പരാതി പറയാന്‍ ഇനി കലക്ടറേറ്റിലെത്തേണ്ടതില്ല, ജില്ലാ കലക്ടറോട് നേരിട്ട് സംസാരിക്കാനും പ്രശ്‌നങ്ങളും പരാതികളും വീഡിയോ കോളിലൂടെ അറിയിക്കാനും അവസരമൊരുക്കുകയാണ് ‘മീറ്റ് ദി കലക്ടര്‍’ സംവിധാനം. ‘നമ്മുടെ കേരളം’ മൊബൈല്‍ ആപ്പ് വഴിയാണ് ഈ സൗകര്യം ലഭ്യമാക്കുന്നത്.
കലക്ടറേറ്റിലെത്താനുള്ള യാത്രാബുദ്ധിമുട്ടും സമയനഷ്ടവും ഒഴിവാക്കി വീട്ടിലിരുന്നുതന്നെ ജില്ലാ കലക്ടറുമായി സംവദിക്കാമെന്നതാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത. മൊബൈല്‍ ആപ്പിലെ ‘മീറ്റ് ആന്‍ ഒഫിഷ്യല്‍’ എന്ന ഫീച്ചര്‍ തിരഞ്ഞെടുക്കുന്നതിലൂടെ ജനങ്ങള്‍ക്ക് വീഡിയോ കോളിലൂടെ കലക്ടറെ നേരില്‍ കണ്ട് പരാതികളും ആവശ്യങ്ങളും ബോധ്യപ്പെടുത്താം.
കലക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി പി സി വിഷ്ണുനാഥ് നിര്‍വഹിച്ചു. ഡിജിറ്റല്‍ സംവിധാനത്തിലൂടെ അതിവേഗം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുന്ന ഇത്തരം നൂതന സംവിധാനങ്ങള്‍ കാലഘട്ടത്തിന് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. മേയര്‍ എ കെ ഹഫീസ് അധ്യക്ഷത വഹിച്ചു. സബ് കലക്ടര്‍ ഡോ. മോഹനപ്രിയ, എ ഡി എം എസ് സജീദ് തുടങ്ങിയവര്‍ പങ്കെടുത്തു.
മീറ്റ് ദി കലക്ടര്‍ പദ്ധതിയില്‍ പരാതി കേള്‍ക്കുക മാത്രമല്ല, അതില്‍ തുടര്‍നടപടി ഉറപ്പാക്കാനും പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ആപ്പ് വഴി ലഭിക്കുന്ന ഓരോ പരാതിയും അപേക്ഷയും നിരീക്ഷിക്കുന്നതിനും അവയുടെ പുരോഗതി വിലയിരുത്തുന്നതിനും പരിഹാരനടപടികള്‍ ഉറപ്പാക്കുന്നതിനുമായി പ്രത്യേക മോണിറ്ററിങ് സംവിധാനവും പ്രവര്‍ത്തിക്കും. നിലവില്‍ പരാതി ഏത് ഉദ്യോഗസ്ഥന്റെ കൈവശമാണ്, തുടര്‍നടപടികള്‍ സ്വീകരിച്ചോ തുടങ്ങിയ വിവരങ്ങളും ആപ്പിലൂടെ അറിയാം.
സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ നേരിട്ടെത്തിക്കാനും പരാതികളില്‍ സമയബന്ധിതമായ ഇടപെടല്‍ ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും. സാങ്കേതികവിദ്യയെ ജനസേവനത്തിനുള്ള ഉപാധിയാക്കി മാറ്റുന്ന പദ്ധതിയിലൂടെ ഭരണസംവിധാനവും പൊതുജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കുകയാണ് ലക്ഷ്യം.



























