ആയുധധാരികളായ നക്സലുകളെ തുടച്ചുനീക്കിയെങ്കിലും നക്സലിസത്തിന്റെ ഭീഷണി അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
അവശേഷിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളില്‍ നുഴഞ്ഞുകയറിയിട്ടുള്ള ‘ദിമാഗി നക്സലുകള്‍’ (മാനസിക നക്സലുകള്‍) ആണെന്നും അവരില്‍നിന്ന് രാജ്യത്തെ രക്ഷപ്പെടുത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. മാവോയിസ്റ്റ് ബാധിത മേഖലയായിരുന്ന ഛത്തീസ്ഗഢിലെ ബസ്തറില്‍ സുരക്ഷാസേനയ്ക്കൊപ്പം ദീപാവലി ആഘോഷിച്ചശേഷം സംസാരിക്കുകയായിരുന്നു മോദി.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പമ്പുകളില്‍ എഥനോള്‍ പരിശോധന
പമ്പുകളില്‍ നിന്ന് ആറു വീതം സാമ്പിളുകള്‍ ശേഖരിക്കും. എഥനോള്‍ അളവ് നോക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി. എഥനോള്‍ അളവ് കൂടുതല്‍ ഉണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കും.
എക്സൈസ് വകുപ്പിലെ കൈക്കൂലി ആരോപണങ്ങളുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണത്തിന് സാധ്യത
സീറാം സാംബശിവ റാവു എക്സൈസ് കമ്മീഷണര്‍ ആയിരുന്ന കാലത്ത് ബാര്‍ ലൈസന്‍സ് നല്‍കിയതിലും അന്വേഷണം ഉണ്ടായേക്കും. സ്ഥാനമൊഴിയും മുന്‍പ് സീറാം സാംബ ശിവ റാവു നല്‍കിയ റിപ്പോര്‍ട്ടില്‍ മന്ത്രിയെ പോലും സംശയനിഴലിലാക്കുന്ന കാര്യങ്ങളാണ് പറയുന്നത്.
എയ്ഡഡ് – സ്വാശ്രയ സ്വയംഭരണ കോളേജുകളില്‍ പുതിയ കോഴ്‌സുകള്‍ക്ക് എന്‍.ഒ.സി ഒഴിവാക്കിയ നടപടിയെ ന്യായീകരിച്ച് മന്ത്രി റോജി എം ജോണ്‍
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ മാറ്റം ലക്ഷ്യമിട്ടാണ് ഈ പുതിയ സര്‍ക്കുലറെന്നും പുതിയ കോഴ്‌സുകള്‍ തുടങ്ങുന്നതിനുള്ള അനാവശ്യ കാലതാമസം ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഏറ്റെടുത്ത നിര്‍മ്മാണപ്രവൃത്തികള്‍ വൈകുന്നതില്‍ അന്ത്യശാസനവുമായി മന്ത്രി പി കെ ബഷീര്‍
നിര്‍മ്മാണപ്രവൃത്തികള്‍ ഫെബ്രുവരിക്കകം പൂര്‍ത്തിയാക്കണമെന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അന്ത്യശാസനം.
സിനിമകളുടെ പേര് മാറ്റത്തിന് അധികാരമുണ്ടെന്ന് പ്രഖ്യാപിച്ച് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍
പുതിയ സിനിമകളുടെ പ്രൊമോഷന്‍ പരിപാടികളെയും റിലീസിനെത്തന്നെയും സാരമായി ബാധിക്കുന്ന പുതിയ നിര്‍ദേശത്തിന് എതിരെ സംസ്ഥാനത്തെ സിനിമാ സംഘടനകള്‍ കടുത്ത പ്രതിഷേധത്തിലാണ്.
യുഡിഎഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയം പ്രഖ്യാപിക്കും വരെ ബാറുകള്‍ക്ക് പുതിയ ലൈസന്‍സ് നല്‍കരുതെന്ന് എക്സൈസ് വകുപ്പിന്റെ ഉത്തരവ്
സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് എക്സൈസ് കമ്മീഷണറുടെ ചുമതല വഹിക്കുന്ന അഡി. എക്സൈസ് കമ്മീഷണര്‍ സര്‍ക്കുലര്‍ നല്‍കിയത്.
