കോയമ്പത്തൂർ: കോയമ്പത്തൂർ സെൻട്രൽ ജയിൽ സമുച്ചയത്തിൽ എത്തിച്ചപ്പോൾ കൈവിലങ്ങ് അഴിച്ചതിനെ തുടർന്ന് മോഷണക്കേസ് പ്രതി തടവുചാടി. 24 മണിക്കൂറിനിടെ ഇയാൾ പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുന്നത് രണ്ടാം തവണയാണ്. തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ ജയിലിൽ നിന്ന് 17 തടവുകാർ രക്ഷപ്പെട്ട് ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും സുരക്ഷാവീഴ്ചയുണ്ടാകുന്നത്.
കോയമ്പത്തൂർ ജില്ലയിലെ അന്നുർ സ്വദേശിയായ രാഘവനെ, കോടതി ഉത്തരവിനെ തുടർന്നാണ് ജയിലിലേക്ക് കൊണ്ടുവന്നത്. ജയിലിന്റെ രണ്ട് ഘട്ടങ്ങളുള്ള പ്രവേശന കവാടത്തിലെ ഒന്നും രണ്ടും ഗേറ്റുകൾക്കിടയിലൂടെ കൊണ്ടുപോകുന്നതിനിടെ ഉദ്യോഗസ്ഥർ ഇയാളുടെ കൈവിലങ്ങ് അഴിക്കുകയായിരുന്നു. തുടർന്ന് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൊലീസ് ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം വൈകുന്നേരം രാഘവൻ, അന്നൂർ സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടിരുന്നെങ്കിലും പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. തേനി ജയിൽ ചാട്ടത്തെ തുടർന്ന് കോയമ്പത്തൂർ ജയിലിൽ സുരക്ഷ ശക്തമാക്കിയിരുന്നിട്ടും ഇയാൾ വീണ്ടും തടവുചാടുകയായിരുന്നു.

































