കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് കൊടിയിറങ്ങും. ഗെയിംസ്, അക്വാട്ടിക്സ് വിഭാഗങ്ങളിലെ മികച്ച പ്രകടനത്തോടെ തിരുവനന്തപുരം ഓവറോൾ ചാമ്പ്യൻഷിപ്പ് ഉറപ്പിച്ചു. അതേസമയം, അത്‌ലറ്റിക്സ് കിരീടത്തിനായി മലപ്പുറവും പാലക്കാടും തമ്മിലുള്ള പോരാട്ടം തുടരുകയാണ്. അവസാന ദിനമായ ഇന്ന് 15 ഫൈനലുകളാണ് നടക്കുന്നത്. സമാപന സമ്മേളനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. 96 അത്‌ലറ്റിക്സ് മത്സരങ്ങളിൽ 81 എണ്ണം പൂർത്തിയായപ്പോൾ 168 പോയിന്റുമായി നിലവിലെ ചാമ്പ്യന്മാരായ മലപ്പുറമാണ് മുന്നിൽ. 128 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തുണ്ട്. മലപ്പുറത്തിന് 40 പോയിന്റിന്റെ ലീഡുണ്ടെങ്കിലും അവസാന ദിനത്തിലെ 15 മത്സരങ്ങളുടെ ഫലം നിർണായകമാകും.
ഗെയിംസ് വിഭാഗത്തിൽ 1,310 പോയിന്റ് നേടിയാണ് തിരുവനന്തപുരം ചാമ്പ്യൻപട്ടം നിലനിർത്തിയത്. സ്കൂൾ വിഭാഗത്തിൽ തിരുവനന്തപുരം സെന്റ് ജോസഫ് എച്ച്എസ്എസാണ് ചാമ്പ്യന്മാർ. 2,000 പോയിന്റ് പിന്നിട്ടതോടെയാണ് തിരുവനന്തപുരം ഓവറോൾ ചാമ്പ്യൻഷിപ്പ് നേരത്തേ ഉറപ്പിച്ചത്.



























