തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ ചാല സ്വർണക്കവർച്ചയിൽ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അനൂപ് രാജ്, അനിൽ പ്രസാദ്, വിനോദ് ആന്റണി, അമുൽ, ദിലീപ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ സഞ്ചരിച്ച വാഹനത്തിൽനിന്ന് 400 ഗ്രാമിലധികം സ്വർണം കണ്ടെടുത്തു. വാഹനത്തിൽനിന്ന് ഇറങ്ങി രക്ഷപ്പെട്ട ചാല സ്വദേശി ശ്രാവണിനായി തിരച്ചിൽ തുടരുകയാണ്.
ചാലയിൽ ജ്വല്ലറി നടത്തുന്ന വ്യാപാരി നന്ദകുമാറിൽനിന്നാണ് സംഘം സ്വർണം കവർന്നത്. കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു കവർച്ച. ബിസിനസ് തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചാലയിൽ സ്വർണവ്യാപാരം നടത്തുന്ന അമുലും ദിലീപുമാണ് കവർച്ചയ്ക്ക് ക്വട്ടേഷൻ നൽകിയതെന്നാണ് പൊലീസ് പറയുന്നത്.
നിരവധി കേസുകളിൽ പ്രതിയായ അനൂപ് രാജാണ് ക്വട്ടേഷൻ ഏറ്റെടുത്തത്. ‘ഷാഡോ അനിൽ’ എന്നറിയപ്പെടുന്ന അനിൽ പ്രസാദും വിനോദ് ആന്റണിയും ബൈക്കിലെത്തി നന്ദകുമാറിൽനിന്ന് സ്വർണം തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് ഹൈവേയ്ക്ക് സമീപം കാറുമായി കാത്തുനിന്ന അനൂപ് രാജിന്റെ വാഹനത്തിൽ കയറി സംഘം തമിഴ്നാട്ടിലേക്ക് കടന്നു.
പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതികൾ ആദ്യം ബെംഗളൂരുവിലേക്കും പിന്നീട് വയനാട്ടിലേക്കും കടന്നു. ഫോർട്ട് എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബെംഗളൂരുവിലെത്തിയെന്ന വിവരം ലഭിച്ചതോടെയാണ് പ്രതികൾ യാത്രാമാർഗം മാറ്റിയത്. ഒടുവിൽ വയനാട് പടിഞ്ഞാറത്തറയിൽവച്ച് കാർ വളഞ്ഞാണ് അഞ്ചുപേരെ പൊലീസ് പിടികൂടിയത്.
കവർച്ചയ്ക്ക് ആവശ്യമായ വിവരങ്ങൾ കൈമാറിയത് രക്ഷപ്പെട്ട ശ്രാവണാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ബൈക്കിൽ കറങ്ങി നടന്ന് വ്യാപാരി നന്ദകുമാറിന്റെ നീക്കങ്ങൾ ഇയാൾ നിരീക്ഷിച്ചിരുന്നു. കടയടച്ച് പുറത്തിറങ്ങുന്ന സമയം ഉൾപ്പെടെയുള്ള വിവരങ്ങൾ പ്രതികൾക്ക് കൈമാറി. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കവർച്ച. പിന്നീട് ശ്രാവണും പ്രതികളുടെ കാറിൽ കയറിയെങ്കിലും യാത്രയ്ക്കിടെ വാഹനത്തിൽനിന്ന് ഇറങ്ങി രക്ഷപ്പെടുകയായിരുന്നു.
വയനാട്ടിലെത്തിയ പ്രതികൾ ഒളിവിൽ കഴിയാൻ സൗകര്യം തേടി മുൻപരിചയക്കാരനായ രാജീവിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ രാജീവിനെ കാണുന്നതിനു മുമ്പുതന്നെ സംഘം പൊലീസ് വലയിലായി. രാജീവിനെ ചോദ്യംചെയ്തശേഷം വിട്ടയച്ചു. കേസിൽ ഇയാൾക്ക് പങ്കില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആവശ്യമെങ്കിൽ വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
ചാല സ്വർണക്കവർച്ചയിൽ ട്വിസ്റ്റ്; കവർച്ചാ സംഘത്തെ പൂട്ടി പൊലീസ്, വാഹനത്തിൽനിന്ന് 400 ഗ്രാമിലധികം സ്വർണം കണ്ടെത്തി
Advertisement



























