26.6 C
Kollam
Sunday 15th November, 2026 | 09:44:46 AM
Home News Kerala ഒരിക്കൽ ഭീകര നക്സലൈറ്റ്, ഇപ്പോൾ ഒരു സത്യസായി ബാബ ഭക്തൻ; ഫിലിപ്പ് എം. പ്രസാദ് വിപ്ലവത്തിൽ...

ഒരിക്കൽ ഭീകര നക്സലൈറ്റ്, ഇപ്പോൾ ഒരു സത്യസായി ബാബ ഭക്തൻ; ഫിലിപ്പ് എം. പ്രസാദ് വിപ്ലവത്തിൽ നിന്നും വിശ്വാസത്തിലേക്ക് എത്തിയ കഥ

Advertisement

വിപ്ലവത്തിൽ നിന്നും വിശ്വാസത്തിലേക്ക് ഫിലിപ്പ് എം പ്രസാദ് എത്തിയിട്ട് നാളുകൾ ഏറെയായി. ഇപ്പോഴിതാ കോൺഗ്രസ് നേതാവും എംഎൽഎ യും ആയ സി ആർ മഹേഷ് അദ്ദേഹത്തെ സന്ദർശിച്ചശേഷം സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പാണ് വൈറൽ ആകുന്നത്.

മഹേഷിന്റെ വാക്കുകൾ

സാക്ഷാൽ പിണറായി വിജയനെ തിരഞ്ഞെടുപ്പിലൂടെ പരാജയപ്പെടുത്തിയ പഴയ നക്സലൈറ്റ് നേതാവ് ഫിലിപ്പ് എം പ്രസാദ് കരുനാഗപ്പള്ളിയിൽ ഉണ്ട് വലിയകുളങ്ങര സായി ആശ്രമത്തിൽ.

കഴിഞ്ഞ നാല് വർഷമായി ആത്മീയതയുടെ ആഴങ്ങളിൽ മുഴുകി, ശാന്തമായി ഒഴുകുന്ന നദി പോലെ ജീവിക്കുകയാണ് അദ്ദേഹം. ഒരിക്കൽപ്പോലും ആരും ഒരാളും നക്‌സലൈറ്റാകരുതെന്ന് ഓർമിപ്പിച്ചുകൊണ്ട്, ലോകമെമ്പാടും നക്‌സലിസത്തിന്റെ തകർച്ചയിൽ സന്തുഷ്ടനായി പഴയ നക്‌സൽ പോരാളി സമാധാനത്തിന്റെ കുരിശ് വരയ്ക്കുന്നു.

1947-ൽ പാലക്കാട് മിഷൻ സ്കൂൾ കോമ്പൗണ്ടിൽ ചാത്തന്നൂർക്കാരനായ എം. ജെ. മാത്യുവിന്റെയും പഴനിക്കാരിയായ മറിയാമ്മ മാത്യുവിന്റെയും നാലു മക്കളിൽ നാലാമത്തെ മകനായി ജനിച്ചു.

പാലക്കാട്ടെ സ്കൂൾ വിദ്യാഭ്യാസത്തിനും പാലക്കാട് വിക്ടോറിയ കോളേജിലെ പഠനത്തിനും ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ചേർന്നു. അവിടുത്തെ പഠനത്തിനുശേഷം ലോ കോളേജിൽ എൽ.എൽ.ബിക്ക് പഠിക്കുന്ന സമയത്താണ് എസ്.എഫ്.ഐയുടെ പൂർവരൂപമായ കേരള വിദ്യാർത്ഥി ഫെഡറേഷന്റെ പാലക്കാട് നടന്ന സംസ്ഥാന സമ്മേളനത്തിൽ സാക്ഷാൽ പിണറായി വിജയനെ തോൽപ്പിച്ച് സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. പാർട്ടി നിലപാടിനെ എതിർത്തുകൊണ്ട് വിദ്യാർത്ഥികൾ വിജയിപ്പിച്ചതായിരുന്നു ഫിലിപ്പ് എം. പ്രസാദിനെ.

1967-ൽ ഇ.എം.എസ്. മന്ത്രിസഭയുടെ കാലത്ത് പൂർണമായും പാർട്ടിയുമായി തെറ്റിപ്പിരിഞ്ഞ്, തെറ്റുകൾക്കെതിരെ വിരൽചൂണ്ടി തീവ്ര വിപ്ലവകാരിയായി മാറി.

ആ സമയത്ത് ‘വസന്തത്തിന്റെ ഇടിമുഴക്കം’ എന്ന് പ്രഖ്യാപിച്ചുകൊണ്ട് ചൈനയുടെ പൂർണ സഹായത്തോടെ ഇന്ത്യയിൽ ആദ്യമായി ബംഗാളിലെ ഡാർജിലിങ് ജില്ലയിൽ നക്‌സൽ ശബ്ദം കേട്ടുതുടങ്ങി. ഖാനു സന്യാൽ, ചാരു മജുംദാർ, ജംഗൾ സന്താർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നക്‌സലിസത്തിന് തിരിതെളിച്ചത്. കാന്തം ഇരുമ്പിനെ ആകർഷിക്കുന്നതുപോലെ ഫിലിപ്പ് എം. പ്രസാദും നക്‌സലിസത്തിലേക്ക് ആകർഷിക്കപ്പെട്ടു.

