Home Automotive ടാറ്റ മോട്ടോഴ്സിന്റെ സിയറ ഇവി ലോഞ്ച് 30ന്

ടാറ്റ മോട്ടോഴ്സിന്റെ സിയറ ഇവി ലോഞ്ച് 30ന്

ടാറ്റ മോട്ടോഴ്സിന്റെ ഏറ്റവും പുതിയ വാഹനമാണ് സിയേറ എന്ന മിഡ് സൈസ് എസ്യുവി. സിയറയുടെ ഇലക്ട്രിക് പതിപ്പ് ജൂണ്‍ 30ന് കമ്പനി അവതരിപ്പിക്കും. വാഹന പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ഇലക്ട്രിക് വാഹനം വിപണിയിലിറക്കാന്‍ പൂര്‍ണ്ണസജ്ജമായ രൂപത്തിലാകും അവതരിപ്പിക്കുക. ഹ്യുണ്ടായിയുടെ ക്രെറ്റ ഇലക്ട്രിക്, മാരുതി സുസുക്കി ഇ-വിത്താര, മഹീന്ദ്ര ബിഇ6 തുടങ്ങിയ വാഹനങ്ങളുമായായിരിക്കും സിയേറ ഇവി വിപണിയില്‍ ഏറ്റുമുട്ടുക. ടാറ്റയുടെ സാനന്ദിലെ പ്ലാന്റില്‍ റെഗുലര്‍ സിയേറ വാഹനങ്ങള്‍ക്കൊപ്പമായിരിക്കും ഇലക്ട്രിക് പതിപ്പുകളും നിര്‍മിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നുണ്ടെന്നത് ഒഴിച്ചുനിര്‍ത്തിയാല്‍ റെഗുലര്‍ സിയേറയ്ക്ക് സമാനമായ ഡിസൈനില്‍ തന്നെയായിരിക്കും ഇലക്ട്രിക് പതിപ്പും ഒരുങ്ങുക. ക്ലോസ്ഡ് ഗ്രില്ല്, സ്പ്ലിറ്റ് ഹെഡ്‌ലാമ്പ്, വീതിയേറിയ എല്‍ഇഡി ഡിആര്‍എല്‍, എന്നിവ ഇലക്ട്രിക്കിലും നല്‍കും. ICE പതിപ്പുമായി ഇന്റീരിയര്‍ ഫീച്ചറുകള്‍ പങ്കിട്ടായിരിക്കും സിയേറ ഇവിയും എത്തുക. ഉയര്‍ന്ന വേരിയന്റുകളില്‍ മൂന്ന് സ്‌ക്രീനുകളും താഴ്ന്ന വേരിയന്റില്‍ രണ്ട് സ്‌ക്രീനും ഉള്‍പ്പെടെയുള്ള ഫീച്ചറുകളും ഇലക്ട്രിക് പതിപ്പില്‍ നല്‍കും.

ഫീച്ചറുകളും ഡിസൈനും സംബന്ധിച്ച സൂചനകളും അഭ്യൂഹങ്ങളും ഉയരുമ്പോഴും മെക്കാനിക്കല്‍ ഫീച്ചറുകളില്‍ സസ്‌പെന്‍സ് നിലനിര്‍ത്താന്‍ നിര്‍മാതാക്കള്‍ ശ്രമിക്കുന്നുണ്ട്. സിംഗിള്‍ മോട്ടോര്‍ റിയര്‍ വീല്‍ ഡ്രൈവ്, ഡ്യുവല്‍ മോട്ടോര്‍ ഓള്‍ വീല്‍ ഡ്രൈവ് പതിപ്പുകളില്‍ സിയേറ ഇവി ലഭ്യമാകും. ഒന്നിലധികം ബാറ്ററി പാക്ക് ഓപ്ഷനുകളിലും സിയേറയുടെ ഇലക്ട്രിക് പതിപ്പ് എത്തും. ഹാരിയറിലെ 65kWh, 75kWh ബാറ്ററി പാക്കുകളായിരിക്കും ഇതില്‍ നല്‍കുകയെന്നും സൂചനയുണ്ട്.

നിലവില്‍ ICE പതിപ്പായാണ് സിയേറ എത്തുന്നത്. സ്മാര്‍ട്ട് പ്ലസ്, പ്യുവര്‍, പ്യുവര്‍ പ്ലസ്, അഡ്വഞ്ചര്‍, അഡ്വഞ്ചര്‍ പ്ലസ്, അക്കംപ്ലീഷ്ഡ്, അക്കംപ്ലീഷ്ഡ് പ്ലസ് എന്നിങ്ങനെ ഏഴ് വേരിയന്റുകളില്‍ എത്തുന്ന സിയേറയ്ക്ക് 11.49 ലക്ഷം രൂപയിലാണ് എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. 1.5 ലിറ്റര്‍ ക്രെയോജെറ്റ് ഡീസല്‍ എന്‍ജിനിലും 1.5 ലിറ്റര്‍ ഹൈപ്പീരിയോണ്‍ പെട്രോള്‍ എന്‍ജിനിലുമാണ് ഈ മോഡല്‍ എത്തുന്നത്. ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്, ആറ് സ്പീഡ് മാനുവല്‍ എന്നിവയാണ് ഈ എന്‍ജിനുകള്‍ക്കൊപ്പം നല്‍കിയിട്ടുള്ള ട്രാന്‍സ്മിഷന്‍.