26.7 C
Kollam
Tuesday 3rd November, 2026 | 07:54:09 AM
Home News Breaking News പത്രം മലയാള ദിനപത്രങ്ങളിലൂടെ 2026 | നവംബര്‍ 3 | ചൊവ്വ 1202 |...

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. നരേന്ദ്ര മോദി പദവിയിലെത്തിയതും ഭരണത്തില്‍ തുടരുന്നതും വിദേശ സഹായത്തോടെയാണെന്നും ഏത് സമയത്തും ഏത് വേദിയിലും ഈ വിഷയത്തില്‍ സംവാദം നടത്താന്‍ തയ്യാറാണെന്നും ധൈര്യമുണ്ടെങ്കില്‍ കടന്നുവരാനുമാണ് രാഹുല്‍ വെല്ലുവിളിച്ചത്. തനിക്ക് മോദിയെക്കുറിച്ച് അറിയാവുന്ന വിവരങ്ങള്‍ അത്രത്തോളം ഭയാനകമായതുകൊണ്ട് തന്നെ അദ്ദേഹം ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ ഒരിക്കലും ധൈര്യപ്പെടില്ലെന്നും രാഹുല്‍ പരിഹസിച്ചു.

പി എസ് സി ചെയര്‍മാന്‍ എം ആര്‍ ബൈജുവിനെതിരേ വീണ്ടും മൊഴി നല്‍കി സെക്രട്ടറി

പി എസ് സി ചെയര്‍മാന്‍ എം ആര്‍ ബൈജുവിനെതിരേ വീണ്ടും മൊഴി നല്‍കി പി എസ് സി സെക്രട്ടറി. പി എസ് സി ചെയര്‍മാന്‍ എം ആര്‍ ബൈജു സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കുന്നതായാണ് പി എസ് സി സെക്രട്ടറി വീണ്ടും മൊഴി നല്‍കിയത്. എന്തെങ്കിലും വിവാദമുണ്ടായാല്‍ ഉദ്യോഗസ്ഥരെ പഴിക്കുന്നതാണ് പി എസ് സി ചെയര്‍മാന്റെ രീതിയെന്നും പി എസ് സി സെക്രട്ടറി ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയിലുണ്ട്.

മാതൃകാ വനിതാനയം വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കും: മുഖ്യമന്ത്രി വി ഡി സതീശന്‍

സ്ത്രീകളുടെ സംരക്ഷണം ഉറപ്പാക്കിയുളള മാതൃകാ വനിതാനയം വിട്ടുവീഴ്ചയില്ലാതെ ഇച്ഛാശക്തിയോടെ സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. തിരുവനന്തപുരത്ത് നടക്കുന്ന ദ്വിദിന ‘ഹെര്‍ സമ്മിറ്റ് 2026’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സൈബര്‍ ആക്രമണങ്ങള്‍ തടയാനുള്ള നിയമനിര്‍മ്മാണവും പുതിയ നയത്തിന്റെ ഭാഗമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാലടി സര്‍വകലാശാലാ സമരം: 12 വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനം

മാപ്പപേക്ഷ നല്‍കിയാല്‍ കാലടി സര്‍വകലാശാലയില്‍ സസ്പെന്‍ഷനിലായ 16 വിദ്യാര്‍ത്ഥികളില്‍ 12 പേരെ തിരിച്ചെടുക്കാമെന്ന് സര്‍വകലാശാല സിന്‍ഡിക്കേറ്റ്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി, പ്രസിഡന്റ് എന്നിവരുള്‍പ്പെടെ 4 പേര്‍ക്കെതിരായ നടപടി പിന്‍വലിക്കില്ല. പരീക്ഷയെഴുതാന്‍ അനുവദിക്കുന്നത് കോടതി തീരുമാനം അനുസരിച്ച് മതിയെന്നാണ് സിന്‍ഡിക്കേറ്റിന്റെ തീരുമാനം.

മാപ്പപേക്ഷ നല്‍കില്ലെന്ന് എസ്എഫ്ഐ

കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാലയില്‍ സസ്പെന്‍ഷനിലായ വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കാന്‍ മാപ്പപേക്ഷ നല്‍കില്ലെന്ന് എസ്എഫ്ഐ വ്യക്തമാക്കി. മാപ്പ് പറയല്‍ കീഴടങ്ങലാകുമെന്നും ഉടന്‍ നിരാഹാര സമരം തുടങ്ങുമെന്നും അവര്‍ അറിയിച്ചു. അതേസമയം, മതിയായ ഹാജറില്ലാത്ത വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് വൈസ് ചാന്‍സലര്‍ സിസ തോമസ്.

