ച പരാതിയിലാണ് ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്.

വാഹനങ്ങളുടെ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് നിയമങ്ങളിൽ കേന്ദ്രം മാറ്റങ്ങൾ വരുത്തി

വാഹനങ്ങളുടെ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച നിയമങ്ങളില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിര്‍ണ്ണായക മാറ്റങ്ങള്‍ വരുത്തി. വാഹനത്തിന്റെ നിലവാരം, പഴക്കം, സ്വകാര്യ വാണിജ്യ ഉപയോഗം എന്നിവ കണക്കാക്കിയാകും ഇനി സര്‍ട്ടിഫിക്കറ്റ് നല്‍കുക. 6 വര്‍ഷം വരെ പഴക്കമുള്ള സ്വകാര്യ ബിഎസ്-6 വാഹനങ്ങള്‍ക്ക് ഇനി മുതല്‍ 3 വര്‍ഷത്തേക്ക് പി യു സി സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

തമിഴക വെട്രി കഴകം എംഎൽഎ വി.എസ്. ബാബു അന്തരിച്ചു

നടന്‍ വിജയുടെ തമിഴക വെട്രി കഴകം എംഎല്‍എ വി.എസ്. ബാബു (75) അന്തരിച്ചു. കഴിഞ്ഞ രണ്ട് മാസമായി ശ്വാസതടസ്സത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊളത്തൂര്‍ മണ്ഡലത്തില്‍ ഡി എം കെ അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എം. കെ സ്റ്റാലിനെ അട്ടിമറിച്ച് ശ്രദ്ധേയനായ നേതാവാണ്.

ഭീകര സംഘടനകൾക്കെതിരെ കടുത്ത നടപടിക്ക് ഇന്ത്യ-ജപ്പാൻ ‘ടു പ്ലസ് ടു’ ഉച്ചകോടിയിൽ തീരുമാനം

പാകിസ്താന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍-ഇ-തൊയ്ബ, ജയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകര പ്രസ്ഥാനങ്ങള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ടോക്കിയോയില്‍ നടന്ന ഇന്ത്യ-ജപ്പാന്‍ ‘ടു പ്ലസ് ടു’ പ്രതിരോധ-വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിയില്‍ തീരുമാനമായി. സമ്മേളനത്തില്‍ പ്രതിരോധവും നയതന്ത്രവും ഉള്‍പ്പെടെ നിരവധി മേഖലകളില്‍ സഹകരിച്ച് മുന്നോട്ടുപോകാന്‍ തീരുമാനമായിട്ടുണ്ട്.

അജിത് ഡോവലിന് സമൻസ് കൈമാറാൻ ദില്ലി കോടതികളുടെ സഹായം തേടി അമേരിക്കൻ കോടതി

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് സമന്‍സ് കൈമാറാന്‍ ദില്ലി കോടതികളുടെ സഹായം തേടി അമേരിക്കന്‍ കോടതി. ഖലിസ്ഥാനി വിഘടനവാദി ഗുര്‍പത്വന്ത് സിങ് പന്നൂന്‍ നല്‍കിയ വധഗൂഢാലോചനാ കേസിലാണ് ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതിയുടെ നടപടി. മുന്‍ റോ മേധാവി സമന്ത് ഗോയലിനും സമന്‍സ് കൈമാറാനാണ് നീക്കം.

റോഹിംഗ്യൻ മുസ്ലിംകൾക്കെതിരെ മ്യാൻമർ ഭരണകൂടം വംശഹത്യ നടത്തിയെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി

മ്യാന്‍മറിലെ ന്യൂനപക്ഷമായ റോഹിംഗ്യന്‍ മുസ്ലിംകള്‍ക്കെതിരെ ഭരണകൂടം വംശഹത്യ നടത്തിയതായി ഐക്യരാഷ്ട്രസഭയുടെ പരമോന്നത നീതിപീഠമായ അന്താരാഷ്ട്ര നീതിന്യായ കോടതി കണ്ടെത്തി. അന്താരാഷ്ട്ര കോടതി വംശഹത്യയ്ക്ക് ഒരു രാജ്യത്തെ കുറ്റക്കാരായി കണ്ടെത്തുന്നത് ചരിത്രത്തില്‍ ഇതാദ്യമായാണ്. 15 ജഡ്ജിമാരടങ്ങുന്ന ബെഞ്ചാണ് നിര്‍ണ്ണായക വിധി പുറപ്പെടുവിച്ചത്.