തൊഴിലാളികള്‍ അകന്നുപോയതാണ് പലയിടത്തും പാര്‍ട്ടിക്ക് എംഎല്‍എമാര്‍ ഇല്ലാതാകാന്‍ കാരണമെന്ന് സിഐടിയു സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടികള്‍ തൊഴിലാളികളെ പാര്‍ട്ടിയുമായി അകറ്റിയെന്നും കഴിഞ്ഞ സര്‍ക്കാര്‍ തൊഴിലാളിപക്ഷ അനുകൂല സമീപനമല്ല വെച്ചുപുലര്‍ത്തിയെന്നും സമ്മേളനത്തില്‍ വിമര്‍ശനമുണ്ടായി. മുന്‍ മന്ത്രി വി. ശിവന്‍കുട്ടി തൊഴിലാളികള്‍ക്കായി ഒന്നും ചെയ്തില്ലെന്നും സമ്മേളനത്തില്‍ കുറ്റപ്പെടുത്തലുണ്ടായിരുന്നു. പിണറായി വിജയനെതിരേയും സമ്മേളനത്തില്‍ വിമര്‍ശനമുണ്ടായിരുന്നു.
ഷിഗെല്ല രോഗബാധ വീണ്ടും കൂടുന്നു
നവംബറിലെ ആദ്യ ആറുദിവസത്തിനിടെ 23 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. വെള്ളിയാഴ്ച മാത്രം 13 പേര്‍ രോഗബാധിതരായി. സെപ്റ്റംബറില്‍ 32 പേര്‍ക്കായിരുന്നു. ഈവര്‍ഷം ഇതുവരെ 583 പേര്‍ക്കാണ് ഷിഗെല്ല ബാധിച്ചത്. 116 പേര്‍ക്ക് രോഗം സംശയിക്കുന്നു. എട്ടുപേര്‍ക്ക് ജീവന്‍ നഷ്ടമായി. സംസ്ഥാനത്ത് രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്ത 2025-ല്‍ 132 പേര്‍ക്കായിരുന്നു രോഗം. അന്ന് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
സാമ്പത്തിക ബാധ്യതയില്ലാതെ കെഎസ്ആര്‍ടിസിക്ക് പുതിയ ബസുകള്‍ ലഭ്യമാക്കാന്‍ എംഎല്‍എമാരുടെ ആസ്തി വികസന ഫണ്ട് വിനിയോഗിക്കുന്ന പദ്ധതിക്ക് ഭരണപക്ഷത്ത് പിന്തുണ
ആകെ 102 ഭരണപക്ഷ എംഎല്‍എമാരില്‍ 79 പേരും പദ്ധതിക്കായി സമ്മതപത്രം കൈമാറിക്കഴിഞ്ഞു. ജനപ്രതിനിധികളില്‍ നിന്ന് ആകെ 120-ഓളം ബസുകള്‍ വാങ്ങുന്നതിനുള്ള സമ്മതപത്രം കെഎസ്ആര്‍ടിസിക്ക് ലഭിച്ചിട്ടുണ്ട്.
ചേരാനല്ലൂര്‍ അപകടത്തില്‍ 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലേക്ക്
കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബമാണ് റിവിഷന്‍ പെറ്റീഷനുമായി ഹൈക്കോടതിയെ സമീപിക്കുന്നത്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് നടപടികള്‍ കഴിഞ്ഞ ദിവസം കോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ 17കാരന് നല്‍കിയ സ്റ്റേഷന്‍ ജാമ്യം നിലനില്‍ക്കുന്നുണ്ട്. ഇതോടെയാണ് റിവിഷന്‍ പെറ്റീഷന്‍ സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്.
കേരള വാട്ടര്‍ അതോറിറ്റിയില്‍ സമഗ്രമായ അഴിച്ചുപണി നടത്താന്‍ ജലവിഭവ വകുപ്പ്
വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി ഡിസംബര്‍ 31 ന് മുന്‍പ് പുതിയ ഘടന നടപ്പിലാക്കുമെന്നും ഇതിനായി ഉദ്യോഗസ്ഥരെ പഠനത്തിന് ചുമതലപ്പെടുത്തിയതായും ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് വ്യക്തമാക്കി.
