സിയോൺ: മധ്യപ്രദേശിലെ സിയോണി ജില്ലയിൽ മൂന്നുനില വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു. നാലുപേർക്ക് പൊള്ളലേറ്റു. തിങ്കളാഴ്ച പുലർച്ചെ ഛപാറ ടൗണിലെ മഹാവീർ വാർഡിലാണ് ദാരുണസംഭവം.
സ്വർണപ്പണിക്കാരനായ കുന്ദൻ ലാൽ സോണിയുടെ വീടാണ് തീപിടിത്തത്തിൽ പൂർണമായും കത്തിനശിച്ചത്. ദീപാവലി ആഘോഷങ്ങൾക്കുശേഷം ഉറങ്ങാൻ കിടന്ന കുടുംബത്തിലെ പത്തുപേരാണ് വീട്ടിലുണ്ടായിരുന്നത്. പുലർച്ചെയോടെയാണ് തീപിടിത്തമുണ്ടായത്.
മരിച്ചവരിൽ മൂന്ന് സ്ത്രീകളും പ്രായപൂർത്തിയാകാത്ത കുട്ടിയും ഉൾപ്പെടുന്നു. കുന്ദൻ ലാൽ സോണി (75), ഭാര്യ രാജ്കുമാരി സോണി (65), റിതു സോണി (42), സ്മൃതി സോണി (40), സൂര്യ സോണി (45), ആദിത്യ സോണി (16) എന്നിവരാണ് മരിച്ചത്. തീപിടിത്തമുണ്ടായ ഉടൻ അഗ്നിരക്ഷാസേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. പൊള്ളലേറ്റ നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
Advertisement



