ഫിലിപ്പ് എം. പ്രസാദിന് 21 വയസ്സുള്ളപ്പോഴാണ്, 1968 നവംബർ 23-ന് കേരളത്തിലെ നക്‌സലൈറ്റ് നേതാക്കളുടെ നേതൃത്വത്തിൽ തലശ്ശേരി, പുൽപ്പള്ളി പോലീസ് സ്റ്റേഷനുകൾ ആക്രമിക്കുന്നത്. ഒരു പോലീസുകാരൻ തൽക്ഷണം കൊല്ലപ്പെട്ടു. ഒരു സബ് ഇൻസ്‌പെക്ടർ ആക്രമണത്തിന്റെ അവശതകളെത്തുടർന്ന് രണ്ടു വർഷത്തിനുശേഷം അതിദാരുണമായി മരണപ്പെട്ടു.

പുൽപ്പള്ളിയിലെ കർഷകരെയും തിരുനെല്ലിയിലെ ആദിവാസികളെയും ചേർത്ത് സായുധ വിപ്ലവം സാധ്യമാക്കാമെന്നായിരുന്നു നക്‌സലൈറ്റുകളുടെ ധാരണ.

അറിയപ്പെടുന്ന നക്‌സലൈറ്റ് നേതാവും നിരവധി പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ അജിതയുടെ പിതാവുമായ കുഞ്ഞിക്കൽ നാരായണൻ ഒന്നാം പ്രതിയും, കുഞ്ഞിക്കലിന്റെ ഭാര്യയും അജിതയുടെ അമ്മയുമായ മന്ദാകിനി നാരായണൻ മൂന്നാം പ്രതിയും, കെ. പി. നാരായണൻ രണ്ടാം പ്രതിയും, നക്‌സൽ വർഗീസ് നാലാം പ്രതിയും, തേറ്റമല കൃഷ്ണൻകുട്ടി അഞ്ചാം പ്രതിയും, ഫിലിപ്പ് എം. പ്രസാദ് ആറാം പ്രതിയുമായി തുടങ്ങി 149 പേരെ പ്രതികളാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ജില്ലാ കോടതി വെറുതെവിട്ട കേസ് പിന്നീട് ഹൈക്കോടതി വിളിച്ചുവരുത്തി ശിക്ഷിച്ചു. പിന്നീട് അങ്ങോട്ട് ഇരുമ്പഴിക്കുള്ളിലെ ഒറ്റമുറി സെല്ലിൽ ആറു വർഷവും ഒമ്പത് മാസവും ജയിൽവാസം. വിശ്വരൂപൻ,ഗോപിനാഥ ഗുരുക്കൾ, ഭാസ്കരക്കുറുപ്പ് എന്നിവരെ തൂക്കിക്കൊല്ലാൻ വിധിച്ചു. പിന്നീട് സുപ്രീംകോടതി ജീവപര്യന്തമായി ചുരുക്കി. ഭാസ്കരക്കുറുപ്പ് ഈയടുത്ത് തൂങ്ങിമരിച്ചു.
ഒരു നക്‌സലൈറ്റിന്റെ ജീവിതസായാഹ്നത്തിലെ ദാരുണമായ ആത്മഹത്യ ഞെട്ടലോടെയാണ് കേരളം കേട്ടത്. ഗോപിനാഥക്കുറുപ്പ് ഇപ്പോഴും ജീവനോടെയുണ്ട്. ഇടയ്ക്കിടെ ഫോണിൽ ബന്ധപ്പെടാറുമുണ്ട്.

ഓൾ ഇന്ത്യ കോ-ഓർഡിനേഷൻ കമ്മിറ്റി ഓഫ് കമ്മ്യൂണിസ്റ്റ് റവല്യൂഷണറീസ് എന്നായിരുന്നു കേരളത്തിലെ നക്‌സൽ സംഘത്തിന്റെ ആദ്യ പേര്. അജിതയുടെ അച്ഛൻ, ഫിലിപ്പ് എം. പ്രസാദ് തുടങ്ങിയവർ സ്ഥാപക അംഗങ്ങളായിരുന്നു.

ചൈനയുടെ സഹായം വേണ്ടുവോളം ലഭിച്ചിട്ടുണ്ടെന്ന് തറപ്പിച്ചുപറയാനുള്ള കാരണം, കുഞ്ഞിക്കൽ നാരായണൻ ചൈനീസ് എംബസിയിൽ കയറുന്നതും ഇറങ്ങുന്നതും ഫിലിപ്പ് എം. പ്രസാദ് നേരിട്ട് കണ്ടിട്ടുള്ളതുകൊണ്ടാണ്.

ചൈനയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ജീർണിച്ച് ഒരു മുതലാളിത്ത രാജ്യമായി മാറിക്കഴിഞ്ഞുവെന്ന ബോധ്യം 1980-കളിൽ ജയിലറകളിലെ ഏകാന്തതയിൽ അദ്ദേഹത്തിനുണ്ടായി. ആ തിരിച്ചറിവ് നിരാശയിലേക്ക് നയിച്ചു. അമ്മ പഠിപ്പിച്ച ‘സ്വർഗസ്ഥനായ പിതാവേ’ എന്ന് ചൊല്ലിച്ചൊല്ലി ഉറങ്ങിയ നാളുകൾ. ജയിലിലെ ഒറ്റമുറിയിൽ 21-ാം വയസ്സിലെ വിപ്ലവവീര്യം കെട്ടുതുടങ്ങി.

ജയിലിൽ നടന്ന അത്ഭുതകരമായ മാറ്റങ്ങളിലൂടെ ഭഗവദ്ഗീത പഠിക്കാൻ ആരംഭിച്ചു. മൂന്നുവർഷം ആർത്തിയോടെ ഗീതയിലെ വാക്യങ്ങൾ ദാഹത്തോടെ പഠിച്ചു.

അരവിന്ദഘോഷിന്റെയും വിവേകാനന്ദന്റെയും കൃതികൾ ദാഹത്തോടെ വായിച്ചു. പൂർണമായും ശ്രീരാമകൃഷ്ണ പരമഹംസന്റെ ഭക്തനായി. അവിടെനിന്ന് സത്യസായിബാബയിലേക്ക്.

വായനയിലും ചിന്തയിലും ആത്മീയതയിലും മുഴുകി. ഒരു നക്‌സലൈറ്റിന്റെ ജീവിതത്തിൽ നക്‌സലിസത്തിൽനിന്ന് ആത്മീയതയിലേക്കുള്ള അസാധാരണമായ പരിവർത്തനം എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതാണ്.

‘പാതിവെന്ത ചുടുകട്ടയുടെ ആത്മകഥകൾ’, ‘വിശ്വാസ ലഹരിയുടെ ദിനരാത്രങ്ങൾ’, ‘വിപ്ലവത്തിൽ നിന്നും വിശ്വാസത്തിലേക്ക്’ തുടങ്ങിയ രചനകളിലൂടെ തന്റെ മാറ്റത്തിന്റെ വഴികൾ അദ്ദേഹം വിശദീകരിക്കുന്നു.

ജനതാദൾ മഹിളാ വിഭാഗം സംസ്ഥാന സെക്രട്ടറിയായിരുന്ന പി. ജെ. ഏലിയാമ്മയായിരുന്നു ആദ്യഭാര്യ. അതൊരു രാഷ്ട്രീയ വിവാഹമായിരുന്നു. അവർ മരണപ്പെട്ടു. മൂത്തമകൻ ബന്ധു പ്രസാദ് മനോരമയിലും മകൾ മൈത്രി പ്രസാദ് ഡോക്ടറുമാണ്. രണ്ടാമത്തെ ഭാര്യ ജെസ്സി മാനിക് സാമൂഹികനീതി വകുപ്പിൽ പ്രോജക്ട് ഓഫീസറായിരുന്നു. മകൻ സായി ചങ്ങാതി റൊമാനിയയിലാണ്.

40 വർഷത്തോളം വഞ്ചിയൂർ കോടതിയിലും ഹൈക്കോടതിയിലും അറിയപ്പെടുന്ന അഭിഭാഷകനായി അദ്ദേഹം പ്രവർത്തിച്ചു.

മുൻമന്ത്രിയും കരുനാഗപ്പള്ളിയുടെ എംഎൽഎയും ആയിരുന്ന സഖാവ് സി ദിവാകരൻ സഹപാഠി ആയിരുന്നു. കരുനാഗപ്പള്ളി സായി ആശ്രമത്തിൽ ഉണ്ടെന്നറിഞ്ഞ് ഒരുതവണ അദ്ദേഹം കാണാൻ വന്നു.

ഇപ്പോൾ അങ്ങനെ വലിയ സന്ദർശകർ ഇല്ലെങ്കിലും ഇവിടെയുണ്ടെന്ന് അറിയാവുന്ന ചിലർ കാണാൻ എത്താറുണ്ട്. പൂർണ്ണസമയം വായനയിലും പരിപൂർണ്ണ ആത്മീയതയിലും പ്രാർത്ഥനയിലും മുഴുകി ഒരു മുൻകാല നക്സലൈറ്റിന്റെ ജീവിതം സന്ധ്യയോട് അടുത്തു.

സായി ആശ്രമത്തിൽ അദ്ദേഹത്തോടൊപ്പം ഇന്ന് ഏറെ നേരം ചിലവഴിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here