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. എംജി രാജമാണിക്യത്തെ കെഎസ്ഇബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റി. എന്‍ പ്രശാന്ത് പുതിയ കെഎസ്ഇബി ചെയര്‍മാനാകും. കായിക-യുവജനക്ഷേമ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ചുമതല ഇദ്ദേഹം തുടരും. എം.ജി രാജമാണിക്യത്തെ തദ്ദേശവകുപ്പ് സെക്രട്ടറി സ്ഥാനത്തേക്കാണ് മാറ്റിയത്. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഷര്‍മിള മേരി ജോസഫിനെ മാറ്റി ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്. മുഹമ്മദ് ഹനീഷിനാണ് പകരം ചുമതല. കെആര്‍ ജ്യോതിലാലിനെ ആഭ്യന്തര വകുപ്പിലേക്ക് മാറ്റിയപ്പോള്‍ മിന്‍ഹാജ് ആലം ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാകും.

റോഡ് അപകടങ്ങളില്‍ ജീവന്‍ രക്ഷിക്കാന്‍ ആരോഗ്യവകുപ്പിന്റെ ‘ഗോള്‍ഡന്‍ ഗോള്‍’ പദ്ധതി

റോഡ് അപകടങ്ങളില്‍ പെടുന്നവരുടെ ജീവന്‍ രക്ഷിക്കാന്‍ പുതിയ പദ്ധതിയുമായി ആരോഗ്യവകുപ്പ്. `ഗോള്‍ഡന്‍ ഗോള്‍’ എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. അപകടത്തില്‍പ്പെടുന്നവരെ മിനിറ്റുകള്‍ക്കുള്ളില്‍ പരിക്കിന്റെ സ്വഭാവത്തിനനുസരിച്ച് അനുയോജ്യമായ ആശുപത്രിയിലെത്തിച്ച് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. 108നൊപ്പം സര്‍ക്കാര്‍, സ്വകാര്യ ആംബുലന്‍സുകളെയും ഒന്നിപ്പിക്കുന്നതാണ് പദ്ധതി.

മഹാരാജാസ് കോളേജിലെ പ്രതിഷേധം: രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് സസ്പെന്‍ഷന്‍

മഹാരാജാസ് കോളേജില്‍ ബിരുദ വിതരണ ചടങ്ങിനെത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റെ പ്രസംഗം തടഞ്ഞ് ചടങ്ങ് അലങ്കോലമാക്കിയെന്ന വിവാദത്തില്‍ നടപടി. സംഭവത്തില്‍ രണ്ട് എസ് എഫ് ഐ പ്രവര്‍ത്തകരെ 10 ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ പ്രണീല്‍ ചാജ്, വൈസ് ചെയര്‍പേഴ്സണ്‍ നഫീസത്തുള്‍ മിസ്രിയ എന്നിവര്‍ക്കെതിരെയാണ് കോളേജ് കൗണ്‍സിലിന്റെ നടപടി.

ക്ലിഫ് ഹൗസ് അറ്റകുറ്റപ്പണി: പൊതുമരാമത്ത് വകുപ്പ് ഉത്തരവ് റദ്ദാക്കാന്‍ നിര്‍ദ്ദേശം

ക്ലിഫ് ഹൗസില്‍ ഒരു കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണി നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പ് പുറത്തിറക്കിയ ഉത്തരവ് അടിയന്തരമായി റദ്ദാക്കാന്‍ വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി വി.ഡി.സതീശന്‍. മുഖ്യമന്ത്രിയെയോ മുഖ്യമന്ത്രിയുടെ ഓഫീസിനെയോ അറിയിക്കാതെ ഇത്തരമൊരു ഉത്തരവ് ഇറങ്ങിയത് സംബന്ധിച്ച് അടിയന്തിര റിപ്പോര്‍ട്ട് നല്‍കാനും പൊതുമരാമത്ത് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

