Home Automotive ടാറ്റ മോട്ടോഴ്‌സിന്റെ ജനപ്രിയ വാഹനങ്ങള്‍ക്ക് അടുത്ത മാസം മുതല്‍ വില വര്‍ധിക്കും

ടാറ്റ മോട്ടോഴ്‌സിന്റെ ജനപ്രിയ വാഹനങ്ങള്‍ക്ക് അടുത്ത മാസം മുതല്‍ വില വര്‍ധിക്കും

ഇന്ത്യയിലെ പ്രമുഖ വാഹനനിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ ജനപ്രിയ വാഹനങ്ങള്‍ക്ക് അടുത്ത മാസം മുതല്‍ വില വര്‍ധിക്കുമെന്ന് കമ്പനി അറിയിച്ചു. ഐ.സി.ഇ (ഗ്യാസോലിന്‍, പെട്രോള്‍, ഡീസല്‍) വാഹനങ്ങള്‍ക്കും, ഇലക്ട്രിക് വാഹങ്ങള്‍ക്കും ജൂലൈ ഒന്ന് മുതല്‍ വില വര്‍ധനവ് ബാധകമാണ്. ഓരോ മോഡലിന്റെയും എക്‌സ് ഷോറൂം വിലയില്‍ നിന്നും 1.5 ശതമാനം അധികം പണം നല്‍കിയാല്‍ മാത്രമേ ജൂലൈ മുതല്‍ ഉപഭോക്താക്കള്‍ക്ക് വാഹനം സ്വന്തമാക്കാന്‍ സാധിക്കൂ.
വാഹനം നിര്‍മിക്കുന്നതിനുള്ള ചെലവുകളും പണപ്പെരുപ്പവുമാണ് വില വര്‍ധനവിന് കാരണമെന്ന് കമ്പനി ചൂണ്ടിക്കാട്ടി. ഓരോ മോഡലിന്റെയും കൃത്യമായ വേരിയന്റിനെ ആശ്രയിച്ച് വില വര്‍ധനവ് വ്യത്യാസപ്പെടുമെന്ന് ടാറ്റ മോട്ടോഴ്സ് സ്ഥിരീകരിച്ചു. നിലവില്‍, എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് മുതല്‍ ഏഴ് സീറ്റര്‍ എസ്.യു.വി വരെ നിര്‍മാതാക്കളുടെ വാഹനനിരയിലുണ്ട്.
ടാറ്റയുടെ നിലവിലെ വാഹനനിരയില്‍ ടിയാഗോ, ടിഗോര്‍, പഞ്ച്, നെക്സോണ്‍, സിയേറ, കര്‍വ്വ്, ഹാരിയര്‍, സഫാരി തുടങ്ങിയ മോഡലുകളുടെ വിലയാണ് വര്‍ധിക്കുക. ഇതോടൊപ്പം, ടിയാഗോ ഇവി, പഞ്ച് ഇവി, നെക്സോണ്‍ ഇവി, ഹാരിയര്‍ ഇവി എന്നിവക്കും വില വര്‍ധിക്കും. അതേസമയം, ജൂണ്‍ 30ന് സിയേറ ഇവി രാജ്യത്ത് അവതരിപ്പിക്കാന്‍ ടാറ്റ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്.
ടാറ്റ മോട്ടോഴ്സിന് പുറമേ, ബി.എം.ഡബ്ല്യു ഇന്ത്യ, മെഴ്സിഡസ് ബെന്‍സ്, മാരുതി സുസുക്കി, ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ, നിസാന്‍ മോട്ടോര്‍ ഇന്ത്യ തുടങ്ങിയ നിര്‍മാതാക്കളൂം അടുത്തിടെ അവരുടെ വാഹനങ്ങളുടെ വില വര്‍ധിപ്പിച്ചിരുന്നു. ഇതില്‍, മാരുതി സുസുക്കി ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്ന കാറുകള്‍ക്ക് 30,000 രൂപ വരെ വിലവര്‍ധനവ് പ്രഖ്യാപിച്ചിരുന്നു. വിലയിലെ മാറ്റങ്ങള്‍ ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു.