ചെന്നൈ: തമിഴ്‌നാട്ടിലെ തേനി തെക്കമ്പട്ടി സബ് ജയിലിൽ നിന്ന് രക്ഷപ്പെട്ടോടിയ 17 പ്രതികളിൽ 4 പേരെ പൊലീസിന്റെ പിടിയിൽ. പ്രവീൺ കുമാർ, ചിലമ്പരശൻ, രാജ്കുമാർ, രാജാ സിക്കന്ദർ എന്നിവരാണ് പിടിയിലായ തടവുകാർ. രക്ഷപ്പെട്ട ബാക്കി 13 പ്രതികൾക്കായി ജില്ലയിലെ വനമേഖലകൾ കേന്ദ്രീകരിച്ച് പൊലീസ് ശക്തമായ തിരച്ചിൽ തുടരുകയാണ്.
പൊലീസിന്റെ വിവരമനുസരിച്ച് 17 പ്രതികളെയും ഒരേ സെല്ലിലാണ് പാർപ്പിച്ചിരുന്നത്. സെല്ലിലുണ്ടായിരുന്ന ഒരു തടവുകാരന് സുഖമില്ലെന്ന വിവരമറിഞ്ഞ് അകത്തുകയറിയ ജയിൽ ജീവനക്കാരെ സംഘം ചേർന്ന് ആക്രമിച്ച ശേഷമാണ് ഇവർ രക്ഷപ്പെട്ടോടിയത്. ആക്രമണത്തിൽ തേനി ജില്ലാ ജയിലിലെ ഗ്രേഡ്-2 പൊലീസ് ഉദ്യോഗസ്ഥനായ തങ്കപാണ്ടിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് ജയിൽ ജീവനക്കാർക്കും നിസ്സാര പരിക്കേറ്റിട്ടുണ്ട്.
സമീപ ജില്ലകളിലെ പൊലീസിന് ജാഗ്രതാ നിർദേശം നൽകി. ഇടുക്കി, മധുര, ദിണ്ടിഗൽ ജില്ലകളിലെ അധികൃതർക്ക് വിവരങ്ങൾ കൈമാറിയിട്ടുണ്ട്. രക്ഷപ്പെട്ട തടവുകാരുടെ ചിത്രങ്ങൾ പൊലീസുകാർക്ക് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്.
പൊലീസ് രേഖകൾ സൂചിപ്പിക്കുന്നത് രക്ഷപ്പെട്ടവരിൽ ഭൂരിഭാഗവും 19 നും 26 നും ഇടയിൽ പ്രായമുള്ള യുവാക്കളാണ് എന്നാണ്. മധുര, ശിവഗംഗ, രാമനാഥപുരം, സേലം, കന്യാകുമാരി, തേനി എന്നിവയുൾപ്പെടെ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിൽ നിന്നുള്ളവരാണ് ഇവർ.

































