സതേൺ റെയിൽവേയിൽ വിവിധ ട്രേഡുകളിലായി 4471 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പാലക്കാട് ഡിവിഷനിൽ 488 ഒഴിവുകളും തിരുവനന്തപുരം ഡിവിഷനിൽ 289 ഒഴിവുകളുമുണ്ട്. പത്താം ക്ലാസ്, ഐടിഐ, ഹയർ സെക്കൻഡറി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 27.
ആകെ ഒഴിവുകളിൽ 4308 എണ്ണം എക്സ്-ഐടിഐ വിഭാഗത്തിലും 163 എണ്ണം ഫ്രഷർ വിഭാഗത്തിലുമാണ്. മെഡിക്കൽ ലാബ് ടെക്‌നോളജി ട്രേഡിലും അവസരമുണ്ട്. പാലക്കാട് ഡിവിഷനിൽ പ്ലംബർ, കാർപെന്റർ, വെൽഡർ, പെയിന്റർ, ഇലക്ട്രീഷ്യൻ, ഫിറ്റർ, മെക്കാനിക്, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്‌നോളജി സിസ്റ്റം, ഇൻസ്ട്രുമെന്റ് മെക്കാനിക്, ഇലക്ട്രിക് മെക്കാനിക്, സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഡ്രാഫ്റ്റ്സ്മാൻ സിവിൽ, സ്ട്രക്ചറൽ വെൽഡർ, ഗ്യാസ് കട്ടർ, മെക്കാനിക് മെഷിൻ ടൂൾ മെയിന്റനൻസ് തുടങ്ങിയ ട്രേഡുകളിലാണ് ഒഴിവുകൾ.
ഫ്രഷർ വിഭാഗത്തിൽ 50 ശതമാനം മാർക്കോടെ എസ്എസ്എൽസി തത്തുല്യ പരീക്ഷ പാസായവർക്ക് അപേക്ഷിക്കാം. മെഡിക്കൽ ലാബ് ടെക്‌നോളജി ട്രേഡിലേക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പഠിച്ച് ഹയർ സെക്കൻഡറി തത്തുല്യ പരീക്ഷയിൽ 50 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. എക്സ്-ഐടിഐ വിഭാഗത്തിലേക്ക് 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് വിജയിക്കുകയും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് നേടിയിരിക്കുകയും വേണം. പട്ടികജാതി, പട്ടികവർഗ, ഭിന്നശേഷി വിഭാഗക്കാർക്ക് പാസ്മാർക്ക് മതിയാകും.
കേരളം, തമിഴ്നാട്, പുതുച്ചേരി, ആൻഡമാൻ-നിക്കോബാർ, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ഉദ്യോഗാർഥികൾക്കും കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെയും ആന്ധ്രപ്രദേശിലെ നെല്ലൂർ, ചിറ്റൂർ ജില്ലകളിലെയും ഉദ്യോഗാർഥികൾക്കും അപേക്ഷിക്കാം.
അപേക്ഷകരുടെ കുറഞ്ഞ പ്രായം 15 വയസാണ്. ഫ്രഷർ വിഭാഗത്തിൽ ഉയർന്ന പ്രായപരിധി 22 വയസാണ്. ട്രേഡുകൾക്കനുസരിച്ച് പരിശീലന കാലയളവ് ഒരു വർഷം മുതൽ മൂന്ന് വർഷം വരെയാണ്. ഫ്രഷർമാർക്ക് പ്രതിമാസം 8200 രൂപയും മറ്റ് വിഭാഗക്കാർക്ക് 9600 രൂപയും സ്റ്റൈപ്പൻഡ് ലഭിക്കും.
എഴുത്തുപരീക്ഷയോ അഭിമുഖമോ ഉണ്ടായിരിക്കില്ല. യോഗ്യതാ പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷാ ഫീസ് 100 രൂപ.



