തിരുവനന്തപുരം പാങ്ങപ്പാറയിലെ 17-കാരന്റെ തിരോധാനം കൊലപാതകം

തിരുവനന്തപുരം പാങ്ങപ്പാറയില്‍ നിന്ന് ഞായറാഴ്ച വൈകുന്നേരം കാണാതായ 17-കാരന്റെ തിരോധാനം കൊലപാതകം. ശ്രീകാര്യം പാങ്ങപ്പാറ സംഗീത നഗര്‍ നേതാജി ലെയിനില്‍ വാടകയ്ക്ക് താമസിക്കുന്ന ഓട്ടോ ഡ്രൈവറായ മധുവിന്റെയും ധര്‍മ്മജയുടെയും മകന്‍ അഭിറാം (17)ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. പ്രണയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രണയപ്പകയെത്തുടര്‍ന്ന് 17 കാരനെ കൊലപ്പെടുത്തി ചാക്കിലാക്കി കുറ്റിക്കാട്ടില്‍ തള്ളിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും പെണ്‍കുട്ടിയും നിരവധി കേസുകളിലെ പ്രതിയായ 22കാരന്‍ ഉമര്‍ മുഖ്താറും പിടിയില്‍.

പാങ്ങാപ്പാറയിലെ അഭിരാമിന്റെ കൊലപാതകം: അന്വേഷണത്തില്‍ വഴിത്തിരിവ്

തിരുവനന്തപുരം പാങ്ങാപ്പാറയിലെ അഭിരാമിന്റെ കൊലപാതകത്തില്‍ വന്‍ വഴിത്തിരിവ്. കൊല ചെയ്യാനുദ്ദേശിച്ചത് അഭിരാമിനെ അല്ലെന്നും ലക്ഷ്യമിട്ടത് അഭിരാമിന്റെ മറ്റൊരു സുഹൃത്തിനെ ആയിരുന്നുവെന്നും സുഹൃത്തിനെ വിളിച്ചുവരുത്താന്‍ വേണ്ടി അഭിരാമിനെ ഉപയോഗിക്കാന്‍ തീരുമാനിച്ചെന്നും എന്നാല്‍ തര്‍ക്കത്തിനിടെ കൊലപാതകം നടന്നു എന്നുമാണ് പ്രതിയുടെ മൊഴി.

മുസ്ലീം യൂത്ത് ലീഗിന്റെ പ്രഥമ സമ്പൂര്‍ണ ദേശീയ സമ്മേളനം മീററ്റില്‍

മുസ്ലീം യൂത്ത് ലീഗിന്റെ പ്രഥമ സമ്പൂര്‍ണ ദേശീയ സമ്മേളനം 2027 നവംബര്‍ 5,6 തീയതികളില്‍ ഉത്തര്‍പ്രദേശിലെ മീററ്റില്‍ നടത്താന്‍ തീരുമാനിച്ചതായി പ്രസിഡന്റ് അഡ്വ.സര്‍ഫറാസ് അഹമ്മദും ജനറല്‍ സെക്രട്ടറി അഡ്വ.ഷിബു മീരാനും വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.ദേശീയ സമ്മേളന പ്രചാരണര്‍ത്ഥം കശ്മീരില്‍നിന്നും കന്യാകുമാരി വരെ’യുവ ഭാരത് യാത്ര’ സംഘടിപ്പിക്കും.

സാമ്പത്തിക തട്ടിപ്പ് കേസ്: ബി.എല്‍.എം. ചെയര്‍മാന്‍ ആര്‍. പ്രേംകുമാറിന് നോട്ടീസ്

സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി ബി.എല്‍.എം. ചെയര്‍മാന്‍ ആര്‍. പ്രേംകുമാറിന് കോടതിയില്‍ ഹാജരാവാന്‍ നോട്ടീസ്. നേരത്തെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയെങ്കിലും നടപടിക്രമം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ജാമ്യം നല്‍കിയിരുന്നു.

സയ്യിദ് അലി ബാഫഖി തങ്ങള്‍ അന്തരിച്ചു

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റും മര്‍കസ് സ്ഥാപനങ്ങളുടെ പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങള്‍ അന്തരിച്ചു. ഇന്നലെ വൈകുന്നേരം 5:20 ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 88 വയസ്സായിരുന്നു.

പുനലൂരില്‍ എട്ടു വയസ്സുകാരിയുടെ മരണം: ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്

പുനലൂരില്‍ പേവിഷബാധയേറ്റ് എട്ടു വയസ്സുകാരി നിയ ഫൈസല്‍ മരിച്ച സംഭവത്തില്‍ ചികിത്സിച്ച ആശുപത്രികളുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. കുട്ടിക്ക് നല്‍കേണ്ട ഇമ്യൂണോ ഗ്ലോബുലിന്‍ വാക്സിന്‍ ഡോസ് കൃത്യമായ അളവില്‍ നല്‍കിയിട്ടുണ്ടെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. 2025 ഏപ്രില്‍ 8-നാണ് കുന്നിക്കോട് വിളക്കുടിയിലെ വീടിന് സമീപത്തുവെച്ച് നിയയ്ക്ക് തെരുവ് നായയുടെ കടിയേറ്റത്.

