30 C
Kollam
Sunday 13th September, 2026 | 10:21:52 AM
Home News Breaking News ‘ഇന്ത്യൻ ബഹിരാകാശ വിപണിയുമായി ബന്ധപ്പെട്ട കണക്കുകൾ ഊതിപ്പെരുപ്പിച്ചത്’: തുറന്നടിച്ച് ഐഎസ്ആർഒ മുൻ ചെയർമാൻ ജി മാധവൻ...

‘ഇന്ത്യൻ ബഹിരാകാശ വിപണിയുമായി ബന്ധപ്പെട്ട കണക്കുകൾ ഊതിപ്പെരുപ്പിച്ചത്’: തുറന്നടിച്ച് ഐഎസ്ആർഒ മുൻ ചെയർമാൻ ജി മാധവൻ നായർ

തിരുവനന്തപുരം: ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകൾക്കെതിരെ വീണ്ടും തുറന്നടിച്ച് മുൻ ഐഎസ്ആർഒ ചെയർമാൻ ജി മാധവൻനായർ. ഇന്ത്യൻ ബഹിരാകാശ വിപണിയുമായി ബന്ധപ്പെട്ട കണക്കുകൾ ഊതിപ്പെരുപ്പിച്ചതാണെന്ന് മാധവൻ നായർ പറഞ്ഞു. യാഥാർത്ഥ്യം ജനങ്ങളെ അറിയിക്കാൻ അധികാരികൾക്ക് ബാധ്യതയുണ്ട്.

Also Read: ബസ് കാത്തു നിന്നവരെ കാറിടിച്ച് തെറിപ്പിച്ചു. ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്ക്

ഇന്ത്യൻ ബഹിരാകാശ സമ്പദ് വ്യവസ്ഥ ഇപ്പോൾ എണ്ണൂറ് കോടി ഡോളറിലേറെ മൂല്യമുള്ളതാണെന്നും 10 വർഷം കൊണ്ട് അത് 4000 കോടി ഡോളറിലെത്തുമെന്നും കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് പാർലമെൻറിൽ പറഞ്ഞിരുന്നു. ആ അവകാശവാദത്തെയാണ് മാധവൻ നായർ ചോദ്യം ചെയ്യുന്നത്. എൻസിൽ മേധാവി നിയമനം വൈകുന്നതിന് പിന്നിൽ അനാവശ്യ ഇടപെടലുകളാണെന്നും പുറമേ നിന്നുള്ള ഇടപെടലുകളിൽ നിന്ന് വകുപ്പിനെ സംരക്ഷിച്ച് നിർത്താൻ നിലവിലെ ചെയർമാൻറെ ഭാഗത്ത് നിന്ന് നടപടികളുണ്ടാകണമെന്നും ജി മാധവൻ നായർ ആവശ്യപ്പെട്ടു.

ബഹിരാകാശ രംഗത്ത് സ്റ്റാർട്ടപ്പ് റെവല്യൂഷൻ എന്ന തെറ്റായ ഇമേജാണ് സൃഷ്ടിക്കുന്നത്. ജനങ്ങളെ അതു സംബന്ധിച്ച സത്യം അറിയിക്കേണ്ടതുണ്ട്. ഇന്ത്യൻ ബഹിരാകാശ വിപണി രണ്ട് കൊല്ലം മുൻപേ എണ്ണൂറ് കോടി ഡോളറിലേറെ എന്ന് അവകാശപ്പെടുമ്പോൾ ഇരുനൂറ് കോടി ഡോളറിന് താഴെ എന്നാണ് ഇൻറർ നാഷണൽ സർവ്വേ റിപ്പോർട്ടുകൾ പറയുന്നത്. ഇത്രയും വ്യത്യാസം എങ്ങനെ വരുന്നു. എണ്ണൂറ് കോടി ഡോളറിന്റെ കണക്ക് എവിടെ നിന്നെന്ന് സർക്കാർ വിശദീകരിക്കണം.

നമ്മുടെ രാജ്യത്തിന് എന്തു തരത്തിലുള്ള നിരീക്ഷണമാണ് വേണ്ടതെന്ന് മനസ്സിലാക്കി ഐഎസ്ആർഒ നേരത്തെ തന്നെ ഉപഗ്രഹങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങൾ തടയാനും മറ്റും ഈ ഡാറ്റ കൃത്യമായി വിശകലനം ചെയ്യുന്നില്ല എന്നതാണ് പ്രശ്നം. നാല് മണിക്കൂർ മുൻപ് പ്രവചനം നടത്താൻ കഴിയും വിധം കൃത്യമാണ് നമുക്ക് ലഭിക്കുന്ന ഡാറ്റ. ഐഎസ്ആർഒയ്ക്ക് പകരമാകാൻ സ്വകാര്യ കമ്പനികൾക്ക് കഴിയില്ലെന്നും വിക്ഷേപണ കേന്ദ്ര നടത്തിപ്പടക്കം സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള തീരുമാനം മണ്ടത്തരമാണെന്നും മാധവൻ നായർ നേരത്തെ പറഞ്ഞിരുന്നു. ഇൻസ്പേസിന്റെ പ്രവർത്തന രീതിയിൽ കടുത്ത എതിർപ്പറിയിച്ച മാധവൻ നായർ ഇപ്പോഴാ സംവിധാനം ചെയ്യുന്നത് അതിന്റെ ജോലിയല്ലെന്നും തുറന്നടിച്ചു.

വിക്ഷേപണ കേന്ദ്രം സ്വകാര്യ കമ്പനിക്ക് നൽകുന്നത് സമുദ്രത്തിന്റെ ആഴമറിയാതെ എടുത്ത് ചാടുന്നതിന് തുല്യമാണ്. വിക്ഷേപണ കേന്ദ്ര നടത്തിപ്പ് സ്വകാര്യ മേഖലയ്ക്ക് കൈമാറരുത്. ഇസ്രൊ രാജ്യത്തിന്റെ അമൂല്യ രത്നമാണ്. അനാവശ്യ ബ്യൂറോക്രസി ഇസ്രൊയെ വലയ്ക്കുന്നുവെന്നും രണ്ട് വിക്ഷേപണ പരാജയങ്ങൾ മുതലെടുത്ത് ഐഎസ്ആർഒയെ ഇടിച്ചുതാഴ്ത്താൻ ചിലർ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പരാജയങ്ങളുണ്ടാകുമ്പോൾ വേണ്ടത് സുതാര്യതയാണ്. ഇസ്രോ ചെയ്യേണ്ട ജോലി ഇസ്രോക്ക് വിട്ടു കൊടുക്കണം. സ്വകാര്യ റോക്കറ്റുകൾ ഇസ്രൊയുടെ റോക്കറ്റുകളുമായി താരതമ്യം ചെയ്യരുത്. അവ തമ്മിൽ ആനയും ആടും തമ്മിലുള്ള വ്യത്യാസമുണ്ട്. ഐഎസ്ആർഒയിലെ ഒഴിവുകൾ നികത്തണമെന്നും ജി മാധവൻ നായർ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here