തിരുവനന്തപുരം.കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് എതിരെ നടപടി തുടങ്ങി കേരള പൊലീസ്. പതിബെല്ലിന്റെ ബില്ലുകൾ മാറിക്കിട്ടാൻ അന്ന് സംസ്ഥാനത്തെ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാർ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതായിരുന്നു കരാറുകാരൻ വി ഒ സാജന്റെ രേഖാമൂലമുള്ള പരാതി. ഈ പരാതിയിൽ സാജന്റെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. തെളിവുകളടക്കം ലഭിച്ചാൽ എഫ്ഐആർ ഇട്ട് കേസ് മുന്നോട്ടു പോകുന്നതിൽ തീരുമാനമാകും.
ഗ്യാനേഷ് കുമാർ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ 17 കോടി രൂപയുടെ 4 ബില്ലുകൾ പാസാക്കാൻ രണ്ടു കോടി രൂപ കൈക്കൂലി ആയി ആവശ്യപ്പെട്ടെന്നാണ് പതിബെൽ കമ്പനിയുടെ മെറ്റീരിയൽ സപ്ലൈ കോൺട്രാക്ടറായിരുന്ന വി ഒ സാജന്റെ പരാതി.ഇക്കാര്യം പതിബൽ വർക്സ് മാനേജർ സുകുമാരൻ,ലീ സി ബിൻ എന്നിവർ തന്നോട് നേരിട്ട് പറഞ്ഞതായി സാജൻ മൊഴി നൽകി.അന്നുണ്ടായിരുന്ന സർക്കാർ, പതിബൽ കൺസോർഷ്യം ഉദ്യോഗസ്ഥരെയും കേൾക്കണം എന്നും സാജന്റെ മൊഴി ഉണ്ട്. പണം നൽകാത്തതോടെ കരാറുകൾ നിർത്തിവെക്കേണ്ടി വന്നുവെന്നും സർക്കാറിന് നഷ്ടമുണ്ടായെന്നും സാജൻ മൊഴി നൽകിയിട്ടുണ്ട്. കൺസോർഷത്തിന്റെ കരാറുകാർക്ക് പണം മുടങ്ങിയതോടെ ലീസിബിൻ കടുത്ത മാനസിക സംഘർഷത്തിലായിരുന്നു എന്നും സാജൻ മൊഴിയിൽ പറയുന്നു
സാജൻ വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിൽ ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് തുടർനടപടികൾ സ്വീകരിച്ചത്. മൊഴികളുടെ അടിസ്ഥാനത്തിലുള്ള വിവരങ്ങൾ പരിശോധിച്ച ശേഷം ആയിരിക്കും FIR ഇടുന്നത് അടക്കം നടപടികളിലേക്ക് കടക്കുക