യൂത്ത് കോണ്‍ഗ്രസ് നേതാവ് സുഹൈല്‍ അന്‍സാരി പ്രതിയായ ആത്മഹത്യാപ്രേരണ കേസില്‍ നിര്‍ണായക വഴിതിരിവ്
മരിച്ച യുവതിയുടെ ഭര്‍ത്താവിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. സുഹൈലിനെതിരെ ചുമത്തിയ കേസും ആത്മഹത്യാക്കുറിപ്പും ക്രൈം ബ്രാഞ്ച് വിശദമായി അന്വേഷിക്കും.
പീഡനക്കേസില്‍ പ്രതിയായ കൊച്ചിയിലെ ഡോക്ടര്‍ ജോണ്‍സണ്‍ കെ വര്‍ഗീസിനെതിരേ ലുക്കൗട്ട് സര്‍ക്കുലര്‍
യുവനടിയുടെ ബന്ധു നല്‍കിയ പീഡനപരാതിയില്‍ കേസെടുത്തതിന് പിന്നാലെ ഡോക്ടര്‍ ഒളിവിലാണ്. ഇതോടെയാണ് പ്രതിക്കെതിരേ പൊലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയത്. പ്രതി വിദേശത്തേക്ക് കടന്നതായാണ് പൊലീസിന്റെ സംശയം.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു
കേരളത്തില്‍ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ കെഎസ്ടിപി പദ്ധതിയില്‍ അഴിമതി നടത്തിയെന്നും ജീവനൊടുക്കിയ പ്രോജക്ട് മാനേജര്‍ ലീ സി ബിന്നില്‍നിന്ന് കൈക്കൂലി ചോദിച്ചെന്നുമുള്ള വെളിപ്പെടുത്തലിലാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഇടപ്പഴഞ്ഞിയിലെ വാടക വീട്ടിലേക്ക് താമസം മാറ്റും
നിലവില്‍ പ്രതിപക്ഷ നേതാവ് ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലാണ് താമസം. കന്റോണ്‍മെന്റ് ഹൗസിലെ അറ്റകുറ്റപ്പണി നീളാനുള്ള സാഹചര്യം കണക്കിലെടുത്താണ് തീരുമാനം.
ബിഎല്‍എം സാമ്പത്തിക തട്ടിപ്പ് കേസില്‍ ആര്‍ പ്രേംകുമാറിനെ ഇഡി ചോദ്യം ചെയ്യും
പരിശോധനയില്‍ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. അടുത്ത ആഴ്ചയോടെ നോട്ടീസ് നല്‍കും. അതേസമയം ആര്‍ പ്രേംകുമാര്‍ വിദേശത്താണെന്നാണ് വിവരം.
കര്‍ണാടകയിലെ എഥനോള്‍ പരിശോധനയുമായി ബന്ധപ്പെട്ട് ശാസ്ത്രീയ പിന്തുണയുണ്ടെന്ന് സുരേഷ് ഗോപി
കര്‍ണാടകയില്‍ ഇ20 പെട്രോളില്‍ അനുവദിനീയമായ അളവിലും അധികം എഥനോള്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് പ്രതികരണം. നിലവില്‍ പെട്രോളില്‍ 20 ശതമാനം എഥനോള്‍ കലര്‍ത്താനാണ് അംഗീകാരം നല്‍കിയിരിക്കുന്നതെന്നും കാലക്രമേണ പെട്രോളിലെ എഥനോളിന്റെ അളവ് വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാക്കനാട് യുവതിയുടെ മരണത്തിനിടയാക്കിയ സ്വകാര്യ ബസിന്റെ പെര്‍മിറ്റ് സസ്പെന്‍ഡ് ചെയ്തു
ഇന്‍ഫോപാര്‍ക്ക്-മട്ടാഞ്ചേരി റൂട്ടില്‍ ഓടുന്ന ‘മലയില്‍’ ബസിന്റെ പെര്‍മിറ്റാണ് ശനിയാഴ്ച മുതല്‍ 10 ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. ട്രിപ്പ് മുടക്കിയതിനാണ് നടപടി.