വര്‍ക്കലയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

വര്‍ക്കല അയിരൂരില്‍ കുടുബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി. തറട്ട താഴെതൊടിയില്‍ വീട്ടില്‍ സുബിന ആണ് മരിച്ചത്. ഭര്‍ത്താവ് ഷാജനെ അയിരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

തമിഴ്നാട് ജയില്‍ സുരക്ഷാവീഴ്ച: വിദഗ്ധ സമിതിയെ നിയോഗിച്ചു

തമിഴ്നാട് ജയിലുകളിലെ സുരക്ഷാവീഴ്ചയില്‍ വിദഗ്ധ സമിതിയെ നിയോഗിച്ച് മുഖ്യമന്ത്രി സി ജോസഫ് വിജയ്. മുന്‍ ഡിജിപി ജെ കെ തൃപാഠിയാണ് അധ്യക്ഷന്‍. ജയില്‍ ചാട്ടത്തിന്റെ കാരണങ്ങള്‍ കണ്ടെത്തുകയാണ് സുപ്രധാന ദൗത്യം. സുരക്ഷ വര്‍ധിപ്പിക്കാന്‍ നടപടികള്‍ നിര്‍ദേശിക്കണം. രാജ്യത്തിനകത്തും പുറത്തുമുള്ള മികച്ച മാതൃകകള്‍ പരിശോധിച്ച് ശുപാര്‍ശ നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

അയോധ്യ സംഭാവന കൊള്ള ഹര്‍ജികള്‍ സുപ്രീം കോടതി തീര്‍പ്പാക്കി

അയോധ്യ സംഭാവന കൊള്ളയിലെ ഹര്‍ജികള്‍ തീര്‍പ്പാക്കി സുപ്രീം കോടതി. കേസില്‍ കുറ്റപത്രം നല്‍കിയെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ച പശ്ചാത്തലത്തിലാണ് ഹര്‍ജികള്‍ തീര്‍പ്പാക്കിയത്. മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്‍ എസ് കിരണിന്റെ നേതൃത്വത്തിലുള്ള എസ്‌ഐടിക്ക് മേലുള്ള നിരീക്ഷണവും സുപ്രീംകോടതി ഈ സാഹചര്യത്തില്‍ അവസാനിപ്പിച്ചു.

ഭൂട്ടാനില്‍ നരേന്ദ്ര മോദിക്ക് പ്രത്യേക ആദരം

ഇന്ത്യ-ഭൂട്ടാന്‍ സൗഹൃദം ശക്തമാക്കുന്നതിന്റെ ഭാഗമായി ഭൂട്ടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രത്യേക ആദരം നല്‍കി. ഗെലെഫു മൈന്‍ഡ്ഫുള്‍നസ് സിറ്റിയില്‍ നിര്‍മ്മിച്ച 76-ാം നമ്പര്‍ വിശുദ്ധ സ്തൂപമാണ് മോദിക്ക് സമര്‍പ്പിച്ചത്. ലഹാബാബ് ദുച്ചെന്‍ ആഘോഷവേളയില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഇന്ത്യയെ പ്രതിനിധീകരിച്ചു.

എസ്ഐആര്‍ വിരുദ്ധ സമരം: ബോംബെ ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് ഇമ്രാന്‍ ഖാന്‍

എസ്ഐആര്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്തതില്‍ നടന്‍ ഇമ്രാന്‍ ഖാന്‍ ബോംബെ ഹൈക്കോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞു. ഒസിഐ കാര്‍ഡുള്ള നടന് ഇന്ത്യയില്‍ പ്രതിഷേധിക്കാന്‍ അവകാശമില്ലെന്ന് കോടതി വിമര്‍ശിച്ചു. മാപ്പ് പറഞ്ഞ സാഹചര്യത്തില്‍ തത്കാലം രാജ്യം വിടേണ്ടതില്ലെന്ന് കോടതി പറഞ്ഞു.

