കൊല്ലം. മൈനാഗപ്പള്ളി സ്വദേശിയായ പരാതിക്കാരന്റെ കൈയ്യിൽനിന്നും കൈക്കൂലിവാങ്ങിയ കുറ്റത്തിന് കുന്നത്തൂർ താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസീൽദാറായിരുന്ന കരുനാഗപ്പള്ളി വടക്കും തല വേലൻപറമ്പിൽ (രാജ് ഭവൻ ) ബാബു (63 )വിനാണ് ശിക്ഷ. തന്റെ ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തി 3000/- രൂപ കൈക്കൂലിയായി കൈപ്പറ്റിയശേഷം കരാറുകാരനായ മൈനാഗപ്പള്ളി കോവൂര്‍ പനവിളയില്‍ വിനോദിന് അനധികൃതമായി ചെങ്കല്ല് വെട്ടാൻ ഒത്താശ ചെയ്തുകൊടുത്തു. തുടർന്ന് അടുത്ത ഗഡു കൈക്കൂലി കൊടുക്കാത്തത്കൊണ്ട് പരാതിക്കാരന്റെ സുഹൃത്തിന്റെ ഭാര്യയുടെ വക മൈനാഗപ്പള്ളിയിലുള്ള വസ്തുവിൽ പരാതിക്കാരൻ കല്ലുവെട്ടിക്കൊണ്ടിരിക്കെ നിയമാനുസൃത നടപടികൾ ചെയ്യാതെ കല്ല് വെട്ട് യന്ത്രം പിടിച്ചെടുത്ത് കുന്നത്തൂർ താലൂക്ക് ഓഫീസിൽ സൂക്ഷിക്കുകയും തുടർന്ന് മെഷീൻ വിട്ടുകൊടുക്കുന്നതിന് മൈനിഗ് ആന്റ് ജിയോളജിയിലേക്ക് റിപ്പോർട്ട് കൊടുക്കുന്നതിന് കുന്നത്തൂർ താലൂക്ക് ഓഫീസിൽവെച്ച് 2000/- രൂപ കൈക്കൂലി ചോദിച്ച് വാങ്ങിയും ജിയോളജിക്കൽ ഡിപ്പാർട്ട്മെന്റിൽ ഫൈൻ അടച്ചശേഷം കല്ല് വെട്ട് യന്ത്രം വിട്ടുനൽകുന്നതിനുള്ള അവസാന ഗഢുവായ 5000/- രൂപ പരാതിക്കാരനിൽ നിന്നും കൈപ്പറ്റിയ സമയം കൊല്ലം വിജിലൻസ് യൂണിറ്റ് കൈയ്യോടെ പിടികൂടുകയായിരുന്നു.
ശാസ്താംകോട്ട ട്രഷറിക്കു സമീപം വച്ച് പരസ്യമായി റോഡില്‍ വച്ചാണ് ഇയാളെ വിജിലന്‍സ് സംഘം കുടുക്കിയത്. അന്വേഷണം പൂർത്തിയാക്കി, കുറ്റപത്രം സമർപ്പിച്ച കേസിലാണ് 2014 ലെ കുന്നത്തൂർ താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടീതഹസീൽദാറും കൊല്ലം കരുനാടഗപ്പള്ളി സ്വദേശിയുമായ ബാബുവിനെ കുറ്റക്കാരനെന്ന് കണ്ടെത്തി കൊല്ലം വിജിലൻസ് കോടതി ശിക്ഷിച്ചത്. Sec 7 of PC Act പ്രകാരം 3 വർഷം തടവിനും 50,000/- രൂപ പിഴയും sec 13(1)(d) r/w sec13(2) പ്രകാരം അഞ്ചുവർഷം കഠിന തടവും 50,000 രൂപയും ഉൾപ്പെടെ എട്ട് വർഷത്തെ കഠിനതടവും 100000 പിഴയും ഒടുക്കുന്നതിനുമാണ് ശിക്ഷിച്ചത്.
കൊല്ലം വിജിലൻസ് കോടതി ജഡ്‌ജ് ഡോ. മോഹിത് സി.എസ് ആണ് വിധി പുറപ്പെടുവിച്ചത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ പി.എസ്. ദിവ്യ, സിജു രാജൻ എന്നിവർ ഹാജരായി.കൊല്ലം വിജിലൻസ് യുണിറ്റിലെ മുൻ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് റെക്സ് ബോബി അരവിൻ എഫ്.ഐ. ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസിൽ DYSP ആർ ജയശങ്കർ തുടർ അന്വേഷണം നടത്തിയിട്ടുള്ളതും തുടർന്ന് DYSP കെ. അശോക് കുമാർ ഈ കേസിന്റെ അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചു.

