അന്താരാഷ്ട്ര വിദ്യാർഥികളുടെ ഇന്റേൺഷിപ്പ് നിയന്ത്രണം തടഞ്ഞ് യുഎസ് ഫെഡറൽ കോടതി

അമേരിക്കന്‍ സര്‍വകലാശാലകളില്‍ പഠിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ ഇന്റേണ്‍ഷിപ്പുകള്‍ക്കും മറ്റ് പ്രായോഗിക പരിശീലന അവസരങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയ ട്രംപ് ഭരണകൂടത്തിന്റെ നടപടി തടഞ്ഞ് യുഎസ് ഫെഡറല്‍ കോടതി. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയാണിതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റ്: ബംഗ്ലാദേശ് എയ്ക്കും ശ്രീലങ്ക എയ്ക്കും വിജയത്തുടക്കം

ഏഷ്യാകപ്പ് റൈസിങ് സ്റ്റാര്‍സ് ടൂര്‍ണമെന്റില്‍ ബംഗ്ലാദേശ് എയും ശ്രീലങ്ക എയും ജയത്തോടെ തുടങ്ങി. ബംഗ്ലാദേശ് എ ഹോങ്കോങ്ങിനെയും ശ്രീലങ്ക എ അഫ്ഗാനിസ്ഥാന്‍ എയെയും പരാജയപ്പെടുത്തി. ഇന്ത്യ എ, പാകിസ്താന്‍ എ ടീമുകള്‍ വെള്ളിയാഴ്ച കളത്തിലിറങ്ങും. നേപ്പാളിനെതിരേയാണ് ഇന്ത്യ എയുടെ ആദ്യ മത്സരം.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ ദക്ഷിണാഫ്രിക്ക തലപ്പത്ത്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്തുറപ്പിക്കാന്‍ മത്സരം കടുപ്പിച്ച് ടീമുകള്‍. ഓരോ ടെസ്റ്റ് മത്സരവും നിര്‍ണായകമായതിനാല്‍ കടുത്ത പോരാട്ടമാണ് ടീമുകളെല്ലാം കാഴ്ചവെക്കുന്നത്. ബംഗ്ലാദേശിനെ തോല്‍പ്പിച്ചതോടെ ദക്ഷിണാഫ്രിക്ക പട്ടികയില്‍ തലപ്പത്തെത്തി.

അമല ആശുപത്രി വാർത്തകൾ

1. അമലയിൽ നോൺ കമ്മ്യൂണിക്കബിൾ രോഗങ്ങളെക്കുറിച്ച് ശില്പശാല

അമല മെഡിക്കല്‍ കോളേജില്‍ സേഫ് കെയര്‍ ഓഫ് നോണ്‍ കമ്മ്യൂണിക്കബിള്‍ രോഗങ്ങളെ അധികരിച്ച് നടത്തിയ ശില്പശാലയുടെ ഉദ്ഘാടനം തൃശ്ശൂര്‍ ജില്ല ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. വി. ഗീത നിര്‍വഹിച്ചു.

2. ലൈബ്രറി ആൻഡ് ഡോക്യുമെന്റേഷൻ അന്താരാഷ്ട്ര കോൺഫറൻസിലേക്ക് പ്രബന്ധങ്ങൾ ക്ഷണിച്ചു

ഇന്ത്യന്‍ അക്കാഡമിക് ലൈബ്രറി അസോസിയേഷന്റെ സഹകരണത്തോടെ അമല മെഡിക്കല്‍ കോളേജില്‍ ഫെബ്രുവരി 11 -13 ന് നടക്കുന്ന ലൈബ്രറി ആന്‍ഡ് ഡോക്യുമെന്റേഷന്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സിലേക്ക് പ്രബന്ധങ്ങള്‍ ക്ഷണിച്ചു. ലൈബ്രേറിയന്മാര്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് ഡിസംബര്‍ 15ന് മുമ്പ് പ്രബന്ധങ്ങള്‍ സമര്‍പ്പിക്കാം.

മൊത്തവില പണപ്പെരുപ്പത്തിലും കുത്തനെ വർധന; ഒക്ടോബറിൽ 12.29 ശതമാനമായി

ഉപഭോക്തൃ വില സൂചികയ്ക്ക് പിന്നാലെ മൊത്തവില പണപ്പെരുപ്പത്തിലും കുത്തനെ വര്‍ധന. ഒക്ടോബറിലെ മൊത്തവില സൂചിക 12.29 ശതമാനമായി. സെപ്റ്റംബറില്‍ 11.39 ശതമാനമായിരുന്നു. ഇന്ധനം, ഊര്‍ജം, പ്രാഥമിക ഉത്പന്നങ്ങള്‍, നിര്‍മിതവസ്തുക്കള്‍ എന്നിവയുടെ വിലവര്‍ധനയാണ് മൊത്തവില സൂചികയില്‍ പ്രതിഫലിച്ചത്. വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള അസംസ്‌കൃതവസ്തുക്കളുടെയും ഊര്‍ജത്തിന്റെയും ചെലവ് കൂടിയത് രാജ്യത്തിന്റെ സാമ്പത്തികമേഖലയില്‍ കനത്ത സമ്മര്‍ദം ചെലുത്തുന്നുണ്ട്.