ബിജെപി-കോണ്‍ഗ്രസ് വാക്പോര് രൂക്ഷം

ഇന്ത്യാ സഖ്യത്തിന്റെ രാംലീല റാലിക്ക് പിന്നാലെ ബിജെപി-കോണ്‍ഗ്രസ് വാക്പോര് രൂക്ഷം. രാഹുല്‍ ഗാന്ധി നുഴഞ്ഞുകയറ്റക്കാര്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്ന് അമിത് ഷാ കുറ്റപ്പെടുത്തിയപ്പോള്‍, മോദി പ്രധാനമന്ത്രിയായത് വിദേശ സഹായത്താലാണെന്ന് രാഹുല്‍ തിരിച്ചടിച്ചു. ഗ്യാനേഷ് കുമാറിനും കേന്ദ്ര സര്‍ക്കാരിനെതിരായ തുടര്‍ പോരാട്ടങ്ങള്‍ ഇന്ത്യാ സഖ്യ നേതാക്കള്‍ കൂടിയാലോചനകളിലൂടെ തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

കോണ്‍ഗ്രസില്‍ ആഭ്യന്തര ഭിന്നതയെന്ന് ബിജെപി

രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തില്‍ രണ്ട് വിരുദ്ധ ചേരികള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ രൂപപ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തര ഭിന്നത രൂക്ഷമാണെന്നും ബി.ജെ.പി വക്താക്കളായ സംബീത് പാത്രയും പ്രദീപ് ഭണ്ഡാരിയും. പ്രിയങ്ക ഗാന്ധി പാര്‍ട്ടിയില്‍ ഉയര്‍ന്നുവരുന്നതും താന്‍ രാഷ്ട്രീയമായി തഴയപ്പെടാനുള്ള സാധ്യതയും ഭയന്ന് രാഹുല്‍ ഗാന്ധി പ്രിയങ്കയെ ബോധപൂര്‍വം തഴയുന്നുവെന്നാണ് വക്താക്കളുടെ അഭിപ്രായം.

രാംലീല റാലി: ഡല്‍ഹിയില്‍ വ്യാപാരമേഖലയ്ക്ക് 11,000 കോടിരൂപയുടെ നഷ്ടമെന്ന് വ്യാപാരികള്‍

ഇന്ത്യാസഖ്യം ഡല്‍ഹിയിലെ രാംലീലമൈതാനത്ത് സംഘടിപ്പിച്ച റാലിയെത്തുടര്‍ന്ന് വ്യാപാരമേഖലയ്ക്ക് 11,000 കോടിരൂപയുടെ നഷ്ടമുണ്ടായെന്ന് ഡല്‍ഹിയിലെ വ്യാപാരികളുടെ സംഘടന. ഈ നഷ്ടത്തിന് ആര് പരിഹാരം നല്‍കുമെന്നും ആര് ഇത് പരിഹരിക്കുമെന്നും അവര്‍ ചോദിച്ചു.

പഞ്ചാബില്‍ എഎപിക്ക് തിരിച്ചടി; രണ്ട് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

2027-ലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബിലെ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിക്ക് വന്‍ തിരിച്ചടി നല്‍കിക്കൊണ്ട് നിലവിലെ രണ്ട് എംഎല്‍എമാര്‍ ഉള്‍പ്പെടെ മൂന്ന് പ്രമുഖ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. നിലവിലെ എംഎല്‍എമാരായ ഹര്‍മീത് സിങ് പഠാന്‍മജ്‌റ, ചേതന്‍ സിങ് ജോരമജ്‌റ, മുന്‍ എഎപി നിയമസഭാംഗമായ കന്‍വര്‍ വിജയ് പ്രതാപ് സിങ് എന്നിവരാണ് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഔദ്യോഗികമായി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

വിമാന ടിക്കറ്റ് നിരക്ക് വര്‍ധന: ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

വിമാന ടിക്കറ്റ് നിരക്ക് 700 ശതമാനംവരെ വര്‍ധിച്ചതിനെതിരായ ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. നിരക്ക് വര്‍ധന ചൂണ്ടിക്കാട്ടിയ ഹര്‍ജിക്കാരനോട് ‘എങ്കില്‍ വിമാനത്തില്‍ യാത്ര ചെയ്യേണ്ട’ എന്നായിരുന്നു ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചിന്റെ പ്രതികരണം.

