28.7 C
Kollam
Monday 9th November, 2026 | 07:06:24 PM
Home News Kerala നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ബാറിന്‍റെ ലൈസന്‍സ് റദ്ദാക്കി

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ബാറിന്‍റെ ലൈസന്‍സ് റദ്ദാക്കി

Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ച മുന്‍ എക്‌സൈസ് കമ്മീഷണര്‍ ശ്രീ റാം സാംബശിവ റാവുവിന്റെ നടപടി സര്‍ക്കാര്‍ റദ്ദാക്കി. നെടുമ്പാശ്ശേരി സിയാല്‍ മൂന്നാം ടെര്‍മിനലിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ലോഞ്ച് ബാറിന് അനുവദിച്ച എഫ്.എല്‍.-7 (FL-7) ലൈസന്‍സും അതിന്റെ അനുമതിയുമാണ് സര്‍ക്കാര്‍ ഔദ്യോഗികമായി റദ്ദാക്കിയത്. ഇതുസംബന്ധിച്ച് എക്‌സൈസ് കമ്മീഷണറുടെ ചുമതല വഹിക്കുന്ന അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ ആര്‍. ജയശങ്കര്‍ ഉത്തരവിറക്കി.

യു.ഡി.എഫ്. പുതിയ മദ്യനയം പ്രഖ്യാപിക്കുന്നത് വരെ എഫ്.എല്‍.-7 അടക്കമുള്ള പുതിയ ബാര്‍ ലൈസന്‍സുകള്‍ നല്‍കേണ്ടതില്ലെന്ന സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. പുതിയ മദ്യനയം വന്നതിനുശേഷം താല്‍പ്പര്യമുള്ളവര്‍ക്ക് വീണ്ടും ലൈസന്‍സിനായി അപേക്ഷിക്കാവുന്നതാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ട്രാവല്‍ ഫുഡ് സര്‍വീസസ് ലിമിറ്റഡ് എന്ന കമ്പനിയുടെ അപേക്ഷ പരിഗണിച്ചാണ് എയര്‍പോര്‍ട്ട് ലോഞ്ചുകളില്‍ നല്‍കുന്ന ഈ ലൈസന്‍സ് മുന്‍പ് നല്‍കിയിരുന്നത്.

ഈ ലൈസന്‍സിനായി അപേക്ഷകര്‍ അടച്ച രണ്ടു ലക്ഷം രൂപ തിരികെ ലഭിക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകുമെന്നും ഉത്തരവിലുണ്ട്. എക്‌സൈസ് വകുപ്പില്‍ വിവാദങ്ങള്‍ക്കും കമ്മീഷണറുടെ മാറ്റത്തിനും വഴിവെച്ച സംഭവങ്ങളിലൊന്നാണിത്. സര്‍ക്കാരിന്റെ അനുമതിയില്ലാതെ ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടര്‍ന്ന് കമ്മീഷണര്‍ പദവിയില്‍ നിന്ന് സീറാം സാംബശിവ റാവുവിനെ മാറ്റിയതിന് പിന്നാലെയാണ് ഇപ്പോള്‍ ലൈസന്‍സുകള്‍ റദ്ദാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here