കൊച്ചി: കോടനാട് അഭയാരണ്യത്തിൽനിന്ന് വിദഗ്ധ ചികിത്സയ്ക്കായി ഗുജറാത്തിലെ വൻതാരയിലെത്തിച്ച ആനക്കുട്ടി മായയുടെ ആരോഗ്യനിലയിൽ പുരോഗതി. മായ സാധാരണ നിലയിൽ തീറ്റയെടുത്തുതുടങ്ങിയതായി ചികിത്സാസംഘം അറിയിച്ചു. കാലുകളിലെ പൊട്ടലുകൾ ഉൾപ്പെടെയുള്ള പരിക്കുകൾക്ക് ചികിത്സ തുടരുകയാണ്.
വൻതാരയിൽ നടത്തിയ പരിശോധനയിൽ രണ്ട് മുൻകാലുകളിലും ഒരു പിൻകാലിലും പൊട്ടലുകൾ കണ്ടെത്തി. രക്തസാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പരിശോധനാഫലം ലഭിച്ചശേഷം തുടർചികിത്സ തീരുമാനിക്കും.
ഒന്നര വയസുള്ള മായയെ ജനിച്ചയുടൻ ആനക്കൂട്ടം ഉപേക്ഷിച്ചതിനെത്തുടർന്നാണ് കോടനാട് അഭയാരണ്യത്തിൽ വളർത്തിയത്. ജനിതകപരമായ അസ്ഥിബലക്കുറവും മായയ്ക്കുണ്ടായിരുന്നു. കളിക്കുന്നതിനിടെ വീണ് വലതുതോളിന് ഗുരുതരമായി പരിക്കേറ്റതോടെ എഴുന്നേൽക്കാനും നടക്കാനും കഴിയാത്ത അവസ്ഥയിലായി.
ഹെൽത്ത് മോണിറ്ററിങ് കമ്മിറ്റി ദയാവധത്തിന് ശുപാർശ ചെയ്തതിനെത്തുടർന്ന് അതിനുള്ള നടപടികൾ കാത്തിരിക്കുകയായിരുന്നു മായ. അവസാന ശ്രമമെന്ന നിലയിലാണ് വിദഗ്ധ ചികിത്സയ്ക്കായി വൻതാരയിലേക്ക് മാറ്റിയത്.


























