എറണാകുളം: കോതമംഗലം ഹാപ്പി നഗറിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. കുഞ്ഞമ്മയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കുര്യാക്കോസിനെ (65) പൊലിസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം. കൊലപാതകം നടക്കുമ്പോൾ വീട്ടിൽ ഇരുവരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശസ്ത്രക്രിയയ്ക്കുശേഷം കുര്യാക്കോസ് വീട്ടിൽ വിശ്രമത്തിൽ കഴിയുന്നതിനിടയിലാണ് ഈ ആക്രമണം ഉണ്ടായത്.
കൃത്യത്തിന് ശേഷം കുര്യാക്കോസ് തന്നെയാണ് വിദേശത്തുള്ള തന്‍റെ മകനെ ഫോണിൽ വിളിച്ച് വിവരമറിയിച്ചത്. മകൻ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലിസും സ്ഥലത്തെത്തിയത്. വിശദമായ അന്വേഷണത്തിന് ശേഷമേ കൊലപാതക കാരണം വ്യക്തമാകയുള്ളു.





