നിരോധിത പുകയില ഉല്‍പന്നങ്ങളുമായി ഒരാള്‍ പിടിയില്‍
സ്‌കൂള്‍ കുട്ടികള്‍ക്കും മറ്റും വില്‍ക്കുന്നതിനായി സൂക്ഷിച്ച 1600 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങളുമായി അരൂക്കുറ്റിയിലെ നദുവത്ത് നഗര്‍ സ്വദേശിയായ അഹമ്മദ് ഹാഷിമിനെ (51) പൂച്ചാക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വാണിജ്യവല്‍ക്കരണവും വര്‍ഗീയവല്‍ക്കരണവും നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്ന് ആര്‍.ബിന്ദു
കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം വെക്കുന്ന വാണിജ്യവല്‍ക്കരണവും വര്‍ഗീയവല്‍ക്കരണവും കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്ന് മുന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു ആരോപിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വലിയ തോതില്‍ കച്ചവടത്തിനുള്ള സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ നീക്കം അപലപനീയമാണെന്നും സ്വാശ്രയ വിദ്യാഭ്യാസ ലോബി ഉന്നത വിദ്യാഭ്യാസ മന്ത്രിയെ കണ്ടുവെന്നുമാണ് മുന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ആരോപണം.
പാങ്ങപ്പാറ അഭിറാം കൊലകേസ്: രണ്ടാം പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി
കൊലകേസില്‍ രണ്ടാം പ്രതിയായ ഉമര്‍ മുഫ്താറിനെയാണ് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കഴക്കൂട്ടം സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മീഷണറിന്റെ നേതൃത്തിലുള്ള അന്വേഷണ സംഘം ആദ്യം ഉമറിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാണ് കൊല നടന്ന ആളൊഴിഞ്ഞ വയലില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. മാധ്യമങ്ങളുടെ മുന്നില്‍ പൊട്ടികരഞ്ഞ ഉമര്‍ തനിക്ക് കൊലപാതകത്തില്‍ പങ്കില്ലെന്നും, കൊല്ലപ്പെട്ട അഭിറാമിനെ തനിക്ക് അറിയില്ലെന്നും പറഞ്ഞു.
മൊബൈല്‍ ടവറില്‍നിന്ന് ചെമ്പ് കേബിളുകള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍
അസം സ്വദേശി മാസും അഹമ്മദി(20) നെയാണ് മൂവാറ്റുപുഴ എസ്എച്ച്ഒ സുബിന്‍ ബിജുവിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. 90,000 രൂപ വിലമതിക്കുന്ന ചെമ്പ് കേബിളുകളാണ് ഇയാള്‍ മോഷ്ടിച്ചത്.
ഉത്തര്‍പ്രദേശില്‍ അബ്ദുള്‍ ജയിക്കുമെന്ന ഒവൈസിയുടെ പരാമര്‍ശത്തിനെതിരേ യോഗി ആദിത്യനാഥ്
എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിയുടെ പരാമര്‍ശത്തിനെതിരേയാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികരണം. ഒവൈസിയുടെ പക്കല്‍ ഉത്തര്‍പ്രദേശിനുവേണ്ടി കര്‍മപരിപാടികളൊന്നുമില്ലെന്നും അദ്ദേഹത്തേപ്പോലുള്ള ആളുകള്‍ക്ക് ഉത്തര്‍പ്രദേശില്‍ സ്ഥാനമില്ലെന്നും ആദിത്യനാഥ് പറഞ്ഞു.
ഓര്‍മ്മക്കുറിപ്പ് പ്രസിദ്ധീകരണത്തില്‍ നിന്ന് പെന്‍ഗ്വിന്‍ ബുക്സിന്റെ പിന്മാറ്റത്തില്‍ പ്രതികരിച്ച് സോണിയ ഗാന്ധി
സര്‍ക്കാരിനെതിരായ എഴുത്തില്‍ അസ്വസ്ഥരായിരുന്ന പെന്‍ഗ്വിന്‍ തിരുത്തലുകള്‍ക്കായി നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയെന്ന് ദി ഗാര്‍ഡിയനോട് സോണിയ വ്യക്തമാക്കി. അതേസമയം ബാബറി മസ്ജിദ് പൊളിക്കുന്ന ദൃശ്യങ്ങള്‍ കണ്ട് കരഞ്ഞെന്ന സോണിയയുടെ പരാമര്‍ശത്തെ, 33 വര്‍ഷം കഴിഞ്ഞുള്ള മുതലക്കണ്ണീരാണെന്ന് ബിജെപി പരിഹസിച്ചു.
