27.1 C
Kollam
Sunday 13th September, 2026 | 11:34:39 PM
Home Lifestyle Entertainment 33 വർഷങ്ങൾക്ക് ശേഷം വീണ്ടും ‘ജെന്റിൽമാൻ’; റീ-റിലീസിന് ഒരുങ്ങി ശങ്കറിന്റെ ക്ലാസിക്

33 വർഷങ്ങൾക്ക് ശേഷം വീണ്ടും ‘ജെന്റിൽമാൻ’; റീ-റിലീസിന് ഒരുങ്ങി ശങ്കറിന്റെ ക്ലാസിക്

ചെന്നൈ: സംവിധായകൻ ശങ്കറിന്റെ സംവിധാന അരങ്ങേറ്റ ചിത്രമായ ‘ജെന്റിൽമാൻ’ പുതിയ സാങ്കേതിക മികവോടെ വീണ്ടും തിയറ്ററുകളിലെത്തുന്നു. ചിത്രത്തിന്റെ റിലീസിന്റെ 33-ാം വാർഷികത്തോടനുബന്ധിച്ച് 4K അൾട്രാ എച്ച്.ഡി. ദൃശ്യ നിലവാരത്തിലും ഡോൾബി അറ്റ്മോസ് ശബ്ദ സാങ്കേതികവിദ്യയോടെയും റീമാസ്റ്റർ ചെയ്ത പതിപ്പ് പ്രദർശനത്തിനെത്തിക്കുമെന്ന് നിർമാതാവ് കെ.ടി. കുഞ്ഞുമോൻ അറിയിച്ചു. റീ-റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന.

1993-ൽ പുറത്തിറങ്ങിയ ‘ജെന്റിൽമാൻ’ ഇന്ത്യൻ സിനിമയിൽ സാങ്കേതിക മികവും ശക്തമായ കഥപറച്ചിലും കൊണ്ട് പുതിയ അധ്യായം കുറിച്ച ചിത്രങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. സാമൂഹിക പ്രസക്തിയുള്ള വിഷയത്തെ വാണിജ്യ സിനിമയുടെ ചട്ടക്കൂടിൽ അവതരിപ്പിച്ച ചിത്രം ശങ്കറിനെ ശ്രദ്ധേയ സംവിധായകനാക്കി.

ആക്ഷൻ കിങ് അർജുൻ നായകനായ ചിത്രത്തിൽ മധുബാലയാണ് നായിക. ഗൗണ്ടമണി, സെന്തിൽ, ചാരുഹാസൻ, സുബാഷ്‌രി, വിനീത് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. എ.ആർ. റഹ്മാന്റെ സംഗീതവും ജീവയുടെ ഛായാഗ്രഹണവും ബി. ലെനിനും വി.ടി. വിജയനും ചേർന്ന എഡിറ്റിംഗും തോട്ടാ തരാണിയുടെ കലാസംവിധാനവും ചിത്രത്തിന്റെ സാങ്കേതിക മികവിന് കരുത്തേകി.

ഉന്നത വിദ്യാഭ്യാസ രംഗത്തെ അഴിമതിയും ക്യാപിറ്റേഷൻ ഫീസ് സമ്പ്രദായവും സാധാരണക്കാരുടെ സ്വപ്നങ്ങളെ എങ്ങനെ തകർക്കുന്നു എന്ന സാമൂഹിക വിഷയമാണ് ചിത്രം പ്രമേയമാക്കുന്നത്. ആക്ഷൻ, പ്രണയം, ഹാസ്യം, സാമൂഹിക സന്ദേശം എന്നിവ സമന്വയിപ്പിച്ച ‘ജെന്റിൽമാൻ’ ഇന്നും പ്രസക്തി നഷ്ടപ്പെടാത്ത ക്ലാസിക്കായാണ് സിനിമാ ലോകം വിലയിരുത്തുന്നത്. എ.ആർ. റഹ്മാൻ ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ ജനപ്രീതിക്ക് നിർണായക പങ്കുവഹിച്ചിരുന്നു.