ഒക്ടോബറിലെ ജി.എസ്.ടി. വരുമാനത്തില്‍ റെക്കോഡ് വര്‍ധന

ഒക്ടോബറിലെ ജി.എസ്.ടി. വരുമാനത്തില്‍ രാജ്യത്ത് റെക്കോഡ് വര്‍ധന. ഒക്ടോബറിലെ ജി.എസ്.ടി. വരുമാനം 2.31 ലക്ഷം കോടി രൂപയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 22.9 ശതമാനമാണ് വര്‍ധന. ഉത്സവ സീസണിലെ റെക്കോഡ് വില്‍പ്പനയും ഇറക്കുമതി വരുമാനത്തിലുണ്ടായ മുന്നേറ്റവുമാണ് ഈ നേട്ടത്തിന് പിന്നില്‍.

ബംഗ്ലദേശില്‍ തൊഴിലാളി പ്രക്ഷോഭം ശക്തമാകുന്നു

അതിരൂക്ഷ വിലക്കയറ്റവും സാമ്പത്തിക-ഊര്‍ജ പ്രതിസന്ധിയും നേരിടുന്ന ബംഗ്ലദേശില്‍ തൊഴിലാളി പ്രക്ഷോഭം ശക്തമാകുന്നു. അക്രമാസക്തമായ പ്രതിഷേധങ്ങളെത്തുടര്‍ന്ന് 500-ലധികം ഫാക്ടറികള്‍ അടച്ചു. പ്രതിഷേധം തണുപ്പിക്കാന്‍ വസ്ത്രനിര്‍മ്മാണ മേഖലയിലെ തൊഴിലാളികളുടെ വേതനം പുനഃപരിശോധിക്കാന്‍ വേജ് ബോര്‍ഡ് രൂപീകരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.

സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സൈബര്‍ ആക്രമണം

സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഫ്രീസറുകളുടെ താപനില സൈബര്‍ ആക്രമണത്തിലൂടെ 55 ഡിഗ്രി സെല്‍ഷ്യസുവരെ ഉയര്‍ത്തി ദശലക്ഷക്കണക്കിന് യൂറോയുടെ ഭക്ഷ്യവസ്തുക്കള്‍നശിപ്പിച്ചതായി റിപ്പോര്‍ട്ട്. സ്വീഡനിലെയും ബെല്‍ജിയത്തിലെയും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.

അമേരിക്കയില്‍ ഇടക്കാല തെരഞ്ഞെടുപ്പ് ഇന്ന്

അമേരിക്കയില്‍ ഇന്ന് ഇടക്കാല തെരഞ്ഞെടുപ്പ്. യുഎസ് കോണ്‍ഗ്രസിലെ ജനപ്രതിനിധിസഭാംഗത്തിനു 2 വര്‍ഷമാണു കാലാവധി. സഭയിലെ 435 സീറ്റുകളിലേക്കും ഇന്നു വോട്ടെടുപ്പു നടക്കും. ഉപരിസഭയായ സെനറ്റിലെ അംഗത്തിന് 6 വര്‍ഷമാണു കാലാവധി. ഓരോ 2 വര്‍ഷവും മൂന്നിലൊന്നു സീറ്റുകളിലേക്കു വോട്ടെടുപ്പു നടക്കുന്നു. ഇത്തവണ 35 സീറ്റിലാണു മത്സരം. യുഎസ് കോണ്‍ഗ്രസിനൊപ്പം 36 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ തിരഞ്ഞെടുപ്പും 15 നഗരങ്ങളിലെ മേയര്‍ തിരഞ്ഞെടുപ്പും ഇന്നാണ്. ട്രംപിന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ ഡെമോക്രാറ്റുകള്‍ യുഎസ് കോണ്‍ഗ്രസ് പിടിക്കും എന്നാണ് അഭിപ്രായവോട്ടെടുപ്പുകളിലെ പ്രവചനം.

രഞ്ജി ട്രോഫി: കേരളത്തിനെതിരെ ഗുജറാത്ത് മികച്ച നിലയില്‍

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ ഗുജറാത്ത് മികച്ച നിലയില്‍. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഗുജറാത്ത് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സ് എടുത്തിട്ടുണ്ട്. 95 റണ്‍സെടുത്ത ആര്യ ദേശായിയുടെയും അര്‍ദ്ധ സെഞ്ച്വറി നേടിയ ഉര്‍വ്വിലിന്റെയും പ്രകടനമാണ് ഗുജറാത്തിന് കരുത്തായത്.

ദേശീയ സീനിയര്‍ വനിതാ ടി20: ത്രിപുരയ്‌ക്കെതിരെ കേരളത്തിന് ആവേശകരമായ വിജയം

ദേശീയ സീനിയര്‍ വനിതാ ടി20 ചാമ്പ്യന്‍ഷിപ്പില്‍ ത്രിപുരയ്‌ക്കെതിരെ കേരളത്തിന് ഒരു റണ്ണിന്റെ വിജയം. അവസാന എട്ട് പന്തുകളില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയാണ് കേരളം അവിശ്വസനീയ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ത്രിപുരയ്ക്ക് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സ് മാത്രമാണ് നേടാനായത്.