ആന്ത്രോപിക് പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ സമാഹരിച്ചത് 10,730 കോടി ഡോളർ

എ.ഐ. മേഖലയിലെ കരുത്തരായ ആന്ത്രോപിക് പ്രാരംഭ ഓഹരി വില്‍പ്പന (ഐ.പി.ഒ.) വഴി വിപണിയില്‍നിന്ന് സമാഹരിച്ചത് 10,730 കോടി ഡോളര്‍. ഓഹരിയൊന്നിന് 83 ഡോളര്‍ നിശ്ചയിച്ചതിലൂടെയായിരുന്നു ഈ മൂല്യം. 70 മുതല്‍ 78 ഡോളര്‍വരെ ഓഹരി വില നിശ്ചയിക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. കമ്പനി 95.64 കോടി ഓഹരികളും ഏഴ് സ്ഥാപകര്‍ ചേര്‍ന്ന് 2.36 കോടി ഓഹരികളുമാണ് വിറ്റഴിച്ചത്. നാസ്ദാക്ക് ഗ്ലോബല്‍ സെലക്ട് വിപണിയിലാണ് നവംബര്‍ 19-ന് കമ്പനി ലിസ്റ്റ് ചെയ്യുക.

ഇന്ത്യയിൽ ഇൻസ്റ്റഗ്രാമിന്റെ ഉള്ളടക്ക ശുപാർശ സംവിധാനത്തിൽ മാറ്റം വരുത്തി മെറ്റ

ഇന്ത്യയില്‍ ഇന്‍സ്റ്റഗ്രാമിന്റെ ഉള്ളടക്ക ശുപാര്‍ശ സംവിധാനത്തില്‍ മാറ്റം വരുത്തി മാതൃകമ്പനിയായ മെറ്റ. ലൈംഗിക ചുവയുള്ളതും അക്രമസ്വഭാവമുള്ളതുമായ ഉള്ളടക്കങ്ങള്‍ ഉപയോക്താക്കള്‍ക്ക് കുറച്ചുമാത്രം ശുപാര്‍ശ ചെയ്യുന്ന രീതിയിലാണ് പുതിയ മാറ്റം. കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് മെറ്റയുടെ സാമൂഹ്യമാധ്യമങ്ങളിലെ ഉള്ളടക്ക ശുപാര്‍ശ സംവിധാനങ്ങള്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഏകദേശം ഒരു മാസത്തിന് ശേഷമാണ് നടപടി.

മാക് കമ്പ്യൂട്ടറുകളിലെ സുരക്ഷയും സ്വകാര്യതയും ശക്തമാക്കാൻ മാറ്റങ്ങളുമായി ആപ്പിൾ

മാക് കമ്പ്യൂട്ടറുകളിലെ സുരക്ഷയും സ്വകാര്യതയും കൂടുതല്‍ ശക്തമാക്കാന്‍ നിര്‍ണായക മാറ്റങ്ങളുമായി ആപ്പിള്‍. പ്രത്യേകിച്ച് നിര്‍മിതബുദ്ധി അധിഷ്ഠിത ഏജന്റുകള്‍ക്ക് ഉപയോക്താക്കളുടെ കമ്പ്യൂട്ടറുകളില്‍ ലഭിക്കുന്ന നിയന്ത്രണമില്ലാത്ത പ്രവേശനം പരിമിതപ്പെടുത്താനാണ് കമ്പനിയുടെ നീക്കം. പുതിയ മാക്ഒഎസ് 27.3 ബീറ്റാ പതിപ്പിലാണ് ഇതിനായുള്ള അധിക സ്വകാര്യതാ നിയന്ത്രണങ്ങള്‍ അവതരിപ്പിക്കുന്നത്.

വേൾഡ് വെഹിക്കിൾ ഹെറിറ്റേജ് പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ കാറായി മാരുതി 800

ഇന്ത്യയുടെ ജനപ്രിയ വാഹനമായ മാരുതി 800 ആഗോളതലത്തില്‍ ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കി. ചരിത്രപ്രാധാന്യമുള്ള വാഹനങ്ങളെ ആദരിക്കുന്ന ഫെഡറേഷന്‍ ഇന്റര്‍നാഷണല്‍ ഡെസ് വെഹിക്കിള്‍സ് ആന്‍സിയന്‍സ് (ഫിവ) വേള്‍ഡ് വെഹിക്കിള്‍ ഹെറിറ്റേജ് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ കാറായി മാരുതി 800 മാറി. ദേശീയ, അന്തര്‍ദേശീയ വാഹന പൈതൃകത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.

