15 വർഷത്തെ പ്രണയത്തിനൊടുവിൽ രണ്ടുവർഷം മുമ്പേയാണ് കീർത്തി സുരേഷ് വിവാഹിതയാകുന്നത്. ബിസിനസുകാരനായ ആന്റണി തട്ടിലിനെ 2024ലാണ് കീർത്തി വിവാഹം കഴിച്ചത്. 15 വർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. അടുത്തിടെ കർലി ടെയിൽസിന് നൽകിയ അഭിമുഖത്തിൽ ആണ്, വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവരായതിനാൽ പ്രണയബന്ധം വിവാഹത്തിലെത്തിക്കാൻ വീട്ടിൽ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് കീർത്തി മനസ് തുറന്നത്. കോളജ് കാലത്ത് തന്റെ ഡയറി വായിച്ചാണ് അമ്മയും നടിയുമായ മേനക പ്രണയബന്ധത്തെക്കുറിച്ച് അറിഞ്ഞതെന്നും താരം വെളിപ്പെടുത്തി.
ആന്റണിയുമായുള്ള പ്രണയബന്ധം അമ്മ അറിഞ്ഞതിനെക്കുറിച്ച് കീർത്തി പറഞ്ഞത് ഇങ്ങനെ:
വളരെ ചെറുപ്പത്തിലാണ് ആന്റണി പ്രണയത്തിലായത്. കൃത്യമായി പറഞ്ഞാൽ പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ ഉടനെയായിരുന്നു ഞങ്ങൾ പ്രണയത്തിലായത്. കോളജിൽ പഠിക്കുമ്പോൾ അമ്മ എന്റെ ഡയറി വായിച്ചു. ഞങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും അതിലുണ്ടായിരുന്നു. ‘ഞാൻ നിന്റെ അമ്മയാണ്, നിന്റെ ഡയറി വായിക്കാൻ എനിക്ക് അവകാശമുണ്ട്’ എന്നായിരുന്നു അമ്മയുടെ പ്രതികരണം. അതിന് ശേഷം ഞാൻ ഡയറി എഴുതുന്നത് തന്നെ നിർത്തി. എഴുതാൻ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. എന്നാൽ ആ ഡയറി ഇപ്പോൾ എവിടെയാണെന്ന് പോലും അറിയില്ല. അത് തിരികെ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹമുണ്ട്. പക്ഷേ അമ്മ അത് കത്തിച്ചുകളഞ്ഞിട്ടുണ്ടാകുമെന്നാണ് എന്റെ സംശയം.”
വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവരായതിനാൽ വിവാഹത്തിലേക്ക് എത്താൻ കുടുംബത്തിൽ നിന്ന് എതിർപ്പുകൾ നേരിടേണ്ടി വന്നതായും കീർത്തി പറഞ്ഞു.
“2009 ഡിസംബറിലാണ് ഞങ്ങൾ കണ്ടുമുട്ടിയത്. 2010 ജനുവരിയിൽ പ്രണയത്തിലുമായി. 2024ൽ വിവാഹം കഴിച്ചു. അദ്ദേഹം ക്രിസ്ത്യൻ ആയതിനാൽ സ്വാഭാവികമായും വീട്ടിൽ പ്രശ്നങ്ങളുണ്ടായിരുന്നു. കുടുംബത്തെ സമ്മതിപ്പിക്കാൻ കുറച്ച് സമയമെടുത്തു. ഞാൻ സിനിമയിലെത്തുന്നതിന് മുമ്പ് തന്നെ അദ്ദേഹം എന്നെ കണ്ടിട്ടുണ്ട്. അതാണ് ഏറ്റവും നല്ല കാര്യം. ഞങ്ങൾ ഒരുമിച്ച് വളരുകയായിരുന്നു.”
2009 ഡിസംബറിൽ സുഹൃത്തുക്കൾ വഴിയാണ് കീർത്തിയും ആന്റണിയും പരിചയപ്പെട്ടത്. അന്ന് കീർത്തിക്ക് 17 വയസായിരുന്നു. പ്ലസ് ടു പഠനം പൂർത്തിയാക്കിയ ശേഷമാണ് ഇരുവരും പ്രണയത്തിലായത്. കീർത്തിയേക്കാൾ ഏഴ് വയസ് പ്രായക്കൂടുതലുള്ള ആന്റണി അന്ന് ഖത്തറിലായിരുന്നു ജോലി ചെയ്തിരുന്നത്. ആറ് വർഷത്തോളം ഇരുവരും ഡിസ്റ്റന്റ് പ്രണയത്തിലും.
തങ്ങളുടെ പ്രണയം വർഷങ്ങളോളം പൊതുജനങ്ങളിൽ നിന്ന് മറച്ചുവെക്കാനും താരദമ്പതികൾക്ക് കഴിഞ്ഞു. സിനിമാ മേഖലയിലെ വിരലിലെണ്ണാവുന്ന ചിലർക്ക് മാത്രമാണ് ഇവരുടെ ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നത്.
2024 നവംബറിലാണ് കീർത്തി ഇൻസ്റ്റഗ്രാമിലൂടെ പ്രണയം ഔദ്യോഗികമായി വെളിപ്പെടുത്തിയത്. ദീപാവലി ആഘോഷത്തിനിടെ ആന്റണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത് ഇങ്ങനെയായിരുന്നു: “15 വർഷവും പിന്നിട്ട്… എന്നും അങ്ങനെ തന്നെയായിരുന്നു…”
2024 ഡിസംബറിലായിരുന്നു കീർത്തി സുരേഷിന്റെയും ആന്റണി തട്ടിലിന്റെയും വിവാഹം.



