റൈസിങ് സ്റ്റാര്‍സ് ഏഷ്യ കപ്പ്: ഇന്ത്യ എ ടീമിനെ തിലക് വര്‍മ നയിക്കും

ഖത്തറില്‍ നടക്കുന്ന റൈസിങ് സ്റ്റാര്‍സ് ഏഷ്യ കപ്പിനുള്ള ഇന്ത്യ എ ടീമിനെ തിലക് വര്‍മ നയിക്കും. രജത് പടിദാറാണ് ഉപനായകന്‍. കഴിഞ്ഞ വര്‍ഷത്തെ ടീമില്‍ നിന്ന് വലിയ അഴിച്ചുപണിയാണ് ഇത്തവണ സെലക്ടര്‍മാര്‍ നടത്തിയിരിക്കുന്നത്.

ലുലു ഗ്രൂപ്പ് വാക്ക് ഇന്‍ അഭിമുഖം സംഘടിപ്പിക്കുന്നു

മിഡില്‍ ഈസ്റ്റിലെ ഹൈപ്പര്‍മാര്‍ക്കറ്റുകളിലേക്ക് വിവിധ തസ്തികകളില്‍ ജോലി ഒഴിവുകളുമായി ലുലു ഗ്രൂപ്പ് വാക്ക് ഇന്‍ അഭിമുഖം സംഘടിപ്പിക്കുന്നു. മാനേജ്മെന്റ് ട്രെയിനീസ്, ജൂനിയര്‍ അക്കൗണ്ടന്റ്സ്, സെയില്‍സ്മാന്‍, കാഷ്യര്‍ തുടങ്ങി നിരവധി തസ്തികകളിലേക്കാണ് പുരുഷ ഉദ്യോ?ഗാര്‍ത്ഥികള്‍ക്ക് അവസരം ഒരുങ്ങുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് താമസസൗകര്യം, യാത്രാസൗകര്യം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കും.

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വിലവര്‍ധന; ലാവയും ഫോണുകളുടെ വില കൂട്ടുന്നു

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വിലവര്‍ധന തുടരുന്നു. പ്രമുഖ ആഭ്യന്തര സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ലാവയും ഫോണുകളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങുന്നു. നവംബര്‍ 15 മുതല്‍ ലാവയുടെ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 3,000 രൂപ വരെ കൂടുമെന്ന് കമ്പനി അറിയിച്ചു. ആഗോളതലത്തില്‍ തുടരുന്ന മെമ്മറി ചിപ്പ് പ്രതിസന്ധിയാണ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ വിലവര്‍ധനയ്ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഗായിക റിമി ടോമി വീണ്ടും വിവാഹിതയാകുന്നു

ഗായിക റിമി ടോമി വീണ്ടും വിവാഹിതയാകുന്നു. മുംബൈയില്‍ സ്ഥിരതാമസമാക്കിയ മലയാളിയും ബോഡി ബില്‍ഡറും തന്റെ ഫിറ്റ്‌നസ് ട്രെയിനറുമായ ലിബിന്‍ മാത്യുവാണ് വരന്‍. നവംബറില്‍ മുംബൈയില്‍ വച്ചാണ് വിവാഹം നടക്കുന്നത്.

മൂക്കുത്തി അമ്മന്‍ 2 മേക്കിങ് വീഡിയോ പുറത്തുവിട്ടു

സുന്ദര്‍ സി സംവിധാനം ചെയ്യുന്ന മൂക്കുത്തി അമ്മന്‍ 2 മഹാശക്തി ചിത്രം തിയേറ്റിലെത്താന്‍ നാലു ദിനം ബാക്കി നില്‍ക്കെ ചിത്രത്തിന്റെ മേക്കിങ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചു. എല്ലാത്തരം പ്രേക്ഷകര്‍ക്കും തിയേറ്ററില്‍ പൂര്‍ണമായും ആസ്വദിക്കാന്‍ കഴിയുന്ന ഡിവൈന്‍ എന്റര്‍ടൈനറാണ് ചിത്രം. സെന്‍സറിങ് പൂര്‍ത്തിയായ ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകര്‍ഷിച്ച മൂക്കുത്തി അമ്മന്റെ ആദ്യഭാഗത്തിനു ശേഷം ഭക്തി, നര്‍മം, സാമൂഹികപ്രസക്തി എന്നിവ സംയോജിപ്പിച്ചാണ് രണ്ടാം ഭാഗം മഹാശക്തി റിലീസിന് ഒരുങ്ങുന്നത്. നയന്‍താര, ദുനിയ വിജയ്, റെജീന കാസാന്‍ഡ്ര, ഉര്‍വശി, യോഗി ബാബു തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

