കാട്ടാക്കട: കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ പ്രതിക്ക് എട്ടുവർഷം കഠിനതടവും 60,000 രൂപ പിഴയും. കൊല്ലം കുമ്മിൾ വട്ടത്താമര രേഷ്മ ഭവനിൽ രാജു (49)വിനെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി വി. വിനോദ് ശിക്ഷിച്ചത്.
രണ്ട് വിദ്യാർഥിനികളെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട കേസുകളിൽ വെവ്വേറെയാണ് ശിക്ഷ വിധിച്ചത്. നവംബർ നാലിന് ആദ്യ കേസിൽ നാലുവർഷം കഠിനതടവും 30,000 രൂപ പിഴയും വിധിച്ചിരുന്നു. രണ്ടാമത്തെ കേസിൽ ഇന്നലെ വീണ്ടും നാലുവർഷം കഠിനതടവും 30,000 രൂപ പിഴയും വിധിച്ചു.
2025 ജനുവരി 17നായിരുന്നു കേസിനാസ്പദമായ സംഭവം. കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർഥിനികളെയാണ് പ്രതി ലൈംഗികമായി ഉപദ്രവിച്ചത്. കുട്ടികൾ ബഹളംവച്ചതോടെ ജീവനക്കാർ ബസ് നിർത്തി പ്രതിയെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സ്കൂളിലെത്തിയ വിദ്യാർഥിനികൾ അധ്യാപികയോട് വിവരം അറിയിച്ചതിനെ തുടർന്ന് പാങ്ങോട് പൊലീസ് സ്കൂളിലെത്തി മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി.ആർ. പ്രമോദ് ഹാജരായി. പാങ്ങോട് പൊലീസ് സബ് ഇൻസ്പെക്ടറായിരുന്ന വിജിത്ത് കെ. നായരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.




























