നിതേഷ് തിവാരി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘രാമായണം’ ആഗോള ബോക്സ് ഓഫീസിൽ വൻ നേട്ടവുമായി മുന്നേറുന്നു. റിലീസ് ചെയ്ത് വെറും മൂന്ന് ദിവസം കൊണ്ട് 415 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. രൺബീർ കപൂർ രാമനായും യഷ് രാവണനായും സായ് പല്ലവി സീതയായും എത്തുന്ന ചിത്രം താരനിരകൊണ്ടും സാങ്കേതിക മികവുകൊണ്ടും ശ്രദ്ധ നേടുകയാണ്.
നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും എട്ടുതവണ ഓസ്കർ പുരസ്കാരം നേടിയ വിഷ്വൽ ഇഫക്ട്സ് സ്റ്റുഡിയോയായ ഡി.എൻ.ഇ.ജിയും യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയിരിക്കുന്നത്. സോണി പിക്ചേഴ്സാണ് അന്താരാഷ്ട്ര വിതരണം ഏറ്റെടുത്തിരിക്കുന്നത്. ഉത്തരേന്ത്യയിൽ ധർമ പ്രൊഡക്ഷൻസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.
മലയാളികളുടെ പ്രിയതാരം ശോഭന കൈകേയിയായി വേഷമിടുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ലക്ഷ്മണനായി രവി ദുബെയും ദശരഥനായി അരുണ്‍ ഗോവിലും എത്തുന്നു. വിശ്വാമിത്ര മഹർഷിയായി അജിങ്ക്യ ദേവും ഇന്ദ്രദേവനായി കുനാൽ കപൂറും ശൂർപ്പണഖയായി രാകുൽ പ്രീത് സിങ്ങും വേഷമിടുന്നു.
ഓസ്കർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ആദ്യമായി ഒന്നിക്കുന്നു എന്നതും ചിത്രത്തിന്റെ ആകർഷണമാണ്. ശ്രീധർ രാഘവനാണ് തിരക്കഥ. എട്ടുതവണ അക്കാദമി അവാർഡ് നേടിയ ഡി.എൻ.ഇ.ജിയാണ് ചിത്രത്തിന്റെ വിഷ്വൽ ഇഫക്ട്സ് ഒരുക്കുന്നത്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന സിനിമയുടെ ആദ്യഭാഗം ഇന്ത്യൻ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നാണ്.




