‘ഭൗമ’ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഒട്ടേറെ പുതുമകളുമായി എത്തുന്ന ‘ഭൗമ’യിലെ ആദ്യ ഗാനം പുറത്ത്. സിദ് ശ്രീറാമിന്റെ മാസ്മരിക ശബ്ദത്തില്‍ ‘പാറും പാരാകെ’ എന്ന ലിറിക്കല്‍ വീഡിയോ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ക്രിസ്റ്റോ സേവ്യറിന്റെ ഈണത്തിന് വൈശാവ് സുഗുണന്റേതാണ് വരികള്‍. വിനീത്, ദിലീഷ് പോത്തന്‍, സാഗര്‍ സൂര്യ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം നവംബര്‍ 12-ന് തിയേറ്റുകളിലെത്തും. ഭാവന റിലീസാണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷന്‍ നിര്‍വ്വഹിക്കുന്നത്.

ഇന്ത്യന്‍ ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും മുന്നേറ്റം

ഇന്ത്യന്‍ ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും മുന്നേറ്റം. കഴിഞ്ഞ രണ്ട് വ്യാപാര സെഷനുകളിലായി 1,200 പോയിന്റിലേറെ ഉയര്‍ന്ന സെന്‍സെക്‌സ് ഇന്നും കുതിപ്പ് തുടര്‍ന്നു. വ്യാപാരത്തിനിടെ 1,030 പോയിന്റ് ഉയര്‍ന്ന് 75,489.70 വരെ സെന്‍സെക്‌സ് എത്തി. വ്യാപാരത്തിനിടെ എന്‍.എസ്.ഇ 278 പോയിന്റ് ഉയര്‍ന്ന് 23,330.70 വരെയെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ കാര്യമായ മുന്നേറ്റമില്ലാതിരുന്ന മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികളും ഇന്നത്തെ റാലിയില്‍ പങ്കുചേര്‍ന്നു. ഫാര്‍മ ഒഴികെയുള്ള എല്ലാ മേഖലാ സൂചികകളും നേട്ടത്തിലാണ്.

പ്രായമായവരുടെ ഭക്ഷണശീലങ്ങളും പ്രോട്ടീന്റെ പ്രാധാന്യവും

പ്രായമാകുമ്പോള്‍ ഭക്ഷണശീലങ്ങളിലും മാറ്റം വരുത്താം. എന്നാല്‍ മിക്കവാറും കാണുന്നത് പ്രായമായാലും ഭക്ഷണശീലങ്ങള്‍ അതുപോലെ തുടരുന്നതാണ്. രാവിലെ പതിവുള്ള പോഹ പോലുള്ള ഭക്ഷണങ്ങള്‍, ഉച്ചയ്ക്ക് ചോറ്, വൈകിട്ട് ചായ, ബിസ്‌ക്കറ്റ്, രാത്രി ചോറോ ചപ്പാത്തിയോ എന്നാല്‍ പ്രായമായ അച്ഛനമ്മമാരുടെ ഭക്ഷണത്തില്‍ പലപ്പോഴും ഉള്‍പ്പെടാതെ പോകുന്ന ഒന്നുണ്ട്. അതാണ് പ്രോട്ടീന്‍. എല്ലാ പ്രായത്തിലും പ്രോട്ടീന്‍ ആവശ്യമാണ്. കൂടുതല്‍ പ്രോട്ടീന്‍ കഴിക്കാനായി വില കൂടിയ ഭക്ഷണങ്ങള്‍ വാങ്ങുകയൊന്നും വേണ്ട. പകരം നമുക്ക് പരിചിതമായ ഭക്ഷണങ്ങളില്‍ തന്നെ അല്‍പം മാറ്റം വരുത്തിയാല്‍ മതി. രക്ഷിതാക്കള്‍ക്കുള്ള ചില പ്രോട്ടീന്‍ സ്വാപ്സ്, പോഷകാഹാര വിദഗ്ധയായ റാഷി ചൗധരി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here