ഹാസനാംബെ ക്ഷേത്ര ദര്‍ശനത്തിനിടെ കടുത്ത പ്രതിഷേധം
കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ഹാസനാംബെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനിടെ ഭക്തര്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ ദര്‍ശനത്തിനായി സാധാരണക്കാരെ പോലീസ് തടഞ്ഞതാണ് വലിയ സ്‌ക്രീനിന് നേരെ ചെരുപ്പേറിയാന്‍ കാരണമായത്.
പെട്രോളില്‍ കൂടുതല്‍ എഥനോള്‍ കലര്‍ത്തുന്നതുമായി ബന്ധപ്പെട്ട് നിലപാട് ആവര്‍ത്തിച്ച് ഡി.കെ. ശിവകുമാര്‍
പെട്രോളില്‍ അനുവദനീയമായ അളവിനെക്കാള്‍ കൂടുതല്‍ എഥനോള്‍ കലര്‍ത്തുന്നുവെന്ന കര്‍ണാടക സര്‍ക്കാരിന്റെ ആരോപണം കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ആവര്‍ത്തിച്ചു. എഥനോള്‍ കലര്‍ത്തുന്നതില്‍ ചില പെട്രോള്‍ പമ്പുകള്‍ അനുവദനീയ പരിധി ലംഘിച്ചതായി സര്‍ക്കാരിന് പരാതികള്‍ കിട്ടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ കനത്ത പുകമഞ്ഞിനെ തുടര്‍ന്ന് വായുമലിനീകരണം ‘വളരെ മോശം’ വിഭാഗത്തില്‍
പല പ്രദേശങ്ങളിലും മലിനീകരണ തോത് ‘ഗുരുതരം’ എന്ന വിഭാഗത്തിന് തൊട്ടടുത്ത് എത്തിയിരിക്കുകയാണ്. ദീപാവലി രാത്രിയില്‍ വായുവിലെ സൂക്ഷ്മകണങ്ങളായ പിഎം 2.5-ന്റെ അളവില്‍ 300 ശതമാനം മുതല്‍ 800 ശതമാനത്തിലേറെ വരെ വര്‍ധന ഉണ്ടാകും.
നോട്ട് നിരോധനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജയറാം രമേശ്
നോട്ട് നിരോധനം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ത്തെന്നും ‘വോട്ട് നിരോധനം’ രാജ്യത്തെ രാഷ്ട്രീയവ്യവസ്ഥിതിയെ തകര്‍ക്കുകയാണെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. തിടുക്കത്തില്‍ നടപ്പാക്കിയ നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ അടിത്തറ ഇളക്കിയെന്നും ഈ വന്‍ ദുരന്തത്തിന് പ്രധാനമന്ത്രിയോട് രാജ്യം പൊറുക്കില്ലെന്നുമാണ് കോണ്‍ഗ്രസിന്റെ ആരോപണം.
ഒമാന്‍ കടലില്‍ തീപിടിത്തമുണ്ടായ ചരക്കുകപ്പലില്‍ നിന്ന് 22 ജീവനക്കാരെ രക്ഷപ്പെടുത്തി
യുഎഇ നാഷണല്‍ ഗാര്‍ഡാണ് ജീവനക്കാരെ വിജയകരമായി രക്ഷപ്പെടുത്തിയത്. കപ്പല്‍ സ്ഥിതി ചെയ്യുന്ന സ്ഥലം കണ്ടെത്തി നടത്തിയ ദ്രുതഗതിയിലുള്ള ഓപ്പറേഷനിലൂടെ കപ്പലിലുണ്ടായിരുന്ന 22 പേരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.
റിയാദ് ലക്ഷ്യമാക്കി ഹൂതികള്‍ തൊടുത്തുവിട്ട മിസൈലുകള്‍ തകര്‍ത്തു
റിയാദ് ഉള്‍പ്പെടെ സൗദിയിലെ പ്രമുഖ പ്രവിശ്യകളെ ലക്ഷ്യമിട്ട് ഹൂതികള്‍ തൊടുത്തുവിട്ട മിസൈലുകള്‍ വ്യോമപ്രതിരോധ സേന തകര്‍ത്തു. ഇതിനിടെ ഇറാന്റെ വിവിധ ഭാഗങ്ങളില്‍ സ്ഫോടനങ്ങളുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ഹൂതി കേന്ദ്രങ്ങളില്‍ സൗദി സഖ്യസേന നടത്തിയ പ്രത്യാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു.