മഹീന്ദ്ര എക്സ്ഇവി 9എസ് ഇലക്ട്രിക് എസ്‌യുവിക്ക് ഭാരത് എൻക്യാപ് ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സുരക്ഷ

ഇന്ത്യന്‍ വാഹന വിപണിയില്‍ സുരക്ഷയുടെ കാര്യത്തില്‍ പുതിയ നേട്ടവുമായി മഹീന്ദ്ര. കമ്പനിയുടെ ഇലക്ട്രിക് എസ്യുവിയായ മഹീന്ദ്ര എക്‌സ്ഇവി 9എസ് ഭാരത് എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സുരക്ഷാ റേറ്റിങ് സ്വന്തമാക്കി. മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷാ പരിശോധനയില്‍ 32ല്‍ 31.15 പോയിന്റും കുട്ടികളുടെ സുരക്ഷാ പരിശോധനയില്‍ 49ല്‍ 45 പോയിന്റുമാണ് വാഹനം നേടിയത്.

മമ്മൂട്ടിയുടെ ‘ഓം’, ദുൽഖർ സൽമാന്റെ ‘ആകാശം ലോ ഓക താര’ നാളെ തിയറ്ററുകളിൽ

മമ്മൂട്ടിയും ധനുഷ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന തമിഴ് ചിത്രം ഓമും ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘ആകാശം ലോ ഓക താര’യും(എ.ഒ.ടി) നാളെ തിയറ്ററുകളില്‍. അച്ഛന്റേയും മകന്റേയും സിനിമകള്‍ ഒരേസമയം തിയറ്ററില്‍ എത്തുന്ന സന്തോഷത്തിലാണ് ആരാധകരിപ്പോള്‍. ഇതിന് മാറ്റ് കൂട്ടാനായി പുതിയൊരു വീഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ദുല്‍ഖറിന്റെ എ.ഒ.ടിയെ കുറിച്ച് മമ്മൂട്ടിയും ഓമിനെ കുറിച്ച് ദുല്‍ഖറും പറയുന്നത് വീഡിയോയില്‍ കാണാം. പുറത്തുവന്ന് മിനിറ്റുകള്‍ക്കകം തന്നെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

‘രാമായണ’ ആഗോള ബോക്സ് ഓഫീസിൽ 1540 കോടി നേട്ടത്തിൽ

നിതേഷ് തിവാരി സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം ‘രാമായണ’ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ചിത്രത്തില്‍ രാമനായി രണ്‍ബീര്‍ കപൂറും രാവണനായി യഷും ആണ് എത്തുന്നത്. സായ് പല്ലവിയാണ് ചിത്രത്തില്‍ സീതയായി എത്തുന്നത്. ആഗോള ബോക്സ് ഓഫീസ് കളക്ഷനിലും വമ്പന്‍ നേട്ടമാണ് ചിത്രം കൊയ്യുന്നത്. പതിനാല് ദിവസം കൊണ്ട് രാമായണ ആഗോളതലത്തില്‍ 1540 കോടി നേട്ടമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

കാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ച് ഡോ. അർജുൻ ശങ്കരൻ

ഭക്ഷണം മാത്രം ശരിയായ രീതിയില്‍ ആക്കുന്നതിലൂടെ കാന്‍സര്‍ സാധ്യത കുറയില്ല. എന്നാല്‍ ആരോഗ്യകരമായ ജീവിതശൈലിക്കൊപ്പം ഭക്ഷണത്തിലും ചിലമാറ്റങ്ങള്‍ വരുത്തിയാല്‍ അപകടസാധ്യത ..കുറയ്ക്കാനാവും. അത്തരത്തില്‍ കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളേക്കുറിച്ചു പങ്കുവെക്കുകയാണ് കാന്‍സര്‍ സര്‍ജനായ ഡോ. അര്‍ജുന്‍ ശങ്കരന്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഹൈദരാബാദ് സ്വദേശിയായ അര്‍ജുന്‍ കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന എട്ട് പച്ചക്കറികളേക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്.

ലോക പാൻക്രിയാറ്റിക് ദിനം: രോഗലക്ഷണങ്ങൾ വൈകി തിരിച്ചറിയുന്നത് അപകടസാധ്യത കൂട്ടുന്നു

അര്‍ബുദങ്ങളിലെ അപകടകാരിയാണെന്നാണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍ അറിയപ്പെടുന്നത്. രോഗലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ വൈകുന്നതുകൊണ്ടുതന്നെ അതിജീവന സാധ്യത കുറവുള്ള അര്‍ബുദമാണിത്. പാന്‍ക്രിയാറ്റിക് കാന്‍സര്‍ സംബന്ധിച്ച് അവേബാധം പ്രചരിപ്പിക്കുന്നതിനായാണ് എല്ലാവര്‍ഷവും നവംബറിലെ മൂന്നാമത്തെ ബുധനാഴ്ച്ചയാണ് ലോക പാന്‍ക്രിയാറ്റിക് ദിനമായി ആചരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here