സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത തമിഴ് ചിത്രം ‘സീനി’ന് മികച്ച പ്രേക്ഷക പ്രതികരണം. റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോൾ ആഗോള ബോക്സ് ഓഫീസിൽ 145 കോടി രൂപയുടെ കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ സൂര്യയുടെയും സംവിധായകൻ ജിത്തു മാധവന്റെയും തുടർച്ചയായ മൂന്നാമത്തെ വിജയചിത്രമായി ‘സീൻ’ മാറി.
‘രോമാഞ്ചം’, ‘ആവേശം’ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്കുശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സൂര്യയുടെ ‘കറുപ്പ്’, ‘വിശ്വനാഥൻ ആൻഡ് സൺസ്’ എന്നീ ചിത്രങ്ങൾക്കുശേഷമാണ് ‘സീൻ’ പ്രേക്ഷകരിലേക്കെത്തിയത്.
തമിഴ്നാട്ടിലാണ് ചിത്രത്തിന് ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ചത്. ഇവിടെനിന്ന് 24.30 കോടി രൂപ നേടി. കേരള ബോക്സ് ഓഫീസിൽനിന്ന് ഏകദേശം പത്തുകോടി രൂപയും സ്വന്തമാക്കി. തെലങ്കാനയിൽനിന്ന് 4.78 കോടിയും ആന്ധ്രാപ്രദേശിൽനിന്ന് 3.90 കോടിയും ലഭിച്ചു. കർണാടകയിൽനിന്നുള്ള കളക്ഷൻ നാലരക്കോടിയോളമാണ്. ഇന്ത്യയിൽനിന്ന് മാത്രം അമ്പതുകോടിയോളം രൂപ ചിത്രം നേടിയതായാണ് കണക്കുകൾ. വിദേശ വിപണികളിൽനിന്നുള്ള വരുമാനവും ഉൾപ്പെടെയാണ് ആഗോള കളക്ഷൻ 145 കോടി രൂപയിലെത്തിയത്.
ഡി.എസ്.പി ഇമ്പരാജ് എന്ന പൊലീസ് ഓഫീസറുടെ വേഷത്തിലാണ് സൂര്യ ചിത്രത്തിലെത്തുന്നത്. സ്റ്റൈലിഷ് മാസ് ലുക്ക്, ആക്ഷൻ രംഗങ്ങൾ, നർമ മുഹൂർത്തങ്ങൾ, ത്രില്ലടിപ്പിക്കുന്ന രംഗങ്ങൾ എന്നിവ ചേർന്ന കംപ്ലീറ്റ് എന്റർടെയ്‌നറെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. ആക്ഷനും കോമഡിയും സമന്വയിപ്പിച്ച അവതരണശൈലിയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.
മലയാളി താരം നസ്ലൻ ഈശ്വരൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ നസ്രിയ നസീമും പ്രധാന വേഷത്തിലെത്തുന്നു. ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരും താരനിരയിലുണ്ട്.
ജിത്തു മാധവനും സംഗീതസംവിധായകൻ സുഷിൻ ശ്യാമും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സുഷിൻ ശ്യാം ആദ്യമായി സംഗീതമൊരുക്കുന്ന തമിഴ് സിനിമയെന്ന പ്രത്യേകതയും ‘സീനി’നുണ്ട്.



