ഇറാനെതിരെ പുതിയ നീക്കവുമായി അമേരിക്ക
ഇറാന്റെ ആയുധ നീക്കം തടയാനെന്ന പേരില്‍ അമേരിക്ക ദൗത്യ സംഘത്തെ നിയോഗിച്ചു. കര വഴിയും കടല്‍ വഴിയും ഇറാനിലേക്ക് ആയുധ സാമഗ്രികളും ഉത്പന്നങ്ങളും എത്തുന്നത് തടയുകയാണ് ലക്ഷ്യം. ഇറാന്റെ ആണവ പദ്ധതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ട് കോടി ഡോളര്‍ വരെ പാരിതോഷികം പ്രഖ്യാപിച്ചു കൊണ്ടുള്ള അസാധാരണ പ്രഖ്യാപനവും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് നടത്തി.
ഇറാനെതിരേയുള്ള ഇസ്രയേലിന്റെ ദൗത്യം പൂര്‍ത്തിയായിട്ടില്ലെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി
ആണവായുധങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇറാന്‍ പുനഃരാരംഭിക്കാന്‍ ശ്രമിക്കുകയാണെന്നും ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാട്‌സ് ആരോപിച്ചു. ഇറാനൊപ്പം ചേര്‍ന്ന് ഇസ്രയേലിനെതിരേ ആക്രമണം നടത്താന്‍ മുതിരരുതെന്ന് ലെബനനിലെ സായുധസംഘമായ ഹിസ്ബുള്ളയ്ക്ക് കാട്‌സ് മുന്നറിയിപ്പും നല്‍കി.
ഇസ്രായേലില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് യാഷര്‍ പാര്‍ട്ടി നേതാവ് ഗാദി ഐസന്‍കോട്ടിനെ ക്ഷണിക്കാന്‍ തീരുമാനം
പ്രസിഡന്റ് ഇസാക്ക് ഹെര്‍സോഗാണ് ഗാദി ഐസന്‍കോട്ടിനെ ക്ഷണിക്കാന്‍ തീരുമാനിച്ചത്. അടുത്ത 28 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിച്ചാല്‍ മാത്രമേ ഐസന്‍കോട്ടിന് ഇസ്രായേലിന്റെ പ്രധാനമന്ത്രിയാകാന്‍ കഴിയൂ. ഇസ്രായേലില്‍ പുതിയ സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും തന്റെ ഭരണസഖ്യത്തില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് ഗാഡി ഐസന്‍കോട്ട് വ്യക്തമാക്കി.
ഡാന വൈറ്റിനെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനത്തേക്ക് ക്ഷണിച്ച് ട്രംപ്
അള്‍ട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യന്‍ഷിപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡാന വൈറ്റിനെയാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനത്തേക്ക് ട്രംപ് ക്ഷണിച്ചത്. ഒരു മാധ്യമ പരിപാടിക്കിടെയായിരുന്നു ഡാന വൈറ്റിനുള്ള അസാധാരണക്ഷണം. എന്നാല്‍ ഡാന വൈറ്റ് ട്രംപിന്റെ ക്ഷണം നിരസിക്കുകയാണ് ചെയ്തത്.
നിര്‍മിതബുദ്ധി ഉപയോഗിച്ച് വാദങ്ങള്‍ സമര്‍പ്പിച്ച അമേരിക്കന്‍ അഭിഭാഷകര്‍ക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം
ഇന്ത്യന്‍ വംശജനായ പ്രതിയുടെ കേസിലാണ് എഐ ഉപയോഗിച്ച് ഹര്‍ജി തയ്യാറാക്കിയത് ഉത്തരവാദിത്വമില്ലാത്ത നടപടിയാണെന്ന് ജഡ്ജി ചൂണ്ടിക്കാട്ടിയത്. ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ പിഴ ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
ഈജിപ്തില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു
നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോക്കില്‍ ഇന്നലെയാണ് സംഭവം. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് ആശങ്കയുള്ളതായി അധികൃതര്‍ അറിയിച്ചു.
അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തോല്‍വി വലിയ പിന്നോട്ടടിയെന്ന് ഡോണള്‍ഡ് ട്രംപ്
യുഎസിനെ സംബന്ധിച്ച് ചരിത്രത്തിലെ ഒരു വലിയ പിന്നോട്ടടിയാണെന്ന് യുഎസ് പ്രഡിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. എന്നാല്‍ ഈ വന്‍ പരാജയത്തില്‍നിന്നു കൂടുതല്‍ ശക്തമായി തിരിച്ചുവരുമെന്നും ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അണ്ടര്‍-19 ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ പാകിസ്താന് വിജയം
ഇന്ത്യക്കെതിരെ പാകിസ്താന് മൂന്ന് വിക്കറ്റ് വിജയം. 209 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ 11 പന്ത് ശേഷിക്കെ വിജയം കണ്ടു.
ഹാര്‍ദിക് പാണ്ഡ്യയെയും അര്‍ഷ്ദീപ് സിംഗിനെയും പരസ്പരം കൈമാറാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മുംബൈയും പഞ്ചാബും
അടുത്ത ഐപിഎല്‍ സീസണിന് മുന്നോടിയായാണ് മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിങ്സും താരങ്ങളെ പരസ്പരം കൈമാറാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. കൈമാറ്റ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി ഇരു ഫ്രാഞ്ചൈസികളും തങ്ങളുടെ താല്‍പ്പര്യപത്രം ബിസിസിഐക്ക് കൈമാറി.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് തോല്‍വി
എതിരില്ലാത്ത ഒരു ഗോളിന് സണ്ടര്‍ലാന്‍ഡാണ് ചെല്‍സിയെ അട്ടിമറിച്ചത്. മറ്റൊരു മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ ലിവര്‍പൂള്‍ 3-1ന് പരാജയപ്പെടുത്തി.
എട്ട് വര്‍ഷത്തിനുശേഷം നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച് ദീപാവലി മുഹൂര്‍ത്ത വ്യാപാര സെഷന്‍
250 പോയിന്റ് നേട്ടത്തോടെ ഒരു ഘട്ടത്തില്‍ 81300 എന്ന നിലവാരത്തിലെത്തിയ സെന്‍സെക്സ് വ്യാപാരത്തിനൊടുവില്‍ 28 പോയിന്റ് നഷ്ടത്തോടെ ക്ലോസ് ചെയ്യുകയായിരുന്നു. നിഫ്റ്റി വ്യാപാരത്തിനിടെ 25100 പോയിന്റ് തൊട്ടുവെങ്കിലും 43 പോയിന്റ് ഇടിഞ്ഞാണ് വ്യാപാരം അവസാനിപ്പിച്ചത്. ഫാര്‍മ, മീഡിയ സെക്ടറുകള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ഐ ടി, ബാങ്കിംഗ്, റിയാലിറ്റി ഓഹരികള്‍ നഷ്ടം നേരിട്ടു. 2.20 മുതല്‍ 3.30 വരെയായിരുന്നു പ്രത്യേക വ്യാപാരം നടന്നത്. ഒരു മണിക്കൂര്‍ നീളുന്ന വ്യാപാര സെഷന്‍ നിക്ഷേപകര്‍ക്ക് ഐശ്വര്യത്തിനായുള്ള പ്രതീകാത്മക തുടക്കമായാണ് കണക്കാക്കപ്പെടുന്നത്.
ടാറ്റ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് കാറുകള്‍ക്ക് വന്‍ വിലക്കുറവും ആനുകൂല്യങ്ങളും
ഇലക്ട്രിക് കാര്‍ വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ക്ക് സന്തോഷവാര്‍ത്തയുമായാണ് ടാറ്റ മോട്ടോഴ്‌സ് രംഗത്തെത്തിയത്. കമ്പനിയുടെ ജനപ്രിയ ഇലക്ട്രിക് എസ്യുവികളായ പഞ്ച് ഇവിക്കും നെക്‌സോണ്‍ ഇവിക്കും വന്‍ വിലക്കുറവും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള മോഡല്‍ നിരയിലുടനീളം വിവിധ ഓഫറുകളാണ് കമ്പനി നല്‍കുന്നത്. 2026 നവംബര്‍ 15 വരെയാണ് ഈ ആനുകൂല്യങ്ങള്‍ ലഭിക്കുക. ഗ്രീന്‍ ബോണസ്, പ്രത്യേക ഓഫറുകള്‍, പഴയ വാഹനം കൈമാറുമ്പോഴുള്ള എക്‌സ്‌ചേഞ്ച് ബോണസ്, സ്‌ക്രാപ്പേജ് ആനുകൂല്യം, നിലവിലെ ഉപഭോക്താക്കള്‍ക്കുള്ള ലോയല്‍റ്റി ബെനിഫിറ്റുകള്‍ എന്നിവയാണ് ഓഫറുകളില്‍ ഉള്‍പ്പെടുന്നത്.
