28.4 C
Kollam
Sunday 8th November, 2026 | 04:55:21 PM
Home News National വിനോദയാത്രാ സംഘം സഞ്ചരിച്ച ബസിന് തീപിടിച്ചു; 45 കുട്ടികളടക്കം എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു

വിനോദയാത്രാ സംഘം സഞ്ചരിച്ച ബസിന് തീപിടിച്ചു; 45 കുട്ടികളടക്കം എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു

Advertisement

പാലക്കാട്: വിനോദയാത്രയ്ക്ക് പോയ വിദ്യാർഥികളും അധ്യാപകരുമടങ്ങുന്ന സംഘം സഞ്ചരിച്ച ബസിന് തമിഴ്നാട്ടിലെ തേനി ജില്ലയിൽ തീപിടിച്ച് പൂർണമായും കത്തിനശിച്ചു. പാലക്കാട് ഒറ്റപ്പാലം വരോട് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് വിനോദയാത്ര പോയ സംഘത്തിന്റെ ബസാണ് ദേവദാനപ്പെട്ടിയിൽ അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്ന 45 കുട്ടികളും മൂന്ന് അധ്യാപകരും ഒരു രക്ഷിതാവും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

മൂന്നാർ, കൊടൈക്കനാൽ എന്നിവിടങ്ങളിലെ സന്ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അപകടം. തേനി ജില്ലയിലെ ദേവദാനപ്പെട്ടിയിൽവച്ച് ബസിന്റെ പിൻഭാഗത്തെ ടയറിന് സമീപത്തുനിന്ന് തീപ്പൊരി വരുന്നത് ശ്രദ്ധയിൽപ്പെട്ടു. ഉടൻ ബസ് നിർത്തി യാത്രക്കാരെ മുഴുവൻ പുറത്തിറക്കി. പിന്നാലെ ടയർ പൊട്ടിത്തെറിക്കുകയും ബസിന് തീപിടിക്കുകയുമായിരുന്നു. നിമിഷങ്ങൾക്കകം തീ ആളിപ്പടർന്ന് ബസ് പൂർണമായും കത്തിനശിച്ചു.

അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ബസിന്റെ ഭൂരിഭാഗവും കത്തിനശിച്ചിരുന്നു. യാത്രക്കാരെ കൃത്യസമയത്ത് പുറത്തിറക്കാൻ കഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി. അപകടകാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. കുട്ടികളെ സുരക്ഷിതമായി ഒറ്റപ്പാലത്ത് തിരിച്ചെത്തിക്കാനുള്ള നടപടികളും ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here