25.3 C
Kollam
Saturday 10th October, 2026 | 01:40:14 AM
Home News Breaking News അമേരിക്കയിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റ് നിർമിക്കാൻ ഇന്ത്യയിലെ എസ്സാർ ​ഗ്രൂപ്പ്; 1500 കോടി ഡോളറിന്റെ...

അമേരിക്കയിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റ് നിർമിക്കാൻ ഇന്ത്യയിലെ എസ്സാർ ​ഗ്രൂപ്പ്; 1500 കോടി ഡോളറിന്റെ പദ്ധതി; പ്രഖ്യാപനം നടത്തി ട്രംപ്

വാഷിങ്ടൺ: അമേരിക്കയിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റ് നിർമിക്കാൻ ഇന്ത്യൻ മൾട്ടിനാഷണൽ കമ്പനിയായ എസ്സാർ ​ഗ്രൂപ്പ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. എസ്സാർ ​ഗ്രൂപ്പിന് കീഴിലുള്ള മെസാബി മെറ്റാലിക്സ് എന്ന കമ്പനിയാണ് യുഎസിലെ ഐയോവയിൽ സ്റ്റീൽ പ്ലാന്റ് നിർമിക്കുന്നത്. 1500 കോടി ഡോളറാണ് പദ്ധതിയുടെ മുതൽമുടക്ക്.

Also Read: കേന്ദ്ര സർക്കാർ വകുപ്പുകളിൽ ഗസറ്റഡ് തസ്തികകൾ; ഇപ്പോൾ അപേക്ഷിക്കാം

തിങ്കളാഴ്ച വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിലാണ് ഡൊണാൾഡ് ട്രംപ് സ്റ്റീൽ പ്ലാന്റ് പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. ഇത് യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റ് ആണെന്നും ഈ നിക്ഷേപം യുഎസിന്റെ ഉത്പാദനമേഖലയ്ക്ക് കൂടുതൽ കരുത്ത് പകരുമെന്നും പ്രസിഡന്റ് പറഞ്ഞു. ട്രംപിനൊപ്പം മെസാബി മെറ്റാലിക്സിന്റെ ഉന്നത ഉദ്യോ​ഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു. യുഎസിലെ ഉത്പാദനം വിപുലീകരിക്കാൻ നൽകുന്ന പിന്തുണയ്ക്ക് കമ്പനി ചെയർമാൻ രേവന്ത് റൂയ ട്രംപിന് നന്ദി അറിയിക്കുകയും ചെയ്തു.

ഐയോവയിലെ സ്റ്റീൽ പ്ലാന്റ് അടക്കം ആകെ 18 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് എസ്സാർ ​ഗ്രൂപ്പ് യുഎസിൽ നടത്തുന്നത്. 2030-ഓടെ ഐയോവയിലെ സ്റ്റീൽ പ്ലാന്റിൽനിന്ന് ഉത്പാദനം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. പ്രതിവർഷം 75 ലക്ഷം ടൺ സ്റ്റീൽ ഉത്പാദനമാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. പിന്നീട് ഇത് ഒരു കോടി ടൺ ആയി ഉയർത്തും. മിനെസോട്ടയിലെ ഇരുമ്പയിര് ഖനിയുമായി ബന്ധിപ്പിച്ചാണ് ഐയോവയിലെ സ്റ്റീൽ പ്ലാന്റ് പദ്ധതി വരുന്നത്. ഇവിടെ ഖനിയുടെ വികസനപ്രവർത്തനങ്ങൾക്കായി എസ്സാർ ​ഗ്രൂപ്പ് ഇതിനകം 250 കോടി ഡോളർ നിക്ഷേപിച്ചുകഴിഞ്ഞു. ഐയോവയിൽ പുതിയ പ്ലാന്റ് വരുന്നതോടെ ഏകദേശം 1750 പേർക്ക് സ്ഥിരം തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. പ്ലാന്റിന്റെ നിർമാണവുമായി ബന്ധപ്പെട്ട് അയ്യായിരത്തോളം തൊഴിലവസരങ്ങളും ഉണ്ടാകും.