2027 ജൂണിനകം 3 പുതിയ വാഹനങ്ങള്‍ വിപണിയിലെത്തിക്കുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര
ഇന്ത്യന്‍ വാഹന വിപണിയില്‍ വന്‍ മുന്നേറ്റത്തിനൊരുങ്ങുന്ന മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ വാഹനങ്ങളുടെ പേരുകള്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മഹീന്ദ്ര വിഷന്‍ എസ്, ബി.ഇ 07 ഇലക്ട്രിക് എസ്യുവി, സ്‌കോര്‍പിയോ ലൈഫ്‌സ്റ്റൈല്‍ പിക്കപ്പ് ട്രക്ക് എന്നിവയായിരിക്കും ഈ നിരയില്‍ ഉള്‍പ്പെടുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് വാഹനങ്ങളും നിലവില്‍ പരീക്ഷണയോട്ടത്തിന്റെ ഘട്ടത്തിലാണ്.
സുരേഷ് ഗോപി ചിത്രം ‘ഒറ്റക്കൊമ്പനി’ലെ അഭിനയയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രം ‘ഒറ്റക്കൊമ്പനി’ലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഭിനയയുടെ പുത്തന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. അഭിനയയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിലെ താരത്തിന്റെ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. അന്ന എന്നാണ് ചിത്രത്തില്‍ അഭിനയ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ സഹനിര്‍മാണം ബൈജു ഗോപാലന്‍, വി.സി. പ്രവീണ്‍ എന്നിവരും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തിയുമാണ്.
രണ്‍വീര്‍ സിങ് നായകനാകുന്ന ജയ് മേത്ത ചിത്രം ‘പ്രളയ്’ വിവാദത്തില്‍
മുംബൈയിലെ പ്രസിദ്ധമായ ആസാദ് മൈതാനത്ത് ചിത്രത്തിന്റെ ഷൂട്ടിങ്ങിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ടാണ് വിവാദം. ചിത്രീകരണത്തിനെതിരെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ രംഗത്തെത്തി. അസോസിയേഷനും സര്‍ക്കാരുകള്‍ക്കുമെതിരെ രൂക്ഷപ്രതികരണമാണ് ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ ഹന്‍സല്‍ മേത്ത നടത്തിയത്. മലയാളിതാരം കല്യാണി പ്രിയദര്‍ശന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ‘പ്രളയ്’.
തോളിന്റെ പരിക്കുകള്‍ക്ക് നൂതന ശസ്ത്രക്രിയാ രീതികള്‍ ഏറെ സാധ്യത തുറക്കുന്നതായി വിദഗ്ധര്‍
തോളിലെ പേശീഞരമ്പുകള്‍ക്കുണ്ടാകുന്ന ഗുരുതരമായ പരിക്കുകളും ആവര്‍ത്തിച്ചുള്ള സന്ധി തെറ്റലും ചികിത്സിക്കാന്‍ നൂതന ശസ്ത്രക്രിയാ രീതികള്‍ കൂടുതല്‍ സാധ്യതകള്‍ തുറക്കുന്നതായി ഓര്‍ത്തോപീഡിക് വിദഗ്ധര്‍ വ്യക്തമാക്കി. കീഹോള്‍ ശസ്ത്രക്രിയ, ഗ്രാഫ്റ്റുകള്‍, സങ്കീര്‍ണമായ പുനര്‍നിര്‍മാണ ശസ്ത്രക്രിയകള്‍ എന്നിവയിലെ മുന്നേറ്റങ്ങള്‍ കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ ശനിയാഴ്ച ആരംഭിച്ച ഷോള്‍ഡര്‍ ആന്‍ഡ് എല്‍ബോ സൊസൈറ്റി (സെസ്‌ക്) കേരള ചാപ്റ്ററിന്റെ രണ്ടാമത് ദ്വിവത്സര സമ്മേളനമായ സെസ്‌കോണ്‍ 2026-ല്‍ ചര്‍ച്ചയായി.


























