27.1 C
Kollam
Sunday 13th September, 2026 | 10:41:21 PM
Home Automotive ബജാജ് ഓട്ടോ പള്‍സര്‍ ബ്രാന്‍ഡ് പുതിയ യുഗത്തിന് തുടക്കം… പള്‍സര്‍ 150 ലോഞ്ച് ഓഗസ്റ്റ് 12ന്‌

ബജാജ് ഓട്ടോ പള്‍സര്‍ ബ്രാന്‍ഡ് പുതിയ യുഗത്തിന് തുടക്കം… പള്‍സര്‍ 150 ലോഞ്ച് ഓഗസ്റ്റ് 12ന്‌

ബജാജ് ഓട്ടോ പള്‍സര്‍ ബ്രാന്‍ഡിന് ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുകയാണ്, ആഗസ്റ്റ് 12ന് കമ്പനി അടുത്ത തലമുറ പള്‍സര്‍ പുറത്തിറക്കുന്നു. ലോഞ്ച് പരിപാടിയിലേക്ക് അയച്ച ക്ഷണക്കത്തില്‍ പുതിയ മോഡല്‍ ‘നെക്സ്റ്റ് ജനറേഷന്‍ പള്‍സര്‍’ ആയിരിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. പള്‍സര്‍ ശ്രേണിയില്‍ പുതിയ 150 സിസി മോഡലായിരിക്കും അവതരിപ്പിക്കുകയെന്നാണ് വാഹനലോകത്തിന്റെ വിലയിരുത്തല്‍.
ഈ വര്‍ഷം പള്‍സര്‍ ബ്രാന്‍ഡിന്റെ 25-ാം വാര്‍ഷികമാണ് ബജാജ് ആഘോഷിക്കുന്നത്. ശ്രേണിയിലെ ഏറ്റവും ജനപ്രിയ മോഡലായ പള്‍സര്‍ 150-ന്റെ പൂര്‍ണ നവീകരിച്ച പതിപ്പ് അവതരിപ്പിക്കുന്നതിലൂടെ വാര്‍ഷികാഘോഷങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് കമ്പനിയുടെ നീക്കം. പള്‍സര്‍ നിരയിലെ ആദ്യ മോഡലായ 150 സിസിക്ക് ഇന്നും വിപണിയില്‍ മികച്ച സ്വീകാര്യതയുണ്ട്.

പുതിയ പള്‍സര്‍ 150 പൂര്‍ണമായും പുതുക്കിയ പ്ലാറ്റ്‌ഫോമിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിഷ്‌കരിച്ച എന്‍ജിന്‍, നവീകരിച്ച സസ്പെന്‍ഷന്‍, ആധുനിക ഡിസൈന്‍, പുതിയ സാങ്കേതിക സവിശേഷതകള്‍ എന്നിവ വാഹനത്തില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്. പള്‍സര്‍ ബ്രാന്‍ഡിന്റെ അടുത്ത വളര്‍ച്ചാ ഘട്ടത്തിന് തുടക്കമിടുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ മോഡല്‍ ഒരുക്കുന്നതെന്നാണ് സൂചന.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി എന്‍ സീരീസും എന്‍എസ് മോഡലുകളും അവതരിപ്പിച്ച് പള്‍സര്‍ ശ്രേണിയെ ബജാജ് ആധുനികവത്കരിച്ചിരുന്നെങ്കിലും, പള്‍സര്‍ 150-ല്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ പുതിയ തലമുറ 150 സിസി മോഡലിനായുള്ള കാത്തിരിപ്പിലാണ് വാഹന പ്രേമികള്‍.