28.3 C
Kollam
Monday 9th November, 2026 | 07:43:23 PM
Home News Breaking News ഐ.ഒ.എ. തെരഞ്ഞെടുപ്പ്: പി.ടി. ഉഷയ്ക്ക് തിരിച്ചടി; അഞ്ജു ബോബി ജോർജ് ഉൾപ്പെടെ നാലുപേർ വിജയിച്ചു

ഐ.ഒ.എ. തെരഞ്ഞെടുപ്പ്: പി.ടി. ഉഷയ്ക്ക് തിരിച്ചടി; അഞ്ജു ബോബി ജോർജ് ഉൾപ്പെടെ നാലുപേർ വിജയിച്ചു

Advertisement

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐ.ഒ.എ) തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്പോർട്സ് പേഴ്സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് (എസ്.ഒ.എം) പ്രതിനിധികളെ കണ്ടെത്താൻ നടന്ന വോട്ടെടുപ്പിൽ നിലവിലെ അധ്യക്ഷ പി.ടി. ഉഷയ്ക്ക് തോൽവി. മലയാളി താരം അഞ്ജു ബോബി ജോർജ് ഉൾപ്പെടെ നാല് വനിതാ കായികതാരങ്ങൾ വിജയിച്ചു. റാണി രാംപാൽ, ഡോല ബാനർജി, സൈന നെഹ്‌വാൾ എന്നിവരാണ് വിജയിച്ച മറ്റുള്ളവർ.

അഞ്ജു ബോബി ജോർജ് 53 വോട്ടുകൾ നേടി. റാണി രാംപാലിന് 50, ഡോല ബാനർജിക്ക് 45, സൈന നെഹ്‌വാളിന് 43 വോട്ടുകൾ ലഭിച്ചു. പി.ടി. ഉഷയ്ക്ക് 40 വോട്ടുകളാണ് ലഭിച്ചത്.

ഡിസംബർ അഞ്ചിന് നടക്കുന്ന ഐ.ഒ.എ പ്രസിഡന്റ് ഉൾപ്പെടെയുള്ള പ്രധാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാനായിരുന്നു ഉഷയുടെ നീക്കം. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ എസ്.ഒ.എം വിഭാഗത്തിൽ വിജയിക്കേണ്ടത് അനിവാര്യമായിരുന്നു. ഇതോടെ ഉഷയ്ക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനാകില്ല.

ആകെ 80 അംഗങ്ങളുള്ള എസ്.ഒ.എം പാനലിൽ നിന്നുള്ള വോട്ടർമാരാണ് തിങ്കളാഴ്ച വോട്ട് രേഖപ്പെടുത്തിയത്. തെരഞ്ഞെടുക്കപ്പെട്ട നാല് വനിതകൾക്കും നേരത്തേ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട നാല് പുരുഷന്മാർക്കുമാണ് ജനറൽ കൗൺസിലിൽ ഇടം ലഭിക്കുക. ഇവരിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഒരു പുരുഷനും ഒരു വനിതയുമാണ് എക്സിക്യൂട്ടീവ് കൗൺസിലിലെത്തുക.

പുരുഷ വിഭാഗത്തിൽ ഒളിമ്പിക് മെഡൽ ജേതാക്കളായ ഗഗൻ നരംഗ്, വിജേന്ദർ സിങ്, യോഗേശ്വർ ദത്ത്, മുൻ ടേബിൾ ടെന്നീസ് താരം കമലേഷ് മേത്ത എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

വനിതാ വിഭാഗത്തിൽ പി.ടി. ഉഷയ്ക്കും അഞ്ജു ബോബി ജോർജിനും സൈന നെഹ്‌വാളിനുമൊപ്പം ആറുപേരാണ് മത്സരരംഗത്തുണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here