മുംബൈ: മഹീന്ദ്രയുടെ ജനപ്രിയ ഓഫ്റോഡ് എസ്യുവിയായ ഥാറിന്റെ മൂന്ന് ഡോര്‍ പതിപ്പിന് പുതിയ ലുക്ക്. ഥാര്‍ ഫെയ്സ്ലിഫ്റ്റിന്റെ പുതിയ മോഡലിന്റെ ചിത്രങ്ങള്‍ കമ്പനി പുറത്തുവന്നു. പുതിയ ഡിസൈന്‍ മാറ്റങ്ങളോടെ ഉടന്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
പുതിയ ഥാറില്‍ ഫ്രണ്ട് ഗ്രില്ലിലാണ് പ്രധാന മാറ്റം പ്രതീക്ഷിക്കുന്നത്. വട്ടത്തിലുള്ള എല്‍ഇഡി ഹെഡ്ലാമ്പുകള്‍ക്ക് ഇരുവശത്തുമായി നല്‍കിയിരിക്കുന്ന പുതിയ ഫൈവ് സ്ലോട്ട് ഡിസൈന്‍ മുന്‍ഭാഗത്തിന് വ്യത്യസ്ത രൂപം നല്‍കും. മുന്‍വശത്തെ ഫെന്‍ഡറുകളിലും പരിഷ്‌കരണമുണ്ട്. ഇതില്‍ പൊസിഷന്‍ ലാമ്പുകള്‍ ക്രമീകരിച്ചിട്ടുണ്ടെന്നാണ് പുറത്തുവന്ന ചിത്രങ്ങളില്‍നിന്നുള്ള സൂചന.
പുതിയ അഞ്ച് സ്പോക്ക് അലോയ് വീലുകളും വാഹനത്തിന്റെ പുറംമോടിയില്‍ മാറ്റം കൊണ്ടുവരും. നിലവിലെ മോഡലിന്റെ അടിസ്ഥാന ഡിസൈന്‍ നിലനിര്‍ത്തിക്കൊണ്ടായിരിക്കും മുഖംമിനുക്കല്‍.
മെക്കാനിക്കല്‍ ഭാഗങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. നിലവിലുള്ള എന്‍ജിന്‍, ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ തന്നെയാകും പുതിയ പതിപ്പിലും തുടരുക. 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളാണ് ലഭിക്കുക. ഇവ ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായി ഘടിപ്പിച്ചിരിക്കും.
പുതിയ ഡിസൈന്‍ മാറ്റങ്ങളിലൂടെ ഥാറിന്റെ ജനപ്രീതി കൂടുതല്‍ ഉയര്‍ത്തുകയാണ് മഹീന്ദ്രയുടെ ലക്ഷ്യമെന്നാണ് വിലയിരുത്തല്‍. വിലയും ഔദ്യോഗിക ലോഞ്ച് തീയതിയും സംബന്ധിച്ച വിവരങ്ങള്‍ കമ്പനി പിന്നീട് പുറത്തുവിടുമെന്നാണ് പ്രതീക്ഷ.




























