കൊച്ചി. ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തിനും മുന്നറിയിപ്പിനും പുല്ലുവില.. കൊച്ചിയിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ തുടരുന്നു. ഹൈക്കോടതി ജംഗ്ഷനിൽ ട്രാഫിക് നിയന്ത്രിക്കുകയായിരുന്ന പൊലീസുകാരനെ സ്വകാര്യ ബസ് ഇടിച്ചിട്ടു. പരിക്കേറ്റ ട്രാഫിക് സി.പി.ഒ ശ്രീദത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാത്മ ബസും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് സംഭവം. മേനക ഭാഗത്തുനിന്ന് അമിതവേഗത്തിലും അശ്രദ്ധമായും എത്തിയ മഹാത്മ ബസ് ബാനർജി റോഡിലേക്ക് തിരിയുന്നതിനിടെയാണ് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ ഇടിച്ചിട്ടത്. കാലിന് പരിക്കേറ്റ സി.പി.ഒ ശ്രീദത്ത് ആശുപത്രിയിൽ ചികിത്സ തേടി. ബസ് ഡ്രൈവർ കാക്കനാട് സ്വദേശി അനീഷിനെ എറണാകുളം സെൻട്രൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ബസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിനെതിരെ കഴിഞ്ഞദിവസം ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. എന്തുതരം ഡ്രൈവിങ്ങാണിതെന്ന് ചോദിച്ച കോടതി, അപകടകരമായ രീതിയിലും അമിതവേഗത്തിലും സഞ്ചരിക്കുന്ന ബസുകൾക്കെതിരെ കർശന നടപടി വേണമെന്നും നിർദേശിച്ചിരുന്നു. അതിനിടെയാണ് ഹൈക്കോടതിക്ക് സമീപം തന്നെ ട്രാഫിക് പൊലീസുകാരനെ ബസിടിച്ചത്.
അതേസമയം, കാക്കനാട് യുവതി മരിച്ച അപകടത്തിൽപ്പെട്ട മലയിൽ ബസിന്റെ പെർമിറ്റ് മറ്റൊരു കേസിൽ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ട്രിപ്പ് മുടക്കിയെന്ന പരാതിയിലാണ് ഇൻഫോപാർക്ക്–മട്ടാഞ്ചേരി റൂട്ടിലെ ബസിനെതിരെ നടപടി. അക്ഷരയുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ പേരിലും ബസിനെതിരെ നടപടികൾ പുരോഗമിക്കുകയാണ്.
സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ , ഹൈക്കോടതി ജംഗ്ഷനിൽ ട്രാഫിക് നിയന്ത്രിക്കുകയായിരുന്ന പൊലീസുകാരനെ സ്വകാര്യ ബസ് ഇടിച്ചിട്ടു
Advertisement


































