29.9 C
Kollam
Saturday 5th September, 2026 | 03:32:47 PM
Home News Breaking News സ്വയം കോഡിങ് പഠിച്ചു, പ്ലസ് വണ്ണിൽ പഠനം നിർത്തി; 18ാം വയസിൽ 64 കോടി രൂപ...

സ്വയം കോഡിങ് പഠിച്ചു, പ്ലസ് വണ്ണിൽ പഠനം നിർത്തി; 18ാം വയസിൽ 64 കോടി രൂപ സ്വന്തമാക്കിയത് വൻ തട്ടിപ്പിലൂടെ; പ്രതി പിടിയിൽ

കാൺപൂർ: നിർമ്മിതബുദ്ധി സാങ്കേതികവിദ്യയുടെ സഹായത്തോടെ വ്യാജ മൊബൈൽ ആപ്ലിക്കേഷനുകൾ നിർമ്മിച്ച് രാജ്യവ്യാപകമായി 64 കോടിയിലധികം രൂപയുടെ വമ്പൻ സൈബർ തട്ടിപ്പ് നടത്തിയ 18 വയസ്സുകാരൻ സൂറത്ത് പൊലീസിന്റെ പിടിയിലായി. ഉത്തർപ്രദേശിലെ കാൺപൂരിലുള്ള ഹോട്ടലിൽ നിന്ന് സൂറത്ത് സിറ്റി സൈബർ ക്രൈം സെല്ലാണ് രോഹിത് വിരേന്ദ്രസിംഗ് ശാക്യയെ അറസ്റ്റ് ചെയ്തത്. പ്ലസ് വണ്ണിൽ പഠനം ഉപേക്ഷിച്ച ഇയാൾ സ്വയം കോഡിംഗ് പഠിച്ചെടുത്താണ് എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ വ്യാജ ആപ്പുകൾ നിർമ്മിച്ചത്.

Also Read: അമേരിക്കയിൽ ഇന്ത്യൻ ശാസ്ത്രജ്ഞനും കുടുംബവും അപകടത്തിൽപെട്ടു; ഭാര്യയും രണ്ട് മക്കളും മരിച്ചു, രണ്ട് പേർ അത്യാസന്ന നിലയിൽ ചികിത്സയിൽ

ടെലഗ്രാം വഴിയാണ് ഇയാൾ തട്ടിപ്പ് ശൃംഖല ഏകോപിപ്പിച്ചത്. പ്രമുഖ ബാങ്കുകൾ, സർക്കാർ സേവനങ്ങൾ, ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ എന്നിവയുടെ യഥാർത്ഥ ആപ്പുകളോട് സാമ്യമുള്ള 121 വ്യാജ APK ഫയലുകൾ ഇയാൾ വികസിപ്പിച്ചെടുത്തു. ജാംതാര, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലെ സൈബർ കുറ്റവാളികൾക്ക് പ്രതിമാസം 15,000 രൂപ നിരക്കിൽ വാടകയ്ക്ക് നൽകിയായിരുന്നു തട്ടിപ്പ്. രാജ്യത്തുടനീളം 21,000-ത്തിലധികം ഫോണുകളിൽ ഈ വ്യാജ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയും, 54,000-ത്തിലധികം വ്യാജ ബാങ്കിംഗ് ഇടപാടുകളിലൂടെ കോടിക്കണക്കിന് രൂപ കവരുകയും ചെയ്തു.

സൂറത്ത് സ്വദേശിയായ വ്യക്തിക്ക് ലഭിച്ച വ്യാജ പഞ്ചാബ് നാഷണൽ ബാങ്ക് ആപ്പ് വഴി 5 ലക്ഷം രൂപ നഷ്ടപ്പെട്ടതിനെ തുടർന്ന് നൽകിയ പരാതിയിലാണ് കേസിന്റെ ചുരുളഴിയുന്നത്. ബാങ്ക് അക്കൗണ്ടുകളിലെ ഒടിപികളും മറ്റ് രഹസ്യവിവരങ്ങളും തത്സമയം ചോർത്താൻ സഹായിക്കുന്ന അഡ്‌മിൻ ആപ്പുകൾ വഴിയാണ് കുറ്റവാളികൾ പണം തട്ടിയെടുത്തിരുന്നത്. പ്രതിയിൽ നിന്ന് ലാപ്ടോപ്പും മൊബൈൽ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട മറ്റു കുറ്റവാളികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.