ബസ്തർ: രാജ്യത്ത് മാവോയിസ്റ്റ് ഭീഷണി അവസാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ശക്തികേന്ദ്രമായ ബസ്തറിൽ കേന്ദ്ര അർധസൈനിക വിഭാഗങ്ങൾക്കൊപ്പം ദീപാവലി ആഘോഷിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ആയുധധാരികളായ മാവോയിസ്റ്റുകളെ വലിയ തോതിൽ ഇല്ലാതാക്കാൻ കഴിഞ്ഞെങ്കിലും മാവോയിസ്റ്റ് ആശയങ്ങൾ പിന്തുടരുന്നവർ ഇപ്പോഴും രാജ്യത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസേനാംഗങ്ങൾക്ക് മധുരം വിതരണം ചെയ്തും അവർക്കൊപ്പം ആഘോഷങ്ങളിൽ പങ്കുചേർന്നുമാണ് മോദി ദീപാവലി ആഘോഷിച്ചത്. മാവോയിസ്റ്റ് ഭീഷണിയിൽനിന്ന് രാജ്യം മോചിതമായ ശേഷമുള്ള ആദ്യ ദീപാവലിയാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. മാവോയിസ്റ്റുകളെ നേരിടുന്നതിനിടെ ജീവൻ ബലികഴിച്ച സുരക്ഷാസേനാംഗങ്ങൾക്ക് 140 കോടി ജനങ്ങൾക്കുവേണ്ടി ആദരവും നന്ദിയും അറിയിച്ചു.
ഒരുകാലത്ത് 20 സംസ്ഥാനങ്ങളിലായി 230ലേറെ ജില്ലകളിൽ മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരുന്നിട്ടും മുൻ സർക്കാരുകൾ ശക്തമായ നടപടികൾ സ്വീകരിച്ചില്ലെന്ന് മോദി വിമർശിച്ചു. 2014നുശേഷം രാജ്യത്തെ സുരക്ഷാ സാഹചര്യം മാറിയെന്നും മാവോയിസ്റ്റ് വിരുദ്ധ നടപടികളിൽ സുരക്ഷാസേനയ്ക്ക് പൂർണ സ്വാതന്ത്ര്യം നൽകിയെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയായതിനുശേഷം എല്ലാ വർഷവും സുരക്ഷാസേനാംഗങ്ങൾക്കൊപ്പമാണ് മോദി ദീപാവലി ആഘോഷിക്കുന്നത്.
അതേസമയം, സിക്കിമിൽ ചൈനീസ് അതിർത്തിക്ക് സമീപം സൈനികർക്കൊപ്പമായിരുന്നു പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ ദീപാവലി ആഘോഷം. ഷെരത്താങ് യുദ്ധസ്മാരകത്തിൽ നടന്ന ചടങ്ങിൽ സൈനികരുടെ ത്യാഗമാണ് രാജ്യത്തെ വീടുകളിൽ ദീപങ്ങൾ തെളിയാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. സൈനികരുടെ ആവേശവും മുഖത്തെ പുഞ്ചിരിയുമാണ് ദീപാവലിയിൽ തനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രകാശമെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